
ഹൃദയത്തിന്റെ ഒറ്റമുറിയില്‍ ഒറ്റക്കിരുന്നു സംസാരിക്കുന്ന ശീലക്കാരി ആയ എനിക്ക് ഗീതോപ്പോളെപ്പോലെ ഒരാളോടെ ഇതൊക്കെ പറയാന്‍ കഴിയുമായിരുന്നുള്ളു
അധ്യാപിക ആയി ആദ്യം ജോലി കിട്ടിയത് നാട്ടുമ്പുറത്തെ ഒരു സ്‌കൂളില്‍ ആയിരുന്നു. അവിടേക്ക് വല്ലപ്പോഴും ഉള്ള ബസ്സില്‍ മലപ്പുറം ജില്ലയിലെ മുഴുവന്‍ ആളുകളും കേറിക്കൂടിയ പോലെ കുത്തിത്തിരക്ക്. അപ്പോഴാണ് തൊട്ടടുത്തുള്ള സ്‌കൂളിലെ ടീച്ചേഴ്‌സ് ഒരു ജീപ്പില്‍ പോകുന്ന വിവരം അറിഞ്ഞത്. ചെന്നുനോക്കുമ്പോള്‍ അത് നിറഞ്ഞിട്ടുണ്ട്. ഒരിഞ്ച് സ്ഥലമില്ലാത്ത വിധം. ഞാന്‍ തികച്ചും അപരിചിത ആയതുകൊണ്ട് അവര്‍ ആരും എന്നെ ശ്രദ്ധിക്കുന്നുമില്ല... സങ്കടത്തോടെ തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ ജീപ്പില്‍ നിന്നും ഉരുണ്ട് തടിച്ചു മൃദുലമായ ഒരു കൈ നീണ്ടു വന്ന് എന്നെ കൂട്ടിപ്പിടിച്ചു. ''നീ വല്യ കനം ഒന്നുമില്ലല്ലോ. എന്റെ മടിയിലിരുന്നോ...''ഞാന്‍ ആ മടിയിലേക്കാണ് ഇരുന്നതെങ്കില്‍ അവര്‍ ആ നിമിഷം എന്റെ ഹൃദയത്തിലേക്കാണ് ഇരുന്നത്. ചാരങ്കാവ് സ്‌കൂളിലെ ഹിന്ദി അധ്യാപിക ഗീത ആയിരുന്നു അത്.
അസാധാരണമായ ഒരു സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു അത്. അവര്‍ എന്റെ പ്രായത്തിന്റെ ഇരട്ടിയോടടുക്കുന്ന സീനിയര്‍ അധ്യാപിക. ഞാന്‍ ആദ്യ ജോലിയില്‍ കയറി ദിവസങ്ങള്‍ പോലും ആവാത്തവള്‍. ആദ്യം ഹിന്ദി സാഹിത്യവും പിന്നെ ഹിന്ദി സിനിമകളും പാട്ടുകളും ആണ് ഞങ്ങളെ അടുപ്പിച്ചതെങ്കിലും പതിയെ മലയാള സാഹിത്യത്തിലും ഒരുമിച്ചു നടക്കാന്‍ ഇറങ്ങി. ഗീത ടീച്ചര്‍ എന്റെ ഗീതോപ്പോള്‍ ആയി. ധാരാളം പുസ്തകങ്ങള്‍ ഉള്ള ഗീതോപ്പോളുടെ വീട്ടില്‍ ഇഷ്ടമുള്ളപ്പോഴൊക്കെ ഞാന്‍ കയറിച്ചെന്നു. ഇഷ്ടികച്ചുമരുകള്‍ ഉള്ള ആ വീടിന്റെ തണുപ്പ് എന്റെ അസ്വസ്ഥതകളുടെ ചൂടാറ്റി. എന്നെക്കാണണം എന്ന് തോന്നിയാല്‍ കുറേ പുസ്തകങ്ങളും അവയെക്കുറിച്ച് എഴുതിയ കുറിപ്പുകളുമായി ഗീതോപ്പോള്‍ എന്റെ വീട്ടിലേക്ക് വന്നു.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊക്കെ പറയാന്‍ ഗീതോപ്പോള്‍ക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ. ഹൃദയത്തിനുള്ളിലെ ഒറ്റമുറിയില്‍ ഒറ്റക്കിരുന്നു സംസാരിക്കുന്ന ശീലക്കാരി ആയ എനിക്ക് ഗീതോപ്പോളെപ്പോലെ ഒരാളോടെ ഇതൊക്കെ പറയാനും കഴിയുമായിരുന്നുള്ളു.
ഒരിക്കല്‍ ഗീതോപ്പോള്‍ പറഞ്ഞു: ''ഞാന്‍ എങ്ങാനും മരിച്ചാല്‍ മണ്ണിലേക്ക് എടുക്കുന്നതു വരെ എന്റെ അടുത്തങ്ങനെ നില്‍ക്കാന്‍ പോലും നിന്നെ ചിലപ്പോ ജീവിതം സമ്മതിച്ചെന്നു വരില്ല. അതങ്ങനെയാണ്. ഇഷ്ടമുള്ളത് ഒന്നും ചെയ്യാന്‍ പറ്റാത്തതിന്റെ, നമ്മുടേതായ സ്വകാര്യതകള്‍ അനുഭവിക്കാന്‍ പറ്റാത്തതിന്റെ പേര് കൂടിയാണ് ജീവിതം.''
പതിനെട്ടു വയസ്സില്‍ ആണ് ഗീതോപ്പോളെ പരിചയപ്പെടുന്നത്. എന്റെ വിവാഹം കഴിഞ്ഞു. ഞാന്‍ വേറെ സ്‌കൂളിലേക്ക് മാറി. രണ്ടുപേരും ജീവിതത്തിന്റെ നൂറായിരം തിരക്കുകളില്‍ എട്ടുകാലിവലയിലെന്നോണം കുടുങ്ങിപ്പോയി. തമ്മില്‍ കാണുന്നതേ കുറഞ്ഞു. എങ്കിലും പറ്റുമ്പോളൊക്കെയും ഗീതോപ്പോള്‍ എന്റെ അടുത്തേക്കോ ഞാന്‍ അവരുടെ അടുത്തേക്കോ എങ്ങനെയൊക്കെയോ എത്തികൊണ്ടുമിരുന്നു.
ആയിടയ്ക്ക് ഗീതോപ്പോള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചു. അതോടെ എന്റെ അടുത്തേക്കുള്ള വരവുകള്‍ എളുപ്പമായി. അങ്ങാടിയില്‍ വെച്ച് എന്നെക്കാണുമ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഗീതോപ്പോള്‍ പറയും ''കേറിക്കോടീ... വീട്ടില്‍ ആക്കിത്തരാം.'' അതിസൂക്ഷ്മതയോടെ പതുക്കെ മാത്രം ഓടിക്കുന്ന അതില്‍ കേറാന്‍ മടിച്ചു ഞാന്‍ പറയും: ''എനിക്കിത്തിരി ധൃതി ഉണ്ട്. ഞാന്‍ നടന്നു പൊയ്‌ക്കോളാം.'' ഒരിക്കല്‍ ക്ലാസ്സെടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ ഹെഡ്മാഷ് വന്നു പറഞ്ഞു: ''ദീപയുടെ ഫ്രണ്ട് അല്ലേ ഗീത... അവര്‍ ആക്സിഡന്റ് ആയി മരിച്ചെന്ന് കേള്‍ക്കുന്നു.''
നിറയെ നാടന്‍ പൂച്ചെടികള്‍ ഉള്ള ഗീതോപ്പോളുടെ പൂന്തോട്ടം നോക്കി, ഞാന്‍ സ്വപ്‌നം കണ്ടു നില്‍ക്കാറുള്ള അതേ ജനലഴികളില്‍ മുഖമമര്‍ത്തി പുറത്തെ ജനക്കൂട്ടത്തെ നോക്കി ഞാന്‍ നിന്നു. അവര്‍ക്കിടയിലേക്ക് എപ്പോഴോ ഗീതോപ്പോള്‍ വന്നു കിടന്നു. ഒരു മുറിവ് പോലുമില്ലാതെ. എന്നുമുള്ള അതേ പ്രസരിപ്പോടെ.
ഒരു തുള്ളി കണ്ണീര്‍ വീഴ്ത്താതെ കനം വെച്ച് പൊട്ടിത്തെറിക്കാന്‍ ആയുന്ന ഹൃദയവുമായി നില്‍ക്കുമ്പോള്‍ ബാഗില്‍ ഫോണ്‍ റിങ് ചെയ്തു.മോള്‍ അന്ന് കുഞ്ഞാണ്. അവളെ നോക്കുന്ന ചേച്ചി ആണ്. മോള്‍ക്ക് നല്ല പനി. ഛര്‍ദ്ദിക്കുന്നുണ്ട്. വേഗം വരൂ. അവര്‍ പരിഭ്രാന്തിയോടെ വിളിക്കുന്നു.
ഫോണ്‍ കട്ട് ചെയ്ത് ഗീതോപ്പോളുടെ അരികിലേക്ക് ചേര്‍ന്ന് ഞാന്‍ നിന്നു. 'നിങ്ങള്‍ എന്താണീ കാണിക്കുന്നത്. എന്തിനാണ് എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. എഴുന്നേറ്റു വന്നേ...' എന്ന് യാചിക്കുന്നുണ്ടായിരുന്നു മനസ്സ്.
ഫോണ്‍ പിന്നെയും റിങ് ചെയ്തു. ''മോള്‍ കുഴഞ്ഞുകിടക്കുന്നു. പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം. '' മറ്റുവഴികള്‍ ഇല്ലാതെ ഞാന്‍ ഇറങ്ങി. ഗീതോപ്പോള്‍ മുന്നേ പറഞ്ഞ് അറംപറ്റിച്ചു വെച്ചിട്ടുണ്ടല്ലോ. പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയില്ല. എനിക്കറിയാം ഗീതോപ്പോള്‍ എന്നെ നോക്കിനില്‍ക്കുന്നുണ്ട് എന്ന്. ഞങ്ങള്‍ തമ്മില്‍ ഉള്ള ചില തര്‍ക്കങ്ങളില്‍ ഞാന്‍ തോല്‍ക്കുമ്പോള്‍ ആ മുഖത്തുവിരിയുന്ന അതേ വിജയഭാവത്തില്‍.
Content Highlights: writer v.k.deepa recollects a memory
Published: 28 Oct 2023, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented