''ഒരു മുറിയില്‍ മിണ്ടാതെ ഒറ്റയ്ക്കിരിക്കാന്‍ മനുഷ്യന് കഴിയാത്തതാണ് മനുഷ്യരാശി അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം കാരണം''
- ബ്ലൈസ് പാസ്‌കല്‍

ഇപ്പോഴും ജീവിച്ചിരിക്കുന്ന നോര്‍വീജിയന്‍ പര്യവേക്ഷകനും പ്രസാധകനും എഴുത്തുകാരനും അഭിഭാഷകനും കലാവസ്തു സംരക്ഷകനുമാണ് എര്‍ലിങ് കാഗ്ഗേ. ദക്ഷിണധ്രുവത്തിലും ഉത്തരധ്രുവത്തിലും എവറസ്റ്റ് കൊടുമുടിയിലും കാല്‍നടയായി എത്തിച്ചേര്‍ന്നയാള്‍. നടന്നുനടന്ന് ഈ മൂന്നിടത്തും എത്തിയ മറ്റാരുമില്ല എന്ന് പര്യവേക്ഷണങ്ങളുടെ ചരിത്രം പറയുന്നു. ഈ നേട്ടങ്ങള്‍ക്കുശേഷം അദ്ദേഹം കേംബ്രിജ് സര്‍വകലാശാലയില്‍ തത്ത്വചിന്ത പഠിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന്, പ്രസാധകശാല ആരംഭിച്ചു. എട്ട് പുസ്തകങ്ങള്‍ കാഗ്ഗേയുടെതായിട്ടുണ്ട്- പര്യവേക്ഷണം, തത്ത്വചിന്ത, കലാവസ്തുശേഖരം എന്നീ വിഷയങ്ങളില്‍. അക്കൂട്ടത്തില്‍ ഒന്നാണ് Silence: In The Age Of Noise-ശബ്ദങ്ങളുടെ കാലത്തെ നിശ്ശബ്ദത. നമ്മുടെ കാലത്തിന്റെ മധ്യത്തിലിരുന്ന് ധ്യാനപൂര്‍വം വായിക്കാവുന്ന നൂറ്റിയന്‍പത് പേജുകള്‍ മാത്രം വരുന്ന ചെറുപുസ്തകം.

To advertise here,

താന്‍ കണ്ട ഏറ്റവും നിശ്ശബ്ദമായ ഇടം അന്റാര്‍ട്ടിക്കയാണ് എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു കാഗ്ഗേ: ''ദക്ഷിണധ്രുവത്തിലേക്ക് ഞാന്‍ ഒറ്റയ്ക്കാണ് നടന്നത്. വിശാലമായ ആ ഭൂപ്രദേശത്ത് ഞാന്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളൊഴിച്ചാല്‍ മറ്റ് മനുഷ്യ ശബ്ദങ്ങളൊന്നുമില്ലായിരുന്നു. മഞ്ഞില്‍ ഏകാകിയായി ആ വെളുത്ത ശൂന്യതയിലേക്ക് നടക്കുമ്പോള്‍ എനിക്ക് നിശ്ശബ്ദതയെ കേള്‍ക്കാനും അനുഭവിക്കാനും സാധിച്ചു.'' അന്റാര്‍ട്ടിക്കയുടെ വടക്കേയറ്റത്തേയ്ക്ക് തന്നെ കൊണ്ടുവന്നിറക്കിയ വിമാനക്കമ്പനിക്കാര്‍ നല്‍കിയ റേഡിയോയുടെ ബാറ്ററി ഊരിക്കളഞ്ഞ് ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചാണ് അദ്ദേഹം വിമാനത്തില്‍നിന്നിറങ്ങിയത്. മൗനത്തിന്‍ അഗാധവെണ്മയിലേക്കുള്ളതായിരുന്നു ആ ഇറങ്ങല്‍.

നമുക്കകത്തുതന്നെ നിശ്ശബ്ദത കണ്ടെത്താന്‍ സാധിക്കും എന്ന് എര്‍ലിങ് കാഗ്ഗേ പറയുന്നു. ചുറ്റിലും കോലാഹലങ്ങള്‍ നിറയുന്ന അവസരത്തില്‍പ്പോലും അത് നമുക്കകത്തുതന്നെയുണ്ട്. ''സമുദ്രത്തിന്റെ ആഴത്തട്ടില്‍ ഓളങ്ങള്‍ക്കും തിരമാലകള്‍ക്കും താഴെ നിങ്ങള്‍ക്ക് നിങ്ങളുടെ ആന്തരികമായ നിശ്ശബ്ദത കണ്ടെത്താനാവും. കുളിമുറിയില്‍ ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ക്ക് താഴെ നില്‍ക്കുമ്പോഴും എരിയുന്ന നെരിപ്പോടിനരികിലിരുന്ന് ചൂടുകായുമ്പോഴും കാട്ടുപൊയ്ക നീന്തിക്കടക്കുമ്പോഴും പാടങ്ങള്‍ക്ക് നടുവിലൂടെ നടന്നുനീങ്ങുമ്പോഴുമെല്ലാം അതിമനോഹരമായ നിശ്ശബ്ദത നമുക്കനുഭവിക്കാന്‍ സാധിക്കും... സമുദ്രനിരപ്പില്‍ തനിച്ചാവുമ്പോള്‍ നിങ്ങള്‍ക്ക് ജലത്തെ കേള്‍ക്കാം; അതല്ലെങ്കില്‍ കാറ്റിലാടുന്ന വൃക്ഷശിഖരങ്ങളെ കേള്‍ക്കാം; പര്‍വതത്തിലെത്തിയാല്‍ കല്ലുകള്‍ക്കും പൂപ്പലുകള്‍ക്കുമിടയിലെ നേര്‍ത്ത ചലനങ്ങള്‍ കേള്‍ക്കാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നിശ്ശബ്ദത ധൈര്യം പകരുന്നത്...''

ഏകാന്തമായ ധ്രുവങ്ങളിലും എവറസ്റ്റിന്റെ ഉച്ചിയിലും വെച്ച് ഒരു ഹിമധൂളിയുടെ പതനംകൊണ്ടുപോലും ഭേദിക്കപ്പെടാത്ത നിശ്ശബ്ദത അനുഭവിച്ച കാഗ്ഗേ ഒരു തീര്‍പ്പിലെത്തുന്നുണ്ട്. മറ്റൊരു ധ്രുവപര്യവേക്ഷകനായ ഫ്രിഡ്ജോഫ് നാന്‍സന്റെ വാക്കുകളാണത്: ''പരിചയപ്പെട്ടുകഴിഞ്ഞാല്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമാണ് ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത്. അത് എന്നുമവിടെക്കാണും. എന്നും മനശ്ശാന്തി നല്‍കും. നിങ്ങളുടെ അസ്വസ്ഥതകളും ആശങ്കകളും വേദനകളുമെല്ലാം വൈകാതെ കടന്നുപോവുന്ന നിസ്സാരമായ സംഗതികളാണെന്ന് സദാ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കും...''നക്ഷത്രങ്ങളും നിശ്ശബ്ദതയും തമ്മില്‍ ധ്യാനപൂര്‍ണമായ ബന്ധമുണ്ട്. നിശ്ശബ്ദതയുടെ സംഗീതമാണ് നക്ഷത്രങ്ങളില്‍നിന്ന് പൊഴിയുന്നത് എന്ന് പറഞ്ഞത് സൂഫിസത്തെച്ചെന്നുതൊട്ട ബഷീറാണ് എന്നാണ് ഓര്‍മ.

placeholder
ഏര്‍ലിങ് കാഗ്ഗേ

വിയറ്റ്നാമിലെ സെന്‍ ബുദ്ധമതാചാര്യനായിരുന്ന തിച്ച് നാത് ഹാന്‍ പൂര്‍ണനിശ്ശബ്ദതയുടെ ഭംഗി നിറഞ്ഞുകവിയുന്ന ഒരു സംഭവം പറഞ്ഞിട്ടുണ്ട്: വിയറ്റ്നാം ഫ്രഞ്ച് കോളനിയായിരുന്ന കാലമാണ്. തെരുവ് നിറഞ്ഞ് ഫ്രഞ്ച് പട്ടാളം. വീടുകളിലും ബുദ്ധവിഹാരങ്ങളിലുമെല്ലാം അവര്‍ കയറിയിറങ്ങുന്നു. കുന്നിന്‍മുകളിലെ ബാഓ ക്വാക് വിഹാരത്തില്‍പ്പോയി വരുകയായിരുന്നു യുവാവായ തിച്ച് നാത് ഹാന്‍. ആയുധധാരിയായ ഒരു പട്ടാളക്കാരനെ വഴിയില്‍ക്കണ്ടു. എവിടെനിന്ന് വരുന്നു എന്ന ചോദ്യത്തിന് ഹാന്‍ ബാഓ ക്വാക് വിഹാരത്തിലേക്ക് വിരല്‍ ചൂണ്ടി. താനും അഞ്ച് സഹ പട്ടാളക്കാരും ചേര്‍ന്ന് പത്തുദിവസംമുന്‍പ് ആ വിഹാരം സന്ദര്‍ശിച്ചതിനെക്കുറിച്ച് പട്ടാളക്കാരന്‍ പറഞ്ഞു:

