വളരെ ശക്തമായ ഭാഷയും അവതരണത്തിലെ പുതുമയും ഷാഹിന ഇ.കെ യുടെ കഥകളെ വ്യത്യസ്തമാക്കുന്നു. മനുഷ്യജീവിതത്തെ ആഴത്തിൽ പ്രതിഫലിപ്പിക്കുകയും സമകാലികമായ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കഥകളാണ് 'പുസ്തകങ്ങളുടെ വീട്' എന്ന കഥാസമാഹാരത്തിലുളളത്. ' ലളിതം ചില ചോദ്യങ്ങൾ' എന്ന കഥ പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സ്വന്തം പേര് പോലും ക്ഷതങ്ങൾ ഏൽപ്പിക്കാറുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ലളിത എന്ന ഒരു പെൺകുട്ടിയുടെ വിചാരധാരകളെ അവതരിപ്പിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. എല്ലാവരും അഭിമാനത്തോടെ സ്വന്തം പേരിനെ ചേർത്ത് പിടിക്കാറുണ്ട്. എന്നാൽ സ്വന്തം പേര് കേൾക്കുമ്പോൾ ലളിതയ്ക്ക് ഓർമ്മവരുന്നത് അയൽപക്കത്തെ മുല്ലയ്ക്കൽ തറവാടിലെ ലളിത ചേച്ചിയെയാണ്. തങ്ങളെ അപമാനിക്കാനാണ് വീട്ടുജോലിക്കാരിയുടെ മകൾക്ക് ആഢ്യത്വമുള്ള ആ പേരിട്ടത് എന്ന് ആരോപിച്ച് ലളിത ചേച്ചിയുടെ അമ്മ ശ്രീമതി കുഞ്ഞമ്മ പരിഹസിക്കാൻ തുടങ്ങിയതോടെ അവളുടെ അച്ഛനമ്മമാർ ആ വീട്ടിലെ ജോലി ഉപേക്ഷിക്കുന്നു. നേരിൽ കാണുമ്പോളെല്ലാം 'ലളിതമഹാറാണി' എന്ന് പറഞ്ഞ് അവർ ലളിതയെ അപമാനിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ആ പേര് സ്വന്തമാണെന്ന് ലളിതയ്ക്ക് തോന്നുന്നില്ല. അരികുവൽക്കരിക്കപ്പെട്ടവരുടെ സ്വത്വപ്രതിസന്ധിയാണ് ഈ പേരിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു പേരിനു വേണ്ടി പോലും മുന്നാക്കക്കാരുടെ മുന്നിൽ അപമാനിതരാകേണ്ടി വരുന്ന പരിതോവസ്ഥ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ കഥയിലൂടെ. 

കുട്ടിക്കാലം മുതൽക്ക് തന്നെ ഈ പേര് അവൾക്കൊരു ഭാരമായാണ് അനുഭവപ്പെട്ടിരുന്നത്. അത് അവളിലുള്ള അപകർഷതയെ കൂടുതൽ ആഴത്തിൽ ഉറപ്പിച്ചു. അവളുടെ മാതാപിതാക്കൾ ആ വീട്ടിലെ ജോലി ഉപേക്ഷിക്കുന്നുണ്ടെങ്കിൽപോലും അവർക്ക് പൂർണ്ണമായും ജാതിവ്യവസ്ഥയിൽ നിന്ന് പുറത്തു കടക്കാനായി കഴിയുന്നില്ല. എണീക്കാൻ വയ്യാതായെങ്കിൽ പോലും കിട്ടുന്ന അവസരങ്ങളിലെല്ലാം ശ്രീമതിക്കുഞ്ഞമ്മ അവളെ അപമാനിക്കുന്നുണ്ട്. സ്‌കൂൾ പഠനത്തോടൊന്നും കാര്യമായ താല്പര്യമില്ലാതെ വീട്ടിൽ നിന്ന് പുര നിറഞ്ഞപ്പോഴാണ് സർക്കാർ പണിയുള്ള, ശ്രീപത്മനാഭന്റെ രണ്ട് ചക്രം പറ്റുന്ന കാച്ചിയപ്പന്റെ ആലോചന വരുന്നത്. അവളുടെ അച്ഛനമ്മമാർ വളരെയധികം സന്തോഷത്തിലാണ് ഈ കാര്യം മകളോട് അവതരിപ്പിക്കുന്നത്. അയാളുടെ ഒരു കാല് കുഴഞ്ഞും മറ്റൊന്ന് ശകലം വളഞ്ഞും ഇരിക്കുന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. ഇത്തിരി ചാഞ്ചാടിയാണെങ്കിലും ഒറ്റയ്ക്ക് നടക്കുന്ന, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് തങ്ങൾക്ക് താങ്ങാനാകുന്നതിനേക്കാൾ സ്ത്രീധനം കൊടുത്ത് അവളെ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. കൊളോണിയൽ ഭാഷയായ ഇംഗ്ലീഷ് ജാതി വ്യവസ്ഥയെ നിരാകരിക്കുന്നതിനാലാണ് അവർ കല്യാണ കത്ത് പോലും ഇംഗ്ലീഷിൽ തയ്യാറാക്കുന്നത്. 

കാച്ചിയപ്പനോട് അവൾക്ക് അദമ്യമായ സ്‌നേഹം തോന്നുന്നുണ്ടായിരുന്നെങ്കിലും ഒരു നാർസിസിസ്റ്റിന്റെ പ്രത്യേകതകൾ ഉള്ളിൽ പേറി നടന്നിരുന്ന അയാൾ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ അവളെ കുറ്റപ്പെടുത്തുകയും അടിക്കുകയും ചെയ്യുന്നു. പ്രസവം കഴിഞ്ഞതോടെ അവളുടെ മിണ്ടാട്ടം കുറഞ്ഞുവന്നു. ആ സമയത്ത് സ്ത്രീയനുഭവിക്കുന്ന ചാഞ്ചല്യങ്ങളെക്കുറിച്ചും മാനസിക വിഷമതകളെക്കുറിച്ചും 'പോസ്റ്റ് പാർട്ടം ഡിപ്രഷൻ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം കഥാകൃത്ത് കൃത്യമായ സൂചനകൾ നൽകുന്നു. കഥയുടെ രണ്ടാം ഭാഗമെത്തുമ്പോൾ അതായത് ലളിത പ്രസവശേഷം തന്റെ വീട്ടിൽ നിന്നും മകൾ ആവണിയുമായി കാച്ചിയപ്പന്റെ വീട്ടിലേക്ക് വരുന്നത് മുതൽ പരീക്ഷണാത്മകമായ ചില സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ വായനക്കാരനുമായി സംവദിക്കുകയും വായനക്കാരനെ കഥയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. പരമ്പരാഗതമായ കഥാസമ്പ്രദായങ്ങളായ മാപ്പു പറച്ചിലും സഹനവുമൊക്കെയായി കഥ അവസാനിപ്പിക്കാതെ റൊളാണ്ട് ബാർത്ത്‌സിന്റെ ' The Author is dead എന്ന ആശയത്തിലേക്ക് കഥയെ നയിക്കുകയും കഥാഗതിയുടെ നിയന്ത്രണം കഥാപാത്രമായ ലളിത ഏറ്റെടുക്കുകയും ചെയ്യുന്നു. വായനക്കാരനെയും കഥാലോകത്തിന്റെ ഭാഗമാക്കി മാറ്റുകയും എഴുത്തുകാരന്റെ നിയന്ത്രണം വിട്ട് കഥയും കഥാപാത്രവും സ്വയം തിരുമാനങ്ങളിലേക്ക് മുന്നേറുകയും ചെയ്യുന്നു.

സാധാരണ കാച്ചിയപ്പൻ ലളിതയെയാണ് അടിക്കാറുള്ളത് എന്നാൽ രണ്ടാം ഭാഗമെത്തുമ്പോൾ ജയിച്ചത് ലളിതയാണ്. 'ഇന്നു മുതൽ കാച്ചിയപ്പൻ പുതിയ കാച്ചിയപ്പനാകും ഇല്ലെങ്കിൽ ലളിത ഇങ്ങനെത്തന്നെയങ്ങ് തുടരും' എന്ന പറച്ചിലിലൂടെ ലളിതയെന്ന കഥാപാത്രം സ്വത്വം വീണ്ടെടുക്കുന്നതായി വായനക്കാരന് മനസ്സിലാകും. മാത്രമല്ല മനസ്സിലെ അപകർഷബോധത്തെ വലിച്ചെറിഞ്ഞ് സ്വന്തം പേരിൽ അഭിമാനിക്കുകയും നമ്മുടെ പഴഞ്ചൻ സങ്കല്പങ്ങളെയെല്ലാം കാറ്റിൽ പറഞ്ഞിക്കൊണ്ട് മുന്നേറുകയും ചെയ്യുന്നു. താൻ തന്റെ ഇഷ്ടത്തിന് മുന്നോട്ടുപോകുമെന്നും ആരുടെ മുന്നിലും പേടിച്ച് വഴങ്ങി നിൽക്കില്ലെന്നുമവൾ പ്രഖ്യാപിക്കുന്നു.

ചില പാരമ്പര്യ സങ്കല്പങ്ങളെ, നടപ്പുരീതികളെ നിരാകരിക്കാനാണ് ഈ കഥയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. പാർശ്യവൽകരിക്കപ്പെട്ട മനുഷ്യരുടെ വേദനകളിലൂടെ, ജീവിത പ്രതിസന്ധികളിലൂടെ മനസ്സിന്റെ ആഴങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ കഥ. സാങ്കേതികത നിപുണത ഈ കഥയെ വ്യത്യസ്തമാക്കുന്നു. നവോത്ഥാനകാലത്ത് പോലും ജാതി വ്യവസ്ഥ ഒരു വ്യക്തിയെ എങ്ങനെ മുഖ്യധാരയിൽ നിന്ന് നിഷ്‌ക്കാസിതനാക്കുന്നു എന്നത് ഈ കഥ വെളിപ്പെടുത്തുന്നു. തന്റെ വൈകല്യങ്ങളിൽ നിന്നുണ്ടാകുന്ന അരക്ഷിതാവസ്ഥ മുഴുവൻ ഭാര്യയുടെ മേൽ ചൊരിയുകയും മർദ്ദനത്തിലൂടെ മേൽക്കൈ നേടാനുള്ള അയാളുടെ ശ്രമത്തെ തകർക്കുകയും ചെയ്യുന്ന ലളിത പുതുകാലത്തിന് അനുയോജ്യമായ കഥാപാത്രമാണ്. പുരുഷാധിപത്യ പ്രവണതകളെ തച്ചുതകർക്കാനും പുരുഷനെ നിരായുധനാക്കാനും അവൾക്ക് കഴിയുന്നു. സാധാരണ ആൺ മേൽക്കോയ്മ കഥകളിലെപ്പോലെ ലളിതയെ ഒരു പാവയായി നിലനിർത്താൻ കഥാകൃത്ത് ആഗ്രഹിക്കുന്നില്ല. പകരം തകർന്നു പോയേക്കാവുന്ന സന്ദർഭത്തിൽ കരുത്ത് ഉയർത്തി കാച്ചിയപ്പനെതിരേ നിൽക്കാൻ പ്രാപ്തയായവളായി രൂപാന്തരപ്പെടുത്തുന്നു എന്നു മാത്രമല്ല ലളിതയെന്ന പേര് ആത്മവിശ്വാസത്തിന്റെ, പെൺകരുത്തിന്റെ പ്രതീകമാക്കി മാറ്റുന്നു.

'തമാലം 'എന്ന വാക്കിന് പച്ചിലമരം, നീർമാതളം എന്നൊക്കെ അർത്ഥമുണ്ട്. കഥയുടെ പേരിൽ നിന്ന് തന്നെ ഇക്കോ ക്രിട്ടിക്കൽ വായനയ്ക്ക് ധാരാളം സാധ്യതകളുണ്ട് എന്ന മനസ്സിലാക്കാം. മക്കളില്ലാത്ത ദമ്പതികൾ കുടുംബവസ്തുവായി കിട്ടിയ ഭൂമിയിൽ ഒരു പച്ചിലക്കാട് പണിയുന്നു. ജോലിയിൽനിന്ന് ലീവെടുത്ത് തിരക്കുപിടിച്ച നഗരത്തിൽ നിന്നും എഴുപത്തിയഞ്ച് സെന്റ് ഭൂമിയിലേക്ക് വരുന്ന അവർ ഭൂമിയോട് ഇണങ്ങി ജീവിക്കാൻ മൺവീട് പണിയുകയും സന്തോഷത്തോടെ തങ്ങളുടെ സ്വപ്നങ്ങൾ പിൻ തുടരുകയും ചെയ്യുന്നു. പാഴ് മരങ്ങൾ വെട്ടിക്കളയാൻ മറ്റുപലരും ഉപദേശിച്ചുവെങ്കിലും മരങ്ങളെയൊന്നും വെട്ടിക്കളയാതെ സ്വപ്നസമാനമായ ഒരു സ്ഥലം തന്നെ അവർ നിർമ്മിച്ചു. വാടാമല്ലികളും ഗന്ധരാജനും ഉൾപ്പെടെ പച്ചിലക്കാട്ടിൽ മരങ്ങളുടെയും ചെടികളുടെയും ഒരു പരമ്പര തന്നെ നിലനിർത്തി. മരങ്ങൾ തമ്മിലുള്ള പരസ്പരസ്‌നേഹത്തെക്കുറിച്ചും ഒന്നിനെ നശിപ്പിക്കാതെ അതിനോടൊപ്പം ചേർന്ന് നിലനിർത്തൽ നടത്തി പോകാനുള്ള കഴിവ് മനുഷ്യനേക്കാൾ മരങ്ങൾക്കാണ് എന്നുള്ള യാഥാർത്ഥ്യം ഈ കഥ സൂചിപ്പിക്കുന്നു. ഇതിനിടയിൽ വളരെ വ്യത്യസ്തമായ ഒരു ചെടി ഈ മരപ്പടർപ്പിനിടയിൽ വളർന്നുവരുന്നുണ്ട്. അത് എന്താണെന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഇങ്ങനെ വളരെ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിച്ചു വരുന്നതിനിടയിലാണ് കനകൻ എന്ന സുഹൃത്ത് അവിടേക്ക് വരുന്നത്. അയാൾ വനം വകുപ്പിൽ ഉദ്യോഗസ്ഥനാണ്. അയാളിൽ നിന്നും പച്ചിലക്കാടിനുള്ളിൽ വളർന്നു വന്നത് ചന്ദനമരമാണെന്ന് അവർ മനസ്സിലാക്കുന്നു. വിലയുള്ളത് കൊണ്ട് തന്നെ ആരെങ്കിലും കടത്തിക്കൊണ്ടു പോകാനുള്ള സാധ്യതയെക്കുറിച്ചും അയാൾ സൂചിപ്പിക്കുന്നു. അതിനുശേഷം വല്ലാത്ത ഒരു ഭീതി ആ ദമ്പതികളെ പിടികൂടുന്നുണ്ട്. തുടർന്ന് പല ദിവസങ്ങളിലും നിരവധി ആൾക്കാർ മരം വിൽപ്പനയ്ക്ക് അവിടെ അന്വേഷിച്ചു വരുന്നുണ്ട്. എന്നാൽ അവിടെ മരം ഒന്നും വിൽക്കാനില്ല എന്ന് അയാൾ അവരോട് പറയുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ആ മരം വെട്ടി മാറ്റിയതായി കാണപ്പെടുന്നു. അതിനുശേഷം അവരുടെ സുരക്ഷിത ബോധം നശിച്ചുപോകുന്നു. പ്രകൃതിനാശം മനുഷ്യന്റെ ആന്തരികസ്വാസ്ഥ്യത്തെ തകർത്തുകളയുന്നതെങ്ങിനെയെന്ന് ഈ കഥ ബോധ്യപ്പെടുത്തുന്നു.

മരങ്ങളും പ്രകൃതിയുമായുള്ള ബന്ധം, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത, മരങ്ങൾ, മനുഷ്യന് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നത് ഇതെല്ലാം അവതരിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം എത്ര മാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. ഈ ദമ്പതികൾ പ്രകൃതിയെ സംരക്ഷിക്കുകയും പരിസ്ഥിതി നാശത്തിനെതിരേ പോരാടുകയും മരങ്ങൾ നടുന്നതിലൂടെ വനനശീകരണം തടയുന്ന പദ്ധതികളിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന പരിസ്ഥിതിയോദ്ധാക്കളെ ( ഇക്കോ വാരിയേഴ്‌സിനെ) ഓർമ്മിപ്പിക്കുന്നുണ്ട്. അതേസമയം തന്നെ കനകനും മരം വെട്ടാനായി അന്വേഷിച്ച് വരികയും ഒടുവിൽ അത് വെട്ടിമാറ്റുകയും കടത്തിക്കൊണ്ടു പോകുകയും ചെയ്യുന്നവർ പരിസ്ഥിതി മാഫിയ (ഇക്കോ മാഫിയ ') യെ സൂചിപ്പിക്കുന്നു. രാഷ്ട്രീയസ്വാധീനവും അധികാരവും തങ്ങളുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ഇവർക്ക് പ്രകൃതി എന്നത് ലാഭമുണ്ടാക്കാനുള്ള ഒരു ഇടം മാത്രമാണ്. ഉപഭോക്തൃസംസ്‌കാരത്തിൽ മനുഷ്യനും പ്രകൃതിയും കച്ചവടച്ചരക്കാകുന്ന ദൈന്യാവസ്ഥ കൂടി ഈ കഥ വെളിപ്പെടുത്തുന്നു.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi