
'നിന്റെ നാവാണ് എല്ലാറ്റിനും കാരണം'
ചെറുപ്പത്തിൽ മൂത്ത ആങ്ങളമാരുടെയും അച്ഛന്റെയും തല്ലു കൊണ്ട് കരയുമ്പോൾ അമ്മ അവളോട് പറഞ്ഞു.
''പെണ്കുട്ടികൾക്കിത്ര കുറുമ്പ് പാടില്ല. തന്നിഷ്ടം പാടില്ല. ആണുങ്ങളോട് തറുതല പാടില്ല''!
വീട്ടിലെ മുതിർന്ന സ്ത്രീകൾ നിരന്തരം അവളെ കുറ്റപ്പെടുത്തി!
അത്ര ചെറിയ കുട്ടിയെ അടിച്ചതിൽ ആർക്കും വിഷമമുണ്ടായില്ല.
അടിയായിരുന്നു അന്ന് എല്ലാറ്റിനും മരുന്ന്.
അഭിപ്രായ സ്വാതന്ത്ര്യം ആ വീട്ടിലെ സ്ത്രീകൾക്കുണ്ടായിരുന്നില്ല.
മുതിർന്നവരോട് ഒന്നും തിരിച്ചു പറയാൻ പാടില്ലെന്നവൾക്കു വിലക്കുണ്ടായിരുന്നു !
അവർക്കു ദേഷ്യം വന്നാൽ തല്ലുറപ്പ്.
പന്ത് പോലെയവളെ അവർ തൊഴിച്ചു! മുഷ്ടി ചുരുട്ടി ഇടിച്ചു.
അവളുടെ നാവാണ് എല്ലാ കലഹങ്ങൾക്കും കാരണമെന്ന് വീട്ടിലെ മുതിർന്ന സ്ത്രീകൾ അവളെ ഇടക്കിടക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
വീട്ടിലെ ആൺകുട്ടികൾക്ക് ഒരു നിയമം! അവൾക്കും പെൺകുട്ടികൾക്കും മറ്റൊരു നിയമം. ഈ അന്യായം കാണുമ്പോൾ അവളിടപെട്ടു പോയിരുന്നു.
അത് കാണുമ്പോൾ അവർക്കു ദേഹോപദ്രവമേ മരുന്നായുണ്ടായിരുന്നുള്ളു.
അന്നത്തെ കാലമൊക്ക അങ്ങിനെയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടിക്കുവാനോ ഉപദ്രവിക്കുവാനോ ആർക്കും കാരണങ്ങളൊന്നും വേണ്ടാതിരുന്ന ഒരു കാലം.
ആരും അതൊന്നും ചോദിക്കാൻ ധൈര്യപ്പെടാതിരുന്ന കെട്ട കാലം.
അവൾ എല്ലാം ചോദ്യം ചെയ്തു... തല്ലും, അടിയും വാങ്ങിക്കൂട്ടി.
മുതിർന്നിട്ടും അവളുടെ നാവിനു അടങ്ങിയിരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
അവളുടെ മതവും അങ്ങിനെ തന്നെ പഠിപ്പിച്ചു. പുരുഷൻ അവളുടെ തലയാകുന്നുവെന്നും അവൾ അവന്റെ വാലാകുന്നുവെന്നും അവർ പ്രബോധിപ്പിച്ചു !
അമ്മയുടെയും അമ്മായിമാരുടെയും മതപുരോഹിതരുടെയും ഈ പഠിപ്പിക്കലുകളൊന്നും അവൾക്കു മനസ്സിലായിരുന്നില്ല.
കല്യാണത്തലേന്നു വസ്ത്രങ്ങൾ പെട്ടിയിലാക്കുമ്പോൾ
അമ്മ ഉപദേശിച്ചു:
''ഭർത്താവിന്റെ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം. ആരോടും തറുതലയും മറുതലിപ്പും പറഞ്ഞു തല്ലു വാങ്ങരുത്!
നമ്മൾ പെണ്ണുങ്ങളാണ്- നാവടക്കാൻ പഠിക്കണം. ആണുങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണം”
അവൾ ശ്രമിച്ചു.. ആദ്യമൊക്ക നന്നായി...ശ്രമിച്ചു. സഹിച്ചു, ക്ഷമിച്ചു.
അപ്പോഴേക്കും അവൾക്കു മടുത്തിരുന്നു. വർഷങ്ങളോളം. ശബ്ദമില്ലാതെയുള്ള സഹനം അവളെ മറ്റാരോ ആക്കിയിരുന്നു..
അവൾക്ക് പോലും അറിയാത്ത ഒരുവൾ... അത് അധികനാൾ നീണ്ടു നിന്നില്ല. അവളുടെ ചോദ്യം ചെയ്യലുകളും രീതികളും ഭർത്താവും എതിരിട്ടതും നല്ല തല്ലിലൂടെ തന്നെയായിരുന്നു.
അയാളുടെ വീട്ടിലും പെണ്ണുങ്ങൾക്കു ശബ്ദമുണ്ടായിരുന്നില്ല. ശബ്ദിക്കുന്ന സ്ത്രീകളുടെ വായടപ്പിക്കുവാൻ അവരും സമർത്ഥരായിരുന്നു.
വന്നുവന്നു സ്വന്തം ആൺ മക്കൾ കൂടി തന്നെ കൈ വെയ്ക്കുമെന്നായപ്പോളാണ് അവൾ വീട് വിട്ടു പോകാൻ തീരുമാനിച്ചത് ! അപ്പോഴേക്കും കാലം ഒരുപാട് മാറിയിരുന്നു.
അവളുടെ കൂടെ കൈ പിടിച്ചിറങ്ങാൻ ഒരാൾ കൂടിയുണ്ടായിരുന്നു - ചെറുമകൾ! അവളുടെയും നാവു ശരിയല്ലെന്ന് ആരൊക്കെയോ ആ വീട്ടിലവളെയും ഓർമ്മിപ്പിക്കാൻ തുടങ്ങിയിരുന്നു. പോയി പണി നോക്കു എന്ന അവരോട് പറഞ്ഞിട്ട് അവൾ മുത്തശ്ശിയുടെ കൈ പിടിച്ചു തെരുവിലേക്കിറങ്ങി!
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 07 Mar 2026, 02:42 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented