
ഓര്‍മ്മകളുടെ കാര്യത്തില്‍ മാത്രമല്ല മുറിവുകളുടെ കാര്യത്തിലും കുട്ടിക്കാലം സമൃദ്ധമായിരുന്നു. തൊണ്ണൂറുകളില്‍ ജനിച്ചവരാണ് ഏറ്റവും ഭാഗ്യം ചെയ്തവര്‍ എന്ന പാരാട്ട് ധാരാളം കേട്ടിട്ടില്ലേ? എല്ലാ സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെട്ട കാലത്ത് ജീവിക്കാന്‍ സാധിച്ചു എന്നാണ് പറയാറ്. എനിക്കെന്തോ അതില്‍ വലിയ അഭിമാനം തോന്നിയിട്ടില്ല. ഏറ്റവും അപകര്‍ഷം അനുഭവിച്ച കുട്ടിക്കാലമായിരിക്കും ഞങ്ങളുടേത് എന്ന് തോന്നുന്നുമുണ്ട്.
ചോരുന്ന വീടും മുഷിഞ്ഞ, എണ്ണത്തില്‍ കുറവുള്ള ഉടുപ്പുകളും മണ്ണെണ്ണ വിളക്കും വിറകടുപ്പും ആട്ടുകല്ലും പൊട്ടിയ ചെരുപ്പും കീറിയ പുസ്തകവും ഒഴിഞ്ഞ വയറും ഒക്കെയായി കഴിഞ്ഞുപോയ കുട്ടിക്കാലം സമം സ്വര്‍ഗം എന്ന് എനിക്ക് അടയാളപ്പെടുത്താന്‍ തോന്നാറില്ല. തീര്‍ച്ചയായും സുന്ദരമായ ഓര്‍മ്മകള്‍ അക്കാലം തന്നിട്ടുണ്ട്, എന്നാല്‍ എല്ലാം അങ്ങനെയായിരുന്നില്ല. ഒന്നും എളുപ്പവും ആയിരുന്നില്ല.
ടിവി അപൂര്‍വം വീടുകളില്‍ മാത്രമേയുള്ളൂ. ഉള്ള വീടുകളിലാവട്ടെ കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ വിലക്കുകളുമുണ്ട്. ടിവി കാണാന്‍ വേണ്ടി ഏറ്റവും അലഞ്ഞ തലമുറ ഞങ്ങളായിരിക്കണം.ഞായറാഴ്ച്ചകളില്‍ രാവിലെ ശ്രീകൃഷ്ണലീല സീരിയലുണ്ട്. വൈകീട്ട് നാല് മണിക്ക് സിനിമയും. എവിടെ പോയാലാണ് സമാധാനത്തില്‍ ടിവി കാണാന്‍ പറ്റുക എന്നാലോചിച്ചാണ് ഞങ്ങളുടെ ശനിയാഴ്ച്ചകള്‍ തീരുന്നത്. 'എല്ലാവരും കാല് വൃത്തിയാക്കിയിട്ട് അകത്തു കേറിയാല്‍ മതി' ഏറെ നേരത്തെ ദീനമായ ഒരേ നില്‍പ്പിനിടയില്‍ ടിവി വച്ച മുറിയുടെ വാതില്‍ തുറക്കും. നെഞ്ചിടിപ്പോടെയാണ് അകത്തു കയറുക. പരമാവധി ഒതുങ്ങിയാണ് നിലത്ത് കൂനിയിരിക്കുക. വീട്ടില്‍ രാജകീയമായി വളരുന്ന കുട്ടികളുടെ ഈ ഇരിപ്പ് ഞങ്ങളുടെ അച്ഛനോ അമ്മയോ കണ്ടിരുന്നെങ്കില്‍ ചങ്ക് പിടഞ്ഞേനെ.
പരിപാടി കാണുന്നതിനിടയില്‍ ചിരിക്കാനോ സംസാരിക്കാനോ പാടില്ല. എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവര്‍ ടിവി ഓഫ് ചെയ്യും. മതി, കണ്ടത്. എല്ലാരും പൊയ്‌ക്കോ എന്ന് ഞങ്ങളെ ആട്ടും. ആര് കാരണമാണോ ടിവി കാണാന്‍ പറ്റാതെയായത് അവര്‍ കളിക്കൂട്ടത്തില്‍ ഒറ്റപ്പെടുകയും ചെയ്യും. ഇടിയുടെയോ മഴയുടെയോ അടയാളം കണ്ടാലുടന്‍ ടിവി ഓഫാവും. വിരുന്നുകാര്‍ വന്നാലും ഞങ്ങള്‍ പുറത്താവും.
ആഴ്ച്ചയില്‍ ഒരിക്കല്‍ ഒരു സിനിമ മുഴുവന്‍ കാണാന്‍ ഞങ്ങള്‍ എന്തെല്ലാം അപമാനങ്ങള്‍ സഹിച്ചെന്നോ! ടിവി വച്ചുതരാം എന്ന പ്രലോഭനം മുന്നില്‍ വച്ച് അവര്‍ കുട്ടികളെ കൊണ്ട് പല പണിയും എടുപ്പിച്ചിരുന്നു. ഇടിപ്പടങ്ങളുടെ ആരാധകനായ എന്റെ അനിയന് ഒരിക്കല്‍ ഒരു മാവിലെ മാങ്ങ മുഴുവന്‍ പറിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. പുളിയുറുമ്പുകളുടെ കൂടുകള്‍ നിറഞ്ഞ ചില്ലയില്‍ അവന്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അത് കണ്ടുനിന്ന എന്റെ നെഞ്ചിടിച്ചു. ചെറിയ കുട്ടിയാണ് അവനന്ന്. ഉറുമ്പിന്റെ കടിയേറ്റ് ചുവന്ന തൊലിയില്‍ ഉഴിഞ്ഞുകൊണ്ട് അവന്‍ ഇരുന്ന് സിനിമ കാണുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ ഞാന്‍ എഴുന്നേറ്റ് പോയിട്ടുണ്ട്.
ടിവി ചൂടായി, ഇന്നിത്ര മതി എന്ന് ഇറക്കി വിട്ടവരുണ്ട്, ശബ്ദം കുറച്ചു വച്ച് ഞങ്ങള്‍ കാതു കൂര്‍പ്പിച്ച് ഇരിക്കുന്നത് കണ്ട് രസിച്ചവരുണ്ട്, നിലം മുഴുവന്‍ ചെളിയാക്കി, തുടച്ചിട്ട് പോയാല്‍ മതിയെന്ന് ഞങ്ങളെ മുട്ടിലിഴപ്പിച്ചവരുണ്ട്, ശബ്ദം കേട്ട് കൊതിയോടെ ചെല്ലുമ്പോള്‍ വാതില്‍ വലിച്ചടച്ചവരുണ്ട്, എല്ലാവരും കേറണ്ട, കുറച്ചുപേര്‍ മാത്രം മതിയെന്ന് പിരിച്ചവരുണ്ട്. ആ തിരിവിന് കാരണം ജാതിയാണെന്ന് അന്ന് മനസിലായില്ല. കൂട്ടത്തില്‍ ചിലരെ പുറത്തുനിര്‍ത്തുന്നത്, അവരോട് കടുത്ത ഭാഷയില്‍ സംസാരിക്കുന്നത്, ഒന്നിലും തൊടരുത് എന്നവരെ വിലക്കുന്നത് എല്ലാം എന്തുകൊണ്ടായിരുന്നു എന്ന് മനസിലാക്കാന്‍ വളരേണ്ടി വന്നു.
എന്നിട്ടും ഞങ്ങള്‍ പിന്നെയും ടിവിയുള്ള വീടുകളുടെ മുന്നില്‍ പരുങ്ങിനിന്നു. ഏത് കൊടിയ അപമാനത്തിനും മുകളിലായിരുന്നു അന്ന് ടിവിയുടെ സ്ഥാനം. ഞായറാഴ്ച്ചകളിലെ സിനിമ കഴിഞ്ഞ് നേരിയ ഇരുട്ടില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലെ നായികമാരുടെ നാണം വന്നു. ആണ്‍കുട്ടികള്‍ വഴിയരികിലെ ചെടികള്‍ വില്ലന്മാരുടെ തലയായി കണ്ട് അരിഞ്ഞു വീഴ്ത്തി. സിനിമ കാണാന്‍ അയലത്തെ വീട്ടിലേക്ക് വരാന്‍ അഭിമാനം സമ്മതിക്കാത്ത അമ്മമാര്‍ക്ക് ഞങ്ങള്‍ രാത്രി സിനിമാക്കഥ പറഞ്ഞുകൊടുത്തു. മുഴുവന്‍ പറയുന്നതിന് മുന്‍പ് അലച്ചിലിന്റെ ക്ഷീണത്തില്‍ ഞങ്ങളുറങ്ങിപ്പോയി.
സ്വപ്നത്തില്‍ ഞങ്ങള്‍ ടെറസ് വീട്ടില്‍ ജനിച്ചു. എല്ലാ മൂലകളിലും വെളിച്ചമുള്ള, എല്ലാവര്‍ക്കും പ്രത്യേകം മുറികളുള്ള വീട്. എല്ലാ സ്വപ്നങ്ങളിലും ഹാളിലെ മേശയില്‍ വലിയ ടിവി ഉണ്ടായിരുന്നു. ഞങ്ങളുറങ്ങിയത് തന്നെ ആ സ്വപ്നം കാണാനായിരുന്നു! 'വലുതാവുമ്പോ ഞാന്‍ നമ്മടെ വീട്ടില്‍ ടിവി വാങ്ങും അമ്മേ' അനിയന്‍ അമ്മയ്ക്ക് ഉറപ്പു കൊടുത്തു. കാണാന്‍ വരുന്നവരെയൊക്കെ വീട്ടില്‍ കയറ്റണം എന്ന് അവന്‍ അമ്മമ്മയെ ഓര്‍മ്മിപ്പിച്ചു. ചേച്ചിക്ക് പാട്ടല്ലേ കാണാന്‍ ഇഷ്ടം എന്ന് വീണ്ടും ചോദിച്ച് ഉറപ്പിച്ചു. എപ്പഴും എപ്പഴും വാര്‍ത്ത കാണാനൊന്നും പറ്റില്ല എന്ന് അച്ഛനെ താക്കീത് ചെയ്തു.
നോക്കൂ, എത്ര ചെറിയ മോഹങ്ങള്‍ക്ക് എത്ര കൊടിയ അപമാനം സഹിച്ചവരാണ് നമ്മള്‍! ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വലിയ വിടവുകള്‍ നമ്മുടെയുള്ളിലുണ്ടാക്കിയ മുറിവുകള്‍ എത്രയാണ്. കുഞ്ഞുങ്ങളുടെ ചെറിയ ആശകള്‍ സാധിച്ചു കൊടുക്കാന്‍ പറ്റാതെ നെഞ്ച് കലങ്ങിയ അച്ഛനമ്മമാരാണ് നമ്മുടേത്! ചില സിനിമാപ്പാട്ടിന്റെ വരികള്‍ക്ക്, പരസ്യ വാചകത്തിന്, ചില സംഗീതങ്ങള്‍ക്ക് ഒക്കെ ഇപ്പോഴും പഴയ അപമാനത്തിന്റെ ഓര്‍മ്മയാണ്.
(തുടരും)
Content Highlights: praveena narayanan shares 90 kids childhood and television era
Published: 29 Apr 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented