
ഒരു റൊമാന്റിക് നോവലിന്റെയും ബയോഗ്രഫിക്കൽ ഫിക്ഷന്റെയും സവിശേഷതകൾ സമന്വയിപ്പിച്ചാണ് 'വാൻഗോഗിന്റെ കാമുകി' എന്ന മനോഹര പ്രണയകാവ്യം ശ്രീ. ജേക്കബ് എബ്രഹാം രചിച്ചിരിക്കുന്നത്. വാൻഗോഗെന്ന ലോക പ്രശസ്ത ചിത്രകാരന്റെ കലാജീവിതത്തോടൊപ്പം വ്യക്തിജീവിതവും കൃത്യമായി അടയാളപ്പെടുത്തുന്ന നോവൽ വാൻഗോഗിനെക്കുറിച്ചുള്ള വായനയ്ക്ക് കൂടുതൽ സാധ്യതകൾ തുറന്നിടുന്നു. സിയൻ എന്ന വേശ്യയും വാൻഗോഗുമായുള്ള അനശ്വര പ്രണയം അതീവസുന്ദരമായ പ്രണയമുഹൂർത്തങ്ങളിലേക്ക് വായനക്കാരെ നയിക്കുന്നു.
സിയൻ എന്നു വിളിക്കപ്പെട്ടിരുന്ന ക്ലാസിന മരിയ ഹൂർണിക്ക്‌നെ തന്റെ മോഡലാകാനാണ് വാൻഗോഗ് ക്ഷണിക്കുന്നത്. എന്നാൽ ക്രമേണ അദ്ദേഹം അവരുമായി അടുക്കുകയും അവൾ അദ്ദേഹത്തിന്റെ കാമുകിയായി മാറുകയും ചെയ്യുന്നു. സിയന്റെ കാഴ്ചപ്പാടിലൂടെയും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തിലൂന്നിയുമാണ് നോവൽ വികസിക്കുന്നത് . വാൻഗോഗുമായുളള സിയന്റെ ബന്ധം ഇരുവരുടേയും ജീവിതത്തിലെ നിറപ്പകിട്ട് വർദ്ധിപ്പിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സ്ത്രീ കടന്നു പോകുന്ന ദുരിതാവസ്ഥകളെ, ദാരിദ്ര്യം മൂലം സഹിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ദൈന്യാവസ്ഥയെ ഈ നോവൽ കൃത്യമായി വരച്ചുകാട്ടുന്നു.
നോവലിന്റെ ആദ്യരംഗങ്ങളിൽ കൂടുതലും വിവരിക്കുന്നത് വാൻഗോഗിന്റെ വൈകാരിക അസ്ഥിരതയും സിയന്റെ ദൈന്യാവസ്ഥയുമാണ്. ഗർഭിണിയും അതേസമയം തന്നെ തെരുവ് വേശ്യവുമായി അധ:പതിച്ചിരിക്കുന്ന അവളുടെ അവസ്ഥ പരിതാപകരമാണ്. തന്റെ സുഹൃത്തായ ആഗ്നസിനോടൊപ്പമാണ് അവൾ കഴിയുന്നത്. ഒരു കാലത്ത് പ്രണയത്താൽ മുറിവേറ്റ് തെരുവ് വേശ്യകളായി മാറിയവരാണ് അവർ രണ്ടു പേരും. പല പുരുഷന്മാരിൽ നിന്നായി സിയൻ നാല് പ്രാവശ്യം ഗർഭിണിയായിട്ടുണ്ടെങ്കിലും മൂന്ന് കുട്ടികളും മരിച്ചുപോകുന്നു. മരിയ എന്ന മകൾ മാത്രമാണ് അവളോടൊപ്പം ഉള്ളത്.
ഇപ്പോൾ ഗർഭത്തിൽ ഉള്ള കുഞ്ഞിന്റെ അച്ഛൻ പോലും ആരാണെന്നുള്ള കാര്യത്തിൽ അവൾക്ക് കൃത്യമായ ബോധ്യം ഇല്ല. ഗത്യന്തരമില്ലാതെ പല കാര്യങ്ങളും ചെയ്തു കൂട്ടുമ്പോഴും വാൻഗോഗിനോടുള്ള വിശുദ്ധ പ്രണയം തന്നെയാണ് അവളിൽ നിറഞ്ഞു നിൽക്കുന്നത്. വാൻഗോഗ് വിവാഹത്തിന് നിർബന്ധിക്കുമ്പോൾ പോലും അവൾ ഒഴിഞ്ഞു മാറുന്നത് അവളുടെ ആന്തരിക വിശുദ്ധി വെളിവാക്കുന്നു. ഒരിക്കലും അയാളെ ചൂഷണം ചെയ്യാൻ അവളിലെ പ്രണയം അനുവദിക്കുന്നില്ല. കുട്ടിക്കാലം മുതൽ അവഗണനയും അപമാനവും സഹിച്ചു വളർന്ന അവളുടെ അവസ്ഥ അത്യന്തം ദയനീയമാണ്.
വാൻഗോഗ് അവളെ മോഡൽ ആക്കി ചിത്രങ്ങൾ വരയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വൈകാരികമായ അസ്ഥിരത പലപ്പോഴും അതിന് തടസ്സമാകുന്നു. സുഹൃത്തും ചിത്രകാരനുമായ ആന്റൺ മോവുമായുള്ള താമസം വാൻഗോഗിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് കൊണ്ട് തന്നോടൊപ്പം താമസിക്കാൻ സിയനോട് അഭ്യർത്ഥിക്കുന്നു. അങ്ങനെയാണ് ആഗ്‌നസിന്റെ കാമുകനായ പെട്രോ അവർക്ക് വേണ്ടി ഒരു വാടകവീട് കണ്ടുപിടിക്കുന്നതുo അവിടെ ഒരു സ്റ്റുഡിയോ സെറ്റ് ചെയ്ത് വരയ്ക്കാനുള്ള സാഹചര്യം ഒരുക്കുന്നതും. സിയനോട് വളരെയധികം അനുതാപത്തോടെയും കരുതലോടെയുമാണ് വാൻഗോഗ് പെരുമാറുന്നത്. മാത്രമല്ല അവളുടെ മകളായ മരിയയെ സ്വന്തം മകളായാണ് കാണുന്നത്.
സിയന്റെ ആരോഗ്യം മോശമാകുന്നതു കൊണ്ട് അവളെ ഡോക്ടറെ കാണിക്കുകയും അവളുടെ മദ്യപാനാസക്തിയെക്കുറിച്ചും മറ്റു ശാരീരിക പ്രശനങ്ങളെ കുറിച്ചുo മനസ്സിലാക്കി അവളെ സഹായിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വാൻഗോഗിലെ പ്രതിഭാശാലിയെ വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്.
തുടർന്ന് നോവൽ വാൻഗോഗിന്റെ കുട്ടിക്കാല ജീവിതത്തിലേക്ക് സഞ്ചരിക്കുന്നു. ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് ഡച്ച് ഗ്രാമമായ ഗ്രൂട്ട് സുൻഡേറിലാണ് അദ്ദേഹം തന്റെ ബാല്യകാലം ചെലവഴിച്ചത്. ചിത്രരചനയിലുള്ള വാൻഗോഗിന്റെ താല്പര്യം ആദ്യം കണ്ടെത്തിയത് അമ്മ കോർണേലിയയാണ്. ഒരു പള്ളി വികാരിയായിരുന്നു വാൻഗോഗിന്റെ പിതാവ്. കുട്ടിക്കാലം മുതൽ ഏകനായിരുന്ന വാൻഗോഗ് ഒരിക്കൽ വരച്ചുകൊണ്ടിരുന്ന നോട്ടുപുസ്തകം അമ്മ കണ്ടെത്തുന്നതോടെയാണ് ചിത്രകലയിലേക്ക് നയിക്കുന്നത്.
അവരുടെ കുടുംബത്തിൽ ധാരാളം കലാകാരന്മാരും ചിത്രകാരന്മാരും ഉണ്ടായിരുന്നതിനാലുo സെന്റ് എന്ന അമ്മാവൻ ചിത്രങ്ങൾ വാങ്ങുന്ന ആർട്ട് ഡീലർ ആയതിനാലും അമ്മ ഹേഗിലുള്ള അമ്മാവന് കത്തെഴുതുന്നു. അതിൻ പ്രകാരമാണ് ചിത്രകലയിൽ ഉന്നതങ്ങൾ കീഴടക്കാനായി വാൻഗോഗ് ഹേഗിൽ എത്തുന്നത്.
വാൻഗോഗും സിയനും കുട്ടിയുമൊത്ത് ഒരു കലാ യാത്ര പോകുന്നു. ഡെൽഫ്റ്റിലെ വെർതിമറിന്റെ വസതിയും ചിത്രകാരൻ ജനിച്ചു വളർന്ന പരിസരവുമൊക്കെ അദ്ദേഹത്തിന്റെ മനസ്സിനെ ശാന്തമാക്കുന്നു. കൂടാതെ ചിത്രരചനയ്ക്കായി ധാരാളം സാഹിത്യകൃതികൾ വാൻഗോഗ് വായിക്കുന്നു. ഈ യാത്രയ്ക് ശേഷം സിയനെ മോഡലാക്കി വാൻഗോഗ് 'സോറോ' എന്ന നഗ്‌നചിത്ര സീരീസ് വരയ്ക്കുന്നു.
കൂടാതെ സിയനെ മോഡലാക്കി പിന്നെയും ധാരാളം ചിത്രങ്ങൾ വാൻഗോഗ് വരയ്ക്കുന്നുണ്ട്. സിയനുമായുള്ള പ്രണയം തീവ്രമാവുകയും തന്റെ സഹോദരനായ തീയോയ്ക്ക് എഴുതുന്ന കത്തിൽ താൻ സിയനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതായി സൂചിപ്പിക്കുകയും ചെയ്യുന്നു. തിയോയും ബന്ധുവായ ആന്റൺ മോവും വാൻഗോഗിനെ സന്ദർശിക്കുകയും അവർ സിയനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ സംഭവത്തിനു ശേഷം വാൻഗോഗ് മദ്യപാനമാരംഭിക്കുന്നത് സിയനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. സിയൻ ആഗ്‌നസിന്റെ വീട്ടിൽ പോയി തിരിച്ച് വന്നപ്പോഴേക്കും വാൻഗോഗ് അവിടെ നിന്ന് പോയിരുന്നു. സിയന് പ്രസവവേദന വരുകയും ആഗ്നസും പെട്രോയും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവൾ ഒരാൺ കുഞ്ഞിന് ജൻമം നൽകുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വാൻഗോഗ് വന്നുചേരുകയും ആ കുഞ്ഞിനെ സ്വന്തം മകനായി കരുതി അവന് വില്യം വിൻസെന്റ് വാൻഗോഗ് എന്ന് പേരു നൽകുന്നു. വേദനയിലൂടെയും വിരഹത്തിലൂടെയും കടന്നു പോകുന്ന നോവൽ അവസാനിക്കുന്നത് പ്രണയത്തിലും ഒത്തു ചേരലിലുമാണ്.
ഒരു പ്രണയനോവലിന് അനുയോജ്യമായ ചേരുവകകൾ എല്ലാം കൃത്യമായ അനുപാതത്തിൽ ചേർത്താണ് ഈ നോവൽ രചിച്ചിരിക്കുന്നത്. കല, ചിത്രരചന ,സാഹിത്യം ഇത്തരം വിഷയങ്ങൾ റൊമാന്റിക് നോവലുകളിൽ ഒരു പ്രധാന പ്രമേയമായി വരാറുണ്ട്. വ്യത്യസ്തരായ വ്യക്തികൾ തമ്മിലുള്ള തീവ്രമായ മാനസിക അടുപ്പവും വൈകാരികമായ ബന്ധവുമാണ് പലപ്പോഴും റൊമാൻസ് നോവലുകളിൽ പ്രമേയമായി അവതരിപ്പിക്കുന്നത്.
വാൻഗോഗും സിയനും ആന്തരിക സംഘർഷങ്ങളിലുടെ കടന്നുപോകുന്നവരും വൈകാരിക അസ്ഥിരതയുള്ളവരുമാണ്. ഇവരുടെ ജീവിതത്തിലെ വൈകാരിക തീവ്രമായ നിരവധി രംഗങ്ങൾ ഈ നോവലിന്റെ വായനാക്ഷമത വർദ്ധിപ്പിക്കുന്നു. ജീവചരിത്രപരമായ വിഷയങ്ങളോടൊപ്പം ഫാന്റസിയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നോവലിന്റെ നിർമ്മിതി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രണയത്തിന്റെ ഒരു മാന്ത്രിക ലോകം തന്നെ സൃഷ്ടിക്കുന്നുണ്ട്. ആർദ്രമായ പ്രണയത്തിന്റെ പ്രത്യേകതകൾ ഉപകഥാപാത്രങ്ങളായ ആഗ്നസ്, പെട്രോ, വാന്റീഡ്, ലിറ്റീഷ്യ എന്നിവരുടെ പ്രണയത്തിലൂടെ അവതരിപ്പിക്കുന്നതിലൂടെ ഒരു കാൽപ്പനിക പ്രണയ നോവലിന്റെ ഇതിവൃത്തത്തിന് പിന്തുണ നൽകുന്ന ഘടകങ്ങൾ അതിമനോഹരമായി കോർത്തിണക്കിയിരിക്കുന്നു. മിക്ക കഥാപാത്രങ്ങളും തീവ്രമായ പ്രണയചിന്തകൾ ഉള്ളിൽ വഹിക്കുന്നവരാണെങ്കിലും ഇവർക്കെല്ലാം പ്രണയത്താൽ മുറിവേൽക്കുന്ന നിരവധി സാഹചര്യങ്ങളും നോവൽ വരച്ചു കാട്ടുന്നു.
നോവലിന്റെ വൈകാരിക തീവ്രതയും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും വൈകാരിക ബുദ്ധിമുട്ടുകളുമെല്ലാo ചിത്രീകരിക്കാനായി സൈക്കോളജിക്കൽ റിയലിസം എന്ന ടെക്‌നിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. വാൻഗോഗിനെയും പ്രണയിനിയായ സിയനെയും വികാര തീക്ഷ്ണമായിട്ടുള്ള അതേസമയം തന്നെ പ്രക്ഷുബ്ധമായ മാനസിക അവസ്ഥകളിലൂടെ കടന്നുപോകുന്നവരായാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടായ സൈക്കോളജിക്കൽ ട്രോമകളെയും ഉൻമാദാവസ്ഥയേയുo നോവൽ തുറന്നു കാട്ടുന്നു. സിയൻ എന്ന കഥാപാത്രം തെരുവിൽ ജനിച്ചുവളർന്ന് ജീവിച്ചവൾ ആണെങ്കിൽ പോലും. സ്വന്തമായ ഒരു അസ്തിത്വം നിലനിർത്തുന്നുണ്ട് അവളിടെ തീവ്രമായ പ്രണയം, സ്വഭാവത്തിലെ നന്മകൾ, സ്വതന്ത്ര ചിന്താഗതി ഇതെല്ലാമായിരിക്കാം വാൻഗോഗിനെ ആകർഷിച്ചത്. പ്രണയിനിയോടുള്ള സ്‌നേഹവും കലയോടുള്ള സ്‌നേഹവും പരസ്പരബന്ധിതമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.
വാൻഗോഗിന്റെ ജീവിതത്തിൽ എല്ലാ കാലത്തും പ്രണയം അപൂർണ്ണമാണ്. നോവലിന്റെ അവസാന ഭാഗങ്ങളിൽ സാക്ഷാത്ക്കരിക്കാതെ പോയ മുൻപ്രണയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സിയനുമായുള പ്രണയം മാംസനിബദ്ധമല്ല. അയാൾക്ക് അവളോടുള്ളത് ആസക്തിയേക്കാൾ പരിശുദ്ധമായ പ്രണയമാണ്. ആഴത്തിലുള്ള വികാരങ്ങളുടെ അവതരണം, വേദന, ഒറ്റപ്പെടൽ ഇതെല്ലാം കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ ഉൾച്ചേർത്തിരിക്കുന്നു.
പ്രണയത്തിന്റെ ആകുലതകളും വിരഹവും വൈകാരതീവ്രതയുമെല്ലാം വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാൻ പര്യാപ്തമായ വിധത്തിൽ ലളിതമായ ഭാഷയാണ് നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ പ്രണയകഥകളിലെപ്പോലെ ഈ നോവലിലുo പ്രണയ നദിക്ക് തടസ്സം വരുത്തുന്ന നിരവധി ഘടകങ്ങൾ വരുന്നുണ്ടെങ്കിലും അതിനെയെല്ലാം തകർത്ത് മുന്നേറാൻ പ്രണയികൾക്ക് സാധിക്കുന്നു. കഥാപാത്രങ്ങളുടെ പരസ്പരാകർഷണo, അവരുടെ പരസ്പരമുള്ള താൽപ്പര്യം, വിശ്വാസം, ദുർബലതകൾ ഇവയെല്ലാം വായനക്കാർക്കും അനുഭവവേദ്യമാക്കുന്ന തരത്തിലാണ് കഥ മുന്നേറുന്നത്. സാധാരണ പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി ശുഭപര്യവസായിയായാണ് നോവൽ അവസാനിക്കുന്നത്.
ഒരു കാലഘട്ടത്തിലെ വാൻഗോഗിന്റെ ജീവിത0 അവലോകനം ചെയ്യുന്ന ഈ നോവൽ ചിത്രകലയിൽ പ്രകടമായിരിക്കുന്ന പോസ്റ്റ് ഇമ്പ്രഷനിസ്റ്റ് രീതികളെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നതിന് പുറമേ നിറങ്ങളാൽ അത്ഭുതം സൃഷ്ടിക്കാനുള്ള വാൻഗോഗെന്ന പ്രതിഭാശാലിയുടെ കഴിവിനെയും കൃത്യമായി അടയാളപ്പെടുത്തുന്നു. കാമുകിക്ക് വേണ്ടി ചെവി മുറിച്ചുമാറ്റിയ വാൻഗോവിന് അനുയോജ്യമായ ഒരു സ്മരണിക തന്നെയാണ് ഈ നോവൽ. അനശ്വരമായ പ്രണയമാണ് വാൻഗോഗിന് സിയനോടുള്ളതും സിയന് വാൻഗോഗിനോടുള്ളതും.
ആ അനശ്വര പ്രണയത്തിന്റെ അപൂർവ്വമായ പ്രണയകഥ വരും തലമുറകൾക്കും ഒരു മുതൽക്കൂട്ടാണ്. പ്രണയം മനുഷ്യനിൽ വരുത്തുന്ന പരിവർത്തനങ്ങൾ മുഖ്യ പ്രമേയമാകുന്ന ഈ നോവലിന് പ്രണയത്തിന്റെ തിരയൊടുങ്ങാത്ത കടലിൽ വായനക്കാരെ മുഗ്ധരാക്കാനുള്ള കരുത്തുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores the complex relationship between Vincent van Gogh and his muse, Sien., Blends biographical facts with romantic fiction elements., Highlights the struggles of marginalized individuals in the 19th century., Provides deep insights into Van Gogh's artistic evolution and emotional instability., Features a narrative structure that emphasizes psychological depth.
Published: 10 Apr 2026, 03:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented