പ്രൊഫഷണല്‍ ജോലികളുടെ പകിട്ടും പത്രാസും ഉപേക്ഷിച്ച് മണ്ണിലേയ്ക്കിറങ്ങിയ യുവാക്കളുടെ വിജയകഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട് നമ്മള്‍. സമയക്കുറവും പരിജ്ഞാനമില്ലായ്മ കൊണ്ടും കൃഷിയോടുള്ള ഇഷ്ടം മനസ്സില്‍ മാത്രം സൂക്ഷിക്കുന്നവരെയും കണ്ടിട്ടുണ്ട്. കൃഷിയോടുള്ള തന്റെ പാഷന്‍ പിന്തുടര്‍ന്ന് വിജയിച്ച കഥയാണ് മലപ്പുറത്തുകാരനായ എൻജിനീയര്‍ ഷിഹാബിന്റേതും. എന്നാല്‍ ആ കഥാഗതി അല്പം കൂടുതല്‍ വ്യത്യസ്തമാണ്. പരിമിതികള്‍ കൊണ്ട് കൃഷിയിലേയ്ക്കിറങ്ങാന്‍ കഴിയാതിരുന്നവര്‍ക്കായി കൂട്ടുകാരന്‍ മുനീറിനെയും ഒപ്പംകൂട്ടി ഒരു ഫാം മാനേജ്മെന്റ് കമ്പനി സ്ഥാപിച്ചു അദ്ദേഹം. ഇന്ന് ഫിലോസന്‍ ഫാമിന്റെ സി.ഇ.ഒ ആണ് ഷിഹാബ്. മുന്നൂറോളം വരുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ ആവശ്യപ്രകാരം ഭക്ഷ്യവനം സജ്ജീകരിച്ചുനല്‍കി അവ പരിപാലിച്ചുകൊണ്ടുപോവുന്ന കമ്പനിയുടെ തലവന്‍. കൃഷിയെ സ്‌നേഹിക്കുകയും പാഷനായി കൊണ്ടുനടക്കുകയും മാത്രം ചെയ്തിരുന്ന ഷിഹാബ് കൃഷിയിലൂടെ വലിയൊരു സംരംഭം തന്നെ പടുത്തുയര്‍ത്തുകയായിരുന്നു. പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനും ഒരുപാട് കുടുംബങ്ങളും ഷിഹാബിനൊപ്പമുണ്ട്.

To advertise here,

ഉമ്മൂമ്മ നട്ടുനനച്ച പ്രകൃതി സ്നേഹം
തൊടിയിലെ കിളച്ചിട്ട മണ്ണിലേക്ക് ഉമ്മൂമ്മ തൈനട്ടു കഴിഞ്ഞാല്‍ വെള്ളമൊഴിക്കാന്‍ ഊഴം കാത്തുനില്‍ക്കുമായിരുന്നു കുഞ്ഞ് ഷിഹാബ്. മണ്ണ് പറ്റിപ്പിടിച്ച ഉമ്മൂമ്മയുടെ കൈവിരലുകളില്‍ തൂങ്ങിപ്പിടിച്ച് തൊടിയിലൂടെ നടക്കാനായിരുന്നു അവനിഷ്ടം. നൂറാമത്തെ വയസ്സിലും ചുറുചുറുക്കോടെ ഉമ്മൂമ്മ മരംനട്ടും കായ്കനികള്‍ പറിച്ചും നടക്കുന്നതുകാണുമ്പോള്‍ കൗതുകമായിരുന്നു ഷിഹാബിന്. മണ്ണിനോടും മരങ്ങളൊടുമുള്ള സ്‌നേഹം അവര്‍ ഷിഹാബിന്റെ ഉള്ളിലും നട്ടുനനച്ച് വളര്‍ത്തുകയായിരുന്നു. 'ഉമ്മൂമ്മയെ പോലെ ഉപ്പയ്ക്കും കൃഷിയോട് വളരെ താത്പര്യമായിരുന്നു. ആ ഇഷ്ടമാണ് എന്നിലേക്കും പടര്‍ന്ന് പന്തലിച്ചത്. ചെറുപ്പം മുതല്‍ ഞാന്‍ നട്ടുവളര്‍ത്തിയ നൂറോളം മരങ്ങള്‍ എന്റെ പറമ്പിലുണ്ട്. തളിര്‍ത്തും പൂവിട്ടും കായ്ച്ചും അവ നിറഞ്ഞുനില്‍ക്കുകയാണ്. കുറ്റിപ്പുറം എം. ഇ. എസ് കോളേജിലാണ് എഞ്ചിനീയറിങ് പഠിച്ചതൊക്കെ. പത്തുവര്‍ഷം ഐ.ടി. മേഖലയില്‍ ജോലി ചെയ്തു. എന്റെ ഉപ്പ യു.എ.ഇയില്‍ ഫാമിങ് കണ്‍സള്‍ട്ടന്റായിരുന്നു. അവിടെ പലരുടെയും സ്വകാര്യഭൂമിയില്‍ കൃഷിയിടം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ഉപ്പയുടെ ജോലി. എന്നെ നന്നായി പഠിപ്പിക്കണമെന്നത് ഉപ്പയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് എഞ്ചിനീയറിങ്ങിന് ചേര്‍ത്തത്. കൃഷി ഒരു കരിയറായി തിരഞ്ഞെടുത്ത് മുന്നോട്ടുകൊണ്ടുപോവാനുള്ള ആത്മവിശ്വാസവും ഇല്ലായിരുന്നു. കാരണം അന്ന് എനിക്കറിയാവുന്ന പലരും കൃഷിചെയ്ത് മടുത്തിട്ടാണ് ഗള്‍ഫ് നാടുകളിലേക്ക് പോയിരുന്നത്. അപ്പോള്‍ കൃഷിയിലേക്ക് ഇറങ്ങുന്നത് സാഹസമാണെന്ന് തോന്നി. എന്നാല്‍ കൃഷിയോടുള്ള ഇഷ്ടം കൂടിയതേയുള്ളൂ.
പഠിത്തത്തിനിടയിലും കഴിയുംപോലെ ചെടികളും തൈകളും നട്ട്, കൃഷിയുമായി ബന്ധപ്പെട്ട നൂതനമായ കാര്യങ്ങളൊക്കെ മനസ്സിലാക്കി.


എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സമയത്താണ് 'ഇവിടം സ്വര്‍ഗമാണ്' എന്ന സിനിമ കാണാനിടയായത്. സിനിമയിലെ ഓര്‍ഗാനിക് ഫാമിങ്ങും മഴവെള്ള സംഭരണിയുമൊക്കെ എന്നെ ഒരുപാട് ആകര്‍ഷിച്ചു. സിനിമയിലേതുപോലെ ഒരു ഫാം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. അതെന്റെ സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു. 2011-ലാണ് ബെംഗളൂരുവിലെ ഐ.ടി. കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നത്. അവിടെ എത്തിയതും അകത്തെയും പുറത്തെയും പച്ചപ്പ് നഷ്ടപ്പെട്ടതുപോലെ. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുനടുവിലെ ജീവിതം ശ്വാസംമുട്ടിച്ചു. അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസില്‍ കൃഷി ചെയ്താലോ എന്ന്. കൂട്ടുകാര്‍ക്കൊപ്പം മൈതാനത്ത് നിന്ന് കളിച്ചുവരുമ്പോള്‍ കുറേശ്ശെ മണ്ണ് ശേഖരിച്ചുകൊണ്ടുവരും. അങ്ങനെ 150 ഗ്രോബാഗുകളില്‍ മണ്ണ് നിറച്ചു. പതിയെ വെജിറ്റബിള്‍ ടെറസ് ഫാമിങ് തുടങ്ങി. അത് നോക്കാനും പരിപാലിക്കാനുമൊക്കെയായി കുറച്ചുപേരെയും സെറ്റാക്കി. ഈ കൃഷിരീതി മാധ്യമങ്ങളില്‍ ശ്രദ്ധനേടി.'

ദൂരങ്ങള്‍താണ്ടി ഉഴുതുമറിച്ച കൃഷിയിടങ്ങള്‍
കൃഷിയും ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു വിവാഹം. ബെംഗളൂരുവിലേക്ക് കുടുംബത്തെ കൂടെക്കൂട്ടിയപ്പോള്‍ പുതിയൊരിടത്തേക്ക് താമസം മാറ്റേണ്ടിവന്നു. അവിടെയാണെങ്കില്‍ ഒരു തരത്തിലും കൃഷി ചെയ്യാന്‍ വീട്ടുടമ സമ്മതിച്ചില്ല. എന്തുചെയ്യുമെന്ന് പിടികിട്ടാതിരിക്കുന്ന സമയത്താണ് ശൂളഗിരിയില്‍ നിന്ന് ബൈജു എന്ന ചേട്ടന്‍ എന്നെ വിളിക്കുന്നത്. ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില്‍ എന്റെ സ്റ്റോറി കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രോജക്ടില്‍ കൂടെക്കൂടുന്നോ എന്നും ചോദിച്ചു. ഞാന്‍ വരാമെന്ന് സമ്മതിച്ചു. ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരത്താണ് ഈ ലൊക്കേഷന്‍. അദ്ദേഹത്തിന് റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു. കൃഷി അറിയുന്നൊരാളെ പാര്‍ട്ണറാക്കാനാണ് എന്നെ വിളിച്ചത്. ഞാനന്വേഷിച്ചതും കൃഷിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയായിരുന്നു. എല്ലാംകൂടി ഒത്തുവന്നപ്പോള്‍ ഇതാണ് നല്ല സമയമെന്ന് തോന്നി. ദൂരം എനിക്ക് പ്രശ്‌നമേ അല്ലായിരുന്നു. ഇതുപോലൊരു അവസരം പിന്നീട് കിട്ടണമെന്നില്ലല്ലോ.

കൃഷിയിടത്തെ പണികള്‍ ചെയ്യാനായി ഞാനൊരു ടീം ഉണ്ടാക്കി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് പണിക്കാരുമായി ശൂളഗിരിയിലേക്ക് പോകും. ഞായറാഴ്ച വൈകുന്നേരം തിരിച്ചുവരും. നാട്ടില്‍ നിന്ന് ഏഴു ജോലിക്കാരെയാണ് കൊണ്ടുവന്നത്. ആദ്യം തന്നെ കൃത്യമായൊരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഒരു മോഡല്‍ പ്ലോട്ടുണ്ടാക്കി കൃഷിയിടത്തിന് ലേ ഔട്ട് നല്‍കി. കുട്ടിക്കാലംതൊട്ടുള്ള ചങ്ങാതിയായ ലത്തീഫിനെ ടീം ലീഡറുമാക്കി. അവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്തു. അത് വിജയകരമായപ്പോള്‍ 40 കിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്തും ഇതുപോലെ കൃഷിയിടമൊരുക്കി. അന്ന് മോള്‍ക്ക് പത്ത് മാസമാണ് പ്രായം. അവളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. കൃഷിയിടങ്ങളോട് ചേര്‍ന്ന് ചെറിയൊരു കൂര പണിതു. ഞങ്ങള്‍ അവിടെ താമസിച്ചു. പിന്നീട് അഞ്ച് ഏക്കറില്‍ കൃഷി തുടങ്ങി. പതിനേഴ് ഏക്കര്‍, അമ്പത് ഏക്കര്‍, കൂടിക്കൂടി 150 ഏക്കറായി കൃഷി വിപുലമായി. അങ്ങനെ പലപല ഭാഗങ്ങളിലായി ഏകദേശം മൂന്ന് പ്രോജക്ടുകള്‍ എനിക്ക് കിട്ടി. മൊത്തം മുന്നൂറ് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു. തുടര്‍ന്ന് ഞാനൊരു കമ്യൂണിറ്റി ഉണ്ടാക്കി. കൃഷിയില്‍ താത്പര്യമുള്ളവരെല്ലാം ആ കമ്മ്യൂണിറ്റിയുടെ ഭാഗമായി. ഒരു കുടുംബത്തിനുവേണ്ട പഴങ്ങളും പച്ചക്കറികളും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനായുള്ള പരിശ്രമങ്ങളാണ് പിന്നീട് നടത്തിയത്.


വീട്ടിലൊരുക്കാം ഈഡിബിള്‍ ലാന്‍ഡ്സ്‌കേപ്പിങ്
2018-ന് ശേഷമാണ് ഫിലോസന്‍ എന്ന ഫാം മാനേജ്‌മെന്റ്് കമ്പനി തുടങ്ങിയത്. എങ്ങനെ കൃഷി ചെയ്യാമെന്നതിനെക്കുറിച്ചും പരിപാലനവും
റിസര്‍ച്ചുമൊക്കെയാണ് ഇവിടെ പഠിപ്പിക്കുന്നത്. പക്ഷേ അതുമാത്രം പോരാ എന്ന് ചിന്തിച്ചപ്പോഴാണ് ലാന്‍ഡ്‌സ്‌കേപ്പിങ് മേഖലയിലേക്ക് കൂടി ചുവടുവെച്ചത്. പിന്നീട് സുഹൃത്തായ മുസ്തഫയ്‌ക്കൊപ്പം ഗ്രീനറ ലൈഫ് എന്ന മറ്റൊരു കമ്പനിയും തുടങ്ങി. രണ്ട് വര്‍ഷം മുമ്പാണ് അങ്ങനെയൊരാശയം മനസ്സിലുദിച്ചത്. ഇക്കോളജിക്കല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ആയിരുന്നു പ്ലാന്‍. അപ്പോഴേ ഫാം ടൂറിസത്തെക്കുറിച്ചും ഞങ്ങള്‍ ആലോചിച്ചു തുടങ്ങിയിരുന്നു. കാരണം കൃഷി ചെയ്ത് വിളകള്‍ വില്‍ക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഒരുപാട് ലാഭം കിട്ടില്ല. സ്ഥിരവരുമാനം അല്ലാത്തതുകൊണ്ട് അതില്‍ കുറച്ച് റിസ്‌ക്കുണ്ട്. എന്നാല്‍ ഫാം ടൂറിസമായാല്‍ വരുമാനമാര്‍ഗം കൂടിയായി അത് മാറും. അങ്ങനെ ഫാം ടൂറിസത്തെ പിന്തുണയ്ക്കാനായി കിലുക്ക എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റിയുണ്ടാക്കി. ഫാമുകളിലെ വീടുകളും അതിനായി ഉപയോഗപ്പെടുത്തി. അവിടെ കാടുപിടിപ്പിച്ചു. ഫോറസ്‌ട്രേഷന്‍ മെത്തേഡ് ആണ് ഞങ്ങള്‍ പ്രയോഗിച്ചത്. ഒരു മനുഷ്യന് എങ്ങനെ സസ്റ്റെയിനബിളായി ജീവിക്കാമെന്ന് അതിലൂടെ പലര്‍ക്കും മനസ്സിലായി. ഒരു വീടായാലും, അവിടെ ചെയ്യുന്ന ലാന്‍ഡ്‌സ്‌കേപ്പിങ് ആയാലും തോട്ടമായാലും അവയെല്ലാം തന്നെ പച്ചത്തുരുത്തായി മാറുകയായിരുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് ശ്രദ്ധാപൂര്‍വം കൃഷി ചെയ്യാനും അതില്‍ നിന്ന് ആദായം ലഭിക്കണമെങ്കില്‍ സസ്റ്റെയിനബിളായി ജീവിക്കാനും പഠിച്ചു. അഗ്രോ ടൂറിസം എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് ഇപ്പോള്‍. ഒപ്പം ഫാം ടൂറിസത്തെക്കുറിച്ചുള്ള ഗൈഡന്‍സും നല്‍കുന്നുണ്ട്. മറ്റുള്ള കമ്പനികളും യൂണിറ്റുകളുമൊക്കെ സഹായം ചോദിച്ചുവരാറുണ്ട്.

ഇപ്പോള്‍ സ്വന്തമായി മൂന്ന് കമ്പനികളായി. ഫിലോസന്‍ ഫാംസിന് മുന്നൂറോളം ഉപഭോക്താക്കളുണ്ട്. ബെംഗളൂരുവില്‍ കൃഷി ചെയ്യാനും പരിപാലിക്കാനും സമയമില്ലാത്തവരെ സഹായിക്കുന്ന ടീമുമുണ്ട്. പല സെലിബ്രിറ്റികളുടെയും രാഷ്ട്രീയനേതാക്കളുടെയും സംരംഭകരുടെയുമൊക്ക ഭൂമി പച്ചപ്പാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയുടെ പലഭാഗങ്ങളിലുമായി പ്രോജക്ടുകള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. ചെറിയരീതിയിലാണെങ്കിലും പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്തുകൊടുക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്ടുമുണ്ട്. ഓര്‍ണമെന്റല്‍ ചെടികള്‍ക്കൊപ്പം ഈഡിബിള്‍ ലാന്‍ഡ്‌സ്‌കേപ്പിങ് എന്ന രീതിയിലാണ് ചെടികളും തൈകളും നടുന്നത്. ചക്ക, മാങ്ങ, സപ്പോട്ട തുടങ്ങി പൂന്തോട്ടത്തിന്റെ ഭംഗി കളയാത്ത രീതിയില്‍ പഴങ്ങളും മറ്റും ലഭിക്കുന്ന ചെടികള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ചെയ്തുകൊടുക്കും. 25000 രൂപ മുതലാണ് അതിന് ചെലവ് വരുന്നത്. പലതരം രീതികളടങ്ങുന്ന പദ്ധതികളില്‍ നിന്ന് ആവശ്യമായത് തിരഞ്ഞെടുക്കാം.

placeholder
കുടുംബത്തിനൊപ്പം
കുടുംബത്തിനൊപ്പം

എനിക്കൊപ്പം ഭാര്യ റമീഷയുമുണ്ട്. അവളാണ് കമ്പനിയുടെ അക്കൗണ്ട്‌സ് കാര്യങ്ങളൊക്കെ നോക്കുന്നത്. കൂടാതെ കിലുക്ക കമ്യൂണിറ്റിയുടെ ഷെഫുമാണ്. മകള്‍ ഹവ്വ, മകന്‍ ഒമര്‍. കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വര്‍ക്ക്‌ഷോപ്പുകളും ഇവന്റുകളും ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഹൊസൂരാണ് താമസം. ഇവിടെയും ചെറിയൊരു ഭക്ഷ്യവനം പന്തലിച്ചുതുടങ്ങിയിട്ടുണ്ട്. ജീവിക്കാനുള്ള വക ഈ മണ്ണില്‍ തന്നെയുണ്ടെന്നേ...