''ഞങ്ങളുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു. ആവശ്യം വന്നാല്‍ ആരെയും കൊല്ലാനുള്ള അനുമതി ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ വിഹാര ക്ഷേത്രത്തിലേക്ക് കടന്നപ്പോള്‍ ഞങ്ങളാകെ സ്തബ്ധരായിപ്പോയി. അതിനകം ശൂന്യമായിട്ടാണ് തോന്നിയത്. എണ്ണത്തിരികള്‍ മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു. ബൂട്ടുകള്‍ അമര്‍ത്തിച്ചവിട്ടി ഞങ്ങള്‍ ശബ്ദമുണ്ടാക്കി. ആ മുറിയില്‍ കുറെപ്പേരുണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷേ, ഒരു ശബ്ദവുമില്ല. പ്രശാന്തമായിരുന്നു അവിടം. ഞങ്ങളുടെ ഗര്‍ജനങ്ങള്‍ക്ക് ആരും മറുപടി പറഞ്ഞില്ല. നെറ്റിയില്‍ ഘടിപ്പിച്ചിരുന്ന ഫ്‌ളാഷ് ലൈറ്റ് ഞാന്‍ ഓണാക്കി. അതുവരെ ശൂന്യമെന്ന് തോന്നിച്ച ആ മുറിയില്‍, പരന്ന ഫ്‌ളാഷ് ലൈറ്റില്‍ക്കുളിച്ച് അന്‍പതിലധികം ബുദ്ധസന്ന്യാസിമാര്‍ മൗനപൂര്‍വം ധ്യാനനിരതരായിരിക്കുന്നു...''

മൗനത്തിന്റെ പരകോടിയാണ് ആ ഫ്രഞ്ച് പോരാളി അവിടെക്കണ്ടത്. യുദ്ധങ്ങളും ഭൗതിക കോലാഹലങ്ങളും നിറഞ്ഞ പാശ്ചാത്യ മനസ്സിന് അത് മനസ്സിലാക്കുക ഏറെ പ്രയാസകരമാണ്. കിഴക്കിന്റെ തോണിയില്‍ മൗനവും ധ്യാനവും ഒന്നിച്ച് സഞ്ചരിക്കുന്നു; മൗനം ധ്യാനം തന്നെയാവുന്നു, ധ്യാനം അഗാധമായ മൗനവും.

യാത്രകളില്‍ മൗനത്തിന്റെയും നിശ്ശബ്ദതയുടെയും എത്രയോ തപോവാടങ്ങള്‍ കടന്നുപോന്നിരിക്കുന്നു! അതിലേറ്റവും പ്രധാനം മൗനത്തിന്റെ മഹാമുനിയായ രമണമഹര്‍ഷിയുടെ തിരുവണ്ണാമലതന്നെ. സന്ധ്യകളില്‍, ഉച്ചകളില്‍, നിലാവ് വീഴുന്ന രാത്രികളില്‍ അരുണാചലമലതന്നെ മൗനം ഉറഞ്ഞുകൂടിയതുപോലെ തോന്നിക്കും. ആശ്രമത്തിലെ പഴയതും പുതിയതുമായ ധ്യാനമുറികളില്‍, ഒട്ടും തുളുമ്പാതെ മൗനം. പ്രഭാഷണങ്ങളുടെ ആചാര്യനായിരുന്നില്ല രമണര്‍. മൗനമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. ആ ഭാഷ മനസ്സിലാവണമെങ്കില്‍ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്നയാളും മൗനിയായേ പറ്റുമായിരുന്നുള്ളൂ. 

placeholder
അരുണാചലം; തിരുവണ്ണാമലൈ ക്ഷേത്രത്തില്‍നിന്നുള്ള കാഴ്ച

പോള്‍ ബ്രണ്ടനും പിന്നീട് ചിന്മയാനന്ദനായ പൂതാംപള്ളി ബാലകൃഷ്ണമേനോനും സോമര്‍സെറ്റ് മോമിനും നിത്യചൈതന്യയതിക്കുമെല്ലാം ഈ മൗനഭാഷ പിടികിട്ടാന്‍ കുറച്ച് മണിക്കൂറുകളെടുത്തു. എന്നാല്‍ ശ്രീനാരായണ ഗുരുവിന് അര നൊടികൊണ്ട് കാര്യം പിടികിട്ടി. ഒറ്റ നോട്ടത്തില്‍ ഇരുവരും പരസ്പരമറിഞ്ഞു. യഥാര്‍ഥ പ്രണയത്തിലെന്നപോലെ യഥാര്‍ഥ ആത്മീയതയ്ക്കും വാക്കുകളുടെ ആവശ്യമില്ല. രണ്ടും നിശ്ശബ്ദം കണ്ടെത്തപ്പെടുന്നു, തിരിച്ചറിയപ്പെടുന്നു.

ബഹളങ്ങള്‍ തീരെയില്ലാത്ത രമണാശ്രമത്തിന്റെ മുറ്റത്തിരിക്കുമ്പോള്‍, അങ്ങോട്ട് വഴിതെറ്റി വന്നുകയറുന്ന വിനോദസഞ്ചാര ബസ്സുകള്‍ പലതവണ കണ്ടിട്ടുണ്ട്. അവയില്‍ മിക്കതിലും മലയാളികളായിരിക്കും. ആശ്രമമുറ്റത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്ന അവര്‍ അത്യുച്ചത്തില്‍ വിളിച്ചുചോദിക്കുന്നത് കേള്‍ക്കാം: ''ഇവിടെ ഒന്നും കാണാനില്ലല്ലോ...''

ധ്യാനത്തിലാണ്ട ആശ്രമം ആ ശബ്ദത്തില്‍ കുലുങ്ങും. ആളുകള്‍ക്കിടയില്‍ അലസം നടന്നിരുന്ന മയിലുകള്‍ പറന്നുപോവുകയും മഹര്‍ഷിയുടെ കൂട്ടുകാരായിരുന്ന അണ്ണാന്മാര്‍ കൂട്ടിലേക്കൊളിക്കുകയും ചെയ്യും. ബഹളപ്രിയനും ഉടല്‍ മുഴുവന്‍ ശബ്ദമണിഞ്ഞ് ജീവിക്കുകയും ചെയ്യുന്ന മലയാളിക്ക് മൗനത്തെയോ മഹര്‍ഷിയെയോ ബുദ്ധന്‍ മൗനത്തോടെ നീട്ടിയ താമരപ്പൂവില്‍നിന്ന് കാര്യം തിരിച്ചറിഞ്ഞ് ജ്ഞാനിയായ മഹാകാശ്യപനെയോ മനസ്സിലാക്കുക സാധ്യമല്ല. രമണാശ്രമത്തില്‍ മലയാളി സാന്നിധ്യം കുറയുന്നതിന്റെ കാരണവും ഇതാവാം.

അരുണാചലത്തിലൂടെ അങ്ങ് ഉയരത്തിലുള്ള സ്‌കന്ദാശ്രമത്തിലേക്കുള്ള നടത്തത്തിലും മൗനം തന്നെയാണ് കൂട്ട്. ഇലകളില്‍ത്തൊടുന്ന കാറ്റുപോലും കലപിലയുണ്ടാക്കുന്നില്ല. പക്ഷിക്കരച്ചിലുകള്‍ നിശ്ശബ്ദതയെ മുറിവേല്‍പ്പിക്കുന്നില്ല. കടന്നുപോവുന്ന മനുഷ്യര്‍ പരമാവധി കൈമാറുന്നത് മന്ദഹാസം മാത്രം. ഒടുവില്‍ സ്‌കന്ദാശ്രമത്തിലെ ധ്യാനമുറിയില്‍ക്കയറുമ്പോള്‍ വിയറ്റ്നാമിലെ ബുദ്ധവിഹാരത്തില്‍ക്കയറിയ ഫ്രഞ്ച് സൈനികരെപ്പോലെ നമ്മളും. ഇരുട്ടില്‍ കണ്ണുപിടിച്ചുവരുമ്പോഴാണ് മനസ്സിലാവുക, പലരുണ്ട് അവിടെ പത്മാസനസ്ഥരായി ഇരിക്കുന്നു എന്ന കാര്യം. ശ്വാസഗതിയുടെ ശബ്ദംപോലുമില്ല. ഗര്‍ഭപാത്രത്തില്‍ മൗനത്തിന്റെ ജലത്തില്‍ ഇങ്ങനെയായിരിക്കും നാം പത്തുമാസം കിടന്നിട്ടുണ്ടാവുക.

ലഡാക്കില്‍ മലമടക്കുകള്‍ക്കിടയില്‍ പക്ഷിക്കൂടുപോലിരിക്കുന്ന ലാമയൂരു ബുദ്ധവിഹാരത്തില്‍ പോയപ്പോഴും ഗാങ്‌ടോക്കില്‍നിന്ന് ഒരുപകല്‍ദൂരത്തിലുള്ള പെല്ലിങ് എന്ന കാട്ടുഗ്രാമത്തില്‍ കാഞ്ചന്‍ ജംഗയുടെ മഞ്ഞുമസ്തകങ്ങളെ നോക്കിയിരുന്നപ്പോളും സ്വയം മൗനമാവുന്നത് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഡാക്കിന്റെ മലവഴികളില്‍ കാറ്റുപോലും നിലയ്ക്കും. പെല്ലിങ്ങിലെ പുലരിയിലും സന്ധ്യയിലും മഞ്ഞില്‍ അരുണരശ്മികള്‍ വീഴുമ്പോള്‍ നിശ്ശബ്ദത ഒലിച്ചിറങ്ങുന്നതുപോലെ തോന്നും. ആ കാഴ്ച സംസാരത്തെയും വാക്കുകളെയും നിഷേധിക്കുന്നു.

കൊല്‍ക്കത്തയില്‍ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ ഉച്ചയിലും തണുപ്പില്‍ നീലപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കുടജാദ്രിയിലെ മധ്യാഹ്നത്തിലും പശ്ചിമബംഗാളില്‍ സുന്ദര്‍ബന്‍സിലെ കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെയുള്ള തോണിയാത്രയിലും നിറഞ്ഞ മൗനം മുഖാമുഖം വന്നിട്ടുണ്ട്. ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണ പരമഹംസര്‍ സാധനകള്‍ ശീലിച്ച പഞ്ചവടിയിലെ മരക്കൂട്ടത്തിലെ ഉച്ചകള്‍ക്ക് ഉറഞ്ഞുകൂടിയ മൗനത്തിന്റെ ഭാവമാണ്. ഗംഗയിലെ ഓളങ്ങള്‍പോലും അപ്പോള്‍ തമ്മില്‍ തട്ടിയുടയാതെ നിശ്ശബ്ദമാവും. സുന്ദരവനത്തിലെ ജലവഴികളില്‍ നീരൊഴുക്കിന്റെ ശബ്ദംപോലുമുണ്ടാവില്ല. കുടജാദ്രിയില്‍ താമസിക്കുന്നയിടത്തുനിന്ന് നീലപ്പൂക്കള്‍ക്കിടയിലൂടെ മുകളിലേക്ക് കയറിക്കയറിപ്പോകവേ മൗനത്തിന്റെ ആകാശഗര്‍ഭഗൃഹത്തിലേക്കാണ് നടക്കുന്നത് എന്ന് തോന്നി- അതിനപ്പുറം മോക്ഷമാണെന്നും.

ശബ്ദം നിലച്ച് മൗനം മാത്രമാവുമ്പോള്‍ സ്ഥലവും കാലവും ഇല്ലാതാവും. നില്‍ക്കുന്നതും നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ധ്യാനമാവും. തനിച്ചാവുമ്പോഴും തനിച്ചല്ല എന്ന് തോന്നുംവിധം ഉള്ളില്‍ അവാച്യമായ എന്തോ വന്ന് നിറയും. അതുകൊണ്ടായിരിക്കാം എല്ലാ മഹാഗുരുക്കന്മാരും ഏകാന്തസാധനകളെ പ്രോത്സാഹിപ്പിച്ചത്. മൗനത്തിന്റെ വഴിയിലൂടെയുള്ള യാത്ര നമ്മുടെതന്നെയുള്ളിലെ പൊയ്കയിലേക്കുള്ളതാണ്. ആ പൊയ്കയില്‍ നാം നമ്മുടെ ആത്മാവിന്റെ പ്രതിബിംബം കാണുന്നു.