
ലാറ്റിൻ ഭാഷയിലെ 'memoria 'എന്ന വാക്കിൽ നിന്നും ഉരുവം കൊണ്ട memoir (ഓർമ്മകുറിപ്പ് ) ഒരു വ്യക്തിയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ അവതരണത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെ, ചരിത്രത്തിന്റെ, വ്യത്യസ്ത സംസ്ക്കാരങ്ങളുടെ ഇതിനുമുപരിയായി മനുഷ്യനെന്ന പ്രഹേളികയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവിതത്തിലുണ്ടായ ആകസ്മികസംഭവങ്ങളുടെ, കുട്ടിക്കാല അനുഭവങ്ങളുടെ, സന്തോഷ് എന്ന വ്യക്തിയും എഴുത്തുകാരനും രൂപപ്പെടാൻ സഹായകമായ പാരിസ്ഥിതിക-സാമൂഹ്യഘടകങ്ങളെക്കുറിച്ചുള്ള ഒരു അവലോകനം കൂടിയാണ് 'പകൽ സ്വപ്നത്തിൽ വെയിലുകായാൻ വന്ന നരി' എന്ന ഓർമ്മക്കുറിപ്പ്.
കൊമാല= കേരളം: കേരളം= കൊമാല എന്ന കുറിപ്പ് 'കൊമാല 'എന്ന ഏറെ ശ്രദ്ധേയമായ കഥ എഴുതാനുണ്ടായ കാരണവും സന്ദർഭവും അതിലേക്ക് നയിച്ച വ്യക്തികളെയും എഴുത്തുകാരന്റെ തന്നെ വ്യക്തിപരമായ അനുഭവങ്ങളെയും ഹൃദയഹാരിയായി അവതരിപ്പിക്കുന്നു. ഈ കഥയുടെ ആശയം ഏച്ചിക്കാനത്തിന് ലഭിക്കുന്നത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ്. ഭക്ഷണത്തിനായി തട്ടുകടയിലെത്തിയ എഴുത്തുകാരനും സുഹൃത്തുക്കളും കേരളീയ ജീവിതത്തിന്റെ മൂല്യശോഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന സിനിമയിലും സാഹിത്യത്തിലുമാക്കെ പ്രശസ്തരായ ഒരു കൂട്ടം ആൾക്കാരെ കാണുന്നു. ഇതിനിടയിൽ ബൈക്കിൽ വന്ന ഒരു യാത്രികന് കുറുകെ ഒരാൾ ചാടുകയും ബൈക്ക് തെന്നി യാത്രക്കാരൻ താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ മൂല്യശോഷണത്തെക്കുറിച്ച് വാചാലരായവരാരും അപകടം പറ്റിയ മനുഷ്യനരികിലേക്ക് ചെല്ലാതെ സ്വന്തം പൊറോട്ടയിലേക്ക് മുഖം പൂഴ്ത്തുകയാണ് ചെയ്തത്. എഴുത്തുകാരനും സുഹൃത്തുക്കളും ചേർന്ന് പലരോടും സഹായ അഭ്യർത്ഥന നടത്തിയിട്ടും ആരും സഹായിക്കുന്നില്ല. ഒടുവിൽ നിർബന്ധപൂർവ്വം ഒരു ഓട്ടോ തടഞ്ഞ് നിർത്തി അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും ആ മനുഷ്യന്റെ ചുമതല ഏറ്റെടുക്കാൻ 'ആത്മാവിൽ മരിച്ചു കഴിഞ്ഞ മനുഷ്യർ' തയ്യാറാകുന്നില്ല. ഇരുളിൽ നിന്ന് കയറി വന്ന അപരിചിതനായ ഒരു മനുഷ്യൻ അയാളെ ഏറ്റെടുക്കുന്നു. ഈ സംഭവങ്ങൾ കഥയാക്കണമെന്ന് കഥാകാരൻ ആഗ്രഹിച്ചെങ്കിലും ഇതൊരു സാധാരണകഥയായി പരിണമിച്ചേക്കുമോ എന്ന് ചിന്തിച്ച സമയത്താണ് കാർഷികകടബാധ്യതയുടെ പ്രത്യാഘാതങ്ങൾ കേരളത്തിലുടനീളം വ്യാപിച്ചത്. തന്റെ വ്യക്തിജീവിതത്തിലും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന എഴുത്തുകാരൻ ആ സംഭവങ്ങളും 'പെഡ്രോ പരാമോ ' എന്ന നോവലിൽ നിന്ന് ലഭിച്ച പ്രചോദനവുമുൾക്കൊണ്ടാണ് 'കൊമാല' രചിച്ചത്.
ഒരു ചെറിയ കുട്ടിയുടെ മനസ്സിൽ അനുരാധ എന്ന നടി ഉണ്ടാക്കിയ മാറ്റം, അഭിനിവേശം, ആകാംക്ഷ ഇതോടൊപ്പം അനുരാധ അയച്ച ഫോട്ടോ സുഹൃത്ത് സ്വന്തമാക്കിയപ്പോഴുണ്ടായ നഷ്ടബോധം ഇതൊക്കെയാണ് 'അനുരാധയ്ക്കൊരു കത്തി'ലുള്ളത്.'നീലേശ്വരത്തിനും മെക്സിക്കോയ്ക്കുമിടയിൽ ഒരു പന്ത് 'എന്ന കുറിപ്പ് ആദ്യമായി ടിവിയിൽ ലോകകപ്പ് കാണാൻ തന്റെ അച്ഛന്റെ നാടായ നീലേശ്വരത്ത് പോകുന്നതിനായി എഴുത്തുകാരൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്നു. പത്തേക്കറോളം വരുന്ന വസ്തുവിൽ നിന്നും പാചകാവശ്യത്തിനുള്ള വിറകുകൾ മുഴുവൻ ശേഖരിച്ചത് നീലേശ്വരത്ത് പോകാനുള്ള അനുവാദം നേടുന്നതിന് വേണ്ടി മാത്രമായിരുന്നു. മറഡോണയുടെ മാന്ത്രിക വിരലുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ ആ കാലഘട്ടത്തിലെ മനുഷ്യരിലുണ്ടായ ആവേശവും കാത്തിരിപ്പുമൊന്നും ചാനലുകൾ മാറ്റി മാറ്റി കാണാനുള്ള അവസരം ലഭിച്ച പുതിയ തലമുറയ്ക്ക് മനസ്സിലാകില്ല. മറഡോണ എന്ന കാല്പനിക വസന്തം ഒരു കാലഘട്ടത്തിലെ തലമുറയിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്ന രീതിയിലാണ് അവതരണം. 'മധുരക്കിഴങ്ങിന്റെ രുചി' ഹൃദയസ്പർശിയായ ഒരു ഓർമ്മക്കുറിപ്പാണ്. ജീവിതപ്രശ്നങ്ങൾ കാരണം ആത്മഹത്യകൾ പെരുകുന്ന ഈ കാലഘട്ടത്തിൽ ചെറിയ കുട്ടികൾക്ക് പോലും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്നും ഏത് കൂരിരുട്ടിലും പ്രകാശത്തിന്റെ കിരണങ്ങൾക്ക് സാധ്യതയുണ്ടെന്നും ഈ അനുഭവക്കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു.
'അരിയാട്ടിയാൽ കഥയും കിട്ടും' എന്ന വിവരണം വർഷങ്ങൾക്കിപ്പുറവും തന്നിൽ കഥയുടെ വിത്തുകൾ പാകിയ മാധവിയേട്ടത്തിയോടുള്ള നന്ദി പ്രകടനമാണ്. ശാരീരികമായ പരിമിതികൾക്കിടയിലും എഴുത്തുകാരന്റെ കുടുംബത്തിലെ അടുക്കളക്കാര്യങ്ങൾ എല്ലാം യാതൊരു കുറവും വരുത്താതെ മാധവിയേടത്തി നോക്കി നടത്തിയിരുന്നു. ധാരാളം വായിക്കുമായിരുന്ന അവർ എഴുത്തുകാരന് കഥകൾ പറഞ്ഞു കൊടുത്തിരുന്നു. ഇതിലൊക്കെ ഉപരിയായി അതീവ സത്യസന്ധ ആയിരുന്ന അവർ തന്റെ മകൻ മോഷ്ടിക്കാൻ തുടങ്ങിയപ്പോൾ അവനെ അവിടെ നിന്ന് പുറത്താക്കി. എന്നാൽ കാലങ്ങൾക്ക് ശേഷം കുടുംബത്തിലുള്ളവർ തന്നെ അവിടത്തെ മുതലുകൾ കട്ടെടുക്കുന്നത് കാണുമ്പോൾ അവർക്ക് തന്റെ മകനെ പുറത്താക്കിയതിൽ ഒരുപക്ഷേ കുറ്റബോധം തോന്നിയിരിക്കും. പ്രായമായി ജോലി ചെയ്യാൻ കഴിയാതെ ആർക്കും വേണ്ടാതായപ്പോൾ കള്ളത്തിലൂടെ സമ്പന്നനായി മാറിയ ആ മകൻ തന്നെയാണ് അവരെ വന്ന് കൊണ്ടുപോകുന്നത്. 'സത്യത്തെ കള്ളം കൊണ്ട് താങ്ങി നിർത്തി' എന്നാണ് എഴുത്തുകാരൻ ആ സന്ദർഭത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
കുട്ടിക്കാലാനുഭവങ്ങൾ ഒരു വ്യക്തിയുടെ വിശ്വാസങ്ങളെ, കാഴ്ചപ്പാടുകളെ, അപ്രതീക്ഷിതമായി മാറ്റി മറിക്കും. മന്ത്രവാദികളോടുള്ള ഭയത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് എഴുത്തുകാരനെ നയിച്ചത് ഉമ്പുങ്ങൻ എന്ന മന്ത്രവാദിയുമായുണ്ടായ കുട്ടിക്കാല അനുഭവങ്ങളാണ്. അന്ധവിശ്വാസങ്ങളും, കെട്ടുകഥകളും തെയ്യങ്ങളും പ്രേതഭൂത പിശാചുക്കളും ചേർന്ന് ഭയത്തിന്റെ, ആശങ്കയുടെ അന്തരീക്ഷമായിരുന്നു അക്കാലത്ത് സമൂഹത്തിൽ ഉണ്ടായിരുന്നത്. എഴുത്തുകാരന്റെ കുടുംബത്തിലുള്ളവർ പലരും ഇത്തരം മന്ത്രവാദികളാൽ പേടിപ്പിക്കപ്പെട്ടതിന്റെ കഥകൾ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട.് ഉമ്പുങ്ങൻ എന്ന മന്ത്രവാദിയായിരുന്നു ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചിരുന്നത്. ചുവന്ന ഭാണ്ഡമിട്ട് നെറ്റിനിറയെ കുങ്കുമം പൂശി വെള്ളിവളയും കാതിൽ കടുക്കനും കയ്യിൽ മന്ത്രകോലുമായി അയാൾ വരുന്നത് കണ്ടാൽത്തന്നെ കുട്ടിക്കാലത്ത് എഴുത്തുകാരന് പേടിയാകുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തായ നാരായണൻ ബ്രാഹ്മണൻ ആണെങ്കിലും മാംസ ഭക്ഷണം കഴിക്കുകയും ഇത്തരം പ്രാകൃതമായ ചിന്താരീതികളെയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.റോഡിൽ നിന്നിരുന്ന കശുമാവിൽ നിന്ന് കശുവണ്ടി ഏച്ചിക്കാനവും സുഹൃത്തും പറക്കി വിറ്റ് മിഠായി വാങ്ങുമായിരുന്നു .എന്നാൽ ഉമ്പുങ്ങൻ കശുമാവുകളുടെ ശിഖരങ്ങളിൽ കരിങ്കലവും കുറ്റിച്ചൂലും കെട്ടിവയ്ക്കുകയും അവിടെ വന്ന കുട്ടികളെയെല്ലാം പേടിപ്പിച്ച് ഓടിക്കുകയും ചെയ്തു. മറ്റുള്ള കുട്ടികൾ എല്ലാം തന്നെ അവിടുന്ന് മാറുമ്പോഴും നാരായണൻ ധൈര്യപൂർവ്വം പിറ്റേദിവസം കശുവണ്ടി പെറുക്കാനായി അവിടെ എത്തുന്നുവെങ്കിലും എഴുത്തുകാരൻ ഭയന്നതുപോലെ അപകടങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ഇതു കാണുന്ന ഉമ്പുങ്ങൻ ഇവരുമായി രമ്യതയിൽ എത്തുകയും ഇനി മുതൽ കശുവണ്ടി അവർക്ക് മൂന്നു പേർക്കുമായി വീതിക്കാമെന്ന് പറയുകയും ചെയ്യുന്നു. ഈ സംഭവത്തോടെയാണ് എഴുത്തുകാരൻ യുക്തിവാദിയായി പരിണമി്ക്കുന്നത്. വിദ്യാസമ്പന്നർ പോലും കടുത്ത അന്ധവിശ്വാസികളായി മാറുന്ന ഈ കാലഘട്ടത്തിൽ ഭക്തിക്കുള്ളിലെ കപടതകൾ തുറന്നുകാട്ടാൻ ഈ ലേഖനത്തിന് കഴിയുന്നുണ്ട്.
തന്റെ ജൻമരഹസ്യത്തെക്കുറിച്ച് അറിയാൻ ഏതൊരു വ്യക്തിക്കും ഉൽക്കടമായ ആഗ്രഹമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പുകളും നടക്കാറുണ്ട്. ലോക പ്രശസ്ത ഭൗതിക വാദിയായ ഫിഡൽ കാസ്ട്രോ പോലും ജോത്സ്യവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മുന്നിൽ പതറി പോകുന്നതിനെ കുറിച്ച് പറയുന്നുണ്ട്. നാഡീ ജ്യോതിഷം പശ്ചാത്തലമാക്കി സന്തോഷ് ഏച്ചിക്കാനം രചിച്ച കഥയാണ് 'മീനത്തിൽ ചന്ദ്രൻ'. സുഷമ, ചന്ദ്രൻ എന്നീ ദമ്പതികളുടെ കഥയാണിത്. കുലോത്തുംഗൻ എന്ന നാഡീ ജ്യോതിഷി എഴുതിയ താളിയോലകളിൽ ചന്ദ്രന് പരസ്ത്രീ ബന്ധമുണ്ട് എന്നതിനെക്കുറിച്ച് സൂചനകൾ ഉണ്ട്. അത് അവരുടെ കുടുംബ ജീവിതത്തെ തകർക്കുന്നു. മനുഷ്യരുടെ ആത്മീയ ദൗർബല്യമായിരുന്നു ഈ കഥയിലെ പ്രമേയം. അതിനുശേഷം യുവസാഹിത്യകാരികളുടെ സാഹിത്യ കൂട്ടായ്മയിൽ പങ്കെടുക്കാനായി തമിഴ്നാട്ടിൽ നിന്ന് ജയശ്രീ, ശൈലജ എന്നീ എഴുത്തുകാരികളായ സഹോദരിമാർ വരുന്നു. അവരെ കാണാനായി തന്റെ ഭാര്യയെയും കൂട്ടി ഏച്ചിക്കാനം പോകുമ്പോൾ ശൈലജ തന്റെ ജീവിതത്തിലുണ്ടായ ദുര്യോഗത്തെക്കുറിച്ച് പറയുന്നു. ( അവരുടെ അഞ്ചു വയസ്സായ മകൻ ആക്സിഡന്റിൽ മരിച്ചു). തുടർന്ന് അവരും ഭർത്താവും മരിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ആ സമയം അവിടെയെത്തിയ ജടാധാരികളുടെ സംഘം അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ട് വരുന്നു. ഇത്തരത്തിൽ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലൂടെയുള്ള മനുഷ്യ ജീവിതങ്ങളെ വരച്ച് കാട്ടുന്ന ഈ ലേഖനം ചിന്തോദ്ദീപകമാണ്.
'കുപ്പിയിലിട്ട് വളർത്തുന്ന ചെടി' എന്ന കുറിപ്പിൽ താളം തെറ്റിയ മനസ്സുകളെയും അവരെ ചികിത്സിക്കുന്ന സർഗ്ഗാത്മക ശേഷിയുള്ള ഡോക്ടറെയും ആണ് അവതരിപ്പിക്കുന്നത്. സാങ്കല്പ്പികലോകത്ത് ജീവിക്കുന്ന മനുഷ്യരെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരിക എന്നത് അത്ഭുതകരമായ കാര്യമാണ്. പലതരം മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്ന മനുഷ്യരെ അവതരിപ്പിക്കുന്നതിനോടൊപ്പം ചെറിയൊരു കള്ളം പറയേണ്ടി വന്നതിന്റെ പേരിൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വന്ന ഒരു പട്ടാളക്കാരനെ അവതരിപ്പിക്കുന്നുണ്ട്. ബാഹ്യമായി ധൈര്യം പ്രകടിപ്പിക്കുമ്പോഴും ചില സമയങ്ങളിൽ മനുഷ്യൻ എത്രമാത്രം ദുർബലനും നിസ്സഹായനുമാണ് എന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. പ്രകൃതി ഒളിപ്പിച്ച് വച്ചിരിക്കുന്ന അദ്ഭുതങ്ങൾ വിവരിക്കുന്ന 'മലബാർ വിസിലിങ് ത്രഷ് 'പക്ഷികൾക്കിടയിലെ യേശുദാസിനെ പരിചയപ്പെടുത്തുകയും കാട്ടിലെ വൈവിധ്യമാർന്ന പുതിയ കാഴ്ചകൾ സമ്മാനിക്കുകയും ചെയ്യുന്നു .
എഴുത്തുകാരന്റെ പല കാലങ്ങളിലേക്കുള്ള തിരിച്ചുപോക്കിലൂടെ വായനക്കാരനും തന്റെ ഭൂതകാലത്തിലേക്ക് ചില യാത്രകൾ നടത്തുന്നു. വായനക്കാരൻ അറിയാൻ ആഗ്രഹിക്കുന്ന, കൗതുകത്തോടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരന്റെ ജീവിതത്തിലെ ഓർമ്മകളെ അടയാളപ്പെടുത്തുന്നതോടൊപ്പം സ്വാധീനിച്ച വ്യക്തികൾ, കഥ വന്ന വഴികൾ, സുഹൃത്തുക്കൾ, പുതിയ കാഴ്ചപ്പാടിലേക്ക് നയിച്ച ബന്ധങ്ങൾ ഇതെല്ലാം പതിനഞ്ച് കുറിപ്പുകളുള്ള ഈ സമാഹാരത്തിലൂടെ വെളിവാക്കുന്നു. ചുരുക്കത്തിൽ സമൂഹത്തിന്റെയും ജീവിതത്തിന്റെയും ഒരു പരിപ്രേക്ഷ്യം തന്നെ അവതരിപ്പിക്കാനാണ് ഈ ഓർമ്മക്കുറിപ്പുകളിലൂടെ ഏച്ചിക്കാനം ശ്രമിക്കുന്നത്. ലളിതമായ ഭാഷയും ശൈലിയും വായനാസുഖം പകരുന്നു. നമുക്ക് ചിരപരിചിതരായ മനുഷ്യരുടെ ജീവിതം പോലും സമസ്യകൾ നിറഞ്ഞതാണ് എന്ന് ഈ കുറിപ്പുകൾ ഓർമ്മിപ്പിക്കുന്നു. മറവിയുടെ താളിൽ എന്നോ വീണുപോയ ഓർമ്മകളെ ഉണർത്തിയെടുത്ത് ഭൂതകാല കുളിരോടെ കാണാനും പുസ്തകത്തിലെ ചില അതിജീവന മാതൃകകളുടെ ഉറപ്പിൽ ജീവിതത്തെ കൂടുതൽ തെളിച്ചത്തോടെയും ആത്മവിശ്വാസത്തോടെയും സമീപിക്കാനും ഈ പുസ്തകം സഹായിക്കും എന്ന് നിസ്സംശയം പറയാം.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: An in-depth analysis of Santhosh Echikkanam's acclaimed memoir
Published: 05 Mar 2026, 04:25 pm IST
ABOUT THE AUTHOR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented