ഴയും പുത്തനുടുപ്പും ബാഗും കുടയും ചിരിയും കരച്ചിലുമെല്ലാമായി വീണ്ടും ഒരു സ്‌കൂള്‍ക്കാലംകൂടി. കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആശങ്കകളേറെയാണ്. അത്രയും നാള്‍ നമ്മുടെ ചിറകിനടിയില്‍ ഒതുങ്ങിയിരുന്ന കുഞ്ഞ് വിശാലമായ ലോകത്തേക്ക് ഇറങ്ങുകയാണ്. കുട്ടി കരയുമോ, പേടിക്കുമോ, ഭക്ഷണം കഴിക്കുമോ.. അങ്ങനെ നൂറുകൂട്ടം സംശയങ്ങളാണ് മാതാപിതാക്കള്‍ക്ക്. അധ്യാപകരും വലിയ സമ്മര്‍ദ്ദത്തിലായിരിക്കും. ആദ്യമായി സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളില്‍ പലവിഭാഗക്കാരുണ്ട്. ചിലര്‍ക്ക് ആകാംഷയും സന്തോഷവുമാണെങ്കില്‍ ചിലര്‍ക്ക് അത് ഭയവും ആശങ്കയുമായിരിക്കും. ചിലര്‍ നാണംകുണുങ്ങികളായിരിക്കും. സ്‌കൂളിനോട് പൊരുത്തപ്പെടാനും ഇഷ്ടപ്പെടാനും കുട്ടികള്‍ക്ക് സമയം നല്‍കാന്‍ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുത്തന്‍ പ്രതീക്ഷകളോടെ സ്‌കൂള്‍ തുറക്കല്‍ ആഘോഷമാക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചെയ്യാന്‍ ഏറെക്കാര്യങ്ങളുണ്ട്.

To advertise here,

1.  അവിടെ കളിക്കാന്‍ കൂട്ടുകാരെക്കിട്ടും, ടീച്ചര്‍ക്ക് നല്ല സ്‌നേഹമാണ്... എന്നൊക്കെ പറഞ്ഞ് സ്‌കൂളില്‍ പോകുന്നതിനുമുമ്പുതന്നെ സ്‌കൂളിനെപ്പറ്റി ഒരു ചിത്രം കുട്ടിയുടെ മനസ്സിലുണ്ടാക്കാം.. നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കാം. സ്‌കൂളില്‍ പോയിതുടങ്ങുന്നതിനുമുമ്പ് സ്‌കൂള്‍ കാണാനായി കുട്ടിയെക്കൂട്ടി പോകാം. കുട്ടികള്‍ കളിക്കുന്നതും മറ്റും കാട്ടിക്കൊടുക്കാം. സ്‌കൂളില്‍ ആദ്യദിനം കുട്ടികള്‍ക്ക് എന്തെങ്കിലും ചെറിയ ഗിഫ്റ്റ് നല്‍കാം. പേനയോ പൂവോ ചോക്ലേറ്റോ അങ്ങനെയെന്തും. ഓരോ കുട്ടികളുടെയും മാതാപിതാക്കളുമായും കൃത്യമായ ബന്ധം അധ്യാപകര്‍ സൂക്ഷിക്കണം. 

2. കുട്ടികള്‍ ആദ്യമായി സ്‌കൂളില്‍ എത്തുമ്പോള്‍ അവര്‍ കരയുന്നതും തിരിച്ച് പോകാനായി ശ്രമിക്കുന്നതും പിന്നീടുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നതും സ്വഭാവികമാണ്. സെപ്പറേഷന്‍ ആങ്‌സൈറ്റി പോലുള്ള പ്രശ്‌നങ്ങളും പലകുട്ടികള്‍ക്കും ഉണ്ടാകാറുണ്ട്. സ്‌കൂളില്‍ എന്തിനും അനുവാദം ചോദിക്കേണ്ടി വരുന്നതും സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമൊക്കെ കുട്ടികള്‍ക്ക് സ്‌കൂളിനോടുള്ള ഇഷ്ടക്കേടിന് കാരണമാകാറുണ്ട്. 
പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അല്പംകൂടി സമയം കുട്ടിക്ക് കൊടുക്കുക. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ടെന്‍ഷന്‍ ഉണ്ടാകുന്ന അവസ്ഥ മാതാപിതാക്കള്‍ ഒഴിവാക്കുക. അവിടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും, പാട്ടുകള്‍ പഠിക്കാനും ഒക്കെ അവസരം ഉണ്ടെന്നും അത് പഠിച്ചു കഴിഞ്ഞയുടന്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തുമെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക. 

3. ഓരോ അധ്യാപകരും തങ്ങള്‍ക്ക് ചുമതലയുള്ള ക്ലാസിലെ കുട്ടികളുടെ പേരും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളും ക്ലാസ് തുടങ്ങുന്നതിനുമുന്നേ മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്. കുട്ടികളെ വേഗം മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. സ്‌കൂളിലേക്ക് വരുമ്പോള്‍ അവരോട് അധ്യാപകര്‍ ഇടപെടുന്നത്, സ്‌കൂളിന്റെ അന്തരീക്ഷം എല്ലാം കുട്ടികളെ സ്വാധീനിക്കും. അതറിഞ്ഞ് വേണം കുട്ടികളെ ക്ലാസുകളിലേക്ക് സ്വീകരിക്കാനും ഇടപെടാനും. കുട്ടികള്‍ തമ്മില്‍ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാം. കുട്ടികളില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അധ്യാപകര്‍ മനപൂര്‍വം ശ്രദ്ധിക്കണം.  കുട്ടികളെപ്പറ്റി നേരത്തെയറിയുന്നത് അവരുടെ കഴിവുകളെപ്പറ്റിയും നേരത്തെയറിയാന്‍ അധ്യാപകരെ സഹായിക്കും. ഇതനുസരിച്ച് അവര്‍ക്കിഷ്ടമുള്ള എകസ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലേക്ക് അവരെ തിരിച്ചുവിടാന്‍ അധ്യാപകര്‍ക്ക് കഴിയും. അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അഭിനന്ദിക്കാനും പറ്റും. അത്തരം അഭിനന്ദനങ്ങള്‍ കുട്ടികള്‍ക്ക് വലിയ പ്രചോദനമാണ്. 

4. എല്ലാകുട്ടികളും ഒരു പോലെയാണ് എന്ന് കരുതരുത്. തുല്യപ്രാധാന്യം എല്ലാവര്‍ക്കും നല്‍കണം.  എല്ലാവരെയും പരിഗണിക്കണം. എന്നാല്‍ ഓരോ കുട്ടികളും ഓരോ തരത്തില്‍ കഴിവുകളിലും സ്വഭാവത്തിലും മറ്റെല്ലാക്കാര്യങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉള്ളവരാണെന്നത് അധ്യാപകരുടെ മനസ്സിലുണ്ടാവണം. പ്രത്യേകപരിഗണന വേണ്ട കുട്ടികള്‍, എഡിഎച്ച്എ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍.. എന്നിങ്ങനെയുള്ള കുട്ടികളെ പ്രത്യേകം കരുതണം. എന്തെങ്കിലും ട്രോമകള്‍, സ്‌ട്രെസ് എന്നിവയിലൂടെ കടന്നുപോയ കുട്ടികളുണ്ടെങ്കില്‍ അവരെ പ്രത്യേകമായി പരിഗണിക്കണം. വീടുവിട്ടുപോകാന്‍ ശ്രമിച്ച കുട്ടികള്‍, ലൈംഗികാതിക്രമം നേരിട്ട കുട്ടികള്‍, ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍.. എന്നിങ്ങനെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധവേണം. 

5. സ്‌കൂളിലേക്കോ പ്രീസ്‌കൂളിലേക്കോ കുട്ടികള്‍ പോകാനൊരുങ്ങും മുന്‍പ്തന്നെ ചിലകാര്യങ്ങള്‍ അവരെപ്പഠിപ്പിക്കാം. ശുചിമുറി ഉപയോഗിക്കേണ്ടി വന്നാല്‍ അത് ആയയോട് ചോദിക്കാനും വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം തനിയെ കുടിക്കാനും ഭക്ഷണം സ്വയം കഴിക്കാനുമൊക്കെ പഠിച്ചിരിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടിക്ക് പേടി തോന്നുന്ന കാര്യങ്ങളെപ്പറ്റി ടീച്ചറിനോട് സംസാരിക്കാനും ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് കുട്ടിയെ ക്ഷമയോടെ കൈകാര്യം ചെയ്യാനും ശ്രമിക്കണം. ഒരു നീണ്ട അവധിക്കാലം കഴിഞ്ഞ് സ്‌കൂളിലെത്തുന്നവരാണ് മിക്ക കുട്ടികളും. അവരുടെ ദിനചര്യകള്‍ പോലും പഴയതുപോലെയാവാന്‍ കുറച്ചു സമയം ആവശ്യമായി വരും. അതിനുള്ള സമയം അവര്‍ക്ക് നല്‍കണം. 

6. സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍, സുഹൃത്തുക്കള്‍, പഠനവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍ എല്ലാം അവര്‍ക്ക് തുറന്നു സംസാരിക്കാന്‍ സമയം നീക്കിവയ്ക്കണം. എന്നും അവരോട് സ്‌കൂളിലെ വിശേഷങ്ങള്‍ ചോദിക്കാം. ചെറുപ്രായം മുതല്‍ ഇത്തരമൊരു ശീലമുണ്ടാക്കുന്നത് മുതിരുമ്പോഴും മാതാപിതാക്കള്‍ അവരുടെ സുരക്ഷിതമായ ഇടമാണെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കും. അധ്യാപകരില്‍ നിന്ന് വേര്‍തിരിവുകളുണ്ടാവുക, സഹപാഠികളുടെ കളിയാക്കലുകള്‍ എന്നിവ നിസാരമായി കാണാതിരിക്കുക. സ്‌കൂളില്‍ സുഹൃത്തുക്കളുമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ സ്വയംപര്യാപ്തരാക്കാം. എന്നിട്ടും തീരാത്ത പ്രശ്‌നങ്ങളില്‍ മാത്രം മാതാപിതാക്കള്‍ ഇടപെടുന്നതാണ് നല്ലത്. 

7. എല്ലാവിഷയത്തിനും എല്ലാക്കാര്യത്തിനും തന്റെ മക്കള്‍ മുന്‍പന്തിയിലാവണമെന്ന വാശി മാതാപിതാക്കള്‍ക്കും വേണ്ട. അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍, പാട്ടോ, നൃത്തമോ, വരയോ അങ്ങനെയുള്ളവ ചെയ്യാനും പ്രോത്സാഹിപ്പിക്കാം. ചെറിയ കുട്ടികളില്‍ പലരും അക്ഷരങ്ങള്‍ പഠിക്കാനും പറയാനുമൊക്കെ പതിയെയാവും പഠിക്കുക. അവര്‍ക്ക് അവയൊക്കെ പഠിച്ചെടുക്കാനുളള സമയം നല്‍കാം. കുട്ടികളെ താരതമ്യം ചെയ്യുന്നതും ശരിയല്ല. എല്ലാക്കുട്ടികളും ഒരുപോലെയല്ല എന്നത് ഓര്‍ക്കാം. ക്ലാസില്‍  കുട്ടികള്‍ക്ക് പല ആക്ടിവിറ്റികള്‍ നല്‍കാം. ആദ്യം ദിനം തന്നെ ചെറിയ ഗ്രൂപ്പുകളാക്കി ഓരോ ഡ്യൂട്ടി ഏല്‍പ്പിക്കുന്നത് കുട്ടികളെ സ്വയംപര്യാപ്തരാക്കും. ബുക്ക് കളക്ട് ചെയ്യുക, ടീച്ചറിന്റെ ടേബിള്‍ വൃത്തിയാക്കി വയ്ക്കുക, ബോര്‍ഡില്‍ തോട്ട് ഓഫ് ദി ഡേ പോലുള്ളവ എഴുതുക... അങ്ങനെ.  

8. സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ഉറങ്ങാനും ഉണരാനുമെല്ലാം സമയനിഷ്ഠപാലിക്കാന്‍ അവരെ പ്രേരിപ്പിക്കാം. സ്‌കൂല്‍ തുറക്കുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുന്നേതന്നെ അത്തരം ശീലങ്ങള്‍ തുടങ്ങുന്നത് നല്ലതാണ്.  ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം വയ്ക്കാം. എല്ലാ ദിവസവും പഠിപ്പിച്ചവ അവര്‍ പഠിക്കുന്നുണ്ടോ ഹോം വര്‍ക്കുകള്‍ ചെയ്യുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം.  

9. കുട്ടികളെപ്പറ്റി നേരത്തെയറിയണം എന്ന് പറയുന്നതിന് പിന്നിലെ പ്രധാനകാരണം പിന്നീട് അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തെ അത് സ്വാധീനിക്കും എന്നതിലാണ്. പല അധ്യാപകരും കുട്ടികളോട് അവധിക്കാലത്ത് നിങ്ങള്‍ ടൂറ് പോയിരുന്നോ പോയതിന്റെ അനുഭവം പറയാമോ എന്നൊക്കെ ചോദിക്കാറുണ്ട്. കുട്ടികളില്‍ ഇത് സമ്മര്‍ദ്ദം കുറയ്ക്കും സൗഹാര്‍ദ്ദ അന്തരീക്ഷം ഉണ്ടാക്കും എന്നാണ് അധ്യാപകര്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്ന് പോകാന്‍ പറ്റാത്ത കുട്ടികളും ക്ലാസിലുണ്ടാവില്ലേ. പകരം അവധിക്കാലത്ത് നിങ്ങളെന്തു ചെയ്തു എന്ന് ചോദിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ സ്വപ്‌നത്തിലെ അവധിക്കാലം എങ്ങനെയാണെന്ന് ചോദിക്കാം. 6. പുതുതായി സ്‌കൂളിലെത്തുന്ന കുട്ടികളോട് അവരെപ്പറ്റി സ്വയം പറയാന്‍ അധ്യാപകര്‍ക്ക് പ്രോത്സാഹിപ്പിക്കാം. പേരും വീടും കഴിവുകളും ഇഷ്ടങ്ങളും എല്ലാം പറയുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കാം, അഭിനന്ദിക്കാം.  

10. സ്‌കൂള്‍ അന്തരീക്ഷത്തോട് പേടിയുള്ള കുട്ടികളുണ്ട്. അവരെ പിന്തുണക്കാനായി ബഡ്ഡി പെയര്‍ പോലുള്ളവ ആരംഭിക്കാം. സ്‌കൂള്‍ പരിചയമുള്ള ഒരു കുട്ടിയെ പുതിയ കുട്ടിക്ക് ഒരു ഗൈഡിനെപ്പോലെ നല്‍കാം. ഒരു ദിവസത്തില്‍ ഒരു ബ്രേക്ക് ടൈം ഇരുവര്‍ക്കും ഒന്നിച്ചിരിക്കാനും സ്‌കൂള്‍ ചുറ്റിക്കണ്ടുവരാനുമൊക്കെ അവസരം നല്‍കാം. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പലനാടുകളില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളിലെത്തുന്നുണ്ട്. അവര്‍ക്ക് ഭാഷ വലിയ പ്രശ്‌നമായി മാറാം, അവര്‍ ഒറ്റപ്പെടാം. അതൊഴിവാക്കാന്‍ അവരുെട ഭാഷയറിയാവുന്ന മറ്റൊരു കുട്ടിയെ കംപാനിയനായി നല്‍കാം. പിന്നെ അവരെ ഒറ്റപ്പെടുത്താതെ കൂടെക്കൂട്ടാന്‍ മറ്റ് കുട്ടികളെ പ്രോത്സാഹിപ്പിക്കാം. 

തയ്യാറാക്കിയത്: റോസ് മരിയ വിന്‍സെന്റ്‌

കടപ്പാട്

ഡോ. ഗംഗാ കൈലാസ്
കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ

ദീപികാ രാഗേഷ്
സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍
പറമ്പില്‍ ഹയര്‍സെക്ക
ന്‍ഡറി സ്‌കൂള്‍
കോഴിക്കോട്‌