
ഇളംമഞ്ഞില്‍ ചെമ്മണ്‍പൊടി കലര്‍ന്ന് മങ്ങിയ സായാഹ്നത്തിന് നടുവിലൂടെ ഒരു നാടപോലെ നീണ്ടുപോകുന്ന നാട്ടുവഴിയുടെ വശത്തായിരുന്നു 'ആനന്ദത്തിന്റെ ഉദ്യാനം' എന്നര്‍ഥംവരുന്ന ഖോസ്ബാഗ് ഗാര്‍ഡന്‍. അതിന്റെ മുന്‍വശത്തിന് തണലും തണുപ്പും ചൊരിഞ്ഞുകൊണ്ട് ഒരു ആല്‍മരം പന്തലിച്ചുനിന്നിരുന്നു. ആല്‍ത്തറയില്‍ നാട്ടുകാര്‍ കൂടിയിരുന്ന് സംസാരിക്കുന്നു. ആയാസരഹിതമായ ഇന്ത്യന്‍ ഗ്രാമീണസായാഹ്നത്തിന്റെ ഏറ്റവും വശ്യമായ കാഴ്ച. ചടഞ്ഞിരുപ്പില്‍നിന്ന് പെട്ടെന്നെഴുന്നേറ്റ് കൈകൂപ്പിയ ഉദ്യാനപാലകരുടെ ചടുലതയില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു: വടക്കന്‍ ബംഗാളിന്റെ വിദൂരതയില്‍, മുര്‍ഷിദാബാദിനടുത്ത്, ഭാഗീരഥിയുടെ തീരത്തെ ഏകാന്തഗ്രാമത്തിലെ ഈ ഉദ്യാനം കാണാന്‍ അധികമാരും എത്തിച്ചേരാറില്ല. ബംഗാളിലെ അവസാന സ്വതന്ത്രനവാബായ സിറാജ് ഉദ്-ദൗള ഉറങ്ങുന്നത് ഇവിടെയാണ്.
ആനന്ദത്തിന്റെ ഉദ്യാനം എന്നാണ് പേരെങ്കിലും ആ സ്ഥലം യഥാര്‍ഥത്തില്‍ മരണത്തിന്റെ മറവുമാടമായിരുന്നു. കവാടം കടന്നാലുടന്‍ ശവകുടീരങ്ങളുടെ നിര തുടങ്ങുകയാണ്. വലുതും ചെറുതുമായ കുടീരങ്ങളില്‍ വൃദ്ധരും കുട്ടികളും സ്ത്രീകളും നവാബും രാജാവും പടത്തലവന്മാരുമെല്ലാം അവിടവിടെയായി ഉറങ്ങിക്കിടക്കുന്നു. ചരിത്രവും കേട്ടറിവും കെട്ടുകഥകളുമൊക്കെച്ചേര്‍ത്ത് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ഗൈഡിന്റെ വാക്കുകളില്‍ നിറയെ അധികാരമാത്സര്യവും ചതിയും കൊലകളും യുദ്ധവും വിലാപങ്ങളും മാത്രമായിരുന്നു.
Also Read
ദുര്‍മരണങ്ങളുടെ ഒരു പരമ്പരതന്നെ മുന്നില്‍ നിരന്നുകിടന്നു. വിഷംകൊടുത്തു കൊലചെയ്യപ്പെട്ടവരുടെ ശവക്കല്ലറകള്‍തന്നെയുണ്ട് പത്തോളം. കൈത്തണ്ടയുടെ വലുപ്പംപോലുമില്ലാത്ത കുട്ടികളുടെ കല്ലറകളും അക്കൂട്ടത്തില്‍ക്കണ്ടു. ശാന്തവും അനായാസവുമായ ഒരു മൃത്യുപോലും അക്കൂട്ടത്തിലില്ലെന്ന് തോന്നി. അമ്മയും മക്കളും അടുത്തടുത്ത് മരിച്ചുകിടക്കുന്നു; സഹോദരന്മാര്‍ തൊട്ടപ്പുറത്ത് കിടക്കുന്നു... എന്നിട്ടും ഈ സ്ഥലത്തിന്റെ പേര്‍ ആനന്ദത്തിന്റെ ഉദ്യാനം!
എന്തൊരു കാലമായിരിക്കും അത്! ലണ്ടനിലെ തെരുവില്‍, സമ്പന്നരായ കുറച്ച് നാട്ടുഡയറക്ടര്‍മാരുടെ പിന്‍ബലത്തില്‍ നാലുകള്ളിജാലകങ്ങളുള്ള ഒരു കൊച്ചുകെട്ടിടത്തില്‍ത്തുടങ്ങിയ ഈസ്റ്റിന്ത്യാ കമ്പനി. അതിനുമുന്നില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ അടിയറവെച്ച യുദ്ധക്കളമായ പ്ലാസി ഈ ഉദ്യാനത്തില്‍നിന്ന് ഒന്ന് ആഞ്ഞുവിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്താണ്. കുട്ടിക്കാലത്തേ അലമ്പനും യൗവനത്തില്‍ വിഷാദിയും ക്രൂരനുമായ റോബര്‍ട്ട് ക്ലൈവിന് ഇന്ത്യയെ കൈയടക്കാന്‍ സൗകര്യമൊരുക്കിയ ജീര്‍ണകാലത്തിന്റെ പ്രതിനിധികളാണ് ഈ ഉറങ്ങുന്നവരെല്ലാം. അവരുടെ മദമാത്സര്യങ്ങളും സംസ്‌കാരശൂന്യതയും മനുഷ്യത്വമില്ലായ്മയുമാണ് ഇന്ത്യയെ 200 കൊല്ലത്തോളം നീളുന്ന അടിമത്തത്തിലേക്കു തള്ളിവിട്ടത്. ഈ ശവക്കല്ലറകള്‍ ആ കാലത്തില്‍നിന്നു തെറിച്ചുവീണവയാണ്.

ആ ഉദ്യാനചത്വരത്തിന്റെ ഒത്ത മധ്യത്തില്‍ അല്പം ഇരുട്ടുകയറിയ ഒരു മുറിയില്‍ സിറാജ് ഉദ്-ദൗളയുടെ ശവകുടീരം. അതിന് അധികം നീളമില്ലായിരുന്നു- ഉയരം കുറഞ്ഞ ആളായിരുന്നിരിക്കുമോ സിറാജ്? തൊട്ടടുത്ത് മാതാവും അലിവാര്‍ദി ഖാന്റെ മകളുമായ ആമിന ബീഗത്തിന്റെ ശവകുടീരം. സിറാജിന്റെ കുടീരത്തില്‍ മാത്രം ഒരു മെഴുകുതിരി എരിയുന്നുണ്ട്. അതിനടുത്ത് ആരോ വെച്ചിട്ടുപോയ ഒരു കുല മഞ്ഞപ്പൂക്കളും. വെറും 24 വയസ്സുവരെമാത്രം ജീവിച്ച്, സ്വന്തം പട്ടാള കമാന്‍ഡറായ മിര്‍ജാഫറിനാല്‍ കൊലചെയ്യപ്പെട്ട മനുഷ്യന്‍ ഇവിടെ ഉറങ്ങുന്നു. പ്ലാസിയില്‍ ക്ലൈവിനോട് പരാജയപ്പെട്ട സിറാജ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മിര്‍ജാഫര്‍ അദ്ദേഹത്തെ പിടികൂടി. ജയിലിലിട്ടതിനുശേഷം ഒരുനാള്‍ മിര്‍ജാഫറിന്റെ മകന്‍ മിര്‍ മിറാന്റെ കല്പനപ്രകാരം സിറാജിന്റെ അരയില്‍ ചങ്ങലയിട്ടുവലിച്ച് മുര്‍ഷിദാബാദില്‍, മിര്‍ജാഫറിന്റെ കൊട്ടാരകവാടമായ നമക് ഹറാം ദിരോഹിയിലേക്ക് കൊണ്ടുവന്ന് കെട്ടിത്തൂക്കി.
സിറാജിന്റെ ശവക്കല്ലറയ്ക്കപ്പുറത്ത് ഒരു തുറസ്സാണ്. ആ തുറസ്സിനുനടുവില്‍ പുരാതനമായ ഒരു പള്ളി. മുന്നില്‍ ജലം വറ്റിയ ദീര്‍ഘമായ സിമന്റ് കല്‍ത്തൊട്ടി. പള്ളിയുടെ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുമ്പുകമ്പികള്‍ക്കപ്പുറം ഇരുട്ടും പഴയകാലത്തിന്റെ മണവും.
അവിടെനിന്നു തിരിച്ചിറങ്ങുമ്പോഴാണ് സിമന്റ് കല്‍ത്തൊട്ടിയുടെ കരയില്‍ മറ്റേതോ ലോകത്തെ സങ്കല്പിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടത്. ജീന്‍സും കുര്‍ത്തയുമായിരുന്നു അവളുടെ വേഷം. മാഞ്ഞുതുടങ്ങിയ ബംഗാളിസൗന്ദര്യം അവളുടെ മുഖത്ത് ശേഷിച്ചിരുന്നു. പാതിവിഷാദമായിരുന്നു ആ മുഖത്ത്. ഏകാന്തമായ ഈ മരണോദ്യാനത്തില്‍ ആത്മഹത്യചെയ്യാനോ മറ്റോ എത്തിയതായിരിക്കുമോ? ശവകുടീരങ്ങള്‍ക്കുനടുവിലെ ആത്മഹത്യക്ക് ഒരു സാങ്കല്പിക സൗന്ദര്യമുണ്ട്. സന്ധ്യയുടെ ആ മൂകതയില്‍ അതെന്നെ പേടിപ്പിച്ചു. പേടിച്ചുപേടിച്ചുതന്നെ അവരോട് സംസാരിക്കാന്‍ ശ്രമിച്ചു.
''എന്റെ പേര് സമര്‍പ്പിതയെന്നാണ്. കൊല്‍ക്കത്തയിലാണ് വീട്. ജാദവ്പുര്‍ സര്‍വകലാശാലയിലാണ് പഠിച്ചത്. ആദ്യവിവാഹം പിരിഞ്ഞു. രണ്ടാം ഭര്‍ത്താവുമൊത്ത് ഇപ്പോള്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നു. നിര്‍ധനരായ കുട്ടികള്‍ക്ക് പകലുകളില്‍ മരത്തണലുകളിലിരുന്ന് പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നു...'' അവള്‍ പറഞ്ഞു.
''ഈ ഗ്രാമം തിരഞ്ഞെടുക്കാന്‍ കാരണം?'', എന്റെ സംശയം തീര്‍ന്നിരുന്നില്ല.
''ഇതെന്റെ സിറാജിന്റെ ദേശമാണ്...''
അതുപറഞ്ഞപ്പോള്‍ സമര്‍പ്പിതയില്‍ അതുവരെയില്ലാത്ത പ്രസരിപ്പ് പടര്‍ന്നതുപോലെ.
''ഏത് സിറാജ്?'', ഞാന്‍ ചോദിച്ചു
''നവാബ് സിറാജ് ഉദ്-ദൗള. അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിച്ചതാണ് എന്റെ ജീവിതം.''
അതു കേട്ടതുമുതല്‍ ഏതോ ഫാന്റസി ലോകത്തേക്ക് എടുത്തെറിയപ്പെട്ടതുപോലെ എനിക്ക് തോന്നി. സമര്‍പ്പിത തുടര്‍ന്നു: ''സിറാജിനോട് ഈ രാജ്യം കാണിക്കുന്നത് അനീതിയാണ്. അദ്ദേഹത്തിന്റെ കൊട്ടാരം തകര്‍ന്ന് അന്യാധീനമായിക്കിടക്കുന്നു. അത് പുനരുദ്ധരിക്കണം. അവിടം ഒരു വലിയ ചരിത്ര-സാംസ്‌കാരിക കേന്ദ്രമാക്കണം. അതിനുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് എന്റെ ജീവിതം...''
''അതിനൊക്കെ വലിയ പണച്ചെലവില്ലേ?'', നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെ ഞാന്‍ ചോദിച്ചു.
''അതിനായി ഞാനൊരു ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പ്രധാനമന്ത്രിക്കും ബംഗാള്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം കാണിച്ച് ഞാനൊരു ഇ-മെയില്‍ അയക്കും. അങ്ങനെയാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ആയിരക്കണക്കിന് മെയിലുകള്‍ ഇതിനകം അയച്ചുകഴിഞ്ഞു. ഒരുനാള്‍ അവരെന്നെ കേള്‍ക്കുമെന്നെനിക്കുറപ്പുണ്ട്. ഞാനെന്റെ ലക്ഷ്യം കാണും...'' ദൂരെ, സിറാജ് ഉദ്-ദൗളയുടെ ശവകുടീരത്തിലേക്കുനോക്കി സമര്‍പ്പിത പറഞ്ഞു.

സംസാരം നിലച്ചപ്പോള്‍, എന്റെ മനസ്സില്‍ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വായിച്ചിരുന്ന വില്യം ഡാല്‍റിംപിളിന്റെ 'അനാര്‍ക്കി' എന്ന പുസ്തകത്തിലെ രണ്ടാമധ്യായത്തിലെ ചില ഭാഗങ്ങള്‍ തെളിഞ്ഞു. അതില്‍, ജീന്‍ ലോ ഡെ ലോറിസ്റ്റണ്‍ എഴുതിയ 'A MEMOIR OF THE MUGAL EMPIRE' എന്ന പുസ്തകത്തില്‍നിന്ന് സിറാജ് ഉദ്-ദൗളയെപ്പറ്റി ഇങ്ങനെ ഉദ്ധരിച്ചിട്ടുണ്ട്:
ശരാശരി ഉയരമുള്ള ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സ് പ്രായമുള്ള ഈ യുവാവ്... എല്ലാവിധ ദുഷ്ടത്തരങ്ങള്‍ക്കും അമിതവിഷയാസക്തിക്കും ക്രൂരതകള്‍ക്കും ഖ്യാതിനേടിയിരിക്കുന്നു. അവരുടെ കണ്ണില്‍ അവിശ്വാസികളായ (ഹിന്ദുക്കളായ) സ്ത്രീകള്‍ക്ക് ഗംഗയില്‍ കുളിക്കുന്ന ശീലമുണ്ട്. അതില്‍ സുന്ദരികളാരൊക്കെയെന്ന് സിറാജിനെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ അറിയിക്കും. ആ സ്ത്രീകള്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവരെ അവിടെനിന്നു കൊണ്ടുവരാന്‍ സിറാജ് തന്റെ കൂട്ടാളികളോടു പറയും.
അതിനുവേണ്ട വള്ളവും മറ്റും വിട്ടുകൊടുക്കും. നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നകാലത്ത് പലപ്പോഴും അദ്ദേഹം കടത്തുവള്ളങ്ങള്‍ പിടിച്ചുകുലുക്കുന്നത് കാണാം. കടത്തുവള്ളത്തില്‍ തന്റെ വള്ളം കൊണ്ടുചെന്നിടിക്കും. അങ്ങനെ അതില്‍ ദ്വാരങ്ങളുണ്ടാക്കും. നൂറുകണക്കിന് മനുഷ്യര്‍ ഭയക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ആനന്ദത്തിനു മാത്രമായിട്ടാണയാള്‍ അതൊക്കെ ചെയ്തിരുന്നത്. ഇങ്ങനെ ഭയപ്പെടുത്തുന്നവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. അവരില്‍ പലര്‍ക്കും നീന്തലറിയില്ല. അവരെല്ലാം മുങ്ങിമരിക്കും.
ഏതെങ്കിലുമൊരു മന്ത്രിയെയോ കുലീനനെയോ ഇല്ലാതാക്കേണ്ട ആവശ്യം വന്നാല്‍ സിറാജ് തന്റെ സേവനം അവിടെ സമര്‍പ്പിക്കും. കൊല്ലപ്പെടുന്നവരുടെ നിലവിളി അലിവാര്‍ദി ഖാന് സഹിക്കാനാവില്ല. അതിനാല്‍ അങ്ങനെയുള്ള സമയങ്ങളില്‍ അദ്ദേഹം അവിടെനിന്നു പിന്‍വാങ്ങി നഗരത്തിനുപുറത്തുള്ള വീട്ടിലേക്കു പോവും. സിറാജിന്റെ പേരുച്ചരിച്ചുകേട്ടാല്‍ത്തന്നെ ജനങ്ങള്‍ വിറയ്ക്കും. അത്രയ്ക്ക് ഭീതി അദ്ദേഹം ചുറ്റിലും വിതച്ചിരുന്നു. ചിന്താശേഷിയില്ലാത്ത ഈ യുവാവിന് ഒരു സര്‍ക്കാരിനെ നയിക്കാനുള്ള യാതൊരു നിപുണതയുമില്ലായിരുന്നു. ഭയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭരണം. അതേസമയം ഏറ്റവും വലിയ ഭീരുവുമായിരുന്നു അയാള്‍.
വലിയ സാഹസികതയൊക്കെ കാണിക്കുമെങ്കിലും ഭീരുവായിരുന്നു. എന്നാല്‍, പിടിവാശിക്കാരനായിരുന്നു. പെട്ടെന്ന് പ്രതികാരം ചെയ്യുന്ന പ്രകൃതമായിരുന്നു. ഏറ്റവും ചെറിയ എതിര്‍പ്പുകള്‍ക്കുവരെ ക്രൂരമായ പ്രതികാരംചെയ്യും. പലപ്പോഴും ഇത്തരം പ്രതികാരങ്ങള്‍ക്ക് കാരണമുണ്ടാവില്ല. തീര്‍ത്തും വിരുദ്ധങ്ങളായ പല പ്രകൃതങ്ങളും ഈ മനുഷ്യനില്‍ ഒത്തുചേര്‍ന്നിരുന്നു. ബലഹീനമായ ചിത്തവൃത്തി, വിശ്വാസവഞ്ചന, ആരിലും വിശ്വാസമില്ലാത്ത പ്രകൃതം, പറഞ്ഞ വാക്കിനോട് ഒട്ടും പ്രതിപത്തിയില്ലായ്മ എന്നിവയൊക്കെ അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഇദ്ദേഹത്തിനനുകൂലമായി ആകെ പറയാനുണ്ടായിരുന്നത്, ജനിച്ചനിമിഷം മുതല്‍ പരമാധികാരിയെപ്പോലെയാണ് ജീവിച്ചിരുന്നത് എന്നതാണ്. അധികം വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. അനുസരണ എന്ന ഗുണവിശേഷം പഠിച്ചെടുക്കാവുന്ന പാഠങ്ങള്‍ അതിനാല്‍ ലഭിച്ചിട്ടുമില്ല...

ഇതോര്‍ത്ത് ഞാന്‍ സമര്‍പ്പിതയോടു പറഞ്ഞു: ''അത്യധികം ക്രൂരനായിരുന്നു സിറാജ് ഉദ്-ദൗള എന്നാണ് ചരിത്രപുസ്തകങ്ങള്‍ പറയുന്നത്...''
''അവയെല്ലാം തെറ്റായ ചരിത്രമാണ്. ഇംഗ്ലീഷുകാര്‍ അങ്ങനെയേ എഴുതൂ. സിറാജ് രാജ്യസ്‌നേഹിയായിരുന്നു. സുബ്രത ദാസ് ഗുപ്തയടക്കമുള്ള ഇന്ത്യക്കാര്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ചുനോക്കൂ.''
ചരിത്രത്തെക്കുറിച്ച് വര്‍ത്തമാനകാല ഇന്ത്യയില്‍ ആരോടും തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നുമാത്രമല്ല, അപകടകരംകൂടിയാണ് എന്നറിയുന്നതുകൊണ്ട് ഞാന്‍ ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും അവരവരുടെ സൗകര്യത്തിനുള്ള ചരിത്രമുണ്ട്.
''സമര്‍പ്പിതയുടെ ഈ സമര്‍പ്പണത്തിന് വീട്ടില്‍നിന്ന് എതിര്‍പ്പൊന്നുമില്ലേ?'', ഞാന്‍ തുറന്നുചോദിച്ചു.
''എനിക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും എന്റെ മാതാപിതാക്കള്‍ ചെയ്തുതരുന്നു.''
(നല്ലവരായ ആ മാതാപിതാക്കളെ ഒന്ന് കാണണമെന്ന് എനിക്കുതോന്നി.)
''എല്ലാദിവസവും ഇവിടെ വരുമോ?''
''ഇല്ല. എല്ലാ വാരാന്ത്യത്തിലും വരും. കുറേനേരം തനിച്ച് ഇവിടെയിരിക്കും. സിറാജിനെയും ആ കാലത്തെയും കുറിച്ച് ഓര്‍ക്കും. എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നടക്കേണ്ട ദൂരങ്ങളെക്കുറിച്ച് ആലോചിക്കും. ഇരുട്ടുപരക്കുമ്പോള്‍ തിരിച്ചുപോകും.''
ചരിത്രവും വര്‍ത്തമാനവും യാഥാര്‍ഥ്യവും സങ്കല്പവും പ്രണയവും ഉന്മാദവുമെല്ലാം ആ ശവകുടീരസ്ഥലിയില്‍ കൂടിക്കുഴയുന്നതുപോലെ എനിക്ക് തോന്നി.
സിറാജ് ഉദ്-ദൗളയെയാണോ സ്വന്തം ഭര്‍ത്താവിനെയാണോ സമര്‍പ്പിത കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന ചോദ്യം അനിവാര്യമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ അവരുടെ ഉത്തരം എന്തായിരുന്നേനെ എന്നതിനെക്കുറിച്ച് ഞാന്‍ സങ്കല്പിക്കാറുണ്ട്.
ചോദ്യോത്തരങ്ങള്‍ തീര്‍ന്നതോടെ സമര്‍പ്പിത തന്റെ സങ്കല്പലോകത്തേക്ക് മടങ്ങാനൊരുങ്ങി. ഞാന്‍ ഫോണ്‍നമ്പര്‍ വാങ്ങി സേവ് ചെയ്യുമ്പോള്‍ കുസൃതികിലുങ്ങുന്ന ചിരിയോടെ അവള്‍ പറഞ്ഞു: ''സമര്‍പ്പിത സിറാജ് എന്ന് സേവ് ചെയ്‌തോളൂ!''
ഞാന്‍ തിരിച്ചുപോരുമ്പോഴും സിറാജ് ഉദ്-ദൗളയുടെ ശവകുടീരത്തിലെ തിരി എരിയുന്നുണ്ടായിരുന്നു; മഞ്ഞപ്പൂക്കള്‍ വാടിയിരുന്നില്ല...ആരാണ് ആ തിരികൊളുത്തിയതെന്നും പൂവ് അവിടെ വെച്ചതെന്നും എനിക്കപ്പോള്‍ മനസ്സിലായി. അന്നേരം ആ പൂവിന് പ്രണയത്തിന്റെ മന്ദാരഭംഗിയായിരുന്നു.
Content Highlights: vakkum vazhvum-column by sreekanth kottakkal
Published: 09 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented