മാനസികോന്മേഷവും ശ്രദ്ധയുമുണ്ടെങ്കില്‍ ഏത് സമയത്തും പഠിക്കാനാകും. അശ്രദ്ധമായി പഠിക്കുന്ന കാര്യങ്ങള്‍ തലച്ചോറില്‍ സൂക്ഷിക്കാനാകില്ല. മനസ്സിരുത്തി പഠിക്കാന്‍ പഠനാന്തരീക്ഷം, പഠനമുറി, വെളിച്ചം, പുസ്തകക്രമീകരണം, ആഹാരം, സോഷ്യല്‍മീഡിയ ഉപയോഗം...എന്നിങ്ങനെ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. പഠനത്തിനായി ഒരു പ്രത്യേകമുറി ഇല്ലെങ്കില്‍ അധികം ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത ശാന്തമായ ഇടം തെരഞ്ഞെടുത്താലും മതി. ഇവിടം വൃത്തിയായി ക്രമീകരിക്കുകയും വേണം.
പഠിക്കാന്‍ നല്ല വെളിച്ചമുള്ള മുറി തിരഞ്ഞെടുക്കണം. ഇരുട്ടുള്ള മുറിയിലെ പഠനം പഠനത്തില്‍ താത്പര്യം ഇല്ലാതാക്കും. പെട്ടെന്ന് ഉറക്കം വരാനും കാഴ്ചയ്ക്ക് മങ്ങല്‍ വരാനും സാധ്യതയുണ്ട്. കാറ്റും വെളിച്ചവുമുള്ള മുറിയിലിരുന്ന് പഠിച്ചാല്‍ മനസ്സിന് ഊര്‍ജം ലഭിക്കും. നല്ലതുപോലെ ഓക്സിജന്‍ ശരീരത്തിന് ലഭിക്കുമ്പോള്‍ തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കുകയും ഓര്‍മശക്തി വര്‍ധിക്കുകയും ചെയ്യും. ജനലുകളുടെ അരികിലായി ഇരിപ്പിടം ക്രമീകരിക്കാം. ഇടയ്ക്ക് പുറത്തെ പച്ചപ്പിലേക്കും മറ്റും നോക്കുന്നത് കണ്ണുകള്‍ക്ക് ആയാസം നല്‍കും. പഠനമുറിയിലെ ഭിത്തികള്‍ക്ക് ഇളംപച്ചയോ വെള്ളയോ നിറമാകും നല്ലത്. ഭിത്തിയില്‍ മോട്ടിവേഷന്‍ പോസ്റ്ററുകള്‍ ഒട്ടിക്കാം.
പഠിക്കുന്ന ഇടത്തില്‍ ഒരു ചെറിയ ഇന്‍ഡോര്‍ പ്ലാന്റ് വെക്കുന്നത് നല്ലതാണ്. അതിന്റെ പച്ചപ്പ് മനസ്സിനെ ശാന്തമാക്കും. മുറിയിലെ ശുദ്ധവായുവിന്റെ അളവും വര്‍ധിക്കും. ഇലച്ചെടികളും കറ്റാര്‍വാഴയും ഒക്കെ ഇതിനായി ഉപയോഗിക്കാം. ഒഴിഞ്ഞ ഭരണിയോ കപ്പോ വെള്ളപൂശി അതില്‍ മണ്ണുനിറച്ച് ചെടി നട്ടാല്‍ ചെലവും ലാഭിക്കാം. പഠനമുറിയില്‍ സുഗന്ധമുള്ള പൂക്കള്‍ സൂക്ഷിക്കുന്നതും മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കും. സൗകര്യപ്രദമായ രീതിയില്‍ കസേരയും മേശയും ഒരുക്കിയ ശേഷം പഠിക്കാനിരിക്കാം. കഴുത്തുവേദനയും നടുവേദനയും ഉണ്ടാവാതിരിക്കാന്‍ പുറകില്‍ താങ്ങുള്ള കസേരകള്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ ഒരു തലയണ വെച്ച് കസേര ക്രമീകരിക്കണം. പഠനമേശയില്‍ പുസ്തകങ്ങളും പേനകളും വാരിവലിച്ചിടരുത്.
പഠിക്കാനുള്ള പുസ്തകങ്ങളും മറ്റ് അത്യാവശ്യസാധനങ്ങളും മാത്രം മേശയില്‍ വയ്ക്കുക. പഠനമേശ എന്നും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുക. മേശയില്‍ കുത്തിവരയ്ക്കുന്ന ശീലം ഒഴിവാക്കുക. മേശയുടെ മുകളില്‍ വെള്ളയോ ഇളംനിറത്തില്‍ ഉള്ളതോ ആയ മേശവിരി വിരിക്കാം. ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് മേശയുടെ ഒരുവശത്തായി ഒട്ടിച്ചുവെച്ചാല്‍ എല്ലാ കാര്യങ്ങളും ക്രമത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും. പഠിക്കാനിരിക്കുന്ന സ്ഥലത്തും ബാഗുകളിലും പേനകളും പെന്‍സിലുകളും അലക്ഷ്യമായി ഇടുന്നവരാണ് പലരും. പഠനത്തില്‍ അച്ചടക്കം വരണമെങ്കില്‍ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഉപയോഗിച്ച പേനകള്‍ ഒരുമിച്ച് ഒരു പെന്‍ ഹോള്‍ഡറിലോ ഉപയോഗശൂന്യമായ മഗ്ഗിലോ ഇട്ടുവയ്ക്കുക. കളര്‍ പെന്‍സിലുകള്‍, സ്റ്റാപ്ലര്‍ എന്നിവ മറ്റൊരു ഹോള്‍ഡറിലും സൂക്ഷിക്കുക. ഹോള്‍ഡറുകള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈന്‍, കളര്‍ എന്നിവ കൊടുക്കാം. പേനകളും പെന്‍സിലുകളും വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കുക. ഉപയോഗിച്ച് തീര്‍ന്ന ശേഷം മാത്രം അടുത്തത് വാങ്ങാം.
മുറിയില്‍ ഒരു ടൈം പീസോ ചെറിയ ക്ലോക്കോ വയ്ക്കാം. പഠനസമയം ക്രമീകരിക്കാന്‍ ടൈം സെറ്ററില്‍ നിശ്ചിതസമയം ക്രമീകരിച്ചാല്‍ അലാറം മുഴങ്ങും. ആ സമയത്തിനുള്ളില്‍ പഠിച്ചുതീര്‍ക്കാന്‍ ഉത്സാഹം തോന്നും. ഇതേ ടൈം സെറ്റര്‍ മൊബൈലുകളിലും ഉണ്ട്. പക്ഷേ, മൊബൈല്‍ അടുത്തിരുന്നാല്‍ അതില്‍ മുഴുകിപ്പോവാനുള്ള സാധ്യത കൂടുതലാണ്.
പുസ്തകങ്ങള്‍ പൊതിഞ്ഞ് ഏത് വിഷയം ആണെന്ന് പുറമേ എഴുതി വലിപ്പക്രമത്തില്‍ അടുക്കിവെക്കാം. പുസ്തകങ്ങള്‍ സൂക്ഷിക്കാനായി ഒരു അലമാരയോ മേശയോ ഉപയോഗിക്കാം. സ്‌കൂളില്‍നിന്ന് വന്നശേഷം ബാഗില്‍ നിന്ന് ബുക്കുകള്‍ യഥാസ്ഥാനത്ത് തിരിച്ചുവയ്ക്കുക. നാളെയും കൊണ്ടുപോവേണ്ടതല്ലേ എന്ന് കരുതി ബാഗില്‍ തന്നെ വെച്ചാല്‍ അലസത ബാധിക്കും. അതേസമയം ബാഗില്‍ നിന്നും പുറത്തെടുത്താല്‍ അന്ന് പഠിപ്പിച്ച കാര്യങ്ങള്‍ വീണ്ടും നോക്കാനും ഹോംവര്‍ക്ക് ചെയ്യാനുമെല്ലാമുള്ള തോന്നലുണ്ടാവും.
പഠനത്തിന് വേണ്ട അത്യാവശ്യ സാധനങ്ങള്‍
- തെറ്റുകള്‍ വന്നാല്‍ മായ്ച്ച് വൃത്തിയായി സൂക്ഷിക്കാന്‍ ഒരു കറക്ഷന്‍പെന്‍.
- പഠിക്കുമ്പോള്‍ വാക്കുകള്‍ക്ക് താഴെ വരയ്ക്കാനും കൃത്യതയോടെ കോളങ്ങള്‍ വരയ്ക്കാനും സ്‌കെയില്‍.
- സ്റ്റിക്കി പേപ്പറുകള്‍
- പലനിറത്തിലുള്ള നോട്സ്.
- ഒരു വെള്ളക്കുപ്പി എപ്പോഴും മേശയിലുണ്ടാകണം. ഓരോ മണിക്കൂര്‍ കൂടുമ്പോഴും അല്ലെങ്കില്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും വെള്ളം കുടിക്കുക. വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജലീകരണം ഉണ്ടാവുകയും അത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുകയും കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. പഠിക്കുന്നതിനിടെ ഇടയ്ക്കിടെ വെള്ളം കുടിക്കാനായി എഴുന്നേറ്റുപോകുന്നത് ഒഴിവാക്കാം.
- പഠനമേശയുടെ നേരെയുള്ള ഭിത്തിയില്‍ മോട്ടിവേഷണല്‍ പോസ്റ്റര്‍ ഒട്ടിക്കാം.
- ഒരാളെ പഠിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലേക്ക് പെട്ടെന്ന് സ്വീകരിക്കപ്പെടും. അതിനായി മുറിയില്‍ ഒരു പാവയെ വച്ചാല്‍ ടീച്ചിങ് മെത്തേഡില്‍ പഠിക്കാന്‍ സഹായകമാകും.
- എഴുതിപ്പഠിക്കുന്ന പേപ്പറുകള്‍ കളയാന്‍ മുറിയില്‍ ഒരു ചവറ്റുകുട്ട വെക്കാം.
- പഠനമുറിയില്‍ ചെറിയൊരു സ്നാക്സ് ബോക്സ് സൂക്ഷിക്കാം. ഈന്തപ്പഴം, ബദാം എന്നിവയൊക്കെ ഇതില്‍ ഇട്ടുവെക്കാം.
- പഠനരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മടി മാറ്റിയെടുത്ത് പഠനനിലവാരം ഉയര്‍ത്താം.
തയ്യാറാക്കിയത്: ഡോ. സൗമ്യ അജിന്‍, മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് & അസിസ്റ്റന്റ് പ്രൊഫസര്‍
മരിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, മാര്‍ത്താണ്ടം
Content Highlights: how to arrange a good study room
Published: 18 Jun 2024, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented