മനുഷ്യമനസ്സിനുള്ളിലെ പൊള്ളുന്ന വേദനകൾ, ജീവിതയാഥാർത്ഥ്യങ്ങൾ, കപടതകൾ ഇതെല്ലാം ശക്തമായ ഭാഷയിലും നവീനമായ ആഖ്യാനശൈലിയിലും അവതരിപ്പിക്കാനുള്ള കഴിവാണ് ശ്രീ. കെ.എസ്. രതീഷിനെ വ്യത്യസ്തനാക്കുന്നത്. നിഷ്‌ക്കാസിതർക്കും മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർക്കും വേണ്ടിയാണ് അദ്ദേഹത്തിൻ്റെ തൂലിക ചലിക്കുന്നത്. ഒരേ സമയം തന്നെ നൻമനിറഞ്ഞവനും സ്വാർത്ഥനും നികൃഷ്ടനുമായി പരിവർത്തിതനാകാനുള്ള മനുഷ്യൻ്റെ കഴിവ്, നിഷ്‌ക്കാസിതരും പാർശ്വവത്കൃതരുമായ മനുഷ്യരുടെ വേദനകൾ, നിരാശകൾ ഇതൊക്കെയും അലിവോടും ആർദ്രതയോടും കൂടി അവതരിപ്പിക്കുകയാണ് 'ഹീനയാനം' എന്ന കഥാസമാഹാരം.

To advertise here,

പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി ജയിലിൽ പോയ മിത്രൻ എന്ന മകൻ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ യാഥാർത്ഥ്യങ്ങളാണ് 'ശോഭീന്ദ്രൻ സ്മാരക വായനശാല 'എന്ന കഥയിലെ പ്രമേയം.

അജയൻ തൻ്റെ ഭാര്യയായ അമ്പിളിയോട് ശോഭീന്ദ്രൻ മാഷുടെ പേരിലുള്ള വായനശാലയ്ക്ക് താൻ തീവയ്ക്കുമെന്നും മിത്രനെ പുറത്തിറക്കാൻ വക്കീലിനെ വെച്ച് ജാമ്യം നൽകുമെന്നും പറയുന്നത് കേട്ട് പണ്ടെപ്പൊഴോ അയാളിൽ ഉണ്ടായിരുന്ന ഭ്രാന്തിൻ്റെ തുടക്കമാണെന്ന് കരുതി അമ്പിളി വായനശാലാ പ്രവർത്തകരോടും ശോഭീന്ദ്രൻ മാഷുടെ അഭ്യുദയകാംക്ഷികളോടുമെല്ലാം ഇതിനെക്കുറിച്ച് പറയാനായി പോകുമ്പോൾ അജയൻ താനറിഞ്ഞ യാഥാർത്ഥ്യം ചിന്തകളിലൂടെ വായനക്കാരിലേക്ക് പകരുന്ന രീതിയിലാണ് കഥാവതരണം .

ശോഭീന്ദ്രൻ മാഷ് നാടിൻ്റെ വെളിച്ചമായിരുന്നു. എന്നാൽ മകനായ മിത്രൻ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടതിൻ്റെ ആഘാതത്തിലാണ് മൂന്നാം ദിവസം അദ്ദേഹം മരിക്കുന്നത്. പ്രതിയായ മിത്രനെ പിടികൂടി പോലീസിൽ ഏൽപ്പിക്കാനും ശോഭീന്ദ്രൻ സ്മാരക വായനശാല പണികഴിപ്പിക്കാനും മുന്നിൽ നിന്നത് മാഷിൻ്റെ പ്രിയശിഷ്യനും വനം വകുപ്പിൽ ക്ലർക്കുമായ അജയനായിരുന്നു. മനസ്സിന്റെ താളം ഒരല്പം പിഴച്ച സമയത്ത് അജയന് ചികിത്സ ഉറപ്പാക്കിയതും അവന് പ്രണയമുണ്ടായിരുന്ന അമ്പിളിയെയും വീട്ടുകാരെയും പറഞ്ഞു മനസ്സിലാക്കിയതും ശോഭീന്ദ്രൻ മാഷ് ആയിരുന്നു. ജോലി, വീട് , ദാമ്പത്യം അങ്ങനെ നാട്ടിലുള്ളവർക്ക് ഏത് കാര്യത്തിനും മാഷ് വേണമായിരുന്നു.

മിത്രൻ നാട്ടിലെത്തിയ ശേഷം മാഷ് പുറത്തിറങ്ങാതായി. അമ്പിളിയായിരുന്നു മാഷിൻ്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. എന്നാൽ മിത്രൻ വന്നതോടെ മറ്റാരെയും ആ വീട്ടിലേക്ക് അടുപ്പിക്കാതെയായി. ഒരു ദിവസം അജയൻ ധൈര്യം സംഭരിച്ച് ആ വീട്ടിലേക്ക് കയറിച്ചെന്നുവെങ്കിലും ഇറങ്ങിപ്പോരുമ്പോൾ മിത്രൻ തടഞ്ഞു. മാത്രമല്ല ഇനി അങ്ങോട്ടേക്ക് കയറി വരേണ്ടെന്നും തൻ്റെ അച്ഛൻ്റെ കാര്യങ്ങൾ നോക്കാൻ തനിക്കറിയാമെന്നും ഭീഷണിയുടെ സ്വരത്തിൽ പറയുന്നു. സാറിനെ കാണാനായി നിർബന്ധം പിടിച്ചവരെയെല്ലാം മിത്രൻ വിരട്ടി ഓടിച്ചു. സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുമ്പ് ശോഭിസാറിനെ അതിഥിയായി ക്ഷണിക്കാൻ അജയനും നാട്ടുകാരും ചെന്നപ്പോൾ ഗേറ്റിന് സമീപമുള്ള പട്ടിക്കൂടിനുള്ളിൽ മാഷിനെ പൂട്ടിയിട്ടിരുന്നു. അദ്ദേഹത്തിൻ്റെ കരച്ചിലിന്റെ ശബ്ദം ആസ്വദിച്ച് ആ രംഗങ്ങൾ നോക്കിയിരിക്കുകയായിരുന്നു മിത്രൻ. പട്ടിക്കൂടിൻ്റെ വാതിൽ വലിയൊരു താഴിട്ട് പൂട്ടിയിരുന്നു. അജയൻ്റെ കരച്ചിൽ കേട്ട് വന്ന അമ്പിളിയാണ് ഒരു കല്ലെടുത്ത് കൊളുത്ത് ഇടിച്ച് മാറ്റിയത് . വാർത്തിട്ട കൂടിൻ്റെ മുകൾ ഭാഗം അജയനും കൂട്ടുകാരും ചേർന്ന് പൊളിച്ചാണ് മാഷിനെ പുറത്തെടുത്തത്. മാത്രമല്ല മാഷിൻ്റെ കാലിന്റെ വിരലുകൾ ചുറ്റികകൊണ്ട് അടിച്ചു ചതച്ചിരുന്നു. ഇതിനിടയിൽ ഉണ്ടായ മുറിവുകളിൽ നിന്ന് രക്തം ഒഴുകി കൂട്ടിനുള്ളിൽ തളം കെട്ടിക്കിടക്കുന്നത് ചാനലുകളെല്ലാം വലിയ വാർത്തയാക്കുകയും മിത്രൻ അറസ്റ്റിലാകുകയും ചെയ്തു. ഇതിന് ശേഷം മൂന്നാം ദിവസമാണ് മാഷ് മരിക്കുന്നത്.

മാഷിൻ്റെ ചിത്രം വരച്ച അമ്പിളിയാണ് ശോഭീന്ദ്രൻ സ്മാരക വായനശാല എന്ന ആശയം മുന്നോട്ടുവച്ചത്. അതൊരു വിശുദ്ധന്റെ ആരാധനാ കേന്ദ്രം പോലെയായി മാറി. പുസ്തകങ്ങൾ വാങ്ങിക്കാനുള്ള വലിയ തുകയും കെട്ടിടം നിർമ്മിക്കാനുള്ള സഹായവുമായി വന്ന ശിഷ്യനായ പോലീസുകാരനെ ആദരിക്കാൻ ഉദ്ഘാടന ദിവസം സംഘാടകർ ആഗ്രഹിച്ചു. വായനശാലയുടെ ഏതാ വശ്യത്തിനും ധാരാളം പണം അയാൾ നൽകിയിരുന്നു. വാർഷികാഘോഷത്തിന്റെ കാര്യം പറഞ്ഞപ്പോഴേക്കും ആ ചെലവും പോലീസുകാരൻ ഏറ്റെടുത്തു. എന്ന് മാത്രമല്ല അജയന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്ലൊരു തുകയും ഉടൻ വന്നു ചേർന്നു. ഇത്രമാത്രം സഹായങ്ങൾ ചെയ്തിരുന്ന പോലീസുകാരനെ ഈ വാർഷികത്തിന് പൊന്നാട പുതപ്പിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് അജയൻ നേരിട്ട് ക്ഷണിക്കാനായി ജയിലിൽ എത്തിയത്. എന്നാൽ താൻ മാഷിൻ്റെ ശിഷ്യനല്ലെന്നും പറഞ്ഞ് അയാൾ ഒരു ജയിൽപ്പുള്ളിയുടെ അരികിലേക്ക് അജയനെ കൊണ്ടുപോകുന്നു. നാട്ടുകാർക്ക് നൻമ ചെയ്തിരുന്ന ശോഭീന്ദ്രൻ സാർ തൻ്റെ അമ്മയെ ഉപദ്രവിക്കുന്ന അതിക്രൂരനായിരുന്നുവെന്നും അച്ഛനെ തടയാൻ ശ്രമിച്ചതിൻ്റെ പേരിൽ പല രാത്രികളിലും അതേ പട്ടിക്കൂട്ടിൽ തനിക്ക് കിടക്കേണ്ടിവന്നിട്ടുണ്ടെന്നും അയാൾ പറയുന്നു. ക്രൂരത കൊണ്ട് മടുത്താണ് താൻ തീവണ്ടി കയറി നാടുവിട്ടത്. മാത്രമല്ല തൻ്റെ അമ്മ ഇയാളുടെ ക്രൂരത സഹിച്ചു മടുത്തു കിണറ്റിൽ ചാടി മരിച്ചതോ അയാൾ തള്ളിയിട്ടു കൊന്നതോ എന്താണെന്ന് പോലും അറിയില്ല എന്നും പറയുന്നു. അമ്മ നിലവിളിച്ചാലും അയാൾ മകനെ പട്ടിക്കൂട്ടിലാക്കുമായിരുന്നു. ഇതെല്ലാം കേട്ട അജയൻ ശോഭീന്ദ്രൻ മാഷ് താനുൾപ്പെടെയുള്ള നാട്ടുകാരോട് പറഞ്ഞിരുന്ന കഥകളോർക്കുന്നു. കിണർ വൃത്തിയാക്കുന്നത് നോക്കി സംസാരിച്ചു നിൽക്കുമ്പോൾ അതിനുള്ളിലേക്ക് ഭാര്യ തല ചുറ്റി വീണതാണെന്നും മകനെ ബോംബെയിൽ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നും ഒക്കെയാണ് അയാൾ വിശ്വസനീയമായി അവതരിപ്പിച്ചിരുന്നത്. കൂടാതെ അമ്മയുടെ കാലിലെ വിരലുകൾ രാത്രികളിൽ അടിച്ചു ചതയ്ക്കാറുണ്ടായിരുന്ന ചുറ്റിക താൻ വെറുതേ എടുത്തു നോക്കിയത് മുതലാണ് മാഷിൻ്റെ സമനില തെറ്റിയതെന്നുമുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. അതിന് ശേഷം നിങ്ങൾ സ്മാരക നിർമ്മാതാക്കൾ കെട്ടിയുണ്ടാക്കി കൊട്ടിഘോഷിക്കുന്ന പലതും അവർ അർഹിക്കുന്നതാണെന്ന് ഉറപ്പുണ്ടോ എന്നു ചോദിക്കുന്നു.

അതോടെയാണ് അജയൻ സത്യം മനസ്സിലാക്കുന്നതും മിത്രനെ രക്ഷിക്കാൻ തീരുമാനിക്കുന്നതും എന്നാൽ അപ്പോഴേക്കും അമ്പിളിയുടെ നേതൃത്വത്തിൽ വീട് തല്ലിപ്പൊളിക്കാനായി നാട്ടുകാർ വീട്ടിലേക്ക് വന്നിരുന്നു. കല്ലുകളുമായി അമ്പിളിയുടെ സംഘം കതക് തള്ളി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

സത്യം പറയാൻ ശ്രമിക്കുന്ന അജയന് വിശ്വസിപ്പിക്കാനാവാത്ത വിധം ആഴത്തിലാണ് ശോഭീന്ദ്രൻ മാഷിന് ജനമനസ്സുകളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞത്. ശോഭീന്ദ്രൻ മാഷ് എന്ന നാർസിസിസ്‌റ്റിന് ഒപ്പം ജീവിച്ച് മരവിച്ച് പോയ ഹൃദയങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന ഈ കഥ ഏറെ ഹൃദയസ്പർശിയാണ്. സ്വയം കേന്ദ്രീകൃത വ്യക്തിത്വ (നാർസിസം) സ്വഭാവത്തിന്റെ ഇരയാണ് ശോഭീന്ദ്രൻ മാഷ്. താനാണ് ഏറ്റവും മികച്ചത് എന്ന് സ്ഥാപിക്കാനായി അതിന് ഉപോത്ബലകമായ നിരവധി പെരുമാറ്റ രീതികൾ സമൂഹത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇവർ അതി സമർത്ഥരാണ്. നിരന്തരം പ്രശംസയും അംഗീകാരവും ആഗ്രഹിക്കുന്ന ഇവർക്ക് വിമർശനം സഹിക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ള മനുഷ്യരോട് സഹാനുഭൂതി വളരെ കുറവായതു കൊണ്ടാണ് സ്വന്തം ഭാര്യയെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിക്കുന്നത് പോലുള്ള ക്രൂരതകൾ ചെയ്യുന്നത്. സ്വന്തം വിജയങ്ങൾ വലുതാക്കി കാണിക്കുകയും പരാജയങ്ങൾ മറ്റുള്ളവരുടെ മേൽ ചുമത്തുകയും ചെയ്യാനുള്ള പ്രവണത വലിയ തോതിലുള്ള ഇത്തരക്കാർ താനൊരു പ്രത്യേക വ്യക്തി ആണെന്ന് വിശ്വസിക്കുകയും ചുറ്റുമുള്ള കുടുംബാംഗങ്ങളെ വിലകുറച്ച് കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ വ്യക്തിത്വ വൈകല്യത്തെക്കുറിച്ച് പേരെടുത്ത് പറയുന്നില്ലെങ്കിൽ പോലും മാഷിൻ്റെ പെരുമാറ്റത്തിലൂടെയും മിത്രന്റെ വാക്കുകളിലൂടെയും അത് സൂചിപ്പിക്കുന്നുണ്ട്. മാന്യതയുടെ പുതപ്പിനുള്ളിൽ തങ്ങളുടെ യഥാർത്ഥ മുഖം ഒളിപ്പിക്കുന്ന ഇവർക്ക് സമൂഹത്തിൽ പലപ്പോഴും ദിവ്യത്വ പരിവേഷമാണ് ലഭിക്കാറുള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന കപട മുഖങ്ങളെ തുറന്നു കാണിക്കുകയും കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിൽ നടക്കുന്ന ഫാസിസ്റ്റ് രീതികളെ വെളിപ്പെടുത്തുകയും ചെയ്യുന്ന ഈ കഥ പെരുമാറ്റ വൈകല്യങ്ങളുള്ള നിരവധി മനുഷ്യരുള്ള ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

ടാമറിൻ്റ്

പരാജയപ്പെട്ട ആദ്യ വിവാഹത്തിന് ശേഷമാണ് ഷീലു ടീച്ചർ ലാൽവിൻ എന്ന സഹ അധ്യാപകനുമായി പ്രണയത്തിലാകുന്നത്. എന്നാൽ തൻ്റെ സ്‌കൂളിലെ അനൂജെന്ന കുട്ടിയുമായി ചേർത്ത് അവിഹിതം ആരോപിക്കുന്നതോടെ അവർ ജീവിതത്തിലും ഒറ്റപ്പെടുന്നു. ടീച്ചറുടെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ തന്നെ ഭാര്യയുമായി ശാരീരികമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ടു മുറിയിൽ ഉറങ്ങിയിരുന്നവരാണ് അവർ. വളരെ പെട്ടെന്ന് തന്നെ ഭർത്താവ് മരിച്ചു പോവുകയും കുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്തതിനാൽ ഒരു വിധവാ പരിവേഷത്തിൽ ജീവിക്കാൻ താൽപ്പര്യം ഇല്ലാത്തതിനാലാണ് അവർ സ്വന്തം നാട്ടിൽ നിന്ന് ഈ സ്‌കൂളിലേക്ക് വരുന്നത്.

കാടിന് നടുവിലുള്ള ഒരു റിസോർട്ടിലാണ് അവർ പ്രണയ പൂരണത്തിനായി ഒത്തുകൂടാറുള്ളത്. എന്നാൽ പ്രണയം ക്രമേണ ചൂഷണത്തിലേക്ക് വഴിമാറുമ്പോൾ അവർ തകർന്നുപോകുന്നു. അനൂജ് എന്ന വിദ്യാർത്ഥിയുടെ അമ്മ ഇവർ തമ്മിലുള്ള മൊബൈൽ ചാറ്റ് കണ്ടുപിടിക്കുകയും അതിൻ്റെ പേരിൽ സ്‌കൂളിൽ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൽ ആരംഭിക്കുന്ന കഥ ടാമറിൻ്റ്( പുളി) എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ബന്ധങ്ങൾക്കുള്ളിലെ അമ്ലത്വവും രസക്കേടുമാണ് സൂചിപ്പിക്കുന്നത്. ഈ പ്രശനങ്ങൾ ഒത്തു തീർപ്പാക്കാനായാണ് അവർ വീണ്ടും ടാമറിൻ്റിൽ എത്തുന്നത്. എന്നാൽ ലാൽവിൻ ഷീലു ടീച്ചറെ അപമാനിക്കുകയും മദ്യപിച്ച് ലക്ക്കെടുകയും ചെയ്യുന്നു. എന്നാൽ ഇനി താൻ ജീവിതത്തിൽ തോറ്റ് പോകില്ലെന്നും ലാൽവിനും അനൂജിൻ്റെ അമ്മയ്ക്കും ശക്തമായ മറുപടി കൊടുക്കുമെന്നും അവർ തീരുമാനിക്കുന്നു. ഇതിനിടയിൽ ഉച്ചഭക്ഷണത്തിൻ്റെ ഓർഡറെടുക്കാൻ വരുന്ന മുത്തൻ എന്ന യുവാവ് താൻ ലാൽവിൻ സാറിൻ്റെ വിദ്യാർത്ഥിയായിരുന്നുവെന്നും പഠനത്തിനിടയിൽ തൻ്റെ അമ്മ ഒരാളോടൊപ്പം ഇറങ്ങിപ്പോയെന്നും അതിലുള്ള അപമാനം സഹിക്കാൻ കഴിയാതെയാണ് താൻ പഠനം നിർത്തിയതെന്നും നാടുവിട്ട് ഇവിടെ എത്തിയതെന്നും ടീച്ചറോട് വെളിപ്പെടുത്തുന്നു. ഒന്നര വർഷത്തിനുശേഷം അമ്മ തിരിച്ചു വന്നപ്പോൾ ആരോഗ്യമാകെ ക്ഷയിച്ചുപോയിരുന്നു. മുത്തൻ്റെ സഹായത്താൽ ഒരു കാർ ഏർപ്പാടാക്കി ടീച്ചർ തിരിച്ചുപോകുന്നതാണ് കഥാവസാനം.

റാഡിക്കൽ ഫെമിനിസ്‌റ്റായ കേറ്റ് മില്ലറ്റിൻ്റെ അഭിപ്രായത്തിൽ പുരുഷാധിപത്യം സ്ത്രീകളെ ലൈംഗികമായും വൈകാരികമായും ചൂഷണം ചെയ്യാൻ പ്രണയത്തെ ഒരു മറയാക്കി ഉപയോഗിക്കാറുണ്ട്. അത് വളരെ വ്യക്തമായി ഈ കഥയിൽ നമുക്ക് കാണാവുന്നതാണ്. കൂടാതെ സ്ത്രീകൾ നൽകുന്ന സ്‌നേഹത്തെയും വൈകാരിക അധ്വാനത്തെയും (emotional labour) പുരുഷൻമാർ സ്വന്തം അധികാരം വർദ്ധിപ്പിക്കാനായി ചൂഷണം ചെയ്യാറുണ്ട് എന്ന സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ് ലാൽവിൻ്റെ പെരുമാറ്റ രീതികൾ. 

സമൂഹത്തിലെ കപടതകളെ ഇരട്ടത്താപ്പുകളെ, ഇരുണ്ടയിടങ്ങളെ, പാർശ്വവത്കൃത മനുഷ്യരുടെ വേദനകളെ യാഥാർത്ഥ്യ ബോധത്തോടെ, നിർഭയമായി അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ജീവിതഗന്ധിയായ വിഷയങ്ങളെ യഥാർഥമായി ചിത്രീകരിക്കുന്നത് കൊണ്ടാണ് ഈ കഥകൾ വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നത്.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi