To advertise here,

പോസ്റ്റ് മോഡേണിസത്തിൻ്റെ വരവോടെ പ്രാദേശിക ആഖ്യാനങ്ങൾക്ക് (mini narratives )പ്രാധാന്യമേറുകയും ബൃഹദ് ആഖ്യാനങ്ങൾ (meta narratives)പിൻ നിരയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഈ മാറ്റത്തെ ഉൾക്കൊള്ളുന്ന കഥാവതരണ രീതിയും പ്രമേയവുമാണ് ശ്രീ. ഉണ്ണിക്കൃഷ്ണൻ കിടങ്ങൂരിൻ്റെ കഥകളിലുള്ളത്. പ്രാദേശികമായ കഥകൾ, ഐതിഹ്യങ്ങൾ, ഇവയെല്ലാം കൂട്ടിച്ചേർത്ത് കാവ്യാത്മകവും സവിശേഷവുമായ ആഖ്യാന രീതിയിൽ കഥയുടെ രൂപഭാവങ്ങളിൽ ഒരു അഴിച്ചു പണി നടത്തുകയാണ് 'പൊന്ത ' എന്ന കഥാസമാഹാരത്തിലൂടെ.

 വേട്ടക്കാരനും ഇരയും കാലങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്ന സമകാലിക സമൂഹത്തിൽ 'പൊന്ത 'എന്ന കഥ ഏറെ പ്രസക്തമാണ്. അതിശക്തമായ പെൺകഥാപാത്രങ്ങളെയാണ് ഈ കഥയിലൂടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളുമായും ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്ന കാവാലിപ്പുഴ ഒരു കേന്ദ്ര കഥാപാത്രമായി വരുന്നു.ചുരുളഴിയാത്ത ധാരാളം കഥകളുടെ കേന്ദ്രമായ കാവാലിപ്പുഴയുടെ സ്വഭാവത്തിന് ഇണങ്ങുന്ന വിധത്തിൽ നിഗൂഢത നിലനിർത്തി കൊണ്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത് .ഒരു കുട്ടി കഥ പറയുന്ന രീതിയിൽ ആരംഭിക്കുന്ന ഈ കഥ കഠാരിമുത്തശ്ശിയെക്കുറിച്ച്, അവരുടെ ആത്മാവ് കഥ പറയുന്ന ആളുടെ അച്ഛമ്മയുടെ ദേഹത്ത് കൂടുമ്പോൾ ഉണ്ടാകുന്ന അവരുടെ ഭാവപ്രകടനങ്ങളിലെ മാറ്റത്തെക്കുറിച്ച് വർണ്ണിക്കുന്നു .തുടർന്ന് കുട്ടിമുത്തശ്ശിയുടെ കുടുംബക്കാർക്ക് 'കുതികാൽ വെട്ടികൾ' എന്ന പേര് കിട്ടിയ ചരിത്രത്തെക്കുറിച്ചും കുട്ടിമുത്തശ്ശിക്ക് ' കഠാരി മുത്തശ്ശി 'എന്ന പേര് ലഭിച്ചതിനെക്കുറിച്ചുമുള്ള ചരിത്രം വെളിപ്പെടുത്തുന്നു. ഇയ്യായൻപിള്ള കുട്ടിയമ്മയെ കുളപ്പടവിലേക്ക് വിളിക്കുകയും അവരുടെ വെൺതുടയിൽ കഠാരിയെടുത്ത് കുത്തുകയും ചെയ്യുന്നു. ഈ സംഭവത്തോടെയാണ് അവർക്ക് 'കഠാരി ക്കുട്ടി 'എന്ന പേര് വന്നത്. കാരിച്ചിന്നൻ എന്നയാൾ അവരെ പരിഹസിക്കുകയും അവരോട് മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നു. എന്നാൽ ഗോവിന്ദൻ എന്ന തൻ്റെ ആനയുടെ പുറത്തെത്തിയ ഇയ്യായൻപിളള അവളെ ഭാര്യയായി സ്വീകരിക്കുകയും അതിന് പ്രതികാരമായി കാരിച്ചിന്നൻ ഗോവിന്ദന് ചാരായം വാങ്ങി നൽകി ഇയ്യായ്യൻപിള്ളയെ കൊല്ലിക്കുന്നു. കാരിച്ചിന്നൻ ഗോവിന്ദനിൽ പ്രയോഗിച്ച ബുദ്ധി കുട്ടിയമ്മ ഗോവിന്ദനിൽ പ്രയോഗിക്കുകയും അത് കാരിച്ചിന്നൻ്റെ കൊലപാതകത്തിൽ കലാശിക്കുന്നു. ഈ പ്രതികാരബുദ്ധി കാരിച്ചിന്നൻ്റെ പിൻ തലമുറയിൽപ്പെട്ട വേന്ദ്രനിലൂടെയും കുട്ടിയമ്മയുടെ പിൻതലമുറകളായ ചക്കിയിലൂടെയും പൊന്നിയിലൂടെയും ആവർത്തിക്കുന്നു. കാരിച്ചിന്നൻ്റെ തലമുറയിൽപ്പെട്ട പുരുഷൻമാരെല്ലാം പെൺകുട്ടികളെ ശാരീരികമായി വേട്ടയാടാൻ ശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് പരേതാത്മാക്കൾ ഇത്തരക്കാരിൽ നിന്ന് രക്ഷനേടാനായി പൊക്കിളിനു താഴെ കാലുകൾക്കിടയിൽ പല്ല് മൊളപ്പിയ്ക്കുന്നു. സ്വയം പ്രതിരോധമൊരുക്കുന്ന ഇത്തരം പെൺകുട്ടികൾ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.


പെണ്ണിൻ്റെ മുഖത്ത് ഭയത്തിനു പകരം വിരിഞ്ഞ ഭീഷണമായ മന്ദഹാസം, ഗൂഢമായ ഭാഷ, അപ്രതീക്ഷിതമായ അവസാനിപ്പിക്കലുകൾ ഇതെല്ലാം ഈ കഥയ്ക്ക് വ്യത്യസ്തത നൽകുന്നു.  'പൊന്ത ' എന്ന വാക്ക് ഒരു പ്രതീകമാണ് . കുറ്റിക്കാടുകളും വള്ളിച്ചെടികളും നിറഞ്ഞു കിടക്കുന്ന ഒരു സ്ഥലത്തിനുമപ്പുറം നിഗൂഢമായ പലതും അതിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കാനുള്ള കഴിവും അതിലുണ്ട്. മനുഷ്യ മനസ്സിൻ്റെ പൊന്തക്കാടുകൾക്കുള്ളിൽ കുടിയിരിക്കുന്ന സമസ്ത വികാരങ്ങളും പകയും പ്രതികാരവും കാമവുമെല്ലാം മനുഷ്യജീവിതങ്ങളെ എങ്ങനെ തകർത്തു കളയുന്നു എന്നും ഈ കഥ വെളിപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ ഈ കഥകളിലെല്ലാം ഗ്രാമാന്തരീക്ഷത്തിൻ്റെതായ വാക്കുകളും വരികളും സൂചകങ്ങളും പ്രതീകങ്ങളും ഒക്കെയാണ് ഉള്ളതെങ്കിൽ പോലും മനുഷ്യമനസ്സിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്ന ഈ കഥ പഴയ കാലഘട്ടത്തിൽ നിന്ന് പുതുമയിലേക്കുള്ള സഞ്ചാരമാണ്. പകയുടെയും പ്രതികാരത്തിൻ്റെയും തലമുറകൾ നീണ്ടു നിൽക്കുന്ന ചങ്ങലക്കണ്ണികൾ സൂക്ഷ്മമായി ഇണക്കിച്ചേർത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

'നിലവിളക്ക് വിപ്ലവം 'എന്ന കഥയിൽ ഒരു രാഷ്ട്രീയ കഥ (പൊളിറ്റിക്കൽ സ്റ്റോറി )യുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നുവെങ്കിലും തീവ്രമായ രാഷ്ട്രീയപരാമർശങ്ങൾ ഒഴിവാക്കിയാണ് കഥാവതരണം നടത്തിയിരിക്കുന്നത്. പാർട്ടിക്കുമപ്പുറം മനുഷ്യ ബന്ധങ്ങൾക്കുള്ള പ്രാധാന്യം വെളിപ്പെടുത്താനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത് . കാല്പനിക രാഷ്ട്രീയ വിശ്വാസത്തെ മുറുകെപ്പിടിക്കുകയും അക്രമരാഷ്ട്രീയത്തെ അകറ്റി നിർത്തുകയും ചെയ്യുന്നവരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങളായ ജയ കൃഷ്ണൻ മാഷും സുകേശനും. ശ്രീ ഗുരുജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലേക്ക് ചിത്രകല പഠിക്കാനായി വരുന്ന സുകേശൻ എന്ന പൂജാരിയെ അവതരിപ്പിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. ചുമരുകൾ മുഴുവൻ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ആ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകൻ ജയദേവൻ മാഷ് ആയിരുന്നു . സുകേശൻ അമ്പലത്തിലെ പഴയ ശാന്തിക്കാരനായിരുന്നുവെങ്കിലും പഴയ എസ്.എഫ്.ഐ ക്കാരനാണ്. വിവാഹ കമ്പോളത്തിൽ വലിയ പ്രയോജനം ഒന്നുമില്ലെങ്കിലും അയാൾക്ക് നാട്ടിൽ വിലയുണ്ടായിരുന്നു . ക്ഷേത്രത്തിലെ പുതിയ ഭരണസമിതി വന്നതിനുശേഷം ചൈതന്യം ഒഴിഞ്ഞുപോയ വിഗ്രഹത്തിന് മുന്നിൽ പൂജ ചെയ്യാൻ താല്പര്യമില്ലാതായതോടെയാണ് അയാൾ ആ പണി ഉപേക്ഷിക്കാനും ചിത്രകല പഠിക്കാനും തീരുമാനിക്കുന്നത് . കോളേജിൽ രണ്ടുവർഷം പഠിപ്പിച്ചിരുന്ന ജിനദേവൻ മാഷിൻ്റെ നിർദ്ദേശപ്രകാരമാണ് അയാൾ ജയകൃഷ്ണൻ മാഷിനടുത്തെത്തുന്നത് . ഭാരതീയ ചിത്രകലാ പാരമ്പര്യത്തിലും സംസ്കാരത്തിലും അടിയുറച്ച വിശ്വാസം ഉണ്ടായിരുന്ന ജയകൃഷ്ണൻ മാഷ് ചിത്രകലയുടെ അടിസ്ഥാനം ആർഷഭാരതത്തിലാണെന്ന് വാദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രസ്താവന സുകേശനിൽ അസ്വസ്ഥത ഉളവാക്കിയെങ്കിലും ക്രമേണ അവർ നല്ല സുഹൃത്തുക്കളായി മാറുന്നു.സ്ത്രീകളോട് പ്രത്യേകമായ താല്പര്യമൊന്നും പ്രദർശിപ്പിക്കാതിരുന്ന ജയകൃഷ്ണൻ മാഷ് ഏത് പെണ്ണിനെ വരച്ചാലും അത് അവസാനം ഭാരത മാതാവായി പോകുന്ന അവസ്ഥയായിരുന്നു. സുകേശൻ്റെ ചിത്രകലാ പാടവം അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി. കണ്ണൂരൊക്കെ നടക്കുന്ന അക്രമരാഷ്ട്രീയത്തെക്കുറിച്ച് അവർ സംസാരിക്കുന്നു. ഒരു ദിവസം സുകേശൻ ജയകൃഷ്ണൻ മാഷിൻ്റെ വീട്ടിലെത്തുകയും അവിടെ തങ്ങുകയും ചെയ്യുന്നു. അതിനിടയിൽ രണ്ട് പേരും തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളെ കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങൾ നടത്തുന്നു. മാത്രമല്ല ഒരു പ്രചാരക് ആയി പോകാനായിരുന്നു തൻ്റെ തീരുമാനമെന്നും എന്നാൽ അദ്ദേഹത്തിൻ്റെ അനുജനായ ഹരികൃഷ്ണൻ മരിച്ചു പോയതിനാൽ തനിക്ക് അതിന് കഴിയുന്നില്ലെന്നും പറയുന്നു. സുഭദ്രയെന്ന ഒരു നമ്പൂതിരി പെൺകുട്ടിയെയായിരുന്നു ഹരികൃഷ്ണൻ വിവാഹം കഴിച്ചത്. അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനാൽ വീട്ടുകാർ അവളെ പടിയടച്ച് പിണ്ഡം വച്ചിരുന്നു .ഈ കാലഘട്ടത്തിലും ജാതി എത്ര ശക്തമായി നിലനിൽക്കുന്നു, അത് പെണ്ണവസ്ഥയെ എത്ര മാത്രം ദുരിതമയമാക്കുന്നു എന്നു മനസ്സിലാക്കാം. ഒരു ദിവസം സുഭദ്ര കരഞ്ഞു കൊണ്ട് സുകേശനെ വിളിച്ച് ജയകൃഷ്ണൻ മാഷ് ഭ്രാന്തനെപ്പോലെ പെരുമാറുന്നതും അദ്ദേഹത്തിൻ്റെ അമ്മ ആർത്തവകാലത്ത് അവളോട് മോശമായി പെരുമാറുന്നതും അറിയിക്കുന്നു. ഇതറിഞ്ഞ സുകേശൻ ജയകൃഷ്ണൻ മാഷിൻ്റെ വീട്ടിലെത്തുന്നു. മാഷ് സുകേശനെയും കൂട്ടി പത്തുമുപ്പത് കിലോമീറ്റർ അകലെയുള്ള വിജനമായ ഒരു സ്ഥലത്തേക്ക് പോവുകയും കാട്ടിലേക്ക് ഇറങ്ങിപ്പോയി അവിടെ നിന്നും "ഈക്വിലാബ് സിന്ദാബാദ് "എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം നിർവൃതിയോടെ തിരിച്ചു വരുന്നു. തുടർന്ന് തൻ്റെ മനസ്സിലെ ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് അദ്ദേഹം മോചിതനാവുകയും ലൗകിക ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്യുന്നതിൻ്റെ സൂചനയോടെയാണ് കഥ അവസാനിക്കുന്നത് . സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു കഥയാണിത്. ഒരു രാഷ്ട്രീയ കഥയ്ക്ക് അനുയോജ്യമായ പ്രത്യയ ശാസ്ത്രങ്ങൾ ,അതിൻ്റെ നയങ്ങൾ , ജനങ്ങളിലുള്ള സ്വീകാര്യത ,വ്യത്യസ്തമായ ആശയഗതികൾ എല്ലാം തന്നെ അതി സൂക്ഷ്മതയോടെ അവതരിപ്പിക്കുന്നു .

തലമുറകൾ മാറിയാലും ആണിന്റെ ആസക്തിയും പെണ്ണിൻ്റെ അവസ്ഥയും മാറുന്നില്ല. എന്നാൽ കാലഘട്ടത്തിനനുഗുണമായ രീതിയിൽ കനലായി മാറാൻ അവൾ പ്രാപ്തയാണെന്ന് ആവർത്തിച്ച് വെളിപ്പെടുത്തുന്ന 'പൊന്തയും ' പ്രത്യയ ശാസ്ത്രങ്ങൾ വ്യത്യസ്തമാണെങ്കിലും സൗഹൃദത്തിലെ തെളിമ തെളിഞ്ഞ ചിന്തകളിലേക്കും മനുഷ്യപുരോഗതിയിലേക്കും നയിക്കുമെന്ന് 'നിലവിളക്ക് വിപ്ലവ'വും വായനക്കാരനെ ഓർമ്മിപ്പിക്കുന്നു. മീനച്ചലാറിന്റെ തീരത്തെ,ഇരുട്ടും വെളിച്ചവും ഇടകലരുന്ന ഒരു ചെറിയ ലോകത്തിലൂടെ മനുഷ്യജീവിതത്തിലെ ആത്മീയതയും ആസക്തിയും തുറന്നു കാട്ടുന്ന ഈ കഥകളിൽ കാടും ചെടികളും മരങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്നു. പ്രകൃതിയിലെ അത്ഭുതങ്ങൾ അനാവരണം ചെയ്യുന്നതോടൊപ്പം പ്രകൃതിയും മനുഷ്യനുമായുള്ള സഹവർത്തിത്ത്വം അടയാളപ്പെടുത്ത ഈ കഥകളിൽ ഇക്കോ ക്രിട്ടിക്കൽ വായനയ്ക്കുള്ള സാധ്യതകളും ദൃശ്യമാണ്. ചരിത്രമെങ്ങനെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഈ കഥകളിൽ റെയ്മണ്ട് വില്യംസിൻ്റെ 'കൾച്ചറൽ മെറ്റീരിയലിസ്റ്റ്' തിയറിയുടെ പ്രത്യേകതകളും കാണാം.കഥയും, പ്രകൃതിയും ചരിത്രവുമായുള്ള സമഞ്ജസ സമ്മേളനത്തിലൂടെ അലസമായ വായനയ്ക്കപ്പുറം ഗഹനമായ വായനയ്ക്കുള്ള സാധ്യതകളും ഈ കഥകൾ തുറന്നിടുന്നു.

ലക്ഷ്മിപ്രിയ എസ്.എസ്.
HSST ഇംഗ്ലീഷ്
GGHSS വണ്ടൂർ, മലപ്പുറം

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi