ഈ കഥ തുടങ്ങണമെങ്കില്‍ റീലുകള്‍ ഒരുപാട് പിന്നോട്ട് കറങ്ങണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം. ഫാക്ട് ജെ.എന്‍.എം. ആശുപത്രി. പ്രസവമുറിക്ക് മുന്നില്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ഏലൂരിലെ ഒരു കുടുംബം. ഒടുവില്‍ പ്രസവമുറിയില്‍നിന്ന് വാര്‍ത്ത വന്നു. ''സുഹറ പ്രസവിച്ചു, ആണ്‍കുട്ടിയാണ്.'' 

To advertise here,

ആ വാര്‍ത്ത പങ്കുവയ്ക്കുമ്പോഴും ഡോക്ടറുടെ മുഖത്ത് സന്തോഷം കാണുന്നില്ല. അച്ഛന്‍ സുലൈമാന്‍ കാരണം അന്വേഷിച്ചു. ''കുട്ടിക്ക് അനക്കമില്ല.'' ഡോക്ടര്‍ മറുപടി നല്‍കി.  ഇത് കേട്ടതോടെ സുഹറയുടെ ബോധം പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ എന്തൊക്കെയോ അദ്ഭുതങ്ങള്‍ സംഭവിച്ചു. കുട്ടി കരഞ്ഞു. കാലങ്ങള്‍ക്കുശേഷം മറ്റുള്ളവരെ ചിരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് ആ കുഞ്ഞെന്ന് അന്നാരും അറിഞ്ഞില്ല. സന്തോഷത്തിന്റെ ചിരി പടര്‍ന്നു. സുഹറയും സുലൈമാനും അവനെ 'നാദിര്‍ഷാ' എന്ന് വിളിച്ചു.
അഭിനയം, സംവിധാനം, ആലാപനം, പാട്ടെഴുത്ത്, സംഗീതസംവിധാനം, സ്‌കിറ്റ് , പാരഡി രചന... നാദിര്‍ഷാ കൈവയ്ക്കാത്ത മേഖലകളില്ല. 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' നടത്തിയും 'മാവേലിയെ കൊമ്പത്ത്' കയറ്റിയും നാദിര്‍ഷാ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. കൊച്ചി വാഴക്കാലയിലെ ഫ്‌ളാറ്റില്‍വെച്ച് കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി. ഓര്‍മകളുടെ അറകള്‍ ഓരോന്നായി അദ്ദേഹം തുറന്നു. 

placeholder
ഉമ്മ സുഹറയ്‌ക്കൊപ്പം

അന്ന് ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് ഉമ്മയോട് ചോദിച്ചിരുന്നില്ലേ?
പറഞ്ഞു മാത്രം കേട്ട  കഥയാണ് അത്. ആ സംഭവം ഇടയ്ക്കിടെ തമാശരൂപത്തില്‍ ഉമ്മയോട് പങ്കുവയ്ക്കും. ഉമ്മയുടെ ഉപ്പ പഞ്ചായത്ത് മെമ്പറായിരുന്നു. വലിയ നേതാവിന്റെ മോളായതുകൊണ്ട് അവര്‍ അടുത്ത് കിടന്നിരുന്ന ആരുടെയെങ്കിലും കുട്ടിയെ എടുത്തുതന്നതായിരിക്കുമെന്ന് ഉമ്മയോട് തമാശരൂപേണ പറയും. അത് കേള്‍ക്കുമ്പോള്‍ ഉമ്മ ചിരിക്കും.

ചെറുപ്പത്തില്‍തന്നെ  സകലകലാവല്ലഭനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...
ഉമ്മയുടെ വീട്ടിലായിരുന്നു ചെറുപ്പകാലം. ഹൈസ്‌കൂള്‍വരെ അവിടെ തുടര്‍ന്നു. ഉമ്മയുടെ സഹോദരന്മാരെല്ലാം കലാപരമായി കഴിവുള്ളവരാണ്. എല്ലാവരും പാട്ടുപാടും. ഒരാള്‍ തബലയും മറ്റൊരാള്‍ ഹാര്‍മോണിയവും വായിക്കും. വൈകുന്നേരങ്ങളില്‍ വീടാകെ പാട്ട് നിറയും.
അങ്ങനെ ഞാനും പാടിത്തുടങ്ങി. ഒരിക്കല്‍ ഉമ്മയുടെ ഉപ്പ എനിക്ക് ഹാര്‍മോണിയം വാങ്ങിത്തന്നു. പാട്ട് പഠിക്കാനും പറഞ്ഞയച്ചു. അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ പ്രൊഫഷണല്‍ ഗായകനായി. ഗാനമേളകളിലൊക്കെ പാടും. സ്‌കൂള്‍കലോത്സവങ്ങളിലും സജീവമായി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കഥകളിസംഗീതത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം കിട്ടി. കലാമണ്ഡലം ഹൈദരലിമാഷായിരുന്നു ഗുരു. ഇതോടെ എന്നെ പ്രീഡിഗ്രിക്ക് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീതകോളേജില്‍ ചേര്‍ത്തു. എന്നെ പാട്ടുകാരനാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പക്ഷേ, ഉള്ളിലെ രാഷ്ട്രീയം എന്നെ അവിടെ അധികകാലം നിര്‍ത്തിയില്ല. സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവമായി. കോളേജ് അധികാരികളോട് പോരാടി. അവര്‍ എന്നെ പുറത്താക്കുമെന്ന് തോന്നിയ നിമിഷം ഞാന്‍ ടി.സി. വാങ്ങി പോന്നു. 

placeholder
ഭാര്യ ഷാഹിന, മരുമകൻ ബിലാൽ, മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പം നാദിർഷാ

പക്ഷേ, അപ്രതീക്ഷിത സംഭവങ്ങള്‍ ജീവിതം മാറ്റിമറിച്ചല്ലേ ?
ആര്‍.എല്‍.വി.യില്‍നിന്ന് പോന്നശേഷം കളമശ്ശേരി സെയ്ന്റ് പോള്‍സില്‍ ചേര്‍ന്നു. പാട്ടുകാരന്‍ എന്ന നിലയില്‍ കോളേജില്‍ വിലസാമെന്നായിരുന്നു ഉള്ളില്‍. ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും ബാപ്പ മരിച്ചു. മൂന്ന് അനിയന്മാരും പെങ്ങളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം എനിക്കായി. കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിയിലായിരുന്നു ബാപ്പയ്ക്ക് ജോലി. അദ്ദേഹം മരിച്ചപ്പോള്‍ 18-ാം വയസ്സില്‍ ആ ജോലി എനിക്ക് കിട്ടി. അവിടെ ബുദ്ധിമുട്ടായിരുന്നു. വലിയ പാറയൊക്കെ പൊട്ടിക്കണം. പകല്‍ കോളേജില്‍ പോകും. രാത്രി ജോലിക്കും. അതിനിടയില്‍ കലാഭവനില്‍ പാട്ട് പഠിക്കാന്‍ ചേര്‍ന്നു. 

പാട്ടില്‍ തിളങ്ങിയ ആള്‍ എങ്ങനെ മിമിക്രിയിലെത്തി?
അന്നൊക്കെ ഗാനമേളയ്ക്കിടെ വേദിയില്‍ മിമിക്രിയും അവതരിപ്പിക്കും. രമേശ് കുറുമശ്ശേരിയും ഏലൂര്‍ ജോര്‍ജുമായിരുന്നു ഞങ്ങളുടെ ട്രൂപ്പിലെ മിമിക്രിക്കാര്‍. പാട്ടിന്റെ ഇടവേളകളില്‍ അവര്‍ മിമിക്രി കാണിക്കും. ഒരിക്കല്‍ അവരുടെ റിഹേഴ്‌സല്‍ കാണാന്‍പോയി. ചില സംഗീതോപകരണങ്ങളുടെ ശബ്ദമാണ് അവര്‍ അന്ന് അനുകരിക്കുന്നത്. അവരുടെ അനുകരണം തെറ്റാണെന്ന് ഞാന്‍ ആധികാരികമായി വാദിച്ചു. ആ ശബ്ദങ്ങള്‍ ഞാന്‍ അനുകരിച്ചുകാണിക്കുകയും ചെയ്തു. അതോടെ അവരുടെ കൂടെ പരിപാടിക്ക് ചെല്ലണമെന്നായി. പക്ഷേ, അന്ന് മിമിക്രിക്കാരോട് ഇപ്പോഴുള്ള പലരെയുംപോലെ എനിക്കും അല്പം പുച്ഛമായിരുന്നു.  പറ്റില്ലെന്ന് പറഞ്ഞു. മിമിക്രി അവതരിപ്പിച്ചാല്‍ 50 രൂപ തരാമെന്നായി അവര്‍. അന്ന് ഗാനമേളയ്ക്ക് 30 രൂപയേ ലഭിക്കൂ. 20 രൂപ കൂടുതല്‍ കിട്ടുമെന്നായതോടെ ഓക്കെ പറഞ്ഞു. ശരിക്കും അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. പാട്ടുകാരന്‍ മാത്രമായിരുന്നെങ്കില്‍ എന്നോ ഞാന്‍ ഈ ഫീല്‍ഡില്‍നിന്ന് പുറത്താകുമായിരുന്നു. മിമിക്രിയാണ് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയത്. 

placeholder

മിമിക്രിയില്‍നിന്ന് പാരഡിയിലേക്കുള്ള ചുവടുവെപ്പ് എങ്ങനെയായിരുന്നു?
അന്ന് മിമിക്രിക്കാരന്‍ മാത്രമായാല്‍ കല്യാണം ശരിയാവാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് കമ്പനിയില്‍ ജോലി തുടര്‍ന്നു. നൈറ്റ് ഷിഫ്റ്റില്‍ മാത്രം ജോലി. നല്ല ഇരുട്ടില്‍ പലപ്പോഴും ഒറ്റയ്ക്കായിരിക്കും. പേടി തോന്നും. ആ പേടി കളയാനും സമയം കൊല്ലാനുമൊക്കെയായിട്ടാണ് പാരഡി പാട്ടിന്റെ ആരംഭം. സുഹൃത്ത് ജോര്‍ജിനെ കളിയാക്കിയാണ് ആദ്യത്തെ പാരഡി. പിന്നെ യാത്ര പോകുമ്പോള്‍ കൂട്ടുകാരെ കളിയാക്കാന്‍വേണ്ടി വേറെയും പാരഡികള്‍ എഴുതി പാടി. 
പാരഡിയില്‍ എനിക്ക് ഭാവിയുണ്ടെന്നും കാസെറ്റ് ഇറക്കണമെന്നും പറഞ്ഞത് അബിയാണ്. അതിനുമുന്‍പ് പാരഡി കാസെറ്റില്‍ പാടാന്‍ അവസരം പലരോടും ചോദിച്ചിരുന്നു. ആരും തന്നില്ല. ക്രമേണ എന്റെ കാസെറ്റുകള്‍ ഹിറ്റായി. അതോടെ പലരും എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് പാരഡി കാസെറ്റ് ഇറക്കി. എന്റെ ഫോട്ടോ ഉപയോഗിക്കും, ഒപ്പം ഞാന്‍ പറയുന്നതുപോലെ ഒരു ഡയലോഗും. 'ഞാന്‍ ഈ കാസെറ്റില്‍ ഇല്ല, എങ്കിലും നിങ്ങള്‍ ഇതൊന്ന് കേട്ടുനോക്കൂ' എന്നായിരിക്കും ഡയലോഗ്. അവസാനം ഗസറ്റില്‍ മുന്നറിയിപ്പ് നല്‍കിയാണ് ആ പരിപാടി നിര്‍ത്തിച്ചത്. 

അഭിനയം, പാട്ടെഴുത്ത്, പാട്ടുപാടല്‍, സംവിധാനം. എല്ലാ മേഖലകളിലും കൈവെച്ചല്ലോ...
ഓരോന്നിനും ഓരോ നിമിത്തങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും ഏലൂര്‍ ജോര്‍ജും ഇന്നസെന്റേട്ടനെ ഒരു ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാന്‍പോയി. അത് ഹനീഫിക്കയുടെ (കൊച്ചിന്‍ ഹനീഫ) 'ഭീഷ്മാചാര്യ' സിനിമയുടെ ലൊക്കേഷനായിരുന്നു. ഹനീഫിക്ക എന്റെ അകന്ന ബന്ധുവാണ്. ഞാന്‍ ബന്ധമൊക്കെ പറഞ്ഞ് പരിചയപ്പെട്ടു. സംസാരത്തിനുശേഷം അദ്ദേഹം എന്നോട് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ കോടതിയില്‍ സാക്ഷിപറയുന്ന ഒരാളുടെ റോള്‍ കിട്ടി. അതായിരുന്നു അഭിനയത്തിന്റെ തുടക്കം. 
അതുപോലെതന്നെയാണ് പാട്ട് എഴുതിയതും പാടിയതുമൊക്കെ. 'വെട്ടം' സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചതാണ് പ്രിയദര്‍ശന്‍സാര്‍. ഞാന്‍ അദ്ദേഹത്തോട് പാടാന്‍ അവസരം ചോദിച്ചു. അങ്ങനെ ആ സിനിമയിലെ 'മക്കസായി' എന്ന പാട്ട് എഴുതുകയും പാടുകയും ചെയ്തു.
ഏറെ വൈകിയാണ് സംവിധാനത്തിലേക്കുള്ള വരവ്. പണ്ട് ഗുഡ്‌നൈറ്റ് മോഹന്‍ ചേട്ടനും വാളക്കുഴി ഔസേപ്പുസാറും കിരീടം ഉണ്ണിച്ചേട്ടനുമൊക്കെ എന്നോട് സിനിമ സംവിധാനംചെയ്യാന്‍ പറഞ്ഞിരുന്നു. എന്റെ 'ദേ മാവേലി കൊമ്പത്ത്' വീഡിയോകള്‍ കണ്ടിട്ടായിരുന്നു ആ ക്ഷണം. പക്ഷേ, അന്നൊന്നും ആ റോള്‍ ഏറ്റെടുക്കാന്‍ ധൈര്യം തോന്നിയില്ല. പിന്നീട് 'അമര്‍ അക്ബര്‍ അന്തോണി'യുമായി വിഷ്ണുവും ബിബിനും വന്നപ്പോള്‍ ചെയ്യാമെന്നായി. സഹസംവിധായകനായ പരിചയംപോലുമുണ്ടായിരുന്നില്ല. എല്ലാം പഠിച്ചെടുത്തു. സിദ്ദിഖ് ഇക്കയെ (സംവിധായകന്‍ സിദ്ദിഖ്) പോലുള്ള മുതിര്‍ന്ന സംവിധായകരെ വിളിച്ച് സംശയങ്ങള്‍ തീര്‍ത്തു. 

സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യുടെ വിശേഷങ്ങള്‍...
നഗരരാത്രികളില്‍ നടക്കുന്ന കഥയാണ് ഈ സിനിമ പറയുന്നത്. എനിക്ക് പരിചയമുള്ള നഗരമായതുകൊണ്ട് ഈ കഥ പറയാന്‍ കൊച്ചിയെ തിരഞ്ഞെടുത്തു. അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ റാഫിക്കയുടെ മകന്‍ മുബിന്‍ റാഫി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അടക്കമുള്ളവര്‍ സിനിമയിലുണ്ട്. കോമഡിപ്പടമല്ല. എന്നാല്‍, അത്ര വലിയ സീരിയസുമല്ല. സിറ്റുവേഷണല്‍ കോമഡികളൊക്കെ നിറഞ്ഞ സെമി ത്രില്ലര്‍. 

ഈ യാത്രയില്‍കുടുംബത്തിന്റെ പിന്തുണ...
ഭാര്യ ഷാഹിന. മൂത്തമകള്‍ ആയിഷയുടെ കല്യാണം കഴിഞ്ഞു. ബിലാലാണ് മരുമകന്‍. രണ്ടാമത്തെ മകള്‍ ഖദീജ ദുബായില്‍ പഠിക്കുന്നു.  എന്റെ വളര്‍ച്ചയ്ക്ക് ഒരുപാടുപേരോട് കടപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങള്‍, കെ.എസ്. പ്രസാദ്, കൂനമ്മാവ് സാക്സ് ഓര്‍ക്കസ്ട്രയിലെ രാജന്‍ ആന്റണി, ജി. പത്മകുമാര്‍, അധ്യാപകര്‍, പ്രവാസികള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍... അങ്ങനെ നീളുന്നു ആ പട്ടിക. 

placeholder

അങ്ങനെ യേശുദാസും പാടി
ജോസ് തോമസ് സംവിധാനംചെയ്ത 'മീനാക്ഷിക്കല്യാണ'ത്തിലാണ് ആദ്യത്തെ സംഗീതസംവിധാനം. അതില്‍ ഒരു പാട്ട് ദാസേട്ടനെക്കൊണ്ട് (യേശുദാസ്) പാടിക്കാന്‍ ആഗ്രഹിച്ചു. അന്നൊക്കെ ചെന്നൈയില്‍വെച്ചാണ് റെക്കോഡിങ്. ദാസേട്ടന്‍ അമേരിക്കയില്‍നിന്ന് വന്ന് പാടും. റെക്കോഡിങ്ങിന്റെ ദിവസം ഞാന്‍ പോയിരുന്നില്ല. പാട്ടിന്റെ ട്രാക്ക് ചെന്നൈയിലേക്ക് അയച്ചു. ഈ പാട്ട് തുടങ്ങാന്‍നേരം ദാസേട്ടന്‍ അദ്ദേഹത്തിന്റെ മാനേജരെ വിളിപ്പിച്ച് സംഗീതസംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു. നാദിര്‍ഷാ ആണെന്ന് പറഞ്ഞപ്പോള്‍ ആ മിമിക്രിക്കാരനാണോ എന്ന് ചോദിച്ചു. എന്നിട്ട് ആ പാട്ട് പാടാതെ മാറ്റിവെച്ചു. ഇങ്ങനെയൊരു സിനിമയുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ഷൂട്ടിങ് തുടങ്ങിയോ എന്നൊക്കെ അന്വേഷിക്കാന്‍ പറഞ്ഞു. മാനേജര്‍ അന്വേഷിച്ച് ഓക്കെ പറഞ്ഞു. അദ്ദേഹം പാടി. 
പിന്നീടൊരിക്കല്‍ ഞാന്‍ ദാസേട്ടനോട് പാട്ട് മാറ്റിവെച്ചതിനെപ്പറ്റി ചോദിച്ചു. ''അടുത്ത ഓണത്തിന് നീ എങ്ങാനും യേശുദാസ് പാടിയ പാരഡിഗാനം എന്നുപറഞ്ഞ് കാസെറ്റ് ഇറക്കിയാലോ.'' ഇതായിരുന്നു മറുപടി. പിന്നീട് അതേ ദാസേട്ടനെ വെച്ച് സ്റ്റേജ് ഷോകള്‍ സംവിധാനംചെയ്തു. എന്റെ സംഗീതത്തില്‍ മൂന്ന് സിനിമകളില്‍ അദ്ദേഹം പാടി. അദ്ദേഹത്തോടൊപ്പം ഒരുപാട് വേദികളില്‍ പാടാനും സാധിച്ചു.