
വര- ശ്രീലാൽ എ.ജി.
ബാക്കി ദിവസങ്ങളില്‍ ഉറങ്ങാതിരുന്ന് ലോകം കാക്കുന്ന ശിവന് ഉറങ്ങുന്ന ദിവസമാണത്രേ ശിവരാത്രി. അതുകൊണ്ട് നന്ദി സൂചകമായി ആ ദിവസം നമ്മള് ഉറങ്ങാതിരിക്കണം എന്നാണ് സങ്കല്പം. ആരുടെ സൃഷ്ടിയാണെങ്കിലും ആ ചിന്ത എനിക്ക് ഇഷ്ടമായിരുന്നു. നമുക്ക് വേണ്ടി അത്രയും നാള് വിശ്രമിക്കാത്ത ഒരു മനുഷ്യനെ ( അല്ല, ദൈവത്തിനെ) അത്രയെങ്കിലും പരിഗണിക്കേണ്ടതുണ്ടല്ലോ.
സാധാരണ രാത്രി എട്ട് മണിക്ക് തന്നെ നാട് ഉറങ്ങുമായിരുന്നു. കറന്റും ടിവിയും ഉള്ള വീടുകള്‍ പരമാവധി പത്ത് മണി വരെ ഉണര്‍ന്നിരിക്കും. മണ്ണെണ്ണവിളക്ക് കരിന്തിരി കത്തുന്നതിന് മുന്‍പ് അമ്മ വന്ന് ഊതിക്കെടുത്തും. പിന്നെ ഉറങ്ങാതെ നിവര്‍ത്തിയില്ല. ഇരുട്ട് അന്ന് അത്ര പേടിപ്പിച്ചിരുന്നു. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്ന ഒരു നാട് ഒരു വേവലാതിയുമില്ലാതെ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ഒരേയൊരു ദിവസമാണ് ശിവരാത്രി.
നിലാവഴിഞ്ഞു വീണുകിടക്കുന്ന രാത്രിയാണ്. പകല്ചൂടില് പൊള്ളുന്ന ഉടലിനെയും ഉള്ളിനെയും തണുപ്പിക്കാന്‍ ആ രാത്രി മതിയാവും. കൂട്ടമായാണ് അമ്പലത്തിലേക്ക് പോവുക. സ്ത്രീകളും കുട്ടികളുടെയും ഒരു വലിയ കൂട്ടം. കൗമാരം തീണ്ടിയ ആണ്‍കുട്ടികള്‍ ആ കൂട്ടത്തില്‍ കൂടില്ല, നാണക്കേടാണ്. അവര്‍ വലുതായി എന്നാണ് അവരുടെ പക്ഷം.
'ഞങ്ങളീ പെണ്ണുങ്ങളെ കൂടെ ഇല്ല, ചെക്കന്മാരെ കൂടെ പൊയ്ക്കോളാം'. അവര്‍ക്ക് അമ്പലപ്പറമ്പില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. പൂര്‍ണമായും മുതിര്‍ച്ച എത്താത്തതിന്റെ ചെറിയ ഭയവും കുട്ടികളില്‍നിന്ന് വേര്‍പെട്ടതിന്റെ അഭിമാനവും പേറി ഉത്സവപ്പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ അവരെ കാണാം. പെണ്‍കുട്ടികളെ കാണുമ്പോള്‍ ആ കൂട്ടത്തിന് നേരിയ ഇളക്കമുണ്ടാവും. ഒന്ന് തറപ്പിച്ചു നോക്കിയാല്‍ ആ നിമിഷം തന്നെ അടങ്ങുന്ന ഒന്ന്. അത്ര ധൈര്യമേ ആയിട്ടുള്ളൂ അവര്‍ക്ക്.
കുറേക്കൂടി മുതിര്‍ന്ന 'ചെക്കന്മാര്' ( ആണ്‍കുട്ടികളെ പ്രായം നോക്കാതെ ഞങ്ങള്‍ ചെക്കനെന്ന് വിളിച്ചു. മനോഹരന്റെ ചെക്കന് ചോറ് കൊടുക്കാന്‍ പോവാ, തെക്കേലെ ചെക്കന്മാര്ക്ക് കോളേജില്‍ കിട്ടി, തല തെറിച്ച കൊറച്ചു ചെക്കന്മാരുണ്ട് പീടിക കോലായില്‍ എന്നിങ്ങനെ) നടന്നു പോവുന്ന പെണ്‍കുട്ടികളെ നോക്കി ഉറക്കെ വിളിച്ചു പറയും,
“മഞ്ഞ ബ്ലൗസ് ഇഷ്ടായി ട്ടോ...”
മഞ്ഞക്കാരി ചുവക്കും.
“അങ്ങട്ട് നോക്കണ്ട, കുരുത്തം കെട്ടതുങ്ങള്. വേം നടക്കെടീ അങ്ങട്ട്...”
തിരിഞ്ഞുനോക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അനുവാദമില്ല. അനങ്ങിയാല്‍ അമ്മമാര്‍ നുള്ളി തൊലി പൊളിക്കും.
അമ്പലത്തില്‍ എത്തിയാല്‍ സ്റ്റേജിന് മുന്പില് ഇടം പിടിക്കാനുള്ള വെപ്രാളമാണ്. സന്ധ്യ മുതല്‍ തന്നെ ആളുകള്‍ വന്ന് സ്ഥലം പിടിക്കും. പലരും പുല്‍പ്പായയും ന്യൂസ് പേപ്പറുകളും പുതപ്പും ഒക്കെയായാണ് വരിക. കണ്ണും കാതും പതുക്കെയായ അമ്മമാര്‍ ഏറ്റവും മുന്പില് പായ വിരിച്ച് കാല് നീട്ടിയിരുന്ന് വെറ്റില മുറുക്കും. വൈകി വരുന്ന തങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് വേണ്ടി അവര്‍ സ്ഥലം സംവരണം ചെയ്യും.
സ്റ്റേജിന് മുന്പില് കാണികള്‍ക്ക് ഇരിക്കാനുള്ള സ്ഥലം രണ്ടായി തിരിച്ച്, നടുവില്‍ നടക്കാനുള്ള വഴി ഉണ്ടാവും. കമുകിന്റെ തടിയോ മുളങ്കാലുകളോ കൊണ്ട് അതിരുകള്‍ ഉണ്ടാവും. വലതുവശം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ഇടതുവശം പുരുഷന്മാര്ക്ക്. ഷര്‍ട്ടില്‍ ബാഡ്ജ് കുത്തുന്നതോടെ സവിശേഷാധികാരം ലഭിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ ഭാഗത്തേക്ക് പുരുഷന്മാര് കടക്കാതെ ശ്രദ്ധിക്കും. കടലയോ പൊരിയോ ഇഞ്ചി മിട്ടായിയോ ഒക്കെ വില്‍ക്കുന്നവര്‍ക്ക് ഇളവുണ്ട്. അവര്‍ നിലത്തിരിക്കുന്ന പെണ്ണുങ്ങളുടെയും കുട്ടികളുടെയും ഇടയിലൂടെ അസാധാരണമായ ബാലന്‍സോടെ കാലിന്റെ തള്ളവിരലുകള്‍ മാത്രമൂന്നി നടക്കും. മറ്റാരെങ്കിലും സ്ത്രീകളുടെ ഭാഗത്തേക്ക് അറിയാതെ എങ്ങാനും കടന്നുപോയാല്‍ പെണ്ണുങ്ങള് അവരെ കൂവി ഓടിക്കും.
അമ്പലത്തില്‍ നൃത്തം പഠിപ്പിക്കുന്ന അധ്യാപികയുടെ വിദ്യാര്‍ഥിനികളുടെ നൃത്തമാണ് ആദ്യം നടക്കുക. കാണികള്‍ നിറഞ്ഞു കഴിഞ്ഞാലുടനെ മൈക്കില്‍ അറിയിപ്പുകള് വന്നു കൊണ്ടിരിക്കും.
“നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഗീതാ കുമാര്‍ ചുങ്കത്തറ നയിക്കുന്ന നൃത്തനിര്‍ത്യങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഈ വേദിയില്‍ അരങ്ങേറുന്നതാണ്...”
പ്രധാന ആകര്‍ഷണം അതിനുശേഷം നടക്കുന്ന ബാലെയാണ്. നാടകത്തിന്റെ കുറേക്കൂടി സംഗീതാത്മക രൂപമാണ്. സംഗീതം മാത്രമല്ല, നൃത്തവും കലര്‍ന്നത്.
കാണികള്‍ കാത്തിരുന്ന് അക്ഷമരാവുന്നു എന്ന് തോന്നുന്ന പക്ഷം അടുത്ത അറിയിപ്പ് വരും. “നിങ്ങളേവരും ആകാംഷയോടെ കാത്തിരിക്കുന്ന, കോഴിക്കോട് സങ്കീര്‍ത്തനയുടെ നൃത്തസംഗീത നാടകം സീതാസ്വയംവരം...”
ഉറക്കം തൂങ്ങുന്നവര്ക്കിടയില്നിന്ന് ആര്‍പ്പുവിളികളും കയ്യടികളും ഉയരും. വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കണം. സ്റ്റേജില്‍ ഒരുപാട് പണിയുണ്ട്. കര്‍ട്ടനുകള്‍ തന്നെയുണ്ട് പത്തോ പതിനഞ്ചോ. കൊട്ടാരത്തിലെ സീന്‍ വരുമ്പോള്‍ പുറകില്‍ കൊട്ടാരത്തിന്റെ ചിത്രമുള്ള കര്ട്ടന് വരണം. സീത ഉദ്യാനത്തിലേക്ക് നടക്കുമ്പോള്‍ കൊട്ടാരം വലിച്ചുനീക്കി പൂന്തോട്ടം കാണണം.
കാത്തിരിപ്പിനൊടുവില്‍ അടുത്ത അറിയിപ്പ്.
“പ്രിയമുള്ളവരേ, ബാലെ ഇതാ ആരംഭിക്കുകയായി. പരിശുദ്ധവും പരിപാവനവുമായ ഈ ക്ഷേത്രാങ്കണത്തില്‍ ഞങ്ങളുടെ എളിയ കലാസൃഷ്ടി അവതരിപ്പിക്കാന്‍ അവസരം തന്ന അമ്പലകമ്മിറ്റി അംഗങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളെ കാണാന്‍ ഇവിടെ എത്തി ചേര്‍ന്ന എല്ലാ ഭക്തജനങ്ങള്‍ക്കും കോഴിക്കോട് സങ്കീര്‍ത്തനയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നു...”
കാത്തിരുന്നു ക്ഷമ കെട്ട ആരെങ്കിലും വിളിച്ചു പറയും.
“നന്ദി വരവ് വച്ചു. പരിപാടി തുടങ്ങീന് ചെങ്ങായ്...”
“സ്റ്റേജിലേക്കുള്ള എല്ലാ വെളിച്ചവും അണച്ച് ഞങ്ങളോട് സഹകരിക്കണമേ എന്ന് വിനീതമായി അപേക്ഷിക്കുകയാണ്...”
വീണ്ടും അറിയിപ്പ്.
രസികനായ കാണി അതിനും മറുപടി പറയും,
“കുറച്ചു കഴിയുമ്പോ ഒരു വെളിച്ചം വരും, അത് ഓഫാക്കാന്‍ പറയരുത്. ഞമ്മളെക്കൊണ്ട് കയ്യൂല. നേരം വെളുക്കണതാ.”
ആളുകള്‍ ആര്‍ത്തു ചിരിക്കും. പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്കാണ് ബാലെ തുടങ്ങുന്നത്. നിലത്തു വിരിച്ച പായിലും പേപ്പറിലും കിടന്ന് കുട്ടികള്‍ അതിനകം ഉറങ്ങിപ്പോയിരിക്കും. ഒറ്റ ബാലെ പോലും മുഴുവന്‍ കണ്ട ഓര്‍മ്മ എനിക്കില്ല. ഉറക്കം ഉണരുമ്പോള്‍ എങ്ങനെ വീട്ടിലെത്തി എന്നാലോചിക്കും. തലേന്ന് വാങ്ങിയ, കടുകോ റവത്തരികളോ നിറച്ചു വീര്‍പ്പിച്ചു കെട്ടിയ ബലൂണ്‍ തട്ടുമ്പോള്‍ ഉറക്കത്തിനിടയില്‍ കേട്ട ചില അറിയിപ്പുകള് ഓര്‍മ്മ വരും.
കോഴിക്കോട് സങ്കീര്‍ത്തന, രംഗപടം, സംഗീതം, നൃത്ത സംവിധാനം, തിരക്കഥ, സംഭാഷണം, അഭിനയിച്ചവരും ശബ്ദം കൊടുത്തവരും....
വല്ലാത്ത നിരാശ തോന്നും. അടുത്ത കൊല്ലം ഉറങ്ങാതെ മുഴുവന്‍ കാണും, ആ കുട്ടി ഉറപ്പിക്കും…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover childhood memories of temple festivals, folk performances, and the unique traditions of staying awake
Published: 14 Nov 2025, 12:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented