ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞദിവസം എല്ലാവരും ഭയപ്പാടിലായിരുന്നു. ഓരോ വിദ്യാലയപരിസരവും പുലിയിറങ്ങിയ, തെരുവുപോലെ പോലെ ഭീതിയിലും അങ്കലാപ്പിലുമായി. സ്‌ഫോടനാത്മകമായ എന്തോ ഒന്നിന് കാവൽ നിൽക്കുന്നപോലെ പോലീസും രക്ഷിതാക്കളും ചാനലുകാരും നാട്ടുകാരും. ഒരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും മദ്യക്കുപ്പിയും അന്നേ ദിവസം 'ആഘോഷിക്കാൻ' വെച്ച പതിനായിരം രൂപയും പിടിച്ചെടുത്തുവത്രെ. ചിരിയും കളിയും വളകിലുക്കങ്ങളുമായി ബാല്യകൗമാരങ്ങളുടെ വസന്തമായിരുന്ന ക്ലാസ് മുറികൾ ഇന്ന് നമുക്ക് അന്യമായി മാറുകയാണോ? ക്ലാസ്മുറികളെ പറ്റി കേൾക്കുന്ന വാർത്തകൾ ഇത്തരം വിഹ്വലമായൊരു ചിന്തകളിലേക്കാണ് വിരൽചൂണ്ടുന്നത്. അധ്യാപനത്തിന്റെ നെടുന്തൂണായ അധ്യാപകരെ കേന്ദ്രീകരിച്ചുകൊണ്ട് ഇക്കാര്യം വിലയിരുത്തിനോക്കാം. 

To advertise here,

ആരും ആരെയും പഠിപ്പിക്കുന്നില്ലെന്നൊക്കെ വിദ്യാഭ്യാസസിദ്ധാന്തങ്ങൾ ഉദ്‌ഘോഷിക്കുമ്പോഴും പഠിക്കാനായി കുട്ടികളും പഠിപ്പിക്കാനായി അധ്യാപകരും വിദ്യാലയത്തിൽ എത്തുന്നുണ്ടല്ലോ. അവിടെ ആശയവിനിമയം നടത്തുക എന്നത് ആധുനികകാലത്ത് അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ശാസ്ത്രസാങ്കേതിക വിദ്യകളുടെ മുന്നേറ്റം, സമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ, ഇതെല്ലാം കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങൾ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. 

അറിവ് സമ്പാദിക്കലും അത് വിനിമയം ചെയ്യലും തന്നെയാണ് പഠനത്തിന്റെ ആദ്യപടിയായി കാണാവുന്നത്. ഗുഹാവാസിയായ മനുഷ്യന് വേട്ടയാടാനും കിട്ടിയ മൃഗത്തിനെ ഭക്ഷണമാക്കാനും പരിമിതമായ അറിവ് മതിയായിരുന്നു. എന്നാൽ വേട്ടമൃഗത്തെ ചുട്ടുതിന്നാൻ തീയെപ്പറ്റിയുള്ള അറിവ് ആവശ്യമായി വന്നു. അതറിഞ്ഞവൻ അറിയാത്തവന് പകർന്നുനൽകി. അതായിരിക്കാം ആദിമകാലത്തെ ഗുരുശിഷ്യബന്ധം. ക്രമേണ മാനവ നാഗരികത നദീതീരങ്ങളിലേക്ക് പിച്ചവെച്ച് നടക്കാൻ തുടങ്ങി. അതോടെ മനുഷ്യന്റെ ആവശ്യങ്ങളും ആശയഗതികളും പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വഴി മാറി. അവൻ പ്രകൃതിയെ നിരീക്ഷിച്ച് ക്രമേണ അതിന്റെ ആരാധകനായി. ഉദയാസ്തമയങ്ങളും ഋതുസംക്രമങ്ങളും ജീവിതത്തിന് ചിട്ടയും ക്രമവും നൽകി. ശരത്കാലസന്ധ്യകളും ശാരദരജനികളും അവന്റെ സൗന്ദര്യദർശനത്തിന് മാറ്റ് കൂട്ടി. 

മാനവനാഗരികത പുതിയ മേഖലകളിലേക്ക് മുന്നേറി. വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും മതങ്ങളും മതഗ്രന്ഥങ്ങളും ഉണ്ടായി. കഥകളും കവിതകളും വിരിഞ്ഞു. രാജ്യങ്ങളും രാജാക്കന്മാരുമുണ്ടായി. ശ്രേഷ്ഠരായ ഗുരുക്കന്മാർ അറിവു നൽകി. ശിഷ്യഗണങ്ങൾ അതേറ്റു പാടി. ആശയവിനിമയത്തിന് മാർഗ്ഗങ്ങൾ ഉണ്ടായി. കാളിദാസന്റെ മേഘസന്ദേശത്തിൽ പ്രണയലോലുപനായ യക്ഷൻ പ്രിയതമയ്ക്കുള്ള സന്ദേശം മേഘത്തിന്റെ കൈയിലാണ്  നൽകുന്നത്. പാതിരാവിൽ താൻ കണ്ടെത്തിയ ആകാശകൗതുങ്ങൾ തനിക്ക് തുറുങ്കൊരുക്കാതിരിക്കാനായി ഗലീലിയോക്ക് കോഡുഭാഷയുണ്ടാക്കേണ്ടി വന്നു. അന്യഗ്രഹ ജീവനെത്തേടിയുള്ള അന്വേഷണത്തിനിടയിൽ ഭൂമിയിലെ സന്ദേശം പ്രകാശവർഷം അകലെയുള്ള നക്ഷത്രമണ്ഡലത്തിലേക്ക് നാസ അയച്ചത് ഡിജിറ്റൽ രൂപത്തിൽ. യന്ത്രയുഗവും വൈദ്യുതയുഗവും ആണവയുഗവും ബഹിരാകാശയുഗവും കടന്ന് നാമിന്ന് വിവര സാങ്കേതിക വിദ്യായുഗത്തിൽ എത്തിനിൽക്കുന്നു. എഐ നമുക്ക് പുതിയ രൂപം തരുന്നു.           

വിവരസാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഏവരും ഉപയോഗപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ക്ലാസ് മുറികൾ കുട്ടികൾക്ക് മുന്നിൽ ചിലപ്പോഴെങ്കിലും വിരസം ആകുന്നുണ്ടെങ്കിൽ, ക്ലാസ് മുറികളിൽ കുട്ടികൾ ചിലപ്പോഴെങ്കിലും അസ്വാഭാവികമായി പെരുമാറുന്നുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല. വഴിയരികിൽ പച്ചക്കറി പോലെ വിറ്റഴിയുന്ന മയക്കുമരുന്നുകൾ, സുലഭമായ മദ്യശാലകൾ, വിരൽ ഒന്നമർത്തിയാൽ ലഭിക്കുന്ന വൈകൃതകാഴ്ചകൾ, ഇവയെല്ലാം ഉപയോഗിച്ച് സമർഥമായി വലവീശാൻ തയ്യാറായി നിൽക്കുന്ന കഴുകൻകണ്ണുകൾ. അവിടെയാണ് സ്വയം പരിക്ക് പറ്റാതെ, കുട്ടികൾക്ക് പരിക്കേൽക്കാതെ കവചം ധരിച്ച് അവരെ രക്ഷപ്പെടുത്താൻ അധ്യാപകർ നിയോഗിക്കപ്പെടുന്നത്.

സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഓരോ ക്ലാസ് മുറിയും. സാമൂഹ്യസ്പന്ദനങ്ങൾ ഉൾക്കൊള്ളാതെ അധ്യാപകർക്ക് നിലനിൽക്കാൻ കഴിയില്ല. പണ്ടെങ്ങോ പഠിച്ച വിദ്യാഭ്യാസസമ്പ്രദായങ്ങൾക്കും അറിവുകൾക്കും അപ്പുറം താനും താൻ ഉൾക്കൊള്ളുന്ന ചുറ്റുപാടും എങ്ങനെയാണെന്ന് ഓരോ നിമിഷവും തിരിച്ചറിയാനുള്ള കഴിവും ആർജ്ജവവും ഓരോ അധ്യാപകനും/അധ്യാപികയ്ക്കും ഉണ്ടായിരിക്കണം. കെട്ടുപിണഞ്ഞു കിടക്കുന്ന യാഥാർഥ്യങ്ങളെയും അയാഥാർഥ്യങ്ങളെയും താളാത്മകമായി സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള പരിശീലനമാണ് ഇന്നത്തെ അധ്യാപകർ കുട്ടികൾക്ക്  നൽകേണ്ടത്. രവീന്ദ്രനാഥടാഗോർ പറഞ്ഞപോലെ മറ്റുള്ളവയെ പ്രകാശിപ്പിക്കാൻ സ്വയം പ്രകാശിക്കുന്ന ഒന്നാവാൻ, നിരന്തരം പഠിക്കാൻ, അധ്യാപനത്തെ ഗവേഷണതലത്തിലേക്ക് ഉയർത്താൻ അധ്യാപകർ തയ്യാറാകണം.

അറിവും ആത്മവിശ്വാസവും അധ്യാപന നൈപുണികളും രൂപപ്പെടുത്തുന്ന പടച്ചട്ടയായിരിക്കണം അധ്യാപകർ അണിയേണ്ടത്. അത് ഒറ്റരാത്രി കൊണ്ട്  ദൈനംദിന പാഠാസൂത്രണരേഖ എഴുതുന്നപോലെ രൂപപ്പെടുത്താവുന്നതല്ല. അറിവിനെ പ്രണയിക്കാത്തവർ അധ്യാപകരാകാൻ യോഗ്യരല്ല. സമൂഹത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാനുള്ള സ്റ്റെതസ്‌കോപ്പും അതിൽ വളരുന്ന കുട്ടികളുടെ സൂക്ഷ്മചലനങ്ങൾ തിരിച്ചറിയുന്ന മൈക്രോസ്‌കോപ്പും അധ്യാപകർക്ക് ആവശ്യമാണ്. ഏത് വിഷയവും പ്രകൃതിബോധവുമായി ബന്ധപ്പെടുത്താനുള്ള കഴിവ് അധ്യാപകർക്ക് വേണം. അധ്യാപകർ പ്രകൃതിനിരീക്ഷകർ കൂടിയാവണം. നാം ഈ പ്രകൃതിയുടെ ഭാഗമാണെന്ന് നിരീക്ഷിച്ചും പരീക്ഷിച്ചു അറിയണം. ചീവീടിന്റെ ശബ്ദം ഇന്റർനെറ്റിൽ കേൾപ്പിക്കുന്നതിന് പകരം വീട്ടുവളപ്പിലെ ചീവീടിന്റെ ഗാനം റിക്കാർഡ് ചെയ്ത് ക്ലാസിൽ കേൾപ്പിക്കാൻ കുട്ടിക്ക് അവസരം നൽകണം. മാനത്തെ നക്ഷത്രവും മരക്കൊമ്പിലെ മിന്നാമിന്നിയും ഒന്നല്ലെന്ന് കുട്ടി തിരിച്ചറിയുമ്പോൾ അത് കവിതയാക്കാം, കഥയാക്കാം, ശാസ്ത്രലേഖനവുമാക്കാം. അങ്ങനെ സജീവമായൊരു ക്ലാസ് മുറിയിൽ അധ്യാപകർ കുട്ടികളുടെ ആരാധനാപാത്രങ്ങളായി മാറും.

ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം ഏറെ നിസ്സാരമാണെന്ന ധാരണ കുട്ടികളിലും അധ്യാപകരിലും എത്തണം. മൊബൈൽ, ലാപ് ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ആധുനികസംവിധാനങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കണം. പഠനത്തിൽ പ്രാദേശികമായ വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ കുട്ടിയെ ശീലിപ്പിക്കണം. ഇത് ക്ലാസിന്റെ വിരസതയകറ്റും. ശാസ്ത്രസാങ്കേതികവിദ്യകൾക്കൊപ്പം മാനവികതയുടെ പ്രാധാന്യവും കുട്ടിയെ ബോധ്യപ്പെടുത്തണം. മാർക്ക് കൂടുതലുള്ളവനാണ് പ്രതിഭാശാലി എന്ന ചിന്ത കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടാവരുത്. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ അംഗീകരിച്ച് ജനാധിപത്യരീതിയിൽ ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ  അധ്യാപകർക്ക് കഴിയണം. ക്ലാസുകൾ സർഗ്ഗാത്മകമാക്കാൻ വഴിതേടണം. നൂതന സാങ്കേതികവിദ്യകൾ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടാനല്ല അനന്തദൂരങ്ങളിലേക്ക് പ്രയാണം ചെയ്യാനുള്ള ഉപാധി ആണെന്ന് കുട്ടിയെ മനസ്സിലാക്കി കൊടുക്കണം. മദ്യം, മയക്കുമരുന്ന്, മൊബൈൽ ഗെയിമുകൾ തുടങ്ങിയ ലഹരികൾക്ക് പകരം ചിരിയും കളിയും കഥയും കവിതയും നർമ്മവും ഭാവനയും സർഗ്ഗവസന്തമാക്കി മാറ്റാവുന്ന മറ്റു ലഹരികൾ ആണെന്ന കാര്യം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും അങ്ങനെ സമൂഹവും തിരിച്ചറിയട്ടെ.

കോഴിക്കോട് മാത്തറ സി.ഐ.സി.എസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അസിസ്റ്റൻഡ് പ്രൊഫസറാണ് ലേഖിക