
നിങ്ങള്‍ക്ക് സ്വന്തമായൊരു പുഴയുണ്ടായിരുന്നോ?
ഞങ്ങള്‍ക്കുണ്ടായിരുന്നു.
നാട് എന്നോര്‍ക്കുമ്പോള്‍ ആ പുഴ കൂടെയൊഴുകി വരും.
നടക്കാന്‍ പഠിച്ചതുപോലെ ഞങ്ങള്‍ നീന്താനും പഠിച്ചു. ആരും പഠിപ്പിക്കാതെ. എല്ലാക്കാലത്തും ആ നീരൊഴുക്ക് ഞങ്ങളെ കയ്യേറ്റു. വരള്‍ച്ചയിലും മലവെള്ളപാച്ചിലിലും ഞങ്ങളാ പുഴയില്‍ മുങ്ങി നിവര്‍ന്നു. കുളിമുറിയില്‍ ഇത്തിരി സ്ഥലത്തെ കുളി ഞങ്ങളെ തൃപ്തിപ്പെടുത്തിയില്ല. എത്ര ദിവസായി ഒന്ന് മുങ്ങി കുളിച്ചിട്ട് എന്ന് തോര്‍ത്ത് തോളിലിട്ട് ഞങ്ങള്‍ക്കിറങ്ങാതെ വയ്യ.
വലിയ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മുഷിഞ്ഞ തുണികളും സോപ്പുപൊടിയും ബാര്‍സോപ്പുമായി അമ്മമാര്‍ മുന്നില്‍ നടന്നു. എടുത്തു കുത്തിയ മുഷിഞ്ഞ നൈറ്റികളില്‍ കരി പുതിയ ഡിസൈനുകള്‍ വരച്ചിരുന്നു. ഒരു കുമ്പിള്‍ എണ്ണ ധൃതിയില്‍ പൊത്തിയ നിറുകയില്‍ മുടി കെട്ടിവച്ചിരിക്കും. എണ്ണ കിനിഞ്ഞ് മുഖം വെയിലില്‍ സ്വര്‍ണനിറമാവും. കമ്മലിന്റെ ആണികള്‍ മുറുക്കിയും താലിമാലയുടെ കൊളുത്തുകള്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചും അവര്‍ ആഞ്ഞു നടക്കും. പച്ചമഞ്ഞളും ചെമ്പരത്തിയിലകളുമായി കുഞ്ഞിപ്പെണ്ണുങ്ങള്‍ പുറകിലും. തുണി തല്ലുന്ന കല്ലില്‍ മഞ്ഞളുരച്ചാല്‍ അമ്മമാര്‍ കണക്കിന് തരും. കുട്ടികള്‍ വളരുന്നത് ആദ്യമറിഞ്ഞത് ആ പുഴയായിരുന്നു. പുഴ പറഞ്ഞാണത് നാടറിഞ്ഞത്. ശ്യാമളേന്റെ പെണ്ണ് വല്യ കുട്ടിയായി ട്ടോ. ഇന്ന് പൊഴേല് ഇണ്ടേന്ന് മഞ്ഞളൊക്കെ തേയ്ക്കുന്നു.
പെറ്റിക്കോട്ടില്‍ വെള്ളത്തില്‍ മദിച്ചിരുന്ന പെണ്‍കുട്ടികള്‍ അതിന് മുകളില്‍ അച്ഛന്റെയോ അനിയന്റെയോ ഷര്‍ട്ട് കൂടി ഇട്ടു തുടങ്ങും, അതും വളര്‍ച്ചയുടെ അടയാളമാണ്. മുഖത്തും കൈകാലുകളിലും പച്ചമഞ്ഞള്‍ അരച്ച് തേച്ച് അവര്‍ കല്ലില്‍ ചെമ്പരത്തിയിലകള്‍ കുത്തിപ്പിഴിയും. കുട്ടികളുടെ കൂടെ മുങ്ങാങ്കുഴിയിടാനോ നീന്താനോ പിന്നീടവര്‍ തയ്യാറാവില്ല. ആരോ നീട്ടിയ മുതിര്‍ച്ച വലിച്ചു ചുറ്റി അവര്‍ പതുക്കെ മാത്രം ചലിക്കും. കഴുകിയാലും പോവാത്ത നേര്‍ത്ത മഞ്ഞള്‍ നിറമുള്ള അവരുടെ തൊലി നനയുമ്പോള്‍ വെയില്‍ തട്ടി തിളങ്ങും. ഒഴുക്കില്‍ മലര്‍ന്നു കിടന്ന് ശരീരത്തെ വെള്ളത്തിന് ഓമനിക്കാന്‍ വിട്ടുകൊടുക്കും. പുളയുന്ന കുട്ടികളുടെ ആരവത്തില്‍ നിന്നകന്ന് അവര്‍ ഒന്നിക്കും. രഹസ്യങ്ങള്‍ കൈമാറും. അടക്കി ചിരിക്കും. ആരെങ്കിലും അടുത്തുവന്നാല്‍ പെട്ടെന്ന് നിശബ്ദരാവും.
അമ്മമാര്‍ കുളിച്ചു കയറിയാല്‍ വൈകാതെ അവരും കയറും. പരുത്തിചെടിയുടെ മറവില്‍ ഒരാള്‍ക്ക് ഒരാള്‍ ഈറന്‍ മാറാന്‍ കാവല്‍ നില്‍ക്കും. ലുങ്കി കൊണ്ട് ഉടല്‍ മറച്ച്, കണ്ണുകള്‍ ചുറ്റിലും പരതി അവര്‍ ധൃതിയില്‍ നനഞ്ഞ ഉടുപ്പുകള്‍ ഊരി മാറ്റും.അതേ ധൃതിയില്‍ കൊണ്ടുവന്ന ഉടുപ്പുകള്‍ ധരിക്കും.തുണികള്‍ ഊരിപ്പിഴിഞ്ഞ് ബക്കറ്റിലാക്കി അമ്മമാരെ അനുകരിച്ച് താളത്തില്‍ നടക്കും. നനഞ്ഞ മുടി പുറം നനയ്ക്കും. വളര്‍ച്ചയുടെ പുതിയ അടയാളമായ ബ്രായുടെ ഹുക്കുകള്‍ നനഞ്ഞ ഉടുപ്പിന് പുറത്തു തെളിയും. വിവശതയോടെ തല കുനിച്ച് കൗമാരം നടന്നു പോകുമ്പോള്‍ വഴിവക്കില്‍ ചിലര്‍ കാത്തുനില്‍ക്കും. നീ നടന്നോ, ഞാനിപ്പോ വരാം എന്ന് ചില പെണ്‍കുട്ടികള്‍ വഴിയില്‍ തങ്ങും.
നേര്‍ത്ത മഞ്ഞള്‍ മണമുള്ള കവിളുകളില്‍ അപ്പോള്‍ നാണം വരും. കണ്ണുകള്‍ പിന്നെയും കൂമ്പും. ശബ്ദം നേര്‍ത്തുപോവും. കുളി കഴിഞ്ഞപ്പോള്‍ വെളുത്തല്ലോ എന്നോ മറ്റോ ഒരു കുസൃതി ആ കാമുകന്മാര്‍ പറഞ്ഞേക്കും. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുന്നിതിടയില്‍ ഇളം പ്രണയികള്‍ അത് കേട്ടിരിക്കുമോ ആവോ! ചെക്കന്റെ നാട്ടില്‍ പുഴയില്ല,എനിക്കാ കല്യാണം വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളുള്ള നാടാണ്. ഏത് വെള്ളപ്പൊക്കത്തിലും പുഴയില്‍ മുങ്ങാന്‍ മഴ നനഞ്ഞു നടന്നുപോകുന്നവരുണ്ട്. ഒഴുക്ക് കുറഞ്ഞു പോയി, വെള്ളം വറ്റാറായി, തിട്ട ഇടിഞ്ഞു,മണലുകോരി ആഴം കൂടിപ്പോയി എന്നൊക്കെ ആ പുഴയുടെ ആരോഗ്യത്തെപ്പറ്റി ഞങ്ങള്‍ എപ്പോഴും ആകുലരായി.മലയില്‍ മഴയുണ്ട്, പുഴയില്‍ വെള്ളം കൂടും എന്ന് ദൂരെ മഴക്കാറ് കാണുമ്പോള്‍ തുടിച്ചിരുന്ന മനുഷ്യര്‍!
ഞങ്ങളുടെ എത്ര നിരാശകള്‍ പുഴയൊഴുകി മാഞ്ഞുപോയി! എത്ര മോഹങ്ങള്‍ ആ പുഴ നനച്ചു തന്നു! എത്ര നോവുകള്‍ തണുപ്പിച്ചു! മുറിവുകള്‍ ഉണക്കി! ഒറ്റക്കിരിയ്ക്കുമ്പോള്‍ കൂടെയിരുന്നും കൂട്ടത്തില്‍ തിമിര്‍ക്കുമ്പോള്‍ പാളി നോക്കിയും ആ പുഴ പ്രാണനോട് ചേര്‍ന്നുനിന്നു. എങ്ങനെയാണ് എല്ലാ പ്രായക്കാര്‍ക്കും പുഴ അഭയമായത്? എല്ലാവരെയും ഒരേ മട്ടില്‍ നനച്ചത്? ഞാനില്ലേ ഇവിടെയെന്ന് ഒരു നാടിന്റെ തണുപ്പായത്? ജീവിതത്തിനോട് അത്രയും ചേര്‍ന്നൊഴുകിയ പുഴ ഞങ്ങളെ പേടിപ്പിച്ചിട്ടുണ്ട്, പ്രേമിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്, പാതിരക്കും പട്ടാപ്പകലും കയ്യേറ്റിട്ടുണ്ട്.
പുഴ പലര്‍ക്കും പലതായിരുന്നു. എങ്ങനെയെന്നല്ലേ?
പറയാം.
ഒഴുകും (തുടരും)
Content Highlights: praveena narayanan shares a childhood memory with a river near her hometown
Published: 17 May 2025, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented