ജീവിതയാത്രയ്ക്കിടയിൽ നമുക്ക് നഷ്ടമായിപ്പോകുന്ന ചിലതുണ്ട്. സന്തോഷം അന്വേഷിക്കുമ്പോഴും അതു കണ്ടെത്താനാകാതെ അന്വേഷികളായി അലയേണ്ടി വരുന്ന മനുഷ്യർ. അവർ പിന്നെ എവിടെയോ വച്ച് ജീവിതത്തെ തിരിച്ചു പിടിക്കുന്നു. ആ തിരിച്ചുപിടിക്കൽ ജീവിതത്തെ പുതിയൊരു വസന്തകാലത്തിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതമെന്നത് ഒരു പോരാട്ടഭൂമിയായി മാറുമ്പോൾ, സന്തോഷമെന്നത് ഒരു മരീചികയായി മാറുന്നു. എല്ലാനേട്ടങ്ങളും സന്തോഷത്തിന് വേണ്ടിയാണ്. എന്നാൽ ആ നേട്ടങ്ങൾക്കൊന്നും സന്തോഷം പ്രദാനം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുമ്പോൾ ജീവിതം ഊഷരഭൂമിയായി പരിണമിക്കുന്നു. സന്തോഷമെന്നത് നട്ടുവളർത്തി പരിപാലിച്ച് എടുക്കേണ്ട ഒരു ചെടി പോലെയാണ്. ഓരോ നിമിഷവും ജാഗ്രത്തോടെ ആസ്വദിച്ച് ജീവിക്കുന്നതിന്റെ മനോഹാരിത വെളിപ്പെടുത്തുകയാണ് അശ്വതി ശ്രീകാന്തിന്റെ 'സന്തോഷത്തിന്റെ സമവാക്യങ്ങൾ' എന്ന പുസ്തകം.

To advertise here,

ഒരു ലൈഫ് കോച്ചായ അശ്വതി ശ്രീകാന്ത് ജീവിത പ്രശ്‌നങ്ങളുമായി തന്നെ സമീപിച്ച നിരവധി മനുഷ്യരെക്കുറിച്ച് പറയുന്ന അറിവുകൾ വായനക്കാരനിൽ തിരിച്ചറിവായി പടരുന്നിടത്താണ് ഈ പുസ്തകം മൂല്യവത്താകുന്നത്. വലിയ നേട്ടങ്ങൾ കീഴടക്കുമ്പോൾ പോലും ശൂന്യതയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. ആ ശൂന്യമായ ലോകത്തെക്കുറിച്ച്, ഈ പുറം കാഴ്ചകൾക്കും ബഹളങ്ങൾക്കും നേട്ടങ്ങൾക്കുമപ്പുറം താൻ ആരാണ് എന്ന ചിന്തയാണ് മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഇത്തരം emotional mumbness ബാധിച്ച മനുഷ്യർക്ക് ജീവിതത്തിലെ നൻമകളെ അറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കും. ചെറിയ നേട്ടങ്ങളെപ്പോലും ആഘോഷിക്കാനും വലിയ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കാനുമാണ് കുഞ്ഞുന്നാൾ മുതൽ കുട്ടികളെ ശീലിപ്പിക്കേണ്ടത്. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാനും ജീവിതം ആഘോഷിക്കാനും ശ്രമിക്കുന്നത് ബ്രെയിനിന്റെ സർഗ്ഗശേഷി വർദ്ധിപ്പിക്കും. സൈക്ലിങ്ങും നാട്ടുവഴിയിലൂടെയുള്ള സഞ്ചാരവും ഗൃഹാതുരത്വമായ കാര്യങ്ങളുമൊക്കെ ആസ്വദിക്കുകയും ജീവിതത്തിലെ നേട്ടമായിക്കാണാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന്റെ ഗതി മാറും. ഇങ്ങനെ ഏതെങ്കിലും ചില പ്രവൃത്തികൾ നൽകി ബ്രെയ്‌നിനെ കൂടുതൽ കാര്യക്ഷമമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്.

നമ്മുടെ സാമൂഹ്യചിന്തകളിൽ നിലനിൽക്കുന്ന ചില മൂല്യങ്ങൾ അത് സ്ത്രീമനസ്സിൽ സൃഷ്ടിക്കുന്ന ആശങ്കകൾ, ട്രോമകൾ ഇതെല്ലാമാണ് 'ക്ഷമിക്കണം പക്ഷേ എപ്പോൾ ?' എന്ന അധ്യായത്തിൽ വിഷയമായി വരുന്നത്. ക്ഷമിക്കാൻ വേണ്ടി മനുഷ്യർ സഹിക്കേണ്ടി വരുന്ന സ്ട്രെസിനെ കുറിച്ച്, സ്നേഹത്തെക്കാൾ മഹത്ത്വവൽക്കരിക്കപ്പെട്ട ഗുണമായ ക്ഷമയെക്കുറിച്ച് സംസ്‌കാരവും മതങ്ങളും വിശ്വാസങ്ങളും ഉദ്‌ഘോഷിക്കാറുണ്ട്. നമ്മളെ ദ്രോഹിച്ച വ്യക്തിയോട് ക്ഷമിക്കുക എന്നത് ഹീലിങ്ങിന്റെ ആദ്യ പടിയാണ്. എന്നാൽ ഹീലിങ്ങിന്റെ ഒടുവിൽ മാത്രമായിരിക്കും നമ്മുടെ സകലദുഃഖങ്ങൾക്കും കാരണക്കാരനായിരുന്ന വ്യക്തിയോട് ക്ഷമിക്കാനാവുക. ക്ഷമ എന്ന വികാരത്തെ പുതിയ തലത്തിൽ കാണാൻ ഈ കുറിപ്പ് പ്രേരിപ്പിക്കുന്നു. നമ്മളെ ദ്രോഹിച്ചവരോട് ഉപാധികൾ ഒന്നുമില്ലാതെ ക്ഷമിക്കുക എന്നത് സാധാരണ മനുഷ്യന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ചിന്താരീതിയാണ്. എന്നാൽ അതൊരു തോറ്റുകൊടുക്കൽ അല്ലെന്നും ഉള്ളിൽ വഹിക്കുന്ന ഭാരത്തെ ഇറക്കിവച്ച് മനഃസമാധാനത്തോടെ മുന്നേറാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ചിലർക്ക് കഥയായി എഴുതുമ്പോഴായിരിക്കാം അത് മനസ്സിൽ നിന്നും ഇറങ്ങിപ്പോകുന്നത്. നിർബന്ധപൂർവ്വം ക്ഷമ ആരുടെ മേലും അടിച്ചേൽപ്പിക്കേണ്ടതില്ല.  മാനസികമോ വൈകാരികമോ ശാരീരികമോ ആയ ആരോഗ്യത്തെ ബാധിക്കാത്തവിധം അതിനെ  ചാനലൈസ് ചെയ്ത് സ്വയം ഹീൽ ചെയ്യാം. സ്വയം ചില ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുകയും മനസ്സിലെ കനൽ കഷ്ണം പൊള്ളുമെന്ന് തോന്നുകയും ചെയ്താൽ അത് ഒരു പേപ്പറിൽ എഴുതി കാറ്റിൽ പറത്തിയിട്ട് let go ചെയ്ത് മുന്നോട്ട്പോകേണ്ടതുണ്ട്.

മറ്റുള്ളവരെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനുമായി ധാരാളം സമയം ചെലവഴിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ധാരാളം റെഡ് സിഗ്‌നലുകൾ ബന്ധങ്ങളിൽ നിന്ന് കിട്ടിയാലും അത് മനസ്സിലാക്കാതെ പോകുന്ന മനുഷ്യരുണ്ട്. പണവും സമയവും ഒരാൾക്ക് വേണ്ടി ചെലവഴിച്ചിട്ടും നീതി കിട്ടിയില്ല എന്ന തോന്നൽ, വിഡ്ഢിയാക്കപ്പെട്ടു എന്ന തിരിച്ചറിവ് നമ്മളെ പൊള്ളിക്കും. മറ്റൊരാൾക്ക് സ്‌നേഹം നൽകുന്നതിന് വേണ്ടി തന്റേതായിരുന്ന എല്ലാം ഉപേക്ഷിച്ച് സ്വയം നഷ്ടപ്പെടുത്തി ആ ട്രോമാ ബോണ്ടിങ്ങിൽ നിന്ന് എച്ചിൽ പോലെ എറിഞ്ഞ്കിട്ടുന്ന സ്‌നേഹത്തിന് വേണ്ടി പിന്നെയും കാത്തിരിക്കും. ഇത്തരം മിഥ്യാബോധങ്ങളിൽ നിന്നും ചാടിയിറങ്ങിയാൽ സമാധാനമുള്ളാരു ലോകം പുറത്തുണ്ട്. ശീലിച്ചുപോയ അരക്ഷിതത്വങ്ങളിൽ അവർ സ്വയമൊളിപ്പിക്കും. അത് മനസ്സിലാക്കുന്നവർ അവരെ ചവിട്ടി അരയ്ക്കും. എന്തുകൊണ്ടിത് മനസ്സിലാക്കാതെ പോകുന്നു എന്നതിന്റെ പ്രധാന കാരണം നമ്മുടെ ബ്രെയിൻ പ്രോസസിങ്ങാണ്. നമ്മുടെ ജീവിതകഥയെ സ്വയം റീഫ്രെയിം ചെയ്യുക. ആത്മവിമർശനം കൊണ്ട് തളർന്നിരിക്കുന്ന മനുഷ്യരോട് എഴുത്തുകാരി പറയുന്നത് മറ്റുള്ളവരോട് കാട്ടുന്നതിനേക്കാൾ ദയയും സ്‌നേഹവും നമ്മളെന്ന വ്യക്തി അർഹിക്കുന്നുണ്ടെന്നാണ്.

ഉള്ളിലെ കുട്ടിയെ കാണുകയും അറിയുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഏതൊരു വ്യക്തിയുടേയും പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നർ ചൈൽഡിനെ സംതൃപ്തനാക്കാൻ കഴിയാതിരിക്കുന്നിടത്താണ് പല പ്രശ്‌നങ്ങളുടേയും തുടക്കം. സന്തോഷകരമായ സുരക്ഷിതമായ ബന്ധമായിരുന്നു ഒരു കുട്ടിക്ക് ബാല്യകാലത്ത് ലഭിച്ചിരുന്നതെങ്കിൽ കുട്ടി സന്തോഷവാനും ആത്മവിശ്വാസമുള്ളവനും ആയിരിക്കും. എന്നാൽ അവഗണന, വിമർശനം എന്നീ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ ദുഃഖത്തിലും ഭയത്തിലും അരക്ഷിതാവസ്ഥയിലുമായിരിക്കും മുതിർന്നവ്യക്തിയായിരിക്കുമ്പോൾ പോലും ജീവിക്കുക. ഇത്തരം ദുരനുഭവങ്ങളെ അംഗീകരിക്കുകയും ഉള്ളിലെ കുട്ടിക്ക് വേണ്ടതെന്താണെന്ന് കണ്ടെത്തി അതു ചെയ്യുകയുമാണ് ഇതിൽ നിന്ന് പുറത്ത്കടക്കാനുള്ള ഏറ്റവും നല്ലമാർഗ്ഗം. കുടുംബകാര്യങ്ങൾ എല്ലാം ചുമലിലേറ്റുന്ന ചേച്ചിയമ്മമാരായി വളരുന്ന കുട്ടികൾ മുതിരുമ്പോൾ എല്ലാഭാരവും തങ്ങളുടെ ചുമലിലാണ് എന്ന ചിന്തയിൽ സ്വന്തം ഇഷ്ടങ്ങൾ നോക്കാതെ ഒന്നിനും ബൗണ്ടറി വയ്ക്കാൻ അറിയാതെ ആർക്കൊക്കെയോ വേണ്ടി ജീവിതം നഷ്ടപ്പെടുത്തും. ഇത്തരക്കാരാണ് 'പീപ്പിൾ പ്ലീസേഴ്‌സ്' ആയി മാറുന്നത്. ഇതിന്റെ പ്രധാനകാരണം എതിർത്ത് പറഞ്ഞാൽ ഇഷ്ടം നഷ്ടപ്പെടുമെന്ന വിചാരമാണ്. ആരെയും വിശ്വാസമില്ലാത്ത ചില മനുഷ്യരുണ്ട്. പങ്കാളിയുമായുള്ള ബന്ധത്തിൽ, പാരന്റിംഗ് രീതികളിൽ ഒക്കെ ഇതിന്റെ പ്രതിഫലനം കാണാം. സ്‌നേഹവും സുരക്ഷിതത്വവും ധാരാളം അനുഭവിച്ച് വളർന്നവർക്ക് പങ്കാളിയോടും അത്തരത്തിലുള്ള ബന്ധമാകും ഉണ്ടാവുക. അല്ലാത്തവർക്ക് എല്ലാ ബന്ധങ്ങളിലും ഒരു തരം anxious attachment ആയിരിക്കും. സ്‌നേഹം പ്രകടിപ്പിക്കാത്ത മാതാപിതാക്കളുടെ മക്കൾ എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കണം എന്നറിയാത്തവരായാണ് വളരുന്നത്. കുട്ടിക്കാലഅനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് വ്യക്തിത്വം രൂപപ്പെടുന്നത്. ഭയപ്പെടുത്തിയ തിരുത്തലുകൾ താൽക്കാലിക പ്രശ്നപരിഹാരം മാത്രമേ നൽകാറുള്ളൂ. നമ്മുടെ ബ്രെയ്‌നിൽ പല പ്രായങ്ങളിലായി രൂപം കൊണ്ട പാറ്റേണുകളുടെ ഫലമായാണ് ഇത്തരം ചിന്താഗതികൾ രൂപപ്പെടുന്നത്. ജേണലിങ്, തെറാപ്പി, മെഡിറ്റേഷൻ, അഫർമേഷൻസ് എന്നിവയിലൂടെ ഇത്തരം ബാല്യകാല അനുഭവങ്ങളിൽ നിന്ന് പുറത്ത്കടക്കാം.

നമ്മുടെ മനസ്സിനെ സ്വസ്ഥമായി നിലനിർത്താനും അർഹതയില്ലാത്തവരോട്‌പോലും ക്ഷമിച്ചു കൊടുക്കാം. സാഹചര്യത്തിന് അനുയോജ്യമല്ലാത്തവിധം വികാരഭരിതരാകുന്നത് നമ്മുടെ ഊർജ്ജം കുറയ്ക്കും. എനർജി എവിടെയാണ് ഇൻവെസ്റ്റ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കിയെടുക്കേണ്ടത് പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണ്. അനാവശ്യമായി കമന്റുകൾ പറയുന്ന ആൾക്കാരോട് മറുപടി പറയാൻ നിൽക്കരുത്. അർഹിക്കുന്ന വ്യക്തികൾക്ക്, കാര്യങ്ങൾക്ക്, സ്ഥലങ്ങൾക്ക് ഒക്കെവേണം പ്രാധാന്യം കൊടുക്കാൻ. ആവശ്യമെന്ന് തോന്നുന്നിടത്ത് മാത്രം പ്രതികരിക്കുക. നിരന്തരം മാനിപ്പുലേറ്റ് ചെയ്യുന്നവർ, പരദൂഷണക്കാർ, മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ മാത്രം പറയുന്നവർ ഇവരെല്ലാം ഇത്തരത്തിൽ എനർജി ഊറ്റുന്നവരാണ് (energy vampires). മറ്റൊരാളിന്റെ പെരുമാറ്റം ഒരിക്കലും നമ്മുടെ നിയന്ത്രണത്തിൽ അല്ല. ഓരോ പ്രതികരണത്തിന് മുമ്പും ഇത്തരം ആൾക്കാർക്ക് വേണ്ടി ഞാനെന്തിനെന്റെ സമയവും പണവും കളയണമെന്ന് ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സമയം നഷ്ടപ്പെടുത്തുന്ന മറ്റൊരു സ്വഭാവരീതിയാണ് അനാവശ്യവിവരണങ്ങൾ (over explain). അനാവശ്യമായ തർക്കങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും ആളറിഞ്ഞ് എനർജി കൊടുക്കാനും നമ്മൾ പഠിക്കണം.

നമ്മൾ ആരോടൊപ്പം സമയം ചെലവഴിക്കുന്നു എന്നത് ഏറെ പ്രസക്തമാണ്. ചുറ്റുമുള്ളവരുടെ എനർജി നമ്മളിലേക്ക് പ്രസരിക്കാറുണ്ട്. അതുകൊണ്ട് തന്നെ സന്തോഷം കെടുത്തിക്കളയുന്ന വ്യക്തികളോടുളള സംസാരം കുറയ്ക്കാം. നമ്മുടെ മെന്റൽ ബാരിയേഴ്‌സിനെ, പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങളെ സ്വയം തോന്നിയതോ മറ്റാരോ പറഞ്ഞ് വിശ്വസിപ്പിച്ചതോ ആയ ചിന്താഗതികളെ കണ്ടെത്തുക. അതാണ് സത്യമെന്ന് നമ്മൾ കരുതുന്നിടത്തോളം അതാണ് സത്യം. മങ്ങിയ കണ്ണടയിലൂടെ മാത്രം നോക്കി നിറമില്ലാത്ത ലോകത്തെക്കുറിച്ച് പരാതിപ്പെടും പോലെയാണത്. നമ്മുടെ വിശ്വാസങ്ങളെ നിരന്തര പരിശ്രമത്തിലൂടെ നമുക്ക് മാറ്റിയെടുക്കാം. അഫർമേഷൻസിലൂടെ നമുക്ക് നമ്മളെ മാറ്റിയെടുക്കാനും പഴകിയുറച്ചു പോയ വിശ്വാസങ്ങളെ മാറ്റി പുതിയവയെ വച്ച് പിടിപ്പിക്കാനും കഴിയും. സ്ലീപ്പ് ടേപ്പുകൾക്ക് ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ കഴിയും. വർഷങ്ങളായി തനിക്ക് പറ്റില്ലെന് ഉറച്ച് വിശ്വസിച്ചിരുന്ന കാര്യം ഭംഗിയായി ചെയ്യുന്നത് വിഷ്വലൈസ് ചെയ്യുക, മാനിഫെസ്റ്റേഷനിലൂടെ നമുക്ക് നമ്മളെ മാറ്റിയെടുക്കാം. പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്ന വിശ്വാസങ്ങളെ കണ്ടെത്താം. അവയെ മാറ്റിയെടുക്കാനായി നമുക്ക് നമ്മളോട് തന്നെ സംസാരിക്കാം. വളർച്ചയെ തടയുന്ന ചിന്തയെ, വിശ്വാസത്തെ മാറ്റിയെഴുതാം. മൊബൈലിൽ തോണ്ടി നമ്മൾ കളയുന്ന വിലപ്പെട്ട സമയത്തെ തിരിച്ചു പിടിക്കാം, മാറ്റിവയ്ക്കൽ ശീലത്തെ മാറ്റിയെടുക്കാം ഇതിനായി നമുക്ക് തന്നെ പാരിതോഷികങ്ങൾ നൽകി ബ്രെയ്‌നിനെ പുതിയ പ്രവൃത്തികൾ ചെയ്യാനായി പാകപ്പെടുത്താം.

ചിന്തോദ്ദീപകമായ അനുഭവങ്ങളിലൂടെ വ്യക്തികളുടെ ചിന്തയിലും വികാരത്തിലും മാറ്റങ്ങൾ വരുത്തി നമ്മുടെ തന്നെ പുതിയൊരു വേർഷനെ സൃഷ്ടിക്കാൻ ഈ പുസ്തകത്തിന്റെ സൂക്ഷ്മ വായനയിലൂടെ സാധിക്കും. ലളിതമായ അവതരണശൈലിയും യാഥാർത്ഥ്യബോധമുള്ള ജീവിതാനുഭവങ്ങളും ഈ പുസ്തകത്തെ മികവുറ്റതാക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi