
ജയശ്രീ കളത്തില്‍
സമകാലീന മലയാളസാഹിത്യത്തിന്റെ ആഗോളശബ്ദമാണ് ജയശ്രീ കളത്തില്‍. അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ പിറക്കുന്ന മലയാളരചനകളെ അതിര്‍ത്തികളില്ലാത്ത വായനയുടെ നഭസ്സിലേക്ക് പറത്തുന്ന വിവര്‍ത്തക. വിവര്‍ത്തനത്തിന്റെ വഴിയില്‍ ആദ്യ ചുവടുവെച്ചപ്പോള്‍തന്നെ വിജയം രുചിച്ച അനുഭവമാണ് ജയശ്രീക്കുള്ളത്. എന്‍.പ്രഭാകരന്റെ 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി' എന്ന നോവലിന്റെ വിവര്‍ത്തനത്തിലൂടെ തുടക്കം. 'ഡയറി ഓഫ് എ മലയാളി മാഡ് മാന്‍' എന്ന് പേരിട്ട വിവര്‍ത്തനകൃതിക്ക് 2019-ല്‍ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ്. എസ് ഹരീഷിന്റെ 'മീശ'യ്ക്ക് 'മുസ്റ്റാഷ്' എന്ന പേരില്‍ ആംഗലേയ പരിഭാഷ ചമച്ചപ്പോള്‍ ജെസിബി പ്രൈസ് ജയശ്രീയെ തേടിയെത്തി.
വാക്കും വായനയും വിവര്‍ത്തനവുമായി രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് എഴുത്തുകാരി. ദേശാന്തരങ്ങളെ വാക്കുകളാല്‍ കൊരുക്കുന്ന എഴുത്തുകാരിയുടെ വിവര്‍ത്തന വര്‍ത്തമാനങ്ങളിലൂടെ...
ശ്രമകരമായ ദൗത്യമാണ് വിവര്‍ത്തനം. എങ്ങനെയാണ് സാഹിത്യത്തിന്റെ ഈ തുറസ്സിലെത്തുന്നത്?
എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടംതന്നെയാണ് വിവര്‍ത്തനത്തിലേക്കും എത്തിച്ചത്. കയ്യില്‍ കിട്ടിയതെന്തും വായിക്കുക എന്നതായിരുന്നു ശീലം. എന്ത് വായിക്കണം, എങ്ങനെ വായിക്കണം ഇതൊക്കെ പിന്നെ വന്ന ചിന്തകളാണ്. ഒരുപാട് കാശുകൊടുത്ത് പുസ്തകം വാങ്ങാനുള്ള സാഹചര്യത്തിലല്ലല്ലോ ജീവിക്കുന്നത്. അടുത്ത വീട്ടില്‍ മണിയേട്ടന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം 'പൂമ്പാറ്റ'യും 'ബാലരമ'യുമൊക്കെ വാങ്ങും. ഗേറ്റിനടുത്ത് കാത്തുനില്‍ക്കുന്ന എനിക്കാണ് ആദ്യം കിട്ടുക, അദ്ദേഹത്തിന്റെ മക്കളെക്കാള്‍ മുന്നേ.
കോട്ടക്കല്‍ കോവിലകത്തെ ഉണ്ണി അനുജന്‍ രാജ അമ്മയുടെ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറി കാണിച്ചു തരാനും അവിടെയിരുന്ന് എഴുതാനും വായിക്കാനും ക്ഷണിച്ചതും വലിയ പ്രോത്സാഹനമായിരുന്നു.
പക്ഷേ, ചെറുപ്പം മുതലേ വായനാശീലം ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അമ്മയും ഒരുപാട് വായിക്കും, ഇപ്പോഴും. അമ്മ തരുന്ന ഒന്നും രണ്ടും അഞ്ചും ഉറുപ്പിക കൂട്ടി കോട്ടക്കലങ്ങാടിയില്‍ വരുന്ന മൊബൈല്‍ ബുക്സ്റ്റാളില്‍ നിന്ന് പുസ്തകം വാങ്ങിയാണ് ചെക്കോവിനെയും ടോള്‍സ്റ്റോയിയെയും മറ്റും വായിച്ചത്. സ്വന്തമായി ഒരു ലൈബ്രറിക്കും അവിടെയാണ് തുടക്കം.

പുറംചട്ടയും ആദ്യപേജുകളും ഇല്ലാത്ത ഒരു റഷ്യന്‍ നാടോടിക്കഥകളുടെ പുസ്തകം ഏറെക്കാലം കയ്യിലുണ്ടായിരുന്നത് ഓര്‍ക്കുന്നു. സാല്‍മണ്‍ മത്സ്യത്തോട് കൂട്ടുകൂടുന്ന കുട്ടിയുടെയും ഗര്‍-ഗര്‍ മരക്കാലന്‍ കരടിയുടെയും മറ്റും കഥകളുള്ള ഈ പുസ്തകം വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാകണം 'ചാക്കുപ്രാന്തന്‍' എന്ന എന്റെ ആദ്യ പുസ്തകത്തിലെ നായിക അനു ഈ പുസ്തകം വായിക്കുന്നത്. ഈ ഇഷ്ടപുസ്തകം വിവര്‍ത്തനമാണ് എന്ന് അന്നറിയില്ലായിരുന്നു. കേരളത്തിലെ ഒരു ഗ്രാമത്തില്‍ വളരുന്ന പെണ്‍കുട്ടിയില്‍ ഭാവനയുടേയും എഴുത്ത്-വായനാ ശീലങ്ങളുടെയും ആദ്യനാമ്പുകള്‍ വളരാന്‍ സഹായിച്ച ആ വിവര്‍ത്തനം ആരാണ് ചെയ്തതെന്ന് ഇന്നും അറിയില്ല. ആരായാലും നന്ദിയോടെ ഓര്‍ക്കുന്നു.
കുറച്ച് വലുതായപ്പോള്‍ വിവര്‍ത്തകര്‍ നിര്‍വഹിക്കുന്ന ദൗത്യത്തോട് ഇഷ്ടം തോന്നിത്തുടങ്ങി. 1997-ല്‍ സാറാ ജോസഫിന്റെ ഒരു ചെറുകഥയുടെ വിവര്‍ത്തനത്തിലൂടെയാണ് തുടക്കം.
ഓരോ വാക്കും ഒരു സംസ്‌കാരത്തിന്റെ ആണിക്കല്ലാണ്. വിവര്‍ത്തനത്തിലെ ഈ പ്രതിസന്ധി എങ്ങനെയാണ് മറികടക്കുന്നത്?
സംസ്‌കാരവും വാക്കും മാറാതെ നിലനില്‍ക്കുന്നതല്ല. അങ്ങോട്ടും ഇങ്ങോട്ടും കടമെടുത്തും മാറ്റിമറച്ചും ഭാഷ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. വിവര്‍ത്തനത്തിലെ വെല്ലുവിളി, ഒരു വാക്ക് ആ സന്ദര്‍ഭത്തില്‍ ഉദ്ദേശിക്കുന്ന, സംസ്‌കാരത്തിലൂന്നിയ അര്‍ഥം എങ്ങനെ മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവരും എന്നതാണ്. ഇതൊരു പ്രതിസന്ധി ആയല്ല ഞാന്‍ കാണുന്നത്, മറിച്ച് സൃഷ്ടിപരവും സൗന്ദര്യാത്മകവുമായ സംവാദമായിട്ടാണ്.
ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
പല മാനദണ്ഡങ്ങളും ഉണ്ട്. ഒന്നാമതായി വായനക്കാരി എന്ന നിലയില്‍ പുസ്തകം എത്ര ആകര്‍ഷിക്കുകയും പ്രചോദനം തരികയും ചെയ്യുന്നുണ്ട് എന്നതാണ്. കഥ, എഴുത്തിന്റെ ഭംഗി, രീതി, അതിലെ കഥാപാത്രങ്ങളുടെ ശക്തി, രാഷ്ട്രീയം, ഇതെല്ലാം മാനദണ്ഡങ്ങളാണ്. എന്റെ എഴുത്തിന് ചെറിയ വെല്ലുവിളി ഉണ്ടാക്കുന്ന പുസ്തകങ്ങളാണ് എനിക്കിഷ്ടം.
ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വിവര്‍ത്തനം ഏതായിരുന്നു?
ഓരോ പുസ്തകത്തിനും അതിന്റെതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. എഴുത്തുകാരുടെ ശൈലി, കഥപറച്ചിലിന്റെ രീതി, കഥയുടെ സങ്കീര്‍ണത, അങ്ങനെയങ്ങനെ. എന്‍. പ്രഭാകരന്റെ എഴുത്തിന്റെ മുറുക്കം, എസ്. ഹരീഷിന്റെ തനതായ കഥപറച്ചില്‍, സന്ധ്യാമേരിയുടെ നര്‍മം, ഷീലാടോമിയുടെ കാവ്യാത്മകത, ജിസാ ജോസിന്റെ കഥാപാത്രങ്ങളുടെ ശക്തമായ ആന്തരികലോകങ്ങള്‍. ഓരോന്നിനും അതിന്റെതായ വെല്ലുവിളികള്‍ ഉണ്ട്. സാധ്യതകളും.
വായനയിലെ ഇഷ്ടരുചി?
എഴുതിയ കാലത്തിന്റെ സമയത്തോടും പ്രശ്‌നങ്ങളോടും സംവദിക്കുന്ന പുസ്തകങ്ങളാണ് എനിക്ക് പൊതുവേ ഇഷ്ടം. എഴുത്തിന്റെ ശക്തിയാണ് പ്രധാന ആകര്‍ഷണം. എന്‍. പ്രഭാകരന്‍, എസ്. ഹരീഷ്, സാറാ ജോസഫ്, അലെക്സിസ് റൈറ്റ്, സയാക മുറാറ്റ, ലൂയിസ് ഏര്‍ഡ്രിച്ച്, ടോണി മോറിസണ്‍, കിന്‍ഫാം സിങ് നോങ്കിന്‍രി...അങ്ങനെ പലരും പ്രിയപ്പെട്ട എഴുത്തുകാരാണ്. ജിന്നി താകെമോരി, ശ്രീനാഥ് പേരൂര്‍, നന്ദിനി കൃഷ്ണന്‍, കരീം ജയിംസ് അബു-സയിദ്, സോഫി ഹ്യൂസ്, തുടങ്ങി പലരുടെയും വിവര്‍ത്തനങ്ങള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്.
യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണോ? വൈവിധ്യങ്ങളുമായുള്ള പരിചയം വിവര്‍ത്തനത്തില്‍ തുണയ്ക്കാറുണ്ടോ?
യാത്ര വളരെ ഇഷ്ടമാണ്. സംസ്‌കാരം, ഭാഷ, ഭക്ഷണം, ജീവിതരീതി, കല, രാഷ്ട്രീയം, പ്രകൃതി, ഇവയിലെല്ലാമുള്ള വൈവിധ്യം കണ്ടറിയാനും മനസ്സിലാക്കാനും ഇഷ്ടമാണ്. സംസ്‌കാരങ്ങള്‍ക്കിടയിലുള്ള പരിധികളും അതിരുകളും കടക്കാനുള്ള ശ്രമങ്ങളിലൊന്നാണ് വിവര്‍ത്തനം. തുറന്ന മനസ്സ് വളരെ ആവശ്യമുള്ള പ്രക്രിയ. യാത്രകള്‍ അതിന് സഹായകമാണ്. ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെയുള്ള പ്രാദേശിക പുസ്തകശാലകളില്‍ കയറിയിറങ്ങുന്നത് പതിവാണ്.
ഈയടുത്ത് അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ബാരബൂ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ 'ഡെവിള്‍സ് ലെയ്ക്ക്' എന്ന തടാകത്തില്‍ ഹൈക്കിങ്ങിന് പോയി. പിന്നീട് ഒരു പുസ്തകക്കടയിലെ ആളുമായി സംസാരിക്കുമ്പോഴാണ് അറിഞ്ഞത്, അവിടത്തെ ആദിമനിവാസികളായ ഹോ-ചങ് ഈ തടാകത്തിനെ വിളിച്ചിരുന്നത് 'സ്പിരിറ്റ് ലെയ്ക്ക്' എന്നായിരുന്നു. അവരുടെ പുണ്യസ്ഥലമായിരുന്ന തടാകത്തിനെ ചെകുത്താന്റെ തടാകമായി മാറ്റിയത് കുടിയേറി രാജ്യം പിടിച്ചെടുത്ത വെള്ളക്കാരാണ്. ഇതും വിവര്‍ത്തനമാണ്, സാംസ്‌കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള വിവര്‍ത്തനം. ഇങ്ങനെയുള്ള വിവര്‍ത്തനത്തിനെയാണ് ഇന്‍ഡൊനീഷ്യന്‍ കവിയും വിവര്‍ത്തകയുമായ ഖൈരാനി ബരോക്ക 'ഹിംസാത്മക വിവര്‍ത്തനം' എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
വിവര്‍ത്തനം ചെയ്ത കൃതികള്‍ ധാരാളം വായിച്ചിട്ടുണ്ടാകണം. മൂലകൃതിയോട് ഏറ്റവും ചേര്‍ന്നുനിന്നു എന്ന് തോന്നിയ ഒരു പരിഭാഷ ഏതാണ്?
മൂലകൃതിയും വിവര്‍ത്തനവും താരതമ്യപ്പെടുത്തി വായിക്കാറില്ല. ലോകത്തെ ഭാഷകളൊക്കെ അറിയാതെ അത് നടക്കുകയുമില്ല. വിവര്‍ത്തനകൃതി പുതിയൊരു പുസ്തകമാണ്. അങ്ങനെയാണ് അത് വായിക്കേണ്ടത്.

ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കാണോ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കാണോ വിവര്‍ത്തനം ചെയ്യാന്‍ പ്രയാസം?
രണ്ടിനുമുള്ള പ്രയാസങ്ങള്‍ ഒരുപോലെയാണ്. എന്നാലും മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കാണ് എനിക്കെളുപ്പം. അത് ഇംഗ്ലീഷിലാണ് കൂടുതല്‍ എഴുതുന്നതും വായിക്കുന്നതും സംസാരിക്കുന്നതും എന്നതുകൊണ്ടായിരിക്കാം. ഈയടുത്ത് വീണ്ടും മലയാളത്തില്‍ എഴുതാനും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും തുടങ്ങിയിട്ടുണ്ട,് ചില കവിതകള്‍.
സ്വന്തം സാഹിത്യകൃതികളെപ്പറ്റി? ആരെങ്കിലും അവ വിവര്‍ത്തനം ചെയ്തുകാണണമെന്ന് തോന്നുന്നോ? അതോ ആ ദൗത്യം സ്വയം നിറവേറ്റുമോ?
പുസ്തകരൂപത്തില്‍ ഒരെണ്ണമേ എഴുതിയിട്ടുള്ളൂ. 'The Sackclothman' എന്ന ബാലസാഹിത്യ കൃതി. 'ചാക്കുപ്രാന്തന്‍' എന്ന പേരില്‍ മലയാളത്തിലേക്ക് ഞാന്‍ തന്നെ വിവര്‍ത്തനം ചെയ്തു. ആ പുസ്തകം ഹിന്ദിയിലേക്ക് ശശി സബ്ലോക്, തെലുഗുവിലേക്ക് രമാദേവി സിംഗരാജു എന്നിവരാണ് വിവര്‍ത്തനം ചെയ്തത്. സുകന്യ കനരള്ളിയുടെ കന്നഡ വിവര്‍ത്തനവും എം.എ. മോയിദ്, മുഹമ്മദ് മുജീബുദ്ദീന്‍ എന്നിവരുടെ ഉറുദു വിവര്‍ത്തനവും ഉടനെ ഇറങ്ങും.
കുടുംബം?
മലപ്പുറം കോട്ടയ്ക്കലിലാണ് വീട്. അമ്മയും ചേച്ചിയും കുടുംബവും അവിടെയാണ്. യു.കെയില്‍ ന്യൂ ഫോറെസ്റ്റ് എന്നൊരു സ്ഥലത്ത് ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ താമസം. ഭര്‍ത്താവ് ആഡ്ലി സിദ്ധിക്കിക്കൊപ്പം.
ആഡ്‌ലി ബ്രിട്ടീഷ് വംശജനാണ്. ഒഡിഷയിലെ ഗ്രാം വികാസ് എന്ന എന്‍ജിഒയില്‍ ജോലി ചെയ്യുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. വലിയ വായനക്കാരനാണ്. ഫാന്റസിയും സയന്‍സ് ഫിക്ഷനുമാണ് ഏറ്റവും പ്രിയം. എന്റെ എല്ലാ പുസ്തകങ്ങളും
ആദ്യം വായിച്ച് അഭിപ്രായം പറയുന്നതും അവന്‍ തന്നെ. മലയാളം അറിയാത്തതുകൊണ്ട് വിവര്‍ത്തനത്തില്‍ എന്തെങ്കിലും വ്യക്തത കുറവുണ്ടോ എന്നൊക്കെ അറിയാന്‍ എന്നെ സഹായിക്കും.
Content Highlights: Jayasree kalathil, a renowned translator, bridges Malayalam literature with global audiences. Learn about her journey, awards, and insights into translation.
Published: 30 Jun 2025, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented