ഒരിക്കല്‍ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് വീണ്ടും കയറിയപ്പോള്‍ എന്തുവികാരമാണുണ്ടായതെന്ന് ഇപ്പോള്‍ ഓര്‍മയില്ല. ഒരുപക്ഷേ നിര്‍വികാരതയായിരുന്നിരിക്കും. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളില്‍ പലരും നിര്‍വികാരതയുടെ സഹായത്തോടെയാണ് ആ ഘട്ടം പിന്നിട്ടിരിക്കുക. കണ്ണുകള്‍ തുറന്നിരിക്കുമെങ്കിലും ഒന്നും കാണില്ല. ചെവികള്‍ എല്ലാം കേള്‍ക്കുമെങ്കിലും മനസ്സിലേക്കെത്തുന്നതിനുമുന്‍പ് അരിച്ചുകളയും. പതിയെപ്പതിയെ അവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും കാര്യങ്ങള്‍ സാധാരണമട്ടിലാകും. അതൊക്കെയാണ് പതിവ്. 

To advertise here,

ഭാര്യയെ തല്ലിക്കഴിഞ്ഞ് അവള്‍ക്ക് ഇടിയപ്പവും ചില്ലി ചിക്കനും വാങ്ങിക്കൊടുത്ത് 'ഹാപ്പിയല്ലേ' എന്നുചോദിച്ച് സ്വസ്ഥനാകുന്ന ഭര്‍ത്താവ് ആ സവിശേഷസന്ദര്‍ഭത്തില്‍ മാത്രമല്ല, ബഹുഭൂരിപക്ഷം ഇന്ത്യന്‍ പുരുഷന്മാരുടെയും പ്രതിനിധിയാകുന്നത്. 'ലസ്റ്റ് സ്റ്റോറീസ്' എന്ന സിനിമയില്‍ ആദ്യരാത്രിയില്‍ രണ്ടോ മൂന്നോ ചലനങ്ങള്‍ക്കുശേഷം ശീഘ്രസ്ഖലനം സംഭവിക്കുന്ന ഒരു ഭര്‍ത്താവുണ്ട്. ഭാര്യയുടെ അതൃപ്തിയോ അമ്പരപ്പോ കാര്യമാക്കാതെ അവള്‍ക്ക് വിവാഹാശംസകള്‍ നേരുന്ന പുരുഷനാണയാള്‍. അതൊരു പതിവായിട്ടുപോലും തനിക്കൊരു പ്രശ്‌നമുണ്ടെന്നും അത് ഭാര്യയ്ക്ക് ശാരീരികവും മാനസികവുമായ ഉലച്ചിലുണ്ടാക്കുന്നുണ്ടെന്നും അയാള്‍ തിരിച്ചറിയുന്നതേയില്ല. ബഹുഭൂരിപക്ഷം ഇന്ത്യന്‍ കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അല്ല എന്നുറപ്പുണ്ടായിട്ടും ഹാപ്പിയല്ലേ എന്ന അസംബന്ധചോദ്യത്തിന് അതേയെന്ന് ഉത്തരം പറയേണ്ടിവരുന്ന സ്ത്രീകളാണ് അവയെ നിലനിര്‍ത്തുന്നത്.
 

വിവാഹജീവിതത്തിന്റെ കാര്യത്തില്‍ ഞാനെന്നോടുപറഞ്ഞ ഏറ്റവും വലിയ നുണയും ഇതായിരുന്നു. അതെന്റെ മാത്രം അവസ്ഥയല്ലെന്ന ഓര്‍മപ്പെടുത്തലോടെ നമുക്ക് തുടരാം.
ഓണക്കാലം സ്ത്രീകളുടെ അമിതാധ്വാനത്തിന്റെ കൂടി കാലമാണ്. ഓടുപാകിയതിനിടയിലെ കണ്ണാടിമുതല്‍ ഉപ്പുപാത്രംവരെ കഴുകിയുണക്കണം. സ്ഥിരമായി താമസിക്കുന്ന വീടായാലും അതൊക്കെ വേണം. കണ്ണൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള യാത്രയ്ക്കുശേഷം, വൃത്തിയാക്കാതെ കിടക്കുന്ന വീടിന്റെ നടക്കല്ലു മുതല്‍ കഴുകിവേണം അകത്തു കയറാന്‍. കുഞ്ഞുങ്ങള്‍ക്കു വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കൊടുക്കാന്‍ വൃത്തിയുള്ള പാത്രമുണ്ടാവാറില്ല. മുറിയടിച്ചുതുടച്ച് ഷീറ്റ് മാറ്റിവിരിച്ചിട്ടുവേണം അവരെ കിടത്താന്‍. മുടിഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് ഇത്തരത്തില്‍ വന്നുകയറി വൃത്തിയാക്കേണ്ടതിനെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ ഏറ്റവും കാല്പനികമായ മറുപടി ഭര്‍ത്താവ് പറഞ്ഞു: ''ഒക്കെ ഗൃഹനാഥയുടെ കൈകൊണ്ടുവേണം എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ്. മറ്റാരും തൊടേണ്ടതില്ല!''

 എനിക്കിത് പറ്റില്ല, ഒരാളെ നിര്‍ത്തി വീട് ഒറ്റത്തവണയെങ്കിലും വൃത്തിയാക്കിയാലേ ഞാനങ്ങോട്ടു വരൂ എന്ന് അപ്പോള്‍ പറയാത്തതിന് ഒരു ന്യായീകരണവുമില്ല. അങ്ങനെയൊന്നും നിശ്ശബ്ദരാകരുത്, അത്തരം ത്യാഗങ്ങളൊന്നും എണ്ണപ്പെടില്ല. എന്തിന്റെ പേരിലായാലും മിണ്ടാതെ അനാവശ്യഭാരങ്ങള്‍ കെട്ടിവലിച്ച ഞാനൊരു നല്ല മാതൃകയേയല്ല എന്ന് ഇന്നെനിക്കറിയാം. പക്ഷേ, അത്തരം നിശ്ശബ്ദത തുടരുന്ന പലരും വിഡ്ഢികളായതുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത് എന്നുമാത്രം പറയുന്നു.

ഉത്രാടം മുതല്‍ നാലുദിവസവും സദ്യവേണം. യാത്രകാരണം ചെറിയ കുഞ്ഞിന് നല്ല പനി. അവനെ കൈയിലെടുത്ത് തൊലിപൊളിഞ്ഞ കൈയില്‍ ഗ്ലൗസിട്ട് ഞാന്‍ പ്രാതലുണ്ടാക്കി, പുതിയ വീട്ടിലെ ആദ്യത്തെ ഓണമൊരുക്കി. സദ്യ വിളമ്പാന്‍ പാകത്തില്‍ എല്ലാം ഡൈനിങ് ടേബിളില്‍ വെച്ചിട്ട് കുഞ്ഞിന് കഞ്ഞി കോരിക്കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഓണം പ്രമാണിച്ച് ചെറുതായൊന്നു മിനുങ്ങിയിട്ട് ഭര്‍ത്താവ് കയറിവന്നു. പിന്നീട് സംഭവിച്ചതൊന്നും ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. 

''ജീവിതത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുകയാണ്, മോളുടെ ടി.സി. വാങ്ങണം, മകളെ സഹോദരിയുടെ വീട്ടില്‍ നിര്‍ത്തി വളര്‍ത്താനാണ് തീരുമാനം, കണ്ണൂരില്‍ നിന്നാല്‍ അവള്‍ നശിച്ചുപോകും'' എന്നിങ്ങനെ അപ്രതീക്ഷിതമായ ചില വാദങ്ങളായിരുന്നു ഞാന്‍ കേട്ടത്. എവിടെനിന്നാണ് അപ്പോള്‍ അദ്ദേഹത്തിന് അതൊക്കെ കിട്ടിയത്. മദ്യം മാത്രമാണോ ആ പ്രകോപനത്തിനു കാരണം. അതോ ഇതൊക്കെയും നേരത്തേ പദ്ധതിയിട്ടിരുന്നോ എന്നൊന്നും മനസ്സിലായില്ല. കേട്ടുനിന്ന മകള്‍ കരയാനൊരുങ്ങുന്നതു ഞാന്‍ കണ്ടു.

ഇതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന് ഞാനവളെ സമാധാനിപ്പിച്ചതും തൊട്ടുപിന്നാലെ തെറിയഭിഷേകമായി. എനിക്ക് ദേഷ്യവും സങ്കടവും സഹിച്ചില്ല. ഏറ്റവും നഷ്ടവും അപമാനവുമുണ്ടായത് എനിക്കാണ്; ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ ഓരോതവണയും നടന്ന നാടകങ്ങളില്‍ ഏറ്റവുമധികം സഹിച്ചതും ഞാനാണെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. ഒരു ബന്ധത്തിന്റെ അവസാനത്തെ കൊളുത്ത് വിട്ടുപോകുന്ന ഒച്ച ഞാനെന്റെ ഉള്ളില്‍നിന്നു കേട്ടു. 


''ഞാനുണ്ടാക്കിയതാണെങ്കില്‍ എന്റെ തീരുമാനമാണ് നടക്കുക, കൊല്ലാനായാലും വളര്‍ത്താനായാലും'' എന്ന് അദ്ദേഹം അലറി. 'ഒരോണവും ഇവിടെ ആഘോഷിക്കണ്ട' എന്നുപറഞ്ഞുകൊണ്ട് ഡൈനിങ് ടേബിളിലിരുന്ന ഭക്ഷണം തട്ടിയെറിഞ്ഞു. ചിതറിവീണ ചോറിനരികില്‍ പകച്ചുനില്‍ക്കുന്ന അഞ്ചുവയസ്സുകാരിയുടെ മുഖം കണ്ട് എന്റെ ഹൃദയം ചില്ലുപാത്രം പോലെ നുറുങ്ങി. കള്ളുകുടിച്ചുവന്ന് പാത്രങ്ങള്‍ നിലത്തു തല്ലുകയും ഭക്ഷണം നശിപ്പിക്കുകയും മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നതരം മദ്യപരെ സിനിമയിലും സീരിയലുകളിലും കഥകളിലുമാണ് കണ്ടിട്ടുള്ളത്. അതൊന്നും എന്റെ ജീവിതത്തില്‍ ആവശ്യമില്ല. എല്ലാം കഴിഞ്ഞു. എന്തൊരപമാനമാണിത്! വീണ്ടും ഈ ജീവിതത്തിലേക്ക് എന്നെ തള്ളിവിട്ടവര്‍ ഇതറിയണം. ഞാന്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാനൊരുങ്ങിയതും അദ്ദേഹം എന്റെ കൈയില്‍നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചു. അതിനെ കിണറ്റിലിടാന്‍ പോവുകയാണെന്നുപറഞ്ഞ് മുറ്റത്തേക്കോടി. പിന്നീട് എനിക്കുമുന്നില്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഓടി അദ്ദേഹത്തിന്റെ മുന്നിലേക്കിറങ്ങി. ഒരേസമയം വലത്തെ കൈകൊണ്ട് സര്‍വശക്തിയുമുപയോഗിച്ച് അദ്ദേഹത്തെ പിന്നിലേക്കു തള്ളുകയും ഇടത്തെ കൈകൊണ്ട് കുഞ്ഞിനെ വലിച്ചുപറിച്ചെടുക്കുകയുംചെയ്തു. വരാന്തയിലെ ചവിട്ടുപടിയിലേക്ക് ചാഞ്ഞുപോയ അദ്ദേഹം എഴുന്നേല്‍ക്കുന്നതിനുമുന്‍പ് ഞാന്‍ കുഞ്ഞുമായി അകത്തേക്കോടി. ഹാളില്‍ നിന്ന മോളെയും വലിച്ചുകൊണ്ട് മുകളിലെ നിലയിലേക്ക് ആവുന്നത്ര വേഗത്തില്‍ ഓടിക്കയറി. മേശമേലിരുന്ന ഫോണെടുക്കാനുള്ള ബുദ്ധി എന്തായാലും പ്രവര്‍ത്തിച്ചു. മുകളിലെ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു. 

കണ്ണൂരുള്ള അച്ഛനെ ഫോണില്‍ വിളിച്ച് സഹായാഭ്യര്‍ഥന നടത്തി. കരഞ്ഞില്ല എന്നാണോര്‍മ്മ. അമ്മയുടെ ഇളയ ആങ്ങള ശൂരനാട്ടുണ്ട്. അമ്മാവന്റെ മകനുമുണ്ട്. ഏഴെട്ടുകിലോമീറ്റര്‍ ദൂരമേയുള്ളൂ. അവരെ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കെത്താന്‍ പറയാമെന്ന് അച്ഛന്‍ സമാധാനിപ്പിച്ചു. അരമണിക്കൂര്‍വരെ നെഞ്ചിടിപ്പെണ്ണി ഞാന്‍ മക്കളുമായി മുറിയിലിരുന്നു. ജനലിലൂടെ താഴേയുള്ള റോഡിലേക്ക് ഇടയ്ക്കിടെ നോക്കിയും മക്കളോട് പേടിക്കണ്ടെന്നു പറഞ്ഞും ഞാന്‍ സമയം നീക്കി. 

അമ്മാവന്റെ കാര്‍ വന്ന് ഇരുവരും വീട്ടിലെത്തിയെന്നുറപ്പായപ്പോള്‍ ഞാന്‍ മക്കളുമായി താഴേയിറങ്ങി. കിടപ്പുമുറിയില്‍ ഭര്‍ത്താവ് കിടന്നുറങ്ങുന്നതു കണ്ടു. അദ്ദേഹത്തെ വിളിക്കാന്‍ അമ്മാവന്‍ പറഞ്ഞു. ഞാന്‍ മക്കളെ സോഫയിലിരുത്തിയിട്ട് ശാന്തമായി ചെന്നുവിളിച്ചു, അമ്മാവന്‍ വന്നിട്ടുണ്ടെന്നു പറഞ്ഞു.
''ഓണത്തിന് അതിഥിയായി വന്നതാണെങ്കില്‍ ചോറുണ്ടിട്ടുപോവാം, മറ്റെന്തെങ്കിലും ഉദ്ദേശ്യമാണെങ്കില്‍ അയാള്‍ തല്ലുകൊണ്ടിട്ടേ പോകൂ'' എന്നു ദേഷ്യപ്പെട്ടുകൊണ്ട് അദ്ദേഹം എഴുന്നേറ്റുവന്നു. തത്കാലം രാജശ്രീയെയും മക്കളെയും താന്‍ വീട്ടിലേക്ക് കൊണ്ടുപോകാം, പിന്നെ നമുക്ക് സംസാരിക്കാം എന്ന് അമ്മാവന്‍ പറഞ്ഞതും അദ്ദേഹം വീണ്ടും പ്രകോപിതനായി. ഞാന്‍ മുറിയില്‍നിന്ന് ബാഗെടുത്തു. വീട്ടില്‍നിന്നു വന്നിട്ട് അതൊന്നു തുറന്നിട്ടുപോലുമുണ്ടായിരുന്നില്ല. ഞാനും മക്കളും അമ്മാവനൊപ്പം പോവുകയാണെന്നു കേട്ടപ്പോള്‍ എന്നെ കൊല്ലുമെന്നായി. എന്റെ നേരേ കൈയോങ്ങിയപ്പോള്‍ അമ്മാവന്‍ തടഞ്ഞു. ഉന്തും തള്ളുമായപ്പോള്‍, ചേച്ചിയും മക്കളും ചെന്ന് വണ്ടിയില്‍ കയറാന്‍ അമ്മാവന്റെ മകന്‍ പറഞ്ഞു. എനിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. മക്കളുമായി ഞാന്‍ വണ്ടിക്കരികിലേക്ക് നടന്നു. അത്രയുമായപ്പോഴാണ് കണ്ടുനിന്ന അയല്‍ക്കാര്‍കൂടിയായ ഒന്നുരണ്ടു ബന്ധുക്കള്‍ക്ക് കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലായത്. വാശികാണിക്കരുതെന്ന് അവരെന്നെ ഉപദേശിച്ചു.

''നീയങ്ങു ക്ഷമീര്, അങ്ങു തോറ്റുകൊട്!''
ആ സമയത്ത് എന്നെ ഏറ്റവും ഭ്രാന്തുപിടിപ്പിച്ചത് ആ ഉപദേശമായിരുന്നു. ഇനിയെങ്ങോട്ടാണ് ഞാന്‍ തോല്‍ക്കാനുള്ളത്!
അല്പനേരത്തിനകം അമ്മാവനും മകനും വന്ന് വണ്ടിയില്‍ കയറി. വണ്ടി നീങ്ങിയപ്പോള്‍ മക്കളെയും ചേര്‍ത്തുപിടിച്ച് ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു. രക്ഷപ്പെട്ടു! ആ തിരുവോണദിവസം അമ്മാവന്റെ വീട്ടില്‍ അനാഥരെപ്പോലെ ഞാനും മക്കളും ചെന്നു കയറി. ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഒരുപിടി വറ്റിട്ട ചൂടുകഞ്ഞിവെള്ളം അമ്മായി കൊണ്ടുവന്നു തന്നു. അത് തൊണ്ടയിലൂടെ അരിച്ചിറങ്ങുമ്പോഴാണ്, രാവിലേ മുതല്‍ ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്. എന്റെ കൈത്തലങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്ന കാഴ്ചയില്‍ അമ്മായി ഞെട്ടുന്നത് ഞാന്‍ കണ്ടു.

അന്നുരാത്രിതന്നെ ഭര്‍ത്താവും പെങ്ങളും അളിയനും മക്കളും അമ്മാവന്റെ വീട്ടിലേക്കെത്തി. മാപ്പുപറഞ്ഞ് തിരിച്ചു കൊണ്ടുപോകലാണ് ലക്ഷ്യം. മദ്യത്തിന്റെ മേലേ ചെയ്തുപോയതാണ്. ജീവിതമാകുമ്പോള്‍ ഇങ്ങനെയൊക്കെയാണ്, തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ വഴക്കിട്ടിറങ്ങിയാല്‍ ജീവിതമുണ്ടാകില്ല എന്ന് നാത്തൂന്‍ ഉപദേശിച്ചു. അവരുടെ മകള്‍ അന്ന് ചെറിയ കുട്ടിയാണ്. മാമിക്കു വാശിയാണ് എന്ന അവളുടെ വിധിപ്രസ്താവം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അങ്ങനെയാണ് പെണ്‍കുട്ടികള്‍ പഠിപ്പിക്കപ്പെടുന്നത് എന്നതില്‍ എനിക്ക് അദ്ഭുതമില്ലായിരുന്നല്ലോ. വാശി വേറേ അന്തസ്സ് വേറേ. മനുഷ്യാന്തസ്സിനെപ്പറ്റിയുള്ള പാഠങ്ങള്‍ ജീവിതത്തില്‍നിന്നാണ് അഭ്യസിക്കേണ്ടത്. എല്ലാവര്‍ക്കും അതിനുള്ള അവസരം ലഭിക്കില്ലല്ലോ എന്നുഞാന്‍ സമാധാനിച്ചു. 
 

''നിങ്ങള്‍ അവള്‍ടെ കൈ കണ്ടോ? മനുഷ്യരാരെങ്കിലും ഈ കൈകൊണ്ട് ജോലിചെയ്യിക്കുമോ. ഈ കൈയുംവെച്ച് ഓണമാഘോഷിക്കാന്‍ വരേണ്ട കാര്യമെന്താണ്, അവിടെനിന്ന് അത് ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനുപകരം?'', അമ്മായി ഒത്തുതീര്‍പ്പുസംഘത്തോട് ശാന്തമായി ചോദിച്ചു. ഉത്തരമൊന്നും പ്രതീക്ഷില്ലെങ്കിലും അവരത് ചോദിച്ചുതീര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഇനി കണ്ണൂരിലെ വീട്ടിലാലോചിച്ച് എന്താണെന്നുവച്ചാല്‍ ചെയ്യാന്‍ നിര്‍ദേശിച്ച് അമ്മാവന്‍ അവരെ തിരിച്ചയച്ചു. അമ്മാവന്റെ വീട്ടില്‍ അങ്ങനെ തുടരാനുമാവില്ല. ഓണക്കാലമാണ്; ട്രെയിന്‍ റിസര്‍വേഷനുകളില്ല. പിറ്റേന്നുരാത്രി മാവേലി എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ റിസര്‍വേഷനില്ലാതെ ഞാനും മക്കളുംകൂടി കണ്ണൂരിലേക്ക് തിരിച്ചു. ചേച്ചിയെയും മക്കളെയും തനിയേ വിടില്ലെന്നുപറഞ്ഞ് കൂടെ വന്നത് അമ്മാവന്റെ മകന്‍ അഖിലാണ്. കരയുന്ന ഇളയ കുഞ്ഞിനെ എടുത്തുകൊണ്ട് അവന്‍ രാത്രിമുഴുവന്‍ നിന്നു കഴിച്ചുകൂട്ടി. എങ്ങനെയോ ഒപ്പിച്ച സീറ്റില്‍ രാത്രിമുഴുവന്‍ മോളെ മടിയിലിരുത്തിയും നിന്നും ഞാനും. രാവിലേ ട്രെയിന്‍ കണ്ണൂരെത്തി. പ്ലാറ്റ്‌ഫോമില്‍ കാലുകുത്തുമ്പോള്‍ കടുത്ത അനിശ്ചിതത്വം അവസാനിച്ചതിന്റെ ആശ്വാസമായിരുന്നു. മഞ്ഞയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ എന്നെഴുതിയ ബോര്‍ഡ് മൂന്നുഭാഷകളിലും എന്നെ സമാധാനിപ്പിച്ചു. ടാക്‌സിയില്‍ ഞങ്ങള്‍ വീട്ടിലെത്തി. ആരും ഒന്നും പറഞ്ഞില്ല. കുട്ടികള്‍ പതിയേ സ്വസ്ഥരായി. ആ സംഭവങ്ങള്‍ എന്നെ തകര്‍ത്തുകളഞ്ഞുവെന്ന് മറ്റുള്ളവരോ സ്വയമോ വിശ്വസിക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. 

ഓണാവധിക്കുശേഷം സ്‌കൂളുകളും കോളേജുകളും തുറന്നു. ആ വര്‍ഷം തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിന്റെ ത്രിദിന ദേശീയ സെമിനാറിന്റെ കോ ഓര്‍ഡിനേറ്റര്‍ ഞാനായിരുന്നു. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ സഹായധനത്തോടെ നടത്തപ്പെടുന്ന സെമിനാറാണ്. നേരത്തേ ഏല്‍പ്പിക്കപ്പെട്ട ചുമതലയാണ്. അതുമായി ബന്ധപ്പെട്ട് ഒരുപാട് പണികളുണ്ട്. ഞാന്‍ അതിലേക്ക് തിരിഞ്ഞു. ഒക്ടോബറില്‍ സെമിനാര്‍ വിജയകരമായി നടന്നു. 'ലിംഗപദവിയുടെ സാംസ്‌കാരികപരിസരങ്ങള്‍' എന്നായിരുന്നു അതിന്റെ പേര്!