
ഇന്നെന്താ ദൈവേ കൂട്ടാന്‍ വയ്ക്കാ എന്നതായിരുന്നു ഞങ്ങളുടെ അമ്മമാരുടെ ഏറ്റവും വലിയ പ്രതിസന്ധി.
ഏറ്റവും കൂടുതല്‍ തവണ പരസ്പരം ചോദിച്ചിട്ടുള്ളത് ഇതേ ചോദ്യത്തിന്റെ വേറൊരു പതിപ്പായിരിക്കും.
എന്താടീ കൂട്ടാന്‍ വച്ചത്?
ആഴ്ച്ചയ്ക്ക് ആഴ്ച്ചയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങി വയ്ക്കുന്ന പതിവില്ലാത്ത കാലമാണ്. ചെറ്യുള്ളി, വല്യുള്ളി, വെള്ളുള്ളി തുടങ്ങിയ ഉള്ളികളേ വാങ്ങുന്ന പതിവുള്ളൂ. പിന്നെ പച്ചക്കറി വാങ്ങുന്നത് ഓണത്തിനോ പിറന്നാളിനോ സദ്യ ഒരുക്കാന്‍ മാത്രം. ബാക്കി ദിവസങ്ങളില്‍ ഞങ്ങളെ പോറ്റിയത് അവരവരുടെയും അയല്‍വക്കത്തെയും തൊടിയായിരുന്നു.
കുളിമുറിയും കക്കൂസും വീടിന് പുറത്തായിരുന്നു. ഓട് മേഞ്ഞ അതിന്റെ മേല്‍ക്കൂരയിലും കോഴിക്കൂടിന്റെ മുകളിലും മത്തനും കുമ്പളവും പടര്‍ന്നു. വേലിക്കല്‍ ചെറിയ പന്തലില്‍ കയ്പ്പ. തെങ്ങിന്‍ ചോട്ടിലൊരു അരികിലായി ഇരിക്കാന്‍ പലക ഇട്ടിരിക്കും. അതിനടുത്ത് ടാര്‍ കൊണ്ടോ മുളഞ്ഞി (ചക്ക പശ ) കൊണ്ടോ ഓട്ടയടച്ച പഴയ ബക്കറ്റില്‍ വെള്ളം. അരികില്‍ വെണ്ണീര്‍ പാത്രം. തീ കെട്ട് തണുത്ത അടുപ്പില്‍നിന്ന് എല്ലാ ദിവസവും ചാരം കോരി പാത്രം നിറച്ചു വച്ചിരിക്കും. പാത്രം കഴുകാന്‍ സോപ്പ് വാങ്ങുന്നതൊക്കെ അധിക ചെലവാണ്. വെണ്ണീര്‍ ഇട്ടുരച്ച് വെളുപ്പിച്ച കരിപ്പാത്രങ്ങള്‍ അമ്മിത്തിണ്ടില്‍ വെയില്‍ കാഞ്ഞ് തിളങ്ങും. പാത്രം കഴുകുന്ന വെള്ളവും അടുക്കളവേസ്റ്റും ചാരവും ഒക്കെ കലര്‍ന്ന ആ തെങ്ങുഞ്ചോട്ടില്‍ ഒരരികില്‍ ചീനാപറങ്കി (കാന്താരി ), തക്കാളി, ചീര ഒക്കെ സമൃദ്ധമായി കാണും. ആരും വളര്‍ത്താതെ വളരുന്ന ചേമ്പിന്റെ താളുകള്‍ ഒരു കാട് തന്നെയൊരുക്കും. വേലിക്കല്‍ കുത്തുന്നത് മിക്കവാറും മുരിങ്ങാക്കമ്പുകള്‍ ആയിരിക്കും. അതും വളര്‍ന്ന് വന്മമരമാവും.
ഞങ്ങളൊക്കെ സ്‌കൂളില്‍ പോയി കഴിഞ്ഞാല്‍ അമ്മമാര്‍ തൊടിയിലേക്കിറങ്ങും. സ്‌കൂളില്‍ കഞ്ഞിയും പയറുമുണ്ടല്ലോ, ഞങ്ങളെക്കുറിച്ച് ആലോചിക്കണ്ട. അതുകൊണ്ട് ഉച്ചയ്ക്കുള്ളത് പതുക്കെ ആയാല്‍ മതി. വിറകടുപ്പില്‍ അരി തിളയ്ക്കുമ്പോള്‍ അമ്മ മുരിങ്ങയൊടിക്കും.
സാവിയേ, ഇന്നെന്താ മുരിങ്ങേം പരിപ്പും ആണ് ലേ?
നാല് ചീനാപറങ്കി പറിക്കാന്‍ ഇറങ്ങിയ ജാനകിയേടത്തി ചോദിക്കും.
അല്ലേടത്ത്യേ, ലേശം മുരിങ്ങടെ എല താളിച്ചാ ഇയ്ക്ക് അത് മതി ചോറുണ്ണാന്‍. അമ്മയ്ക്ക് പിന്നെ എന്തായാലും മതി. ഏട്ടനും കുട്ട്യാളും ഇല്ലല്ലോ ഉണ്ണാന്‍. അതൊക്കെ മതി അപ്പോ.
ആ, ന്നാ ലേശം ഒണക്ക സ്രാവ് കൊണ്ടോയിക്കോ. താളിപ്പിന്റൊപ്പം നല്ലതാ. ഇവടെ മൂപ്പര്‍ക്ക് കൂട്ടാന്‍ പറ്റില്ല, പ്രഷറാ.
ജാനകിയേടത്തി ധൃതിയില്‍ അകത്തേക്ക് നടക്കും.
സ്രാവ് കൈമാറാന്‍ ജാനകിയേടത്തി വേലിക്കലേക്ക് എത്തുമ്പഴേക്കും അമ്മ മുരിങ്ങയൊടിച്ചത് നേര്‍ പകുതിയായി പകുക്കും.
സ്രാവുമായി അമ്മയും മുരിങ്ങയുമായി ജാനകിയേടത്തിയും ഇന്നത്തേക്കായി എന്ന ആശ്വാസത്തില്‍ അടുക്കളയിലേക്ക് നടക്കും.
പോയി നോക്കട്ടെ, അരി ണ്ട് അടുപ്പത്ത് എന്ന് പരസ്പരം യാത്ര പറയും.
ഒരു കറൂത്ത( പപ്പായ ) കാന്താരി കീറിയിട്ട് വേവിച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചാല്‍ രണ്ട് നേരത്തേക്ക് കറിയാവും. വെളിച്ചെണ്ണ ഒഴിക്കുമ്പോ ഇത്തിരി കറിവേപ്പിലകൂടി ചേര്‍ക്കും. അപ്പോ ഒരു മണമുണ്ട്, ആ നിമിഷം തന്നെ വിശക്കും. ചേമ്പിന്റെ താള് ചൊറിയാതിരിക്കാന്‍ പുളി ഒഴിച്ചൊരു കറിയുണ്ട്. അതിലും കാണും കറൂത്തയോ കപ്പയോ ഒക്കെ. ചേരുന്നത് ചേരാത്തത് എന്ന ആലോചനയൊന്നുമില്ല. കിട്ടുന്നത് മുഴുവന്‍ അരിഞ്ഞിടും. അങ്ങനെയാണ് ബാലന്‍സിങ്. സാമ്പാര്‍, തീയല്‍, പുളിങ്കറി എന്നൊന്നും ഞങ്ങളുടെ കൂട്ടാനുകളെ പേരിട്ടു വിളിക്കാനാവില്ല. കിട്ടുന്നത് വെട്ടിയരിഞ്ഞു വയ്ക്കുന്ന കറികള്‍ക്ക് പേരുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. ചേര്‍ത്ത കഷ്ണങ്ങളുടെ പേരുകള്‍ കൂട്ടി വച്ചാല്‍ കറിയുടെ പേരായി. പരിപ്പും കുമ്പളങ്ങേം, വെള്ളരിക്കേം തക്കാളീം എന്നൊക്കെ എളുപ്പമുള്ള പേരുകള്‍. ഇടിച്ചക്ക പരുവമായാല്‍ അത് മാത്രമിട്ട് സാമ്പാര്‍ വയ്ക്കും. ചക്ക മൂത്താല്‍ ചക്ക കൂട്ടാന്‍, ഇത്തിരി മൂപ്പ് കുറവാണെങ്കില്‍ ചക്ക ഉപ്പേരി. ചക്കക്കുരു എല്ലാ കറിയിലും പരിപ്പിന് പകരം കേറിക്കൂടും. ചക്കക്കുരൂം മുരിങ്ങേം, ചക്കക്കുരൂം ചീരേം, ചക്കക്കുരൂം മാങ്ങേം, ചക്കക്കുരൂം വെള്ളരിക്കേം.... അങ്ങനെ വലിയ സാധ്യതകളുണ്ട്.
എന്നാപ്പിന്നെ ചോറും കൂടി വയ്ക്കാരുന്നില്ലേടീ ചക്കക്കുരോണ്ട്?
അച്ഛന്‍ ചിരിക്കും.
ഇങ്ങക്കത് പറയാ, ഓരോ ദിവസോം എന്താ ഈ വെളമ്പണ്ടത് ഞാന്‍? എളുപ്പാ ന്നാ വിജാരം?
അമ്മയ്ക്ക് കലി വരും.
ചക്ക കാലങ്ങള്‍ ഞങ്ങള്‍ക്ക് തൃപ്തിയാണ്. എന്നും ചക്ക കൂട്ടാന്‍ ഉണ്ടാവും. ചൂട് കഞ്ഞിയും ചക്ക കൂട്ടാനും പ്ലാവില കുത്തി കുടിച്ച് വിയര്‍ത്ത് ഉമ്മറത്ത് കിടക്കുമ്പോ വേനല്‍ കാറ്റില്‍ പഴുത്ത മാങ്ങാമണം വരും.
ഹാ, ആനന്ദം!
ഇത് വേണ്ട, അത് മതി എന്ന് പാത്രം നീക്കി വയ്ക്കാനുള്ള സാധ്യതയില്ല അന്ന്. കിട്ടുന്നത് മിണ്ടാതെ കഴിച്ചോളണം. വേണ്ടെങ്കി വേണ്ട, വിശക്കുമ്പോ വാ എന്നാണ് ചെറിയ വാശികള്‍ക്കുള്ള മറുപടി. വിശക്കുമ്പോള്‍ ചെന്നു, അടച്ചു വച്ച തണുത്ത ചോറുണ്ടു. ആഹാരത്തെ കുറിച്ച് പരാതികളില്ലാതെയായത് അങ്ങനെയാണ്. അതുകൊണ്ട് ഉപകാരമേ ഉണ്ടായിട്ടുള്ളൂ. തക്കാളിയും കാന്താരി മുളകും ഉടച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ചോറുണ്ടു. തലേ ദിവസത്തെ ചോറ് ഉള്ളിയും മുളകും വറുത്തിട്ട് ഉപ്പുമാവായി രൂപം മാറിയത് രുചിയോടെ കഴിച്ചെണീറ്റു. ചക്കക്കൂട്ടാനും വാടിയ മാങ്ങയരിഞ്ഞ് ഉപ്പും മുളകും വെളിച്ചെണ്ണയും പുരട്ടിയ കുട്ടികളുടെ അച്ചാറും കൂട്ടി ചായ കുടിച്ചു. കപ്പയും ചേമ്പും ചേമ്പിന്റെ താളും പപ്പായയും ഉപ്പും മുളകും മാത്രം ഇട്ട് വേവിച്ച കറി വെറുതെ കോരി തിന്നു.
മാങ്ങയുടെ പുളിയും ഇഞ്ചിയുടെ മണവും ഉള്ള മാങ്ങായിഞ്ചി ചേര്‍ത്ത ചമ്മന്തി തൊട്ട് നാവില്‍ വച്ച് തരിപ്പില്‍ ഉണര്‍ന്ന നാവിലേക്ക് വെള്ളച്ചോറി (പഴങ്കഞ്ഞി)ന്റെ തണുപ്പ് കൂടി കൊടുത്ത് സമാധാനിപ്പിച്ചു.
ഏറ്റവും രുചിയുള്ള ഭക്ഷണം അന്നും ഇന്നും ചോറാവുന്നത് എന്തായിരിക്കും?
കഞ്ഞി, ചോറ്, പഴങ്കഞ്ഞി എന്നിങ്ങനെ അതിന്റെ എല്ലാ പ്രായങ്ങളെയും, കൂടെ കൂട്ടിയ എല്ലാ കൂട്ടാനുകളെയും നന്നായി അറിയുന്നത് കൊണ്ടായിരിക്കുമോ?
ഇലകളൊടിച്ചും തോട്ടി കൊണ്ട് പൊട്ടിച്ചും അപ്പുറത്തുനിന്നും ഇപ്പറത്തുനിന്നും ഇരന്നും പെറുക്കിയും പിശുക്കിയും അമ്മ ദിവസത്തിന്റെ പകുതിയും ചൂടേറ്റ് വിയര്‍ത്തും പുക മണത്തും വേവിച്ചു തന്നിരുന്നത് അത്ര രുചിയുള്ളതൊന്നും ആയിരുന്നില്ല. അതിലും രുചിയുള്ള, ഇത്രയൊന്നും കഷ്ടപ്പാടില്ലാതെ ഉണ്ടാക്കാവുന്ന എത്രയോ ആഹാരങ്ങള്‍ ഞാന്‍ കഴിച്ചിട്ടുണ്ട്. പക്ഷേ ഇന്നെന്താ കൂട്ടാന്‍ വയ്ക്കാ എന്നോര്‍ത്ത് വലഞ്ഞ്, അവരുടെ വിശപ്പിനേക്കാള്‍ നമ്മുടെ വിശപ്പിനെ പരിഗണിച്ച്, എല്ലാവരുടെയും രുചികളെ ഏറ്റവും സൂക്ഷ്മമായി ശ്രദ്ധിച്ച്, ഏറ്റവും കുറഞ്ഞ ചേരുവകള്‍ കൊണ്ട് പാത്രം നിറയ്ക്കാന്‍ അവരധ്വാനിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയാണ് അതിന്റെ രുചി. നല്ല ആഹാരം കിട്ടാനുള്ള മാര്‍ഗമുണ്ടായിട്ടും വീട്ടിലേക്ക് ഉണ്ണാന്‍ പോവാന്‍ തോന്നിപ്പിക്കുന്നത് അതുകൊണ്ടാണ്. അല്ലാതെ എന്റെയോ നിങ്ങളുടെയോ അമ്മ ലോകത്തെ ഏറ്റവും മികച്ച പാചകക്കാരി ആയതുകൊണ്ടല്ല.
എന്റെ കൊതികള്‍ ഇപ്പോഴും പുക മണക്കുന്ന ആ അടുക്കള പുറത്ത് ചുറ്റി തിരിയുന്നു. പുകയേറ്റ് കണ്ണ് കലങ്ങുന്നു. വിരലില്‍ പറ്റിയ കരി തലമുടിയില്‍ തേച്ച് വീതനപ്പുറത്ത് കാല്‍ കയറ്റിയിരിക്കുന്ന ഞാന്‍. അത്രയും സ്വസ്ഥമായ ഒരിരിപ്പ് പിന്നെ ഞാനിരുന്നിട്ടുണ്ടോ? സംശയമാണ്.
Content Highlights: praveena narayanan shares childhood food memories ormaperumkoottam
Published: 30 May 2025, 03:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented