എല്ലാ വീടുകളിലും ടി.വിയില്ലാത്ത കാലമാണ്. മധ്യവര്‍ഗവീടുകളുടെ സമൃദ്ധി റേഡിയോ ആയിരുന്നു. അതുമില്ലാത്ത വീടുകളാണ് അധികവും. ഇന്നത്തെ സ്വകാര്യറേഡിയോ ചാനലുകളില്ല. രാപ്പകല്‍ പാടുന്ന പെട്ടി സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. കോഴിക്കോട് ആകാശവാണി കേള്‍ക്കാന്‍തന്നെ റേഡിയോ ആന്റിനയില്‍ വയറുകള്‍ കെട്ടി ഉയര്‍ത്തി വയ്ക്കുന്ന സംവിധാനം ഒക്കെ വേണം. എന്നാലും തെളിഞ്ഞ ശബ്ദം കേള്‍ക്കില്ല, പശ്ചാത്തലത്തില്‍ മുരള്‍ച്ചയുണ്ടാവും.

നേരംപോക്കിന് അധിക സാധ്യതകള്‍ ഒന്നുമില്ലാത്ത ഞങ്ങള്‍ അക്കാലത്ത് യുവജനോത്സവങ്ങളും ക്ലബ്ബുകളുടെ വാര്‍ഷികങ്ങളും വരാന്‍ കാത്തിരിക്കും. പേരുകളുടെ ഈ തരംതിരിവില്ല അന്ന്. എല്ലാത്തിനും ഒറ്റപ്പേരാണ്,

കലാപരിപാടി.

ക്ലബ്ബിന്റെ പരിപാടിക്ക് ഗാനമേള ഉണ്ടാവോ?

സിനിമാറ്റിക്ക് ഡാന്‍സ് ഉണ്ടാവുമായിരിക്കും!

ആരൊക്കെ കളിക്കുന്നുണ്ട് ആവോ!

എന്തൊക്കെ പ്രതീക്ഷകള്‍, കാത്തിരിപ്പ്, അത്യുത്സാഹം!!

നടന്നെത്താന്‍ പറ്റുന്ന ദൂരത്തിലുള്ള സകല സ്‌കൂള്‍ വാര്‍ഷികങ്ങള്‍ക്കും യാത്രയയപ്പ് സമ്മേളനങ്ങള്‍ക്കും ക്ലബ് വാര്‍ഷികങ്ങള്‍ക്കും നാട്ടുകാര്‍ കൂട്ടമായി പോവും. പരിപാടി കാണാന്‍ പോവാം എന്ന മേളം നാലുമണി ചായക്കൊപ്പം തിളച്ചു മറിയും. നൃത്തമാണ് ആസ്വാദക പ്രീതി ആവോളമുള്ള കല. എല്ലാവര്‍ക്കും കാണേണ്ടത് അതാണ്. മിക്കവാറും എല്ലാ നാട്ടിലും കണ്‍മണിയായ ഒരു നര്‍ത്തകി ഉണ്ടാവും. ചെറിയ പ്രായം മുതല്‍ നൃത്തം പഠിക്കുന്ന, നാട്ടിലെ പ്രധാന സ്റ്റേജുകളിലെല്ലാം സ്ഥിരം സാന്നിധ്യം ഉറപ്പിക്കുന്ന, ഒട്ടേറെ ആരാധകഹൃദയങ്ങളുടെ ഉടമയായ ഒരുവള്‍. അവള്‍ക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും ടീച്ചര്‍മാരുടെയും സ്‌നേഹം ഉപാധികളില്ലാതെ കിട്ടും.

മേക്കപ്പ് റൂമിന് പുറത്ത് ഞാന്‍ ചുറ്റിനടക്കും. അതിശയക്കാഴ്ച്ചകള്‍ എനിക്കുള്ളത് അതിനകത്താണ്. കണ്ണുകള്‍ സമൃദ്ധമായി കറുപ്പിച്ച്,പലനിറത്തില്‍ കണ്ണിന് നിഴലുകള്‍ കൊടുത്ത്, പുരികങ്ങള്‍ അസാധാരണ മട്ടില്‍ വളച്ചുവരച്ച്, കടുംനിറങ്ങളില്‍ ചുണ്ടുകള്‍ തിളക്കി, മിന്നുന്ന കല്ലലങ്കാരങ്ങളുള്ള ആഭരണങ്ങള്‍ കഴുത്തിലും കാതിലും അരയിലും മുടിക്കെട്ടിലും ധരിപ്പിച്ച് അവരെ ഒരുക്കുന്നത് കണ്ടുനില്‍ക്കും. ആ കാഴ്ച്ച തരുന്ന സന്തോഷവും ആവേശവും സ്റ്റേജിലെ ചലനങ്ങളില്‍ നിന്ന് എനിക്ക് കിട്ടിയിരുന്നില്ല. ഞൊറിയുടുപ്പുകളും ചായങ്ങളും ആഭരണങ്ങളും പൂക്കളും കൂട്ടിയിട്ട ആ മുറിക്ക് സദാ കാവല്‍ക്കാരുണ്ടാവും. അകത്ത് ഒരുങ്ങുന്നവരുടെ അമ്മയോ അമ്മായിയോ ചേച്ചിയോ ഒക്കെയായിരിക്കും ആ പദവിയില്‍. വെള്ളം കൊടുക്കാനാണ്, മുല്ലപ്പൂ കൊണ്ടുവന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ എങ്ങനെയെങ്കിലും അകത്ത് കേറിക്കൂടും. പിന്നെ ആര്‍ക്കും പുറത്തിറക്കാന്‍ പറ്റാത്ത വിധം ഞാനാ മുറിയുടെ ഭാഗമാവും.

ഒരു കൈകൊണ്ട് നര്‍ത്തകിയുടെ തല അമര്‍ത്തി ഉയര്‍ത്തിപ്പിടിച്ച് മേക്കപ്മാന്‍ അവളുടെ മുഖം അനായാസ കൈചലനങ്ങള്‍ കൊണ്ട് മറ്റൊന്നാക്കിയെടുക്കുന്നത് അടക്കിയ ആവേശത്തോടെ ഞാന്‍ നോക്കിനില്‍ക്കും. ഒരുക്കം കഴിയുമ്പോള്‍ അവള്‍ അപരിചിത മുഖമുള്ള ആരോ ആവുന്നു. അവളെ ആ വിധം ഒരുക്കിയവനെ ഇവള്‍ ചെറുതല്ലാത്ത സ്‌നേഹത്തോടെ നോക്കും. അങ്ങനെ ഒരാളെ തന്നെ പ്രേമിക്കണം എന്നുറപ്പിക്കും. അത്ര ഭംഗിയായി കണ്ണെഴുതി തരുന്ന കൂട്ടുകാരന്‍ മറ്റാര്‍ക്കും ഉണ്ടാവില്ല എന്ന ഗമ മതിയല്ലോ ജീവിക്കാന്‍ എന്നുതോന്നും!!

എന്റെ നാട്ടിലെ നര്‍ത്തകികളായിരുന്നു പ്രവിതയും കവിതയും. സഹോദരികളാണ്, പഠിക്കാനും മിടുക്കികള്‍. അന്നും ഇന്നും എനിക്ക് നേരിട്ട് അറിയാവുന്ന കലാതിലകങ്ങള്‍ അവര്‍ മാത്രമാണ്. അവരുടെ താളച്ചുവടുകള്‍ പതിയാത്ത വേദികളില്ല നാട്ടില്‍. നാട്ടുവഴികളിലൂടെ നൃത്തസമാനം അവര്‍ നടക്കുമ്പോള്‍ അനല്പമായ അസൂയയോടെ ഞാന്‍ മുഖം വെട്ടിച്ചു നടന്നു. ആരാധനയില്‍ നിന്നുണ്ടായ ഒരുതരം വിരോധം അവരോട് ഏറെക്കാലം ഞാന്‍ ഉള്ളില്‍ സൂക്ഷിച്ചു. ഞാനവരെ ഗൗനിച്ചതേയില്ല ഒരിക്കലും. കാണുമ്പോള്‍ ചിരിക്കാനുള്ള ചെറിയ ശ്രമം നടത്തിയിരുന്നു എന്നാണ് ഓര്‍മ്മ. വിജയിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.ജീവിതം പലയിടങ്ങളില്‍ പറിച്ചുനട്ടു എല്ലാവരും പിന്നീട്. അപൂര്‍വമായി തമ്മില്‍ കാണുമ്പോള്‍ അവര്‍ രണ്ടുപേരും സ്‌നേഹത്തോടെ മിണ്ടുമായിരുന്നു. അപ്പോഴൊക്കെ പഴയ കുശുമ്പിനെ പ്രതി എനിക്കപമാനം തോന്നി.

കര്‍ട്ടന്‍ ഉയരുന്നത് മുതല്‍ ഒന്നും വിട്ടുപോവാതെ കാണാന്‍ സ്റ്റേജിന് മുന്‍പില്‍ നിശ്ചയിച്ച സമയത്തിന് മുന്‍പ് തന്നെ ഇരിപ്പായ ഒരു നാട് എല്ലാ പരിപാടികളും സഹര്‍ഷം വിജയിപ്പിച്ചു. ഒരു വേദിയും കാണികളില്ലാതെ അനാഥമാവാന്‍ അവര്‍ അനുവദിച്ചില്ല. സംഘനര്‍ത്തകരുടെ ഇടയില്‍നിന്ന് തങ്ങളുടെ പരിചയക്കാരായ കുട്ടികളെ തിരിച്ചറിയുക എന്ന ശ്രമകരമായ അഭ്യാസത്തില്‍ അമ്മമാര്‍ ഏര്‍പ്പെടും.

'ദാ, ആ പിന്നിലെ വരിയില്‍ അറ്റത്ത് നിക്കണത് നളിനീന്റെ ഇളയ പെണ്ണാ. കണ്ടോ?'

ഏറെ സമയമെടുത്ത്, ഡാന്‍സ് ആസ്വദിക്കാന്‍ പോലും മറന്ന് എത്തിച്ചേര്‍ന്ന ആ നിഗമനം മിക്കപ്പോഴും നിര്‍ദയം തള്ളിപ്പോവും.

'പോയാ അവടന്ന്, അതാ കുട്ടിയൊന്ന്വല്ല. അയിന് ഇത്ര ഉയരൊന്നൂല്ല'

അങ്ങനെ തിരിച്ചറിയല്‍ ശ്രമങ്ങള്‍ക്കിടയില്‍ ആ ഡാന്‍സ് തീര്‍ന്നുപോവും. നര്‍ത്തകികളുടെ വീട്ടുകാര്‍ വേദിയുടെ പുറകിലേയ്ക്ക് വെപ്രാളത്തില്‍ ഓടും. വിയര്‍പ്പില്‍ ചായമിളകിയ മുഖത്ത് നിഷ്‌കളങ്കഗര്‍വുമായി പെണ്‍കുട്ടികള്‍ അവരുടെ നിര്‍ലോഭ കരുതലുകളിലേക്ക് ഇറങ്ങിവരും.

അയ്യോ, ന്റെ കുട്ടി കൊഴങ്ങി. ഇന്നാ ഇത്തിരി വെള്ളം കുടിക്ക്...

നടക്കാന്‍ വയ്‌ക്കോ,അച്ഛന്‍ എടുക്കണോ?

ഇത്തിരി നേരം ഇവടിരുന്നോ,വെയര്‍പ്പാറട്ടെ...

എന്നൊക്കെ സ്‌നേഹത്തിന്റെ പലയടരുകള്‍ നിവരും...

ആ കരുതല്‍ ലോകത്തേയ്ക്ക് പ്രവേശനം ലഭിക്കാതെ പുറത്ത് നില്‍ക്കേണ്ടിവന്ന എന്റെ നിരാശകളായിരിക്കണം അവരോടുള്ള എന്റെ വിരോധത്തിന് കാരണം എന്നുതോന്നുന്നു. നിഷ്‌കളങ്കം എന്ന് തെറ്റാതെ പറയാവുന്നത്. ഭൂതകാലദേശത്തിന്റെ വഴുക്കുന്ന, പശിമയുള്ള വരമ്പുകളിലൂടെ തന്നെയാണ് ഇപ്പോഴും ഞാന്‍ നടക്കുന്നത്. ഇരുവശത്തും പച്ചച്ച് തഴച്ചു നില്‍ക്കുകയാണ് ഓര്‍മ്മകള്‍. ഞാനീ നടപ്പ് എങ്ങനെ അവസാനിപ്പിക്കാനാണ്!

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi