ജീവിതയാത്രയിൽ നിരന്തരമായി വരുന്ന തടസ്സങ്ങൾ സന്തോഷത്തെ കെടുത്തി കളയാം. സ്വയം മനസ്സിലാക്കൽ, മനസ്സിനെ അറിയൽ ഇതെല്ലാം ഇത്തരം അവസ്ഥകളിൽ അസാധ്യമായേക്കാം. ഈ അവസ്ഥകളിൽ ഉഴലുന്ന മനുഷ്യരെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ് ശ്രീ. ഷൗക്കത്തിൻ്റെ'ധ്യാനം' എന്ന പുസ്തകം. ധ്യാനവും സ്നേഹവും ഒന്ന് തന്നെയാണെന്നും അത് പഠിപ്പിക്കാനോ സ്വാംശീകരിക്കാനോ കഴിയാത്തതാണെന്നും ജീവിതത്തെ കൂടുതൽ തെളിമയോടെ കാണാൻ സഹായിക്കുന്ന ഒരു അവസ്ഥയാണ് ധ്യാനം എന്നുമാണ് ഈ പുസ്തകം പറഞ്ഞു വയ്ക്കുന്നത്. ചിന്തകളോട് യുദ്ധത്തിൽ ഏർപ്പെടാതെ ഒരു സാക്ഷിയായി തുടരേണ്ടത് സ്വച്ഛന്ദമായ ജീവിതത്തിന് ആവശ്യമാണ്. ധ്യാനം എന്നത് സന്യാസിമാർ ഹിമാലയ സാനുക്കളിൽ നിന്നും ആർജ്‌ജിച്ച അവസ്ഥാ വിശേഷമല്ല മറിച്ച് ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും നമുക്ക് ധ്യാനനിരതരാകാം. കുട്ടിയുടെ മനസ്സും നിർമ്മലതയും സൂക്ഷിച്ചുകൊണ്ട് നമുക്ക് ധ്യാനത്തിലേക്ക് സഞ്ചരിക്കാം. ദാർശനിക വിഷയങ്ങളിൽ നിന്ന് ആത്മീയ വിഷയങ്ങളെ മോചിപ്പിക്കുകയും ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയുമാണ് എഴുത്തുകാരൻ ചെയ്യുന്നത്.  

To advertise here,

ചിന്തകളെ നിയന്ത്രിക്കുന്നതിനും അപ്പുറം ചിന്തകളെ അറിയാൻ ശ്രമിക്കുന്നതാണ് ധ്യാനം. ഒരു ചെറിയ കുഞ്ഞിനെപ്പോലെ മുൻവിധികളില്ലാതെ വരുന്ന ജീവിതത്തെ നിഷ്ക്കളങ്കമായി സ്വീകരിച്ചുകൊണ്ട് ഭയം, അഹങ്കാരം, മുഖംമൂടികൾ ഒക്കെയും ഉപേക്ഷിച്ച് പച്ചയായ മനുഷ്യനായി മനുഷ്യൻ്റെ സ്വാഭാവികത്വത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നു. ഞാൻ എന്ന സങ്കല്പത്തെ ഉടച്ചുവാർക്കാൻ ശ്രമിക്കുന്നു. മൈൻ്റ്ഫുൾനെസ്സിൽ ജീവിക്കാൻ , ഭൂതകാലത്തിലോ ഭാവി കാലത്തിലോ ജീവിക്കുന്നതിനു പകരം അന്നന്ന് ജീവിക്കുകയെന്നതാണ് പ്രധാനം. ധ്യാനം എന്നത് ഭൗതിക ജീവിതത്തിനിടയിലും ഈ നിമിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങളിൽ ഇടപെടുമ്പോൾ പോലും ധ്യാനത്തിൽ നിന്ന് വേർപെടുന്നില്ല. ഭാര്യയോട്, സുഹൃത്തിനോട്, മക്കളോട് ഒക്കെയും ഇടപെടുമ്പോൾ എല്ലാം തന്നെ ധ്യാനാവസ്ഥയിലൂടെ കടന്നുപോകുന്നു. ധ്യാനം ജീവിതത്തിന് പുറത്തല്ലെന്നും ജീവിതത്തിനുള്ളിൽ തന്നെയാണെന്നും വിശദീകരിക്കുന്നതോടൊപ്പം ധ്യാനത്തിലൂടെ വിരിഞ്ഞുവരുന്ന സ്നേഹത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. മരത്തെ കേൾക്കാനും മഴയെ അറിയാനും ശാന്തമായി ആനന്ദിക്കാനും ചുറ്റുമുള്ള പ്രകൃതിയെ അറിയാനും പ്രേരിപ്പിക്കുന്നു. തത്വചിന്തകരുടേത് മാത്രമായതല്ല ധ്യാനം . അതൊരു മതവിശ്വാസവും അല്ല. അത്യന്തം ജാഗ്രതയോടെ, സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു ജീവിത രീതിയാണ്.

'താഴ്വരയുടെ സംഗീതം' എന്ന അധ്യായം ധ്യാനത്തെ പ്രണയത്തോടാണ് ഉപമിച്ചിരിക്കുന്നത്. ഏതൊരു പ്രണയിക്കും ഇന്ന കാരണം കൊണ്ടാണ് പ്രണയിച്ചത് എന്ന് വെളിപ്പെടുത്താൻ ആവില്ല. എല്ലാ കാരണങ്ങൾക്കും അപ്പുറം കാരണമായ ചിലതുണ്ട്. തണുത്തുറഞ്ഞു കിടക്കുന്ന പർവ്വതങ്ങളെ മുറിച്ചു കടക്കുന്നവരെ പോലെ അത്രയും ജാഗ്രതയോടെ ശ്രദ്ധാലുക്കൾ ആയി വേണം അത് ചെയ്യാൻ. അത്തരം യാത്രകളിൽ പ്രാണൻ പോലും നിശ്ചലം ആയിരിക്കും. ജീവിക്കുന്ന ഓരോ നിമിഷവും ശ്രദ്ധയോടെ സ്വയം നിയന്ത്രിച്ചു ജീവിതം ജീവിക്കാൻ കഴിയുന്ന അവസ്ഥയാണത്. സ്വർഗ്ഗ നരകങ്ങൾ ഭൂമിയിൽ തന്നെയാണെന്നും ഈ ജീവിതത്തിൽ അറിയാതെ പറഞ്ഞുപോയ വാക്ക് ജീവിതത്തിൽ നരകം സൃഷ്ടിക്കുമെന്നും പറയുന്നു. കോപം കൊണ്ട് ഉള്ള് തിളയ്ക്കുമ്പോഴും അവധാനതയോടെ അത് അടക്കാൻ കഴിഞ്ഞവന് നരകത്തിന്റെ വാതിലിൽ നിന്ന് രക്ഷപ്പെടാനാകും. അതീവ ശ്രദ്ധയോടെ ജീവിച്ചാൽ മാത്രമേ ജീവിതം സ്വച്ഛന്ദവും ശാന്തവും ആയി മാറുകയുള്ളൂ. ഓരോ നിമിഷവും ശ്രദ്ധയോടെ ആയിരിക്കേണ്ടതിന്റെ ആവശ്യകത ഇത് ഓർമ്മിപ്പിക്കുന്നുണ്ട്. അതിഥി ഏറ്റവും നല്ലവൻ ആയിരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ദീർഘമായി വിവരിക്കുന്നുണ്ട്.

നമുക്ക് എല്ലാത്തിനും ധൃതിയാണ്. ഈ ധൃതിയാണ് ജീവിതം കാലുഷ്യപൂർണ്ണമാക്കി മാറ്റുന്നത്. കാലം ഉണക്കാത്ത മുറിവുകളെല്ലാം പതിയെ ഉണങ്ങിത്തുടങ്ങും. അതിനായി നിരവധി ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ചെടി വളർന്നു വികസിക്കുന്നത് പോലെ സ്വാഭാവികമായി ഇടപെടാൻ മനുഷ്യന് പലപ്പോഴും കഴിയാറില്ല. ഏറ്റവും അടുത്തുള്ള ആത്മമിത്രങ്ങളോടു പോലും സത്യസന്ധമായി നമ്മളെ വെളിപ്പെടുത്താൻ നമുക്ക് കഴിയാറില്ല. പൊങ്ങച്ചവും ദുരഭിമാനവും നമ്മളെ ചതിച്ചു കൊണ്ടിരിക്കും. ഉള്ളുണർന്ന ഗുരുക്കന്മാർ ഇതിൽ നിന്നും ഒക്കെ തികച്ചും വ്യത്യസ്തരായിരുന്നു. മനുഷ്യനിലുള്ള എല്ലാ അസ്വസ്ഥതകളുടെയും കാരണം വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാൻ കഴിയാതെ പോകുന്നതാണ്, എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നതാണ്. ഗുണങ്ങളെല്ലാം സഹജ സ്വഭാവം ആകണമെങ്കിൽ കാത്തിരിക്കണം അവ ആർജ്ജിക്കുന്നത് വരെ കാത്തിരിക്കണം. അപ്പോൾ മാത്രമേ തിരക്ക് അവസാനിക്കുകയും വെമ്പൽ അവസാനിക്കുകയും സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുകയും ചെയ്യുകയുള്ളൂ. അങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് സ്വാഭാവികമായി പരിണമിക്കുന്നവരെ താവോയിൽ ആയവർ ( താവോയിസവുമായി ബന്ധപ്പെട്ട ) എന്നു പറയും. ആ അവസരത്തിൽ മനുഷ്യർ ശരീരത്തെയും മനസ്സിനെയും സ്നേഹിച്ചു തുടങ്ങും. "എത്ര നാളത്തെ യാത്രയിലൂടെ ആർജ്‌ജിച്ചതാണ് ഈ ശരീരവും മനസ്സും എന്നറിയുമ്പോൾ അതിനെ സ്നേഹിക്കാതിരിക്കാനാകില്ല. ആ സ്നേഹം അഹന്തയെ ഉണർത്താതെ വിനയത്തോടെ ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഉണരാൻ ഇരുന്നു കൊടുക്കുക എന്നത് സമാധാനത്തിനു വേണ്ടി ശരീരത്തെ നോക്കുന്നത് പോലെ മനസ്സിനെയും ശ്രദ്ധിക്കുകയെന്നതാണ്. മനസ്സിനെ ശ്രദ്ധയോടെ പരിപാലിക്കാൻ കഴിഞ്ഞാൽ മാത്രമേ ജീവിതത്തിൽ സമാധാനം ഉണ്ടാവുകയുള്ളൂ. ജീവിതത്തെ സ്നേഹിക്കാൻ, ജീവിതത്തിൽ സമാധാനം നിറയ്ക്കാൻ മനസ്സിന് സമയം കൊടുക്കണം. "ജീവിതം എങ്ങനെയുണ്ട്?" എന്ന ചോദ്യത്തിന് "ധന്യമായി പോകുന്നു" എന്നു മറുപടി പറയാൻ കഴിയണം. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാൻ പഠിക്കണം. നമുക്ക് നമ്മൾ അന്യരായിരിക്കുന്നതിന് കാരണം ഉള്ളിലുള്ള പ്രാണനെ അറിയാൻ ശ്രമിക്കാത്തതുകൊണ്ടാണ്. സദാ നമുക്കൊപ്പമുള്ള പ്രാണനൊപ്പം സ്നേഹത്തോടെ ഇരിക്കാൻ നമ്മൾ ശ്രമിക്കാറില്ല. ഈ പ്രാണനിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് ശ്വാസോച്ഛ്വാസത്തിലൂടെയാണ്. പ്രാണന്റെ കൂടെ ആയിരിക്കുമ്പോൾ, പ്രാണനെ അറിയുമ്പോൾ വാൽസല്യവും കരുണയും പ്രണയവും എല്ലാം നമ്മിൽ ജ്വലിക്കണം. ഏറ്റവും പ്രിയപ്പെട്ട ഒരു സാധനം സ്വന്തമായി കഴിഞ്ഞാൽ ശ്രദ്ധയോടെ സൂക്ഷിക്കുന്നത് പോലെ ജീവിതത്തെയും കൃത്യമായി ആസ്വദിച്ച് സൂക്ഷിക്കണം. ജീവിതത്തിൻ്റെ ലക്ഷ്യം ജീവിതമാണെന്ന അറിവിലേക്ക് സ്വയം നയിക്കണം. ഒന്നിനുവേണ്ടിയും ബലം പിടിക്കാതെ ഒന്നിനോടും യുദ്ധം ചെയ്യാതെ, അതിജീവിക്കാതെ വിശ്രമത്തോടെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്.

ശാരീരികവും മാനസികവും ബൗദ്ധികവുമായ നിരന്തര പ്രക്രിയകളിൽനിന്നും പ്രാണനെ മോചിപ്പിക്കണം. നിരന്തരമായി പ്രക്രിയകളിൽ പെട്ട് ക്ഷീണിച്ചിരിക്കുന്ന ബോധത്തെ അതിൻ്റെ ഇഷ്ടത്തിന് വിടുക. നല്ലതും മോശവുമായ ചിന്തകൾ പൊങ്ങി വരാം. ആ ചിന്തകളെ അടക്കാൻ ശ്രമിക്കേണ്ടതില്ല. ചിന്തകൾ ഉയർന്നു വരുമ്പോൾ അതിന് മുകളിൽ കയറി കൂടുതൽ ബുദ്ധിമുട്ടാക്കേണ്ടതില്ല. ഒന്നിനെക്കുറിച്ചും മൗനമായി വിലപിക്കേണ്ടതിന്റെ ആവശ്യവുമില്ല. അതിന് കുറച്ചു സമയം കൊടുത്താൽ മാത്രം മതി. നമ്മൾ വെറുതെയിരുന്ന് കൊടുത്താൽ മതി. ശ്വാസം അകത്തേക്കും പുറത്തേക്കും ഒഴുകുന്നതിലേക്ക് നിഷ്‌കാമിയായി ഇരുന്നു കൊടുക്കുക. ജീവന് അതിൻ്റെ ജോലി ചെയ്യാനായി സ്വതന്ത്രമായി വിട്ടു കൊടുത്തേക്കുക.

ധ്യാനാവസ്ഥയെ കുറിച്ച് വളരെ സത്യസന്ധമായി, ആഴത്തിലുള്ള അവലോകനമാണ് ഈ പുസ്തകം നടത്തുന്നത്. ഇന്ദ്രിയങ്ങളെയെല്ലാം സജീവമായി നിലനിർത്തപ്പെടുന്ന ഒരു അവസ്ഥയിലാകുക എന്നത് പരമപ്രധാനമാണ്. അത് അനുഭൂതിയിലേക്കും ആന്തരികമായ ഉണർവിലേക്കും മനുഷ്യനെ നയിക്കും. തന്റെ ധ്യാനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ഒരു പെൺകുട്ടിയോട് തോന്നിയിരുന്ന സ്നേഹം അദ്ദേഹത്തെ ശാന്തനാക്കുകയും അവളുടെ നോട്ടുബുക്ക് കെട്ടിപ്പിടിച്ച് ഉറങ്ങുകയും ആ നോട്ട്ബുക്കിനോട് പോലും സ്നേഹം തോന്നുകയും ചെയ്യുന്നത് ധ്യാനസമാനമായ അവസ്ഥയാണ്. അത് ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു. ധ്യാനത്തിൽ നിന്നും മൗനത്തിലേക്കുള്ള യാത്ര അത് മനസ്സിനെയും ബുദ്ധിയെയും ഹൃദയത്തെയും എല്ലാം അതതിന്റെ ലോകങ്ങളിൽ സ്വതന്ത്രമായി വ്യാപിപ്പിക്കലാണ്. വലിപ്പ ചെറുപ്പമില്ലാതെ ചിന്തയും വാക്കും പ്രവർത്തിയും എല്ലാം ഒന്നാകുന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്.

ജീവിത തിരക്കുകൾക്കിടയിൽ ഉള്ളിലേക്ക് നോക്കാൻ മറന്നു പോകുന്ന മനുഷ്യരെ ആത്മപരിശോധനയിലൂടെ ആന്തരിക സമാധാനത്തിലേക്ക് നയിക്കാൻ ഈ പുസ്തകത്തിന് കഴിയും. നല്ലതോ ചീത്തയോ സങ്കീർണ്ണമായതോ ആയ അവസ്ഥകളെ ഒക്കെ നേരിട്ട് സന്തുലിതമായി ജീവിതത്തെ കാണാൻ പ്രേരിപ്പിക്കുന്ന ഈ പുസ്തകം ഭൗതികവാദികൾക്കും ആത്മീയ വാദികൾക്കും ഒരു മുതൽക്കൂട്ടാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi