ഓരോ അനുഭവക്കുറിപ്പുകളും വ്യത്യസ്തമായ, കാണാത്ത, അറിയാത്ത ജീവിതങ്ങളിലേക്കുള്ള സഞ്ചാരമാണ്. 'പുസ്തകോവ്സ്കി ' എന്ന പോഡ്കാസ്റ്റിൻ്റെ പുസ്തകരൂപത്തിലൂടെ, തന്നെ പ്രചോദിപ്പിക്കുകയും പല വിഷമഘട്ടങ്ങളിലും ആശ്വാസത്തിൻ്റെ തണലാവുകയും ചെയ്തിരുന്ന പുസ്തകങ്ങളും ജീവിതയാത്രയിൽ മുതൽക്കൂട്ടായി മാറിയ സൗഹൃദങ്ങളും കുട്ടിക്കാല അനുഭവങ്ങളും കോളേജ് ജീവിതവും സിനിമയും നാടകവും എല്ലാം അതീവ ഹൃദ്യമായി നർമ്മമധുരമായി ശ്രീ. ബിപിൻ ചന്ദ്രൻ അവതരിപ്പിക്കുന്നു.ഇതൊരു പോഡ്കാസ്റ്റിൻ്റെ ഗ്രന്ഥരൂപം ആയതു കൊണ്ട് തന്നെ മറ്റുള്ളവരോട് സംവദിക്കുന്ന രീതിയിലാണ് അവതരണം. 'പുസ്തകോവ്സ്കി ' എന്ന പേര് പുസ്തകവും വിസ്കിയും ചേർന്ന് രണ്ടും ഇഷ്ടമുള്ള ഒരാൾ അവതരിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്.

'മദ്യഭുക്കും മനുഷ്യൻ്റെ ബുക്കും' എന്ന അധ്യായത്തിൽ താൻ മദ്യപാനിയായ ഒരു പുസ്തക വായനക്കാരനായി മാറിയതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും തൻ്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും വിവരിക്കുന്നതോടൊപ്പം ജോസഫ് റോത്തിൻ്റെ' ഒരു വിശുദ്ധ മദ്യപൻ്റെ ഇതിഹാസം' എന്ന പുസ്തകം തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും അത് 'പാവാട 'എന്ന സിനിമാരചനയിലേക്ക് നയിച്ചതും അതോടൊപ്പം ആ പുസ്തകം പരിചയപ്പെടുത്തിയ സാഹിത്യവാരഫലക്കാരൻ ശ്രീ. എം കൃഷ്ണൻ നായരെക്കുറിച്ചും സൂചിപ്പിക്കുന്നു. ഇതോടൊപ്പം മുഹമ്മദ് അബ്ബാസ് എഴുതിയ 'ഒരു പെയ്ൻ്റ് പണിക്കാരൻ്റ ലോകസഞ്ചാരങ്ങൾ' എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഹൃദയത്തിൽ തറയ്ക്കുന്ന അദ്ദേഹത്തിൻ്റെ എഴുത്തിനെക്കുറിച്ചും വൈകാരികമായി അവതരിപ്പിക്കുന്നു. കൂടാതെ മനുഷ്യരെ കൂടുതൽ മെച്ചപ്പെട്ടവരാക്കാൻ സഹായിക്കുന്ന ന്യൂട്ട്ഹാംസൻ്റെ 'വിശപ്പ്', ബഷീറിൻ്റെ കൃതികൾ ഇവയുടെയെല്ലാം വിശാലമായ ഒരു ലോകം വായനക്കാരന് മുന്നിൽ തുറന്നിടുന്നു. ഒരു മാല കോർക്കുന്ന പോലെ അതുമല്ലെങ്കിൽ ഒരു കോക്ക്ടെയിൽ രീതിയിലാണ് ഈ പുസ്തകത്തിൻ്റെ അവതരണം .സാഹിത്യം ,സിനിമ, വ്യക്തിപരമായ അനുഭവങ്ങൾ ഇതെല്ലാം കൃത്യമായ അനുപാതത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്നതു കൊണ്ട് രസച്ചരട് പൊട്ടാതെ വായനയെ മുന്നോട്ടു കൊണ്ടു പോകുന്നു.

'ഗോഡ്ഫാദർ' എന്ന സിനിമയിലെ ഡയലോഗിൽ ആരംഭിക്കുന്ന കുറിപ്പ് 'ഗോഡ്ഫാദർ' എന്ന ഹോളിവുഡ് സിനിമയിലേക്കും അതിന് ഉപോല്ബലകമായ കൃതിയിലേക്കും സഞ്ചരിച്ച് ഒടുവിൽ മലയാളിയും എഴുത്തുകാരൻ്റെ അധ്യാപകനും വിവർത്തകനുമായ ജോർജ് പുല്ലാട്ടിനെ പരിചയപ്പെടുത്തുന്നു. പിന്നീട് അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച എൻ. എൻ പിള്ളയിലേക്കും അദ്ദേഹത്തിൻ്റെ ആത്മകഥയായ 'നാടക ദർപ്പണത്തിലേക്കും ഒന്നു കടന്നു പോയ ശേഷം തൻ്റെ ജീവിതത്തിൽ സംഭവിച്ച നാടകീയ മുഹൂർത്തങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്നു.. മിശ്ര വിവാഹമായതു കൊണ്ട് ശ്രീ. ബിപിൻ ചന്ദ്രൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല എന്ന വാശിയിലായിരുന്നു അദ്ദേഹത്തിൻ്റെ അച്ഛൻ. എന്നാൽ സുഹൃത്തുക്കളെല്ലാവരും നിർബന്ധിച്ച് ചടങ്ങിന് സമയമായപ്പോൾ അദ്ദേഹം എത്തുന്നു .എന്നാൽ അദ്ദേഹം വന്നു കയറിയതോടെ കൂട്ടുകാർ 'ഗോഡ് ഫാദറിലെ ' അഞ്ഞൂറാൻ്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുന്നുണ്ട് .അത് കണ്ട് അച്ഛൻ വല്ലാതെ അസ്വസ്ഥനാകുന്നു. വിവാഹ ശേഷം മഹാരാജാസിലെ പഴയ കൂട്ടുകാർ എല്ലാവരും കൂടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അതിഷ്ടപ്പെടാതെ അച്ഛൻ സ്റ്റേജിൽ നിന്ന് കൂവി. അതിനു ശേഷം എല്ലാവരും അത്ഭുതപ്പെട്ടിരിക്കുന്നതിനിടയിൽ വളരെ കൂൾ ആയി അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ ആയിരുന്ന മണ്ണാർക്കാട് പാപ്പൻ നടത്തുന്ന മഹാറാണി ബാറിലേക്ക് പോകുന്നു. ഈ ബാർ കാഴ്ചകൾക്ക് ശേഷം വരുന്നത് ബോബനും മോളിയും കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവായ സാക്ഷാൽ ടോംസാണ്. അതോടൊപ്പം കാർട്ടൂണിസ്റ്റായ ആർ.കെ ലക്ഷ്മണനെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. റിമാ കല്ലിംഗലും ആഷിഖ് അബുവുമായുള്ള വിവാഹശേഷം റിമ വളരെയധികം ആരാധനയോടെയാണ് ശ്രീ. ബിപിൻ ചന്ദ്രനോട് സംസാരിച്ചിരുന്നത്. പ്രസിദ്ധമായ നിരവധി തിരക്കഥകളുടെ രചയിതാവായത് കൊണ്ടുള്ള ബഹുമാനമായിരുന്നുവെന്നാണ് എഴുത്തുകാരൻ കരുതിയിരുന്നത്. എന്നാൽ സംസാരത്തിൽ നിന്നും ബോബനും മോളിയുടെയും വലിയൊരു കളക്ഷൻ തൻ്റെ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ആ ആരാധന വന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. സമ്മാനമായി റിമാകല്ലിംഗലിന് ബോബനും മോളിയുടേയും ഒരു വലിയ പതിപ്പ് കോപ്പി സമ്മാനമായി നൽകിയാണ് അതിന് ശ്രീ. ബിപിൻ ചന്ദ്രൻ പ്രതികാരം ചെയ്യുന്നത്

'ഒരൊന്നൊന്നര മുതൽ' കസൻദ്സാക്കീസ് സൃഷ്ടിച്ച 'സോർബ ദ ഗ്രീക്ക് ' എന്ന പുസ്തകത്തെക്കുറിച്ച് വിവരിച്ചു കൊണ്ടു തുടങ്ങുന്ന കുറിപ്പ് പി.കുഞ്ഞിരാമൻ നായരിലേക്കും എറണാകുളം റെയിൽവേസ്റ്റേഷൻ്റെ നിർമ്മിതിയിലേക്കും ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് റെയിൽവേ നിർമ്മിച്ച 'ആധുനിക കൊച്ചിയുടെ പിതാവ്' എന്ന പേരിലറിയപ്പെട്ട മഹാരാജാ രാമവർമ്മയിലേക്കും അതിനായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളിലേക്കും വായനക്കാരെ നയിക്കുന്നു. റെയിൽവേ നിർമ്മാണത്തിനായി ആഭരണങ്ങളും സ്വത്തും പൂർണ്ണത്രയീശക്ഷേത്രത്തിലെ പതിനാല് ആനകളുടെ സ്വർണ്ണനെറ്റിപ്പട്ടങ്ങളും വിൽക്കേണ്ടി വന്നു . എതിർപ്പുകളെ തുടർന്ന് രാജാവ് എന്ന സ്ഥാനം രാജിവച്ചു. അതിനുശേഷം 'ഒഴിഞ്ഞ തമ്പുരാൻ' എന്നറിയപ്പെട്ടു. ,ട്രെയിൻ കണ്ടു കൊണ്ട് കിടക്കാനുള്ള ആഗ്രഹം കൊണ്ട് റെയിൽവേ ലൈന് അടുത്തുള്ള ഒരു വാടകവീട്ടിൽ അവസാനകാലം കഴിച്ചുകൂട്ടി. ഈ കൗതുക വിവരങ്ങൾ എല്ലാം പരാമർശിച്ചിക്കുന്നത് കിങ് ജോൺസ് എഴുതിയ ' ടണൽ 33' എന്ന കേരള സാഹിത്യ അക്കാഡമി അവാർഡ് കിട്ടിയ കവിതാ പുസ്തകത്തിലെ ഫുട്ട് നോട്ടുകളിൽ നിന്നാണ്. ഈ വിവരണങ്ങൾക്ക് ശേഷം രാംമോഹൻ പാലിയത്ത് എഴുതിയ 'വെബിനിവേശം, കെ.പി.പത്മനാഭമേനോൻ എഴുതിയ 'കൊച്ചി രാജ്യ ചരിത്രം' പി.ശങ്കുണ്ണിമേനോൻ എഴുതിയ 'തിരുവിതാംകൂർ ചരിത്രം, എന്നീ പുസ്തകങ്ങൾ വായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുന്നു. മനു എസ്. പിള്ളയുടെ 'ഐവറി ത്രോൺ' (ദന്ത സിംഹാസനം) എന്ന പുസ്തകം ഒരു പോപ്പുലർ ഫിക്ഷൻ പോലെ മലയാളികൾ ഏറ്റവും അധികം വായിച്ച ചരിത്ര സംബന്ധിയായ പുസ്തകമാണ്. തുടർന്ന് വിനോയ് തോമസിന്റെ 'മുതൽ' എന്ന പുസ്തകത്തിൽ ഇംഗ്ലീഷ് വൈസ്രോയിയായിരുന്ന വെല്ലസ്ലി പ്രഭുവും ഉദ്യോഗസ്ഥനും തമ്മിലുള്ള രസകരമായ സംഭാഷണത്തിലെ ചില ഭാഗങ്ങൾ പുസ്തകത്തിൽ ചേർക്കുന്നതിലൂടെ നോവലിൻ്റെ ഭാഷയും വളരെ വ്യത്യസ്തമായ രചനാരീതിയും 'മുതൽ' എന്ന നോവലിന് മുതൽക്കൂട്ടാണെന്ന് കാട്ടിത്തരുന്നു.

ഒരു 'കോമഡി ഓഫ് മെനേസിനെ '(Comedy of Menace) അനുസ്മരിപ്പിക്കുന്ന രീതിയിലാണ് 'കപ്പലോട്ടിയ കഥകൾ'ടെ അവതരണം. രസകരമായ സാഹചര്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആരംഭിക്കുന്ന കുറിപ്പ് ഭീതിയുടേയും അപകടത്തിൻ്റെയും ചിന്ത വായനക്കാരൻ്റെ മനസ്സിൽ നിലനിർത്തുന്നു.കപ്പലുമായി ബന്ധപ്പെട്ട് മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയ നിരവധി സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. സിനിമകളിൽ ആദ്യം പരാമർശവിധേയമാകുന്നത് 'ടൈറ്റാനിക് 'എന്ന കൃതിയാണ്. ജാക്കിൻ്റെയും റോസിൻ്റേയും പ്രണയത്തോടൊപ്പം സാങ്കേതികമികവും ആ സിനിമയുടെ മാറ്റു കൂട്ടുന്നു. ടൈറ്റാനിക്കിൽ നിന്നും ഒക്ടോവിയോ പാസ് എന്ന കവിയുടെ 'സൂര്യശില' എന്ന സമാഹാരത്തിൻ്റെ പ്രത്യേകതകൾ വിവരിക്കുന്നു. തുടർന്ന് അമേരിക്കൻ സാഹിത്യചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ ഹെർമൻ മെൽവിലിൻ്റെ 'മോബിഡിക്' വരുന്നു. മോബിഡിക്ക് എന്ന തിമിംഗലവും അഹാബ് എന്ന ക്യാപ്റ്റനും അയാൾ നേരിടേണ്ടി വന്ന വെല്ലുവിളികളുമെല്ലാം പ്രതിപാദിച്ച ശേഷം കെ.ജി.എസ് എന്ന കവി കടലുകളെക്കുറിച്ച് എഴുതിയതിനെക്കുറിച്ച് കേന്ദ്രബിന്ദുവാക്കി രചിച്ച കവിതയുടെ ആഴത്തിലുള്ള അർത്ഥതലങ്ങൾ ആവിഷ്ക്കരിക്കുന്നു. മോബിഡിക് എഴുതാൻ ഹെർമൻ മെൽവില്ലിന് പ്രേരണയായ 'The Shipwreck of the Whaleship Essex' എന്ന കൃതിയിലേക്ക് വായനക്കാരനെ നയിക്കുന്നു.അതിലെ തകർന്ന കപ്പലിൻ്റെ കപ്പിത്താൻ്റെ ദയനീയ ചിത്രം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്- "ഭക്ഷണം ഇല്ലാതായിട്ട് നാളുകളായി ഓരോരുത്തരായി മരിക്കാൻ തുടങ്ങുകയാണ്. അതോടെ കപ്പിത്താൻ പൊള്ളാർഡ് ഒഴികെയുള്ള മൂന്നുപേരിൽ രണ്ടുപേർ ചേർന്നൊരു തീരുമാനമെടുക്കുകയാണ്. ഒരാളെ കൊന്നു തിന്നേ മറ്റുള്ളവർക്ക് ജീവൻ നിലനിർത്താനാകൂ."

കൊല്ലപ്പെട്ട ഒവൻ കഫിൻ മറ്റാരുമല്ല. കപ്പിത്താൻ്റെ ഫസ്റ്റ് കസിനാണ് ഒരേ ചോര .ആ ചോര കുടിക്കണം." ഈ യഥാർത്ഥമായ അനുഭവ കഥയെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നതിലൂടെ ജീവിതത്തെ കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള വലിയ ഉൾക്കാഴ്ചകൾ സമ്മാനിക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു.

ആയിരം നാവുള്ള അനന്തനെപ്പോലെ പത്ത് കുറിപ്പുകൾക്കുളളിൽ നൂറു കണക്കിന് പുസ്തകങ്ങളെ ഉൾക്കൊള്ളിച്ച എഴുത്തുകാരൻ ജീവിത കഥകളുടെ ഒരു അക്ഷയഖനിയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. സാഹിത്യ സിനിമാ നാടക പ്രേമികൾക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാകുമെന്ന് നിസ്സംശയം പറയാം. മലയാളവും ഇംഗ്ലീഷും ചരിത്രവും ഭൂമിശാസ്ത്രവും കവിതയും ജീവിതവുമെല്ലാം കാച്ചിക്കുറുക്കിയ മൂന്നോ നാലോ പേജുകൾക്കുള്ളിൽ ബോറടിപ്പിക്കാതെ സമന്വയിപ്പിച്ചിരിക്കുന്നത് ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. വായനയുടെ പ്രാധാന്യവും ജീവിതാനുഭവങ്ങളും പ്രധാന വിഷയമായി എഴുത്തുകാരൻ അവതരിപ്പിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് ടെക്നിക്കും വിവരണാത്മകമായ രീതിയും, നർമ്മവും ലളിതമായ ഭാഷയും വ്യക്തിപരമായ ഓർമ്മകളും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ജീവിതത്തിൽ കണ്ട ആളുകളും സംഭവങ്ങളും പുസ്തകങ്ങളും വളരെ രസകരമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിതത്തിൽ സാഹിത്യത്തിൻ്റെ സ്വാധീനം എത്ര മാത്രമാണെന്ന് എഴുത്തുകാരൻ തൻ്റെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നു. ഓരോ ഓർമ്മയും അനുഭവവും വായനക്കാരനെ ആത്മപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. കഥാകഥന രീതിയിലുള്ള അവതരണരീതി വിരസതയില്ലാതെ വായിക്കാൻ പ്രേരണ നൽകുന്നു. ചിന്തോദ്ദീപകമായി ജീവിതത്തെ കൂടുതൽ മനോഹാരിതയോടെ, നർമ്മത്തോടെ അർദ്ധസമ്പുഷ്ടതയോടെ, നേരിടാൻ ഈ പുസ്തകം സഹായിക്കും. ചില കണ്ണുതുറപ്പിക്കലുകൾക്ക് ഏറെ സവിശേഷതകളുള്ള ഈ പുസ്തകം ഒരു പ്രേരകമാകുമെന്നത് തീർച്ചയാണ്. ടി.എസ് ഇലിയട്ടിൻ്റെ ട്രഡിഷൻ ആൻ്റ് ഇൻ്റിവിജ്വൽ ടാലൻ്റിലെ (Tradition and Individual Talent) Catalyst നെ പോലെ നമ്മുടെ ഉള്ളിലുള്ള നന്മകളെ പുറത്തെടുക്കാനും സാഹിത്യ ചക്രവാളം വികസിപ്പിക്കാനും സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാനും ഈ പുസ്തകം ഒരു ഉത്പ്രേരകമായി വർത്തിക്കും.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi