മേയ് പന്ത്രണ്ടിന് തങ്കമ്മാ സുശീലന്റെ എഴുപത്തിയഞ്ചാംപിറന്നാളാണെന്ന് അഞ്ച് പെണ്‍മക്കളും മറന്നുപോയിരുന്നു. പതിനൊന്നാംതീയതി രാവിലത്തെ ഗുഡ് മോര്‍ണിങ് വാട്ട്‌സാപ്പ് മെസേജിനൊപ്പം തങ്കമ്മതന്നെ അഞ്ചുപേരെയും അതോര്‍മിപ്പിച്ചു. രാത്രി കൃത്യം പന്ത്രണ്ടുമണിക്ക് തങ്കമ്മയും ഫ്‌ളാറ്റിലെ സഹായി മോളിക്കുട്ടിയും ചേര്‍ന്ന് കേക്ക് മുറിക്കുന്നുണ്ട്. മക്കളെല്ലാവരും സൂംകോളില്‍ പങ്കുചേരണം. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അഞ്ചുപേരും സമ്മതിച്ചു. അമ്മ ഇനി എത്രകാലം ഉണ്ടെന്നാ!
വൈകീട്ടുതന്നെ തങ്കമ്മയും മോളിയും ഒരുക്കങ്ങള്‍ തുടങ്ങി. ലിവിങ് റൂം ചെറുതായൊന്ന് അലങ്കരിച്ചു. പ്രത്യേകം പറഞ്ഞുണ്ടാക്കിയ റെയിന്‍ബോ കേക്ക് ഭദ്രമായി ഫ്രിഡ്ജില്‍ വെച്ചു. സ്പായിലെ സനോജ് പറഞ്ഞതുപ്രകാരം കുന്തളകാന്തി തേച്ച് വിസ്തരിച്ച് കുളിച്ച് പന്ത്രണ്ടുമണിക്കുവേണ്ടി തങ്കമ്മ റെഡിയായി.
മക്കളില്‍ നാലുപേരും കൃത്യസമയത്തുതന്നെ സൂംകോളില്‍ വന്നു. മെല്‍ബണിലുള്ള രണ്ടാമത്തെ മോള് ഓഫീസിലെ മീറ്റിങ് കഴിഞ്ഞ് ഉടനെ വരാമെന്ന് മെസേജ് ഇട്ടു.
'കാത്തിരിക്കേണ്ട, ഈ മൊമെന്റ് ഇനി വരില്ലല്ലോ. അവള് വരുമ്പോ വരട്ടെ.' തങ്കമ്മ തീരുമാനം പറഞ്ഞു.
ഉറക്കപ്പിച്ചിലുള്ള നാല് മക്കള്‍ക്കും അത് നൂറുവട്ടം സമ്മതം. അങ്ങനെ തങ്കമ്മ കേക്ക് മുറിച്ചു. എല്ലാരും ഹാപ്പി ബര്‍ത്ഡേ പാടി.
''പിറന്നാള് ഞങ്ങള്‍ക്ക് സ്പെഷലാണ്. അമ്മയ്‌ക്കെന്താ ഞങ്ങള് ബര്‍ത്ഡേ ഗിഫ്റ്റായിട്ട് തരേണ്ടത്?'' ആഘോഷം കഴിഞ്ഞപ്പോ മൂത്ത മോള് ചോദിച്ചു. അത് കേള്‍ക്കേണ്ട താമസം ബാക്കിയുള്ളവരും തങ്കമ്മയെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ജോലി നിര്‍ത്തി രണ്ടാമത്തെ മോളും വന്നു. ബര്‍ത്ഡേ മിസ് ചെയ്തതുകൊണ്ട് എന്തെങ്കിലും അമ്മയ്ക്ക് സ്പെഷലായി തരണമെന്നായി അവള്‍ക്ക്. അധികം നിര്‍ബന്ധിക്കാതെതന്നെ തങ്കമ്മ ആവശ്യം പറഞ്ഞു.
''നാല് പല്ല് റൂട്ട് കനാല്‍ ചെയ്യാനുണ്ട്. നിനക്കത്ര നിര്‍ബന്ധമാണെങ്കില്‍ നീ അതങ്ങ് ചെയ്തുതന്നോ.''
''അതിനാണോ പ്രയാസം. എന്ത് ചെലവ് വരും?'' രണ്ടാമത്തെ മോള് ചോദിച്ചു.
'' ട്രീറ്റ്മെന്റിന് ഒരു പതിനാറായിരം രൂപ. ക്യാപ് ഒരെണ്ണം നല്ലതിന് പതിനായിരം രൂപയെങ്കിലും വേണമെന്നാ ഡോക്ടര്‍ പറഞ്ഞേ.''
''അപ്പൊ ഏകദേശം ഒരുലക്ഷം. ഡണ്‍!'' രണ്ടാമത്തെ മോള് പേടിച്ചില്ല.
പക്ഷേ, മെല്‍ബണില്‍ ജോലിയില്ലാത്തതുകൊണ്ട് ബാക്കി മക്കള്‍ പേടിച്ചു. സംശയിച്ച് മൂത്ത മോള്‍ ചോദിച്ചു.
''അപ്പൊ ഞങ്ങള്‍ എന്താ തരേണ്ടത് അമ്മയ്ക്ക്?''
''നിങ്ങള്‍ എല്ലാരും വേറെവേറെയാണോ തരുന്നേ, അതോ ഒരുമിച്ചാണോ ഉദ്ദേശിക്കുന്നെ?''ബാക്കിയുള്ള നാലുമക്കളും ഞെട്ടി.
മുന്‍പൊക്കെ എന്തുവേണമെന്ന് ചോദിച്ചാല്‍ നിങ്ങളൊക്കെ ഇടയ്ക്ക് വിളിച്ചാ മാത്രം മതി എന്ന് പറഞ്ഞിരുന്ന അമ്മയാണ്! ധൈര്യം സംഭരിച്ച് മൂന്നാമത്തെ മോള് പറഞ്ഞു.
''അമ്മയ്ക്ക് എന്താ വേണ്ടേന്ന് പറ.''
''അങ്ങനാണെങ്കി നീ എന്റെ റൂമില്‍ ഒരു എ.സി. വെച്ചുതന്നാ മതി.'' കൂളായി അമ്മ പറഞ്ഞു.
എ.സി.ക്ക് കൂടിപ്പോയാ ഒരു മുപ്പതിനായിരം. മൂന്നാമത്തെ മോള് ഹാപ്പിയായി ഓക്കേ പറഞ്ഞു.
''എല്ലാം ഇവരോട് പറഞ്ഞാ എങ്ങിനാ അമ്മേ. ഞാനല്ലേ മൂത്തത്, ഞാന്‍ എന്താ തരേണ്ടേ?'' മൂത്ത മോള്‍ക്ക് ഈഗോ അടിച്ചു.
തങ്കമ്മ ഒന്ന് ചിന്തിച്ചു.
'നിന്റെ വക ഒരു ട്രെഡ് മില്‍ മതിയെടി'
'ട്രെഡ് മില്‍ ഓ! അതൊക്കെ അമ്മയ്ക്ക് ശരിയാവുമോ?' മോള്‍ക്ക് സംശയമായി. ഇനിയോരോന്ന് വാങ്ങിക്കൊടുത്തിട്ട് പുലിവാല് വേണ്ടല്ലോ.
'ഒരു കൊഴപ്പൂല്ല്യ. ഒരു നാല് അല്ലെങ്കില്‍ നാലര സ്പീഡിലൊക്കെ എന്റെ ഇപ്പോഴത്തെ ആരോഗ്യംവെച്ച് സ്റ്റെഡിയായി നടക്കാം. നല്ല കമ്പനി നോക്കി മേടിക്കണം പക്ഷേ.''
മൂത്തമോള് അപ്പൊതന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഏകദേശം ഇരുപത്തയ്യായിരമേ വിലയുള്ളൂ. സമാധാനം.
നാലാമത്തോളോടും അഞ്ചാമത്തോളോടുമായി തങ്കമ്മ പറഞ്ഞു.

placeholder
വര: ഉള്യേരിക്കാരൻ


''നിങ്ങള്‍ രണ്ടുപേരുംകൂടി പറ്റുംച്ചാ എനിക്കൊരു ഐഫോണ്‍ മേടിച്ചുതാ. 12 പ്രോ ഇപ്പൊ ഇറങ്ങീട്ടില്ലേ, അത് മതി.''
''അമ്മയ്ക്കിപ്പോ നല്ല സ്മാര്‍ട്ട്ഫോണ്‍ ഓള്‍റെഡി ഉണ്ടല്ലോ.''നാലാമത്തോള് സംശയിച്ചു.
'ഇത് സ്ലോ ആയി. 12 പ്രോ ആവുമ്പൊ കുറച്ചുകൂടി സമാധാനം ഉണ്ട്.''
'ആണല്ലേ' രണ്ടുമക്കളും ഒന്ന് നിശ്വസിച്ചു. അവരുടെ കൈയില്‍പോലും 12 പ്രോ ഇല്ല. പക്ഷേ, അഞ്ചുമക്കള്‍ക്കുംകൂടിയുള്ള പന്ത്രണ്ട് പേരക്കുട്ടികളെ പ്രസവംതൊട്ട് നോക്കിയ അമ്മകൂടിയാണ് ചോദിക്കുന്നത്. കൂടുതല്‍ ചിന്തിക്കുന്നതില്‍ അര്‍ഥമില്ല.
''മേടിക്കാം അമ്മേ. പഴേ ഫോണ്‍ എന്നാ മോളിച്ചേച്ചിക്ക് കൊടുത്തോളൂ'' അഞ്ചാമത്തെ മോള് പറഞ്ഞു.
അമ്മയ്ക്കത് ഇഷ്ടപ്പെട്ടില്ല.
''ഇവള്‍ക്കെന്തിനാ ഈ പഴേത്? അത് ഞാന്‍ പുതിത് വേറെ മേടിച്ചുകൊടുത്തോളാം, അല്ലേടി?''
''എനിക്കീ പഴയതായാലും മതി ചേച്ചി.'' മോളി വിനയാന്വിതയായി.
'അത് പോരാ'.തങ്കമ്മ കര്‍ക്കശം പറഞ്ഞു. മക്കള്‍ എല്ലാരും സീരിയസായി.
'എന്നാ അങ്ങനെ' നാലാമത്തെ മോള് സയലന്‍സ് മുറിച്ചു.
''വേറെന്താ അമ്മേ വിശേഷം? അഞ്ചുമിനിറ്റില്‍ എനിക്ക് വേറെ മീറ്റിങ് ഉണ്ട്'' രണ്ടാമത്തെ മോള് തിരക്കുകൂട്ടാന്‍തുടങ്ങി.
''പിന്നെന്താ മോളെ. ഇവിടെ അടിച്ചുപൊളിച്ച് ജീവിക്കുന്നു. നിങ്ങളൊക്കെ അവിടെ ഹാപ്പി അല്ലെ?''
''അതെ അമ്മേ, ശശിയേട്ടന്‍ ടൂറിലാ. മനുമോന് ഈ മാസം അവസാനം എക്സാം തുടങ്ങും.''
''അവരുടെ കാര്യമല്ല ഞാന്‍ ചോദിച്ചത്. പരീക്ഷയും ടൂറും ഒക്കെ അവര് ചെയ്‌തോളും. നീ അവിടെ പൊളിച്ചുജീവിക്കുന്നില്ലേ?''
രണ്ടാമത്തെ മോള് ഒന്ന് സംശയിച്ചു. പിന്നെ ചിരിച്ചുപറഞ്ഞു.
''പിന്നേ, ഒക്കെ അടിപൊളി''
'അത് മതി, നിങ്ങളോ?'
ബാക്കി നാലുപേരും അത്രതന്നെ സംശയിച്ചു. അവരും പറഞ്ഞു
''ഞങ്ങളും ഇവിടെ അടിപൊളി''
''എനിക്കത് കേട്ടാമതി. അപ്പൊ എല്ലാരും സന്തോഷായിട്ട് പോയി ഉറങ്ങേ, ജോലിചെയ്യേ എന്താച്ചാ ചെയ്യൂ... ഞാനും മോളിയും നെറ്റ്ഫ്‌ളിക്സില് ഒരു സിനിമ കാണാന്‍ പോവ്വാ, അപ്പൊ ഗുഡ് നൈറ്റ്.''
എല്ലാ മക്കളും ഗുഡ്‌നൈറ്റ് പറഞ്ഞ് സൂംകോള്‍ അവസാനിപ്പിച്ചു. തങ്കമ്മയും മോളിയും പുലര്‍ച്ചെവരെ പെപ്‌സി കുടിച്ച് സിനിമ കണ്ടിരുന്നു. പക്ഷേ, എന്തുകൊണ്ടോ അന്ന് തങ്കമ്മയുടെ നാല് മക്കള്‍ക്കും സുഖമായി ഉറങ്ങാനോ ഒരു മോള്‍ക്ക് നേരാംവണ്ണം ജോലിചെയ്യാനോ പറ്റിയില്ല.