കുടുംബം, വിവാഹം എന്നീ സാമൂഹ്യസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സ്വേച്ഛാധിപത്യപരമായ രീതികളെ, പ്രത്യേകതകളെ കൃത്യമായി അവതരിപ്പിക്കാൻ കഥയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന എഴുത്തുകാരിയാണ് ഗ്രേസി. പെൺമനസ്സിലൂടെയുളള ഒരു സഞ്ചാരമാണ് 'തലമാറട്ടെ' എന്ന കഥാസമാഹാരത്തിലെ കഥകൾ. പെൺസ്വാതന്ത്യത്തിന്റെ അളവുകോലുകൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന ലോകത്ത് ഈ കഥകൾ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ തുറന്നിടുകയും പെൺ ജീവിതത്തിലെ ദുരിതാവസ്ഥകൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. പെൺ മനസ്സിലുള്ള ആശ-നിരാശകൾ, സ്വതന്ത്ര ചിന്തകൾ, പുത്തൻ പ്രതീക്ഷകൾ, ആത്മസംഘർഷങ്ങൾ ഇതെല്ലാം ഈ കഥകളിൽ പ്രമേയമായി വരുന്നുണ്ട്. പുരുഷാധിപത്യസമൂഹം കെട്ടിയുയർത്തിയ ചില്ലുകൂടുകൾ പൊട്ടിച്ച് പുറത്തുവരുന്ന നിരവധി കഥാപാത്രങ്ങളെ ഈ കഥകളിൽ കാണാം.

To advertise here,

'മുടി' എന്ന കഥ ആരംഭിക്കുന്നത് ഭാര്യയുടെ മുടിയോടും ശരീരത്തോടുമുള്ള ഭർത്താവിന്റെ പ്രണയം അവതരിപ്പിച്ചുകൊണ്ടാണ്. അയാളെ ഭ്രമിപ്പിക്കുന്ന മുടി ആവോളം ആസ്വദിച്ച ശേഷമാണ് അയാൾ അവളിലേക്ക് കടക്കുന്നതും അവളുടെ ശരീരത്തെ ഉണർത്തുന്നതും. അവളുടെ ശരീരസൗന്ദര്യം എന്നെന്നും ഉടയാതെ നിലനിർത്തണം എന്നുള്ള ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവളെ പ്രസവിക്കാൻ പോലും അയാൾ അനുവദിക്കാതിരിക്കുന്നത്. എന്നാലും അവളുടെ ശരീരവും മനസ്സും ഒരു കുഞ്ഞിനായി കൊതിച്ചു. അയാളറിയാതെ അവൾ ഗർഭനിരോധന ഗുളികകൾ ഉപേക്ഷിച്ചു. രണ്ടു മാസം കഴിഞ്ഞ് അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന് അയാൾ നിർബന്ധം പിടിക്കുന്നുവെങ്കിലും അവൾ സമ്മതിക്കുന്നില്ല. ഏഴാം മാസം നാട്ടുനടപ്പനുസരിച്ച് അവൾ തന്റെ വീട്ടിലേക്ക് പോകുന്നു. അതിന് ശേഷം അയാൾ ഓഫീസ് ഫയലുകളിലേക്ക് തന്റെ ജീവിതത്തെ തളയ്ക്കുന്നു. നഗരത്തിൽ അലഞ്ഞു നടന്നും മദ്യപിച്ചും ഒക്കെ അയാൾ സമയം പോക്കി. എന്നാൽ അവളുടെ ശരീരത്തിൽ നിന്നും ലഭിച്ചിരുന്ന ലഹരി അയാൾക്ക് മറ്റൊരിടത്തു നിന്നും ലഭിക്കാതെ വന്നപ്പോൾ അയാൾ അവളുടെ വീട്ടിലെത്തുന്നു- അവളുടെ ശരീരം ചീർത്ത് സൗന്ദര്യം നഷ്ടപ്പെട്ടിരുന്നതിനാൽ അയാൾ തിരിച്ചുപോകുന്നു. വീടു സന്ദർശിച്ചതിന്റെ അടുത്ത ദിവസം മുതൽ അയാൾ ദീർഘകാലത്തെ അവധിയിൽ പ്രവേശിക്കുന്നു. അവൾക്കൊരു ആൺകുഞ്ഞ് ജനിച്ചു എന്നറിഞ്ഞ് അയാൾ ആശുപത്രിയിലെത്തി. കുഞ്ഞിനെ കണ്ടപ്പോൾ അത് തന്റെ ആജന്മശത്രുവാണെന്ന രീതിയിലാണ് കുഞ്ഞിനെ നോക്കുന്നത്. സ്വന്തം കുഞ്ഞിന്റെ നൂലുകെട്ടിന് പോലും അയാൾ എത്തുന്നില്ല. അലഞ്ഞുതിരിഞ്ഞ് ആറുമാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അയാളെ കാത്തുകിടന്ന അവളുടെ കത്തുകളെയെല്ലാം അയാൾ വിലയില്ലാതെ വകഞ്ഞു മാറ്റി. ഒടുവിൽ പേറ്റുമരുന്നുകളുടെ ബലത്തിൽ ചില സ്ത്രീകൾക്ക് ഉടലിന്റെ സൗന്ദര്യം തിരിച്ചുകിട്ടുമെന്ന ചിന്തയിൽ അയാൾ ഭാര്യ വീട്ടിലെത്തി. അവളുടെ ഉടഞ്ഞ് പ്രായമായ ശരീരവും പാതിയിലേറെ കൊഴിഞ്ഞുപോയ മുടിയും അയാളെ നിരാശനാക്കുന്നു. ഇനി അവളുടെ വീട്ടിൽത്തന്നെ നിൽക്കാൻ പറഞ്ഞ് അയാൾ അവളെ ഉപേക്ഷിച്ച് പോകുന്നു.

അമിതമായ ലൈംഗിക താൽപ്പര്യങ്ങളും (hyper Sexuality ) ലൈംഗികാസക്തിയും ഉള്ള ഒരു വ്യക്തിയാണ് കഥയിലെ ഭർത്താവ്. ഭാര്യയുടെ വ്യക്തിത്വത്തെയോ ഇഷ്ടാനിഷ്ടങ്ങളെയോ ആഗ്രഹത്തേയോ പരിഗണിക്കാതെ തന്റെ ലൈംഗികമായ താല്പര്യങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാനാണ് ഭർത്താവ് ശ്രമിക്കുന്നത്. ഇത്തരം നിരവധി സന്ദർഭങ്ങൾ ഈ കഥയിൽ വരുന്നുണ്ട്. സ്ത്രീയെ തന്റെ ലൈംഗിക പൂർത്തീകരണത്തിനു വേണ്ടിയുള്ള ഒരു വസ്തു (object) മാത്രമായാണ് അയാൾ കാണുന്നത്. objectification of women ആണ് ഈ കഥയിലുടനീളം. സ്ത്രീയെന്നത് തനിക്ക് തുല്യയായ ഒരു വ്യക്തിയായി കാണാൻ ഭർത്താവിനൊരിക്കലും കഴിയുന്നില്ല. പുരുഷാധിപത്യ പ്രവണതകൾ മനസ്സിൽ കൊണ്ടു നടക്കുന്ന അയാൾ ഗർഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും ഭാര്യയോടോ തനിക്കുണ്ടായ കുഞ്ഞിനോടോ യാതൊരു വൈകാരിക അടുപ്പവും കാണിക്കുന്നില്ല. ആൺമേൽക്കോയ്മ (misogynist) തന്റെ അവകാശമായി കരുതുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പ്രതിനിധിയുമാണ് അയാൾ. ഒരു വ്യക്തിക്ക് സ്ത്രീകളുടെ മുടിയോട് തോന്നുന്ന അമിതമായ ലൈംഗികാസക്തിയാണ് ട്രൈക്കോഫീലിയ (Trichophilia ). ഗ്രീക്ക് വാക്കായ tricha (hair) and philia (love) എന്നീ വാക്കുകളിൽ നിന്നാണ് ഈ പദം രൂപം കൊണ്ടിട്ടുള്ളത്. മറ്റൊരു തരത്തിൽ ഇതിനെ 'ഹെയർ ഫെറ്റിഷിസം, എന്നു പറയാവുന്നതാണ് 'ഒരു വ്യക്തിക്ക് മുടിയോട് തോന്നുന്ന അമിതമായ ആരാധന, മുടിയെ ലൈംഗിക സംതൃപ്തിക്കുള്ള ഒരു ഉപാധിയായി അവതരിപ്പിക്കൽ എന്നീ പ്രത്യേകതകൾ 'മുടി'യിലെ ഭർത്താവിൽ കാണാവുന്നതാണ്.

'എന്നാലും', എന്ന കഥ അമ്മായിയമ്മ മരുമകൾ സംഘർഷത്തിന്റെ തുറന്നുകാട്ടലാണ്. അമ്മായിയമ്മയുടെ കല്ലറയ്ക്കരികിൽ ചെന്നു നിന്ന് മരുമകൾ അവരോട് തന്നിൽ അവരോധിച്ച കുറ്റങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നു. ഈ ചോദ്യങ്ങൾ എല്ലാം തന്നെ അമ്മായിയമ്മയ്ക്ക് ഉള്ളതാണ്. സ്വഭാവദൂഷ്യം, പരപുരുഷ ബന്ധം ഇവയെല്ലാം തന്നെ വളരെ ആലങ്കാരികമായി സൂക്ഷ്മ നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരിൽ ചിരിയും ചിന്തയും ഉണർത്തും.

പെൺ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന ഒരു വാതിലാണ് 'പക്ഷികളുടെ ആകാശം 'എന്ന കഥ. ബ്ലാംഗ്ലൂരിൽ നിന്ന് വല്യമ്മച്ചിയെ തേടി കൊച്ചു എന്ന പേരക്കുട്ടി വരുന്നു. പല കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിനെ അലട്ടുന്ന എന്തോ പ്രശ്‌നമുണ്ടെന്നും അതവൾ തുറന്ന് പറയാതിരിക്കുന്നതാണെന്നും വല്യമ്മച്ചിയ്ക്ക് മനസ്സിലാകുന്നു. എന്നാൽ അതെന്താണെന്ന് കൊച്ചു അവരോട് പറയുന്നില്ല. ഒടുവിൽ കടുത്ത നിർബന്ധത്തിനൊടുവിലാണ് അവൾ ആ രഹസ്യം അമ്മുമ്മയോട് വെളിപ്പെടുത്തുന്നത്. പഠിക്കുന്ന കാലത്ത് അവൾക്ക് അഭിയെന്ന സുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അത് രണ്ട് തവണ ബ്രേക്കപ്പിലായി. ഇങ്ങനെ പല തവണ ബ്രേക്കപ്പായ ശേഷമാണ് അവർ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ കല്യാണം അടുക്കുന്തോറും അവളിൽ ഭയം വർദ്ധിക്കുന്നു. കെട്ടുപാടുകളില്ലാത്ത ലിവിംഗ് ടുഗദർ തെരഞ്ഞെടുത്ത് കൂടേയെന്ന അമ്മുമ്മയുടെ ചോദ്യത്തിന് അഭിയുടെ സഹോദരി ഒരു പയ്യനോടൊപ്പം ഒളിച്ചോടിയതു കൊണ്ട് കല്യാണം തന്നെ നടത്തണമെന്ന് അവന്റെ അമ്മ നിർബന്ധം പിടിക്കുന്ന കാര്യം അവൾ പറയുന്നു. കൂടാതെ ജോലി കിട്ടിയ ശേഷം അവൾ തന്റെ സ്വാതന്ത്ര്യങ്ങളിലാണ് ജീവിക്കുന്നതെന്നും 'ജോലി കിട്ടിയതോടെ ഞാനൊരു പക്ഷിയെപ്പോലെ ഫ്രീയായി. കാലത്ത് എഴുന്നേൽക്കാൻ വൈകിയാലും ആരോടും സമാധാനം പറയേണ്ട. ഒരു ഗ്ലാസ് പാലും ഒരു ബുൾസൈയും രണ്ട് കഷണം ബ്രഡും നിന്ന നിൽപ്പിൽ വിഴുങ്ങി ഓഫീസിലേക്ക് ഒറ്റ ഓട്ടം. ഉച്ചയ്ക്ക് പിന്നെ എല്ലാരും പുറത്തൂന്നാ കഴിപ്പ്. വൈകിട്ട് ക്ഷീണിച്ച് കേറി വരുമ്പോ കുറേ പച്ചക്കറി വെട്ടി കൂട്ടി ഇത്തിരി ഉപ്പും നാരങ്ങാ നീരും തൂവി തിന്നും. അല്ലെങ്കിൽ പാഴ്‌സൽ വീക്കെൻഡാവുമ്പോ ഒരു കുപ്പി ബിയറും', ഇത്തരമൊരു ജീവിതമാണ് താൻ നയിക്കുന്നതെന്നവൾ പറയുന്നു.

നിരവധി അലിഖിത നിയമങ്ങൾ കണിശതയോടെ പാലിക്കുന്ന കുടുംബമെന്ന സമ്പ്രദായത്തിലേക്ക് വരാൻ അവൾക്ക് മാനസികമായി യാതൊരു താൽപ്പര്യവും തോന്നുന്നില്ല എന്നു മാത്രമല്ല ഭയവുമാണ്. പിന്നെ തുണിയില്ലാതെ ഒരു പുരുഷനോടൊപ്പം കിടക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും അവൾ കൂട്ടിച്ചേർക്കുന്നു. അപ്പോൾ വല്യമ്മച്ചി അവൾ ഒറ്റയ്ക്ക് ഒളിച്ചോടിക്കോളാൻ നിർദ്ദേശം നൽകുന്നു. എങ്ങോട്ട്? എന്ന ചോദ്യത്തിന് 'ഈ ലോകം അങ്ങനെ പരന്നു കിടക്കുവല്ലേ എങ്ങോട്ടെങ്കിലും ഒളിച്ചോട് 'പെണ്ണായിരുന്ന് കൊണ്ട് തന്നെ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ പെണ്ണഭിലാഷങ്ങൾ പൂർത്തീകരിക്കണമെങ്കിൽ അതിവിടെ കഴിയില്ലെന്നും അതിന് മറ്റെവിടേക്കെങ്കിലും ഒളിച്ചോടേണ്ടതുണ്ടെന്നും ഈ കഥ തുറന്നുകാട്ടുന്നു. ജീവിതമാസ്വദിച്ച് സ്വാതന്ത്ര്യം ആഘോഷിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയോട് വല്യമ്മച്ചി പറയുന്നത് വിവാഹമെന്ന മതിൽക്കെട്ടിനുള്ളിൽ തളയ്ക്കാതെ വിശാലമായ ലോകത്തിന്റെ മനോഹരമായ അനുഭവങ്ങളിലൂടെ യാത്ര ചെയ്യാനാണ്.

പെൺജീവിതത്തെ വിധിപ്രസ്താവങ്ങളാൽ കീറിമുറിക്കാൻ നിൽക്കുന്ന സമൂഹത്തോട് ന്യായവിധി പ്രസ്താവിക്കാൻ നിങ്ങളാര് ?എന്ന കൂസലില്ലാത്ത ചോദ്യം ഈ കഥകൾ ഉറക്കെ ചോദിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ച് വച്ചിരിക്കുന്ന സമൂഹത്തിൽ സ്വാതന്ത്ര്യനഷ്ടം സ്വത്വനഷ്ടം തന്നെയാണെന്ന് വ്യക്തമാക്കുന്നതോടൊപ്പം ഒരു പെണ്ണിന് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നുകൊടുക്കാനും ഈ കഥകൾ ശ്രമിക്കുന്നുണ്ട്. ശരീരം മാത്രമായി ചുരുങ്ങിപ്പോകുന്ന പെണ്ണിന്റെ വേദനകൾ, അനുഭവിക്കേണ്ടി വരുന്ന തിരസ്‌ക്കാരങ്ങൾ പുതിയ ആകാശങ്ങൾ വെട്ടിപ്പിടിക്കുന്ന, പക്ഷിയെപ്പോലെ പറക്കാൻ കൊതിക്കുന്ന പെണ്ണിന്റെ ആത്മവിശ്വാസം ഇതെല്ലാം ഈ കഥകളിൽ നിറഞ്ഞിരിക്കുന്നു. പെണ്ണിനെ വെറും ശരീരമായി മാത്രം കാണുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള ശക്തമായ പ്രതിഷേധമാണ് ഈ കഥകൾ. പരിഹാസത്തിന്റെ തീക്കണ്ണുകൾ കൊണ്ട് രതിയുൾപ്പെടെയുളള പെൺകാമനകൾ പുരുഷ എഴുത്തുകാരുടെ മാത്രം കുത്തകയല്ലെന്ന് സ്‌ത്രൈണതയുടെ സത്യസന്ധമായ ആവിഷ്‌ക്കരണത്തിലൂടെ കഥാകാരി ഓർമ്മിപ്പിക്കുന്നു. 'പൂക്കാൻ അനുവദിക്കാതെ' തായ് വേരറുക്കുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള ശക്തമായ പ്രതിഷേധം ഈ കഥകളിൽ ദൃശ്യമാണ്.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi