വാക്കുകള്‍ കൊണ്ട് ഹൃദയത്തിന്റെ വാതിലുകള്‍ തുറപ്പിക്കുന്ന എം.ടിയുടെ കഥകളില്‍ അമര്‍ത്തിപ്പിടിച്ച ചിരിയും കണ്ണീരും നാമറിയുന്നത് പലപ്പോഴും വരികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍നിന്നാണ്. ഒരു പ്രാര്‍ഥനയിലെന്ന പോലെ വിശുദ്ധമായ ഒരനുഭവത്തിലൂടെ നമ്മുടെ ഹൃദയത്തിലേക്കെത്തുന്ന എം.ടിയുടെ കഥാപാത്രങ്ങളില്‍ സ്ത്രീകളാകട്ടെ മനസ്സറയില്‍ സുഗന്ധം നിറയ്ക്കുന്നവരാണ്.
എം.ടിയുടെ ഏതാനും സ്ത്രീകഥാപാത്രങ്ങളെ ഓര്‍മയുടെ അളുക്കില്‍നിന്നെടുത്ത് ഭംഗിനോക്കുന്നത് എത്ര ആഹ്ലാദകരമായിരിക്കും...
'ഒരു കഥ ജനിക്കുന്നു' എന്ന ലേഖനത്തില്‍ അദ്ദേഹമെഴുതി: 'എനിക്ക് സഹോദരിമാരില്ല. കുട്ടിക്കാലത്ത് ആ വിഷാദം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഒരനിയത്തിയോ ഏട്ടത്തിയോ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഈ സഹോദരീവാത്സല്യം തന്റെ സ്ത്രീകഥാപാത്രങ്ങളുടെ മേല്‍ കാരുണ്യമായി എം.ടി. ചൊരിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം എം.ടിയുടെ സ്ത്രീകഥാപാത്രങ്ങള്‍ ആരോടെങ്കിലും വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരല്ല. അവരുടെ കലഹങ്ങളും അസൂയയുമെല്ലാം താല്‍ക്കാലികമാണ്. അവര്‍ക്ക് ആരേയും വെറുക്കാനാവുന്നില്ല.
Also Read
നഗരം നല്‍കിയ മടുപ്പില്‍നിന്ന് 'നീലക്കുന്നുകളി'ലെ അനിയന്‍ ആശ്വാസം തേടി ചെല്ലുന്നത് ജേഷ്ഠത്തിയുടെ അടുത്തേക്കാണ്. ഉയരങ്ങളെ കീഴടക്കാനുള്ള ആര്‍ത്തിയില്‍ അസംതൃപ്തി മാത്രം ബാക്കിയായപ്പോള്‍ സേതുവില്‍ (കാലം), വര്‍ഷങ്ങള്‍ക്കപ്പുറത്ത് കിളിവാതില്‍ക്കല്‍ വന്ന് വിളിച്ചുണര്‍ത്തിയ നിലാവുപോലെ ഏതോ സ്മരണകളുയരുന്നു. അയാള്‍ പടിഞ്ഞാറെ വഴി കയറി കുന്നിന്‍ ചെരുവിലേക്ക് നടക്കുകയാണ്.
'അമ്മയ്ക്ക് ഞാന്‍ പോയാല്‍ തന്നെ ഒന്നൂല്യ. അമ്മയ്ക്ക് വേണ്ട ആള് വേറെ ഉണ്ട് ' എന്ന് അമ്മയെക്കുറിച്ച് വെറുപ്പും വിദ്വേഷവും കലര്‍ന്ന സ്വരത്തില്‍ സംസാരിച്ച അപ്പുണ്ണിതന്നെ, ഒടുവില്‍ എല്ലാം നേടിക്കഴിഞ്ഞപ്പോള്‍ ആ നേട്ടം പൂര്‍ണമാവാന്‍ അമ്മയുടെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. സ്ത്രീ ഇവിടെ അഭയസ്ഥാനമാവുകയാണ്.
എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങള്‍ക്കുള്ള മറ്റൊരു പ്രത്യേകത അവരില്‍ മിക്കവരും അഭിമാനികളാണ് എന്നതാണ്. അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയുടെ അമ്മ ദാരിദ്ര്യത്തിന്റെ ആഴക്കടലിലാണ്. എന്നിട്ടും മകളുടെ വീട്ടില്‍ പോയി നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല. വയസ്സുകാലത്ത് മകളുടെ അടുത്തുപോയി നില്‍ക്കണത് താഴത്തേതില്‍ കുഞ്ഞിക്കാളിയമ്മയ്ക്ക് മാനക്കേടാണത്രേ.
'കര്‍ക്കിടക'ത്തിലെ ഉണ്ണിയുടെ അമ്മയും ഇങ്ങനെത്തന്നെയാണ്. വീട്ടുകാര്‍ മുഴുവന്‍ പകലന്തിയോളം പട്ടിണിയായിട്ടും, എവിടെനിന്നോ കടം വാങ്ങിയ അരികൊണ്ട് കഞ്ഞിവെക്കുമ്പോള്‍ എത്തിയ വിരുന്നുകാരന് അത് വാര്‍ത്ത് ചോറു കൊടുക്കാന്‍ പറയുകയാണ് ആ അമ്മ. 'അവനോന്റെ ഇല്യായ അവനോന്‍ അറിഞ്ഞാല്‍ മതി' എന്ന താക്കീതോടെ.
'ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക'് എന്ന കഥയിലെ കുഞ്ഞികൃഷ്ണന്റെ അമ്മ, മകന്റെ പിറന്നാളിന് കാരണവരോട് നാലിടങ്ങഴി അരി അധികം ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്, 'ഓന്റെ തന്തോട് പറ, കാക്കാശിന് ഉപകാരം ണ്ടോ അയാളെക്കൊണ്ടെന്ന്'. അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന ഇവിടെ വെച്ചാണ്, അതുവരെയുണ്ടായിരുന്ന അപേക്ഷയുടെ സ്വരത്തിന് ഒരു വഴക്കിന്റെ സ്വഭാവം കൈവരുന്നത്. എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങള്‍ കാമുകമനസ്സില്‍ പ്രണയത്തോടൊപ്പം സുഗന്ധവും നിറയ്ക്കുന്നു. കൈതപ്പൂവിന്റെ, അലിഞ്ഞ കളഭത്തിന്റെ, മട്ടിപ്പശയുടെ, വാസനസോപ്പിന്റെ പിന്നെ ചന്ദനത്തിന്റെ. മനക്കണ്ണില്‍ അവരുടെ സൗന്ദര്യം കവുങ്ങിന്‍പൂക്കുലപോലെ, വാഴക്കൂമ്പുപോലെ, തലമുടി കുത്തിയൊഴുകുന്ന കാട്ടുചോലപോലെ.
നഗാരയുടെ ശബ്ദം, പൂജാപുഷ്പങ്ങള്‍, പ്രാര്‍ഥനാമന്ത്രങ്ങള്‍, അരികില്‍ മഞ്ഞുപെയ്യുമ്പോള്‍, അകലങ്ങളില്‍ താഴ്‌വാരത്തില്‍ ചെമ്പട്ട് വീശിയുണക്കുന്നതുപോലെ കത്തിയാളുന്ന തീ. വിനോദിനി നമ്മുടെ മനസ്സിലേക്ക് കടന്നുവരികയായി. 'വാനപ്രസ്ഥമെന്ന' കഥയിലെ മാസ്റ്ററുടെ യൗവനസ്വപ്ന ങ്ങളില്‍ വിടരാതെ കൊഴിഞ്ഞൊരു മോഹം. വിനോദിനിയെ ക്കുറിച്ച് കൂടുതല്‍ പറയാന്‍ അജിത് കൗറിന്റെ താവളമില്ലാത്തവര്‍ ' എന്ന ആത്മകഥയിലെ ഈ വരികള്‍ ഉപയോഗിക്കട്ടെ
'നമുക്ക് ജീവിക്കാന്‍ കഴിയുമ്പോള്‍ ജീവിതത്തിന്റെ വാതായനങ്ങള്‍ നമുക്കായി തുറന്നിരിക്കും. അപ്പോള്‍ അടിസ്ഥാനരഹിതമായ ഒരു സങ്കോചം നമ്മുടെ കാലുകളെ പിടികൂടും. പിന്നീട് വളരെ കാലങ്ങള്‍ക്കു ശേഷം ആ സങ്കോചമൊക്കെ മാറിക്കഴിയുമ്പോഴേക്ക് ജീവിതത്തിന്റെ വാതായനങ്ങള്‍ അടച്ചിരിക്കും.'
വളരെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടാനൊരു അവസരം ഒത്തുവന്നപ്പോള്‍ ആ യാത്രയ്ക്ക് ഒരു രഹസ്യത്തിന്റെ സാഹസം, ഒരു ഒളിച്ചുകളിയുടെ രസം. പിന്നെ ഒരു തീര്‍ഥയാത്രയുടെ സാഫല്യം.
പ്രണയചിന്തകള്‍ ആദ്ധ്യാത്മികമായ ഒരു തലത്തിലേക്ക് വഴിമാറുന്നു. വിനോദിനിയുടെ പ്രാര്‍ഥനകള്‍ക്ക് സാഫല്യം. എന്നാല്‍ വിമലയുടെയോ...? 'മഞ്ഞ്' വായിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ള ആരോ ഒരാളില്‍ നാം വിമലയെ കണ്ടെത്തുന്നുണ്ട് ഇടയ്ക്കിടെ നമ്മുടെ ഉള്ളിലും, സുധീര്‍കുമാര്‍ മിശ്രയുടെ പ്രിയപ്പെട്ട വരികള്‍ മനസ്സിന്റെ ഒറ്റക്കമ്പികളില്‍ മൂളുന്ന വിമല 'എന്റെയും എന്റെ പിമ്പേയുള്ളവരുടേയും മരണം ഞാന്‍ മരിക്കുകയാണ്. എന്റേയും എന്റെ പിമ്പേയുള്ളവരുടേയും ജീവിതം ഞാന്‍ ജീവിക്കുകയാണ്. ' ഒരിക്കല്‍ ജീവന്‍ ആനന്ദമായി കരുതിയിരുന്ന ഒന്നിനെച്ചൊല്ലി, ശിഷ്ടജന്മമത്രയും വേദനിച്ചു തീര്‍ക്കുകയായിരുന്നു അവള്‍.
'മഞ്ഞി'ല്‍ത്തന്നെ നമ്മളെ ആകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമുണ്ട്. രശ്മി. അപക്വമായ കൗമാരത്തിന്റെ പ്രതിനിധിയാണ് അവള്‍. ഹല്‍ദാനിയിലെ ടൂറിസ്റ്റ് ബംഗ്ലാവില്‍ കാമുകനോടൊത്തു ചെലവഴിക്കുമ്പോഴും, രാം നഗറിലെ മേല്‍വിലാസത്തില്‍ പിതാജിയുടെ നമസ്‌കാരമറിയിച്ചുകൊണ്ട് മേട്രന് കത്തെഴുതുമ്പോള്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതിലുള്ള ആഹ്ലാദം അവള്‍ അനുഭവിച്ചിരിക്കാം സ്വയം കബളിപ്പിക്കുകയാണെന്നറിയാതെ.
''രണ്ടാമൂഴ'ത്തിലെ ദ്രൗപദി പാതിവ്രത്യത്തിന്റെ പേരില്‍ ഒരുപാട് പരിഹാസം സഹിക്കേണ്ടി വന്നവളാണ്. വീരാഗ്രണികളായ അഞ്ചു ഭര്‍ത്താക്കന്മാരും ആയിരം പേര്‍ക്ക് കിടനില്ക്കുന്ന ആങ്ങളയും അക്ഷൗഹിണിയുമുള്ള അച്ഛനുമുണ്ടായിട്ടും കൗരവസഭയില്‍ അവള്‍ വലിച്ചിഴയ്ക്കപ്പെട്ടു. ആഭരണങ്ങളില്ലാതെ, ദാസിമാരില്ലാതെ മാന്തോലുമാത്രമുടുത്ത് ഋഷികന്യകയെപ്പോലെ അലഞ്ഞുതിരിയേണ്ടിവന്നു.
കാട്ടില്‍ കാമ്യകത്തില്‍ കൃഷ്ണനെത്തിയപ്പോള്‍ ദ്രൗപദി ഇക്കാര്യം പറയുന്നുമുണ്ട്. ഈ അഞ്ചുപേരില്‍നിന്ന് ഞാനിനി ഒന്നും പ്രതീക്ഷിക്കുന്നില്ല. അച്ഛനും ആങ്ങളയും ബന്ധുവുമായ കൃഷ്ണനുണ്ടല്ലോ എന്നു കരുതി സമാധാനിക്കുന്നു.
അഞ്ചു ഭര്‍ത്താക്കന്മാരില്‍ ദ്രൗപദിക്ക് അര്‍ജുനനോട് മാത്രമേ യഥാര്‍ഥത്തില്‍ സ്‌നേഹമുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേരും ഇത് മനസ്സിലാക്കിയിരുന്നുതാനും. ചെല്ലുന്നിടത്തെല്ലാം ഭീമനെ വേട്ടയാടിയത് കാട്ടാളന്മാരായിരുന്നെങ്കില്‍ അര്‍ജുനനെ സുന്ദരിമാരായിരുന്നു. അതുകൊണ്ടാവാം അര്‍ജുനന്റെ മനസ്സില്‍ ദ്രൗപദിയും വെറും രേതസ്സ് ഹോമിക്കാന്‍ ജ്വലിപ്പിച്ച അഗ്‌നിജ്വാല മാത്രമായിരുന്നു. തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും, ഹൃദയത്തില്‍ കെടാത്ത തീപോലെ ദ്രൗപദിയോടുള്ള സ്‌നേഹം കൊണ്ടുനടന്ന ഭിമനെയാകട്ടെ അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞതുമില്ല.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'കാലം' എന്ന നോവല്‍ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ സ്വയം നഷ്ടപ്പെട്ട സേതുവിന്റെ കഥയാണ്. സേതുവിനെപ്പോലെതന്നെ നമുക്ക് മറക്കാന്‍ കഴിയാത്ത മറ്റൊരാളുണ്ട് ഇതില്‍ സുമിത്ര.
സുമിത്രയ്ക്ക് ഗ്രാമത്തിന്റെ നിഷ്‌കളങ്കതയുണ്ട്. പക്ഷേ, അവള്‍ വെറുമൊരു പൊട്ടിപ്പെണ്ണായിരുന്നില്ല. അവള്‍ക്ക് വ്യക്തമായ അഭിപ്രായങ്ങളും ഉറച്ച തീരുമാനങ്ങളും ഉണ്ടായിരുന്നു. എങ്കിലും സ്‌നേഹിച്ചുപോയതുകൊണ്ട്, വഞ്ചിക്കപ്പെടുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ സേതുവിന്റെ ചാപല്യങ്ങള്‍ക്ക് വീണ്ടും വീണ്ടും കീഴ്‌പെട്ടുപോകുന്നുണ്ട് അവള്‍. സേതുവിനാകട്ടെ, തനിക്ക് അവളോട് തോന്നുന്ന വികാരം സ്‌നേഹംതന്നെയാണോ എന്ന കാര്യത്തില്‍പ്പോലും സംശയമുണ്ടായിരുന്നു. കൈവഴികളില്‍ വെച്ച് ഒരിക്കല്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവന് പലതും പറയാനുണ്ടായിരുന്നു.
കാലത്തിന്റെ നീണ്ടുനീണ്ടുപോയ കൈവഴികളില്‍വെച്ച് ഒരിക്കല്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവനു പലതും പറയാനുണ്ടായിരുന്നു:
'എനിക്ക്... എനിക്ക് നിന്നെ ഇഷ്ടമായിരുന്നു... അപ്പോള്‍ അവന് കൊടുക്കാന്‍ കാലം അവള്‍ക്കൊരു മറുപടി കൊടുത്തിരുന്നു. ''സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നു . . . . സേതുനോട് മാത്രം. ലൗകികസ്വപ്നങ്ങളുടെ മായികതയില്‍നിന്ന് അവള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
'നാലുകെട്ടിലെ അമ്മിണിയേടത്തിയെ കുറിച്ച് പറയുകയാണെങ്കില്‍, അപ്പുണ്ണിയുടെ കൗമാരസ്വപ്നങ്ങളില്‍ ഭംഗിയുള്ള ഒരു സര്‍പ്പംപോലെ അമ്മിണിയേടത്തി ഉണ്ടായിരുന്നു. ചന്ദനത്തിന്റെ മട്ടിപ്പശയുടെ, കൈതപ്പൂവിന്റെ ഗന്ധമുള്ള അമ്മിണിയേടത്തി.
വ്യസനവും വെറുപ്പുമുണര്‍ത്തുന്ന ആ ഓര്‍മകള്‍ക്കിടയിലെ നിഗൂഢമായ ആനന്ദത്തിന്റെ തിളങ്ങുന്ന വര്‍ണക്കല്ലുകള്‍ അപ്പുണ്ണി മറ്റാരും കാണാതെ ഹൃദയത്തില്‍ സൂക്ഷിച്ചു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഇരുട്ടില്‍നിന്ന് അപ്പുണ്ണിയുടെ ബാലമനസ്സിലേക്ക് തെളിഞ്ഞുവരുന്ന ഒരു ചിത്രമുണ്ട്. നാലുകെട്ടില്‍ ആരെല്ലാമോ വാക്കുകള്‍കൊണ്ട് തീര്‍ത്തുകൊടുത്ത ഒരു ചിത്രം.
കാറുമൂടി കനത്തുകിടക്കുന്ന ആകാശത്തിന്റെ ചുവട്ടിലൂടെ കറുത്ത് കൂറ്റനായ ഒരാളുടെ വിയര്‍പ്പുപൊടിഞ്ഞ ചുമലില്‍ വാടിക്കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ചുരുണ്ടമുടിയും ഞരമ്പുകള്‍ കാണുന്ന നെറ്റിത്തടവുമുള്ള ഒരു മുഖം. അത് അവന്റെ അമ്മയുടെ മുഖമായിരുന്നു.
സമൃദ്ധിയുടെ മടിത്തട്ടില്‍നിന്ന് ഇല്ലത്തെ ഉരല്‍പ്പുരയിലേക്കും, അവിടെനിന്ന് അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെട്ടപ്പോള്‍, ദുരന്തങ്ങളുടെ ആവര്‍ത്തനങ്ങളില്‍ അറിയാതെ നീട്ടിക്കിട്ടിയ ഒരു ചുമലിലേക്ക് പാറുക്കുട്ടിയമ്മയുടെ ജീവിതവും ചായുകയാണ്. എങ്കിലും ഒടുവിലത് സന്തോ ഷത്തിന്റെ കരയ്ക്കണയുന്നുണ്ട്.
'ഒക്കെ യോഗാണ്, അഞ്ചെണ്ണത്തിനെ വട്ടീലിട്ട് താ ഞാന്‍, ഒന്നു തൊട്ട് പെരട്ടാന്‍ തുള്ളി എണ്ണ, ഒരുമുറിത്തുണി ഒന്നിനെക്കൊണ്ടെങ്കിലും ഉപയോഗം ണ്ടോ...?' 'അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയുടെ അമ്മയുടെ ഈ വാക്കുകള്‍ മതി അവരുടെ അവസ്ഥ മനസ്സിലാക്കാന്‍. ദാരിദ്ര്യം ഒരു ശാപംപോലെ എം.ടിയുടെ മിക്ക കഥാപാത്രങ്ങളെയും പിന്തുടരുന്നുണ്ട്. 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്' എന്ന കഥയില്‍ പിറന്നാളിനു വെക്കാന്‍ കുറച്ച് അരി അധികം ചോദിച്ചതിന് കുഞ്ഞികൃഷ്ണന്റെ അമ്മയും വല്യമ്മാവനും തമ്മിലുള്ള വഴക്ക് അവസാനിക്കുന്നതെങ്ങനെയാണെന്നു നോക്കൂ
'ഓപ്പാടല്ലാതെ പിന്നാരോടാ പറയുക.. ? ഓപ്പേടെ കുട്ട്യാച്ചാല്‍...' ഒരടി പൊട്ടുന്ന ശബ്ദം. കിളിവാതിലിലൂടെ നോക്കുമ്പോള്‍ അമ്മ പത്തായത്തിന് മുകളിലേക്ക് മറഞ്ഞു വീഴുന്നു. കയ്ക്കുന്ന ഒരോര്‍മ ബാക്കിവെച്ചുകൊണ്ട് കുഞ്ഞികൃഷ്ണന്റെ പിറന്നാളുകള്‍ കഴിയുകയാണ്.
'കാല'ത്തിലെ സേതുവിന്റെ അമ്മയ്ക്കും 'കര്‍ക്കിടക'ത്തിലെ ഉണ്ണിയുടെ അമ്മയ്ക്കും ഭര്‍ത്താവിന്റെയും മൂത്തമകന്റെയും പണം മാസാമാസം വരുന്നുണ്ട്. പക്ഷേ, അനിയത്തിയും കുട്ടികളും മറ്റുള്ളവരും അടങ്ങിയ വലിയ കുടുംബത്തിനെ തീറ്റിപ്പോറ്റാന്‍ ഇത് തികയുന്നില്ല. അതുകൊണ്ടുതന്നെ രണ്ടു കഥകളിലും ഏട്ടത്തിയും അനിയത്തിയും തമ്മില്‍ സ്വരചേര്‍ച്ചയില്ല. തരം കിട്ടുമ്പോള്‍ രണ്ടുപേരും തമ്മില്‍ത്തമ്മില്‍ കുറ്റപ്പെടുത്തും. അവസാനം വീട്ടുചെലവ് നടത്തുന്ന ആള് ജയിക്കുകയും ചെയ്യും. ഭര്‍ത്താവ് കുഴഞ്ഞുകിടക്കുമ്പോള്‍ മേക്കപ്പുകൊണ്ട് മുഖത്തെ ചുളിവുകള്‍ മറച്ച് ആല്‍ഫ്രഡ് ഗോമസ് എന്ന ബിസിനസ്സുകാരനെ തേടി പോകുന്ന 'മഞ്ഞി'ലെ വിമലയുടെ അമ്മ നല്കിയ അസ്വസ്ഥതയും നഗരത്തിന്റെ നാട്യങ്ങള്‍ക്കിടയിലും മനസ്സിന്റെ നന്മ കാത്തുസൂക്ഷിച്ച 'ശിലാലിഖിതം' എന്ന കഥയിലെ രേണു നല്കിയ ആശ്വാസവും ചെറുതല്ല.
തിരക്കഥകളുടെ രൂപത്തില്‍ മലയാള സാഹിത്യത്തിന് ലഭിച്ച രണ്ട് കരുത്തുറ്റ കഥാപാത്രങ്ങളാണ് കുട്ടേടത്തിയും പഞ്ചാഗ്‌നിയിലെ ഇന്ദിരയും.
കാതില്‍ അറപ്പുളവാക്കുന്ന മണിയുള്ള, തൊട്ട് കണ്ണെഴുതാവുന്ന എണ്ണക്കറുപ്പുള്ള, നനഞ്ഞ മുടി കെട്ടിവെക്കുന്നതുകൊണ്ട് അടുത്തു കൂടെ പോവുമ്പോള്‍ എപ്പോഴും ചൂരടിക്കുന്ന കുട്ടേടത്തിയെ സ്‌നേഹിക്കാന്‍ ആരുമുണ്ടായിരുന്നില്ല, കുറ്റപ്പെടുത്താനല്ലാതെ. അവസാനം സ്‌നേഹം നല്കിയ താഴ്ന്ന ജാതിക്കാരന് മനസ്സു കൊടുത്ത തെറ്റിന് അവള്‍ സ്വന്തം ജീവന്‍ പകരം വെക്കുന്നു.
'പഞ്ചാഗ്‌നി'യിലെ ഇന്ദിരയ്ക്ക് സമൂഹത്തിലെ അനീതികളുടെ നേരെ കണ്ണടയ്ക്കാന്‍ കഴിയുന്നില്ല. സ്വന്തം വിശ്വാസപ്രമാണങ്ങളുടെ നിലനില്പിന്നു വേണ്ടി അവള്‍ ജീവിതസുഖങ്ങള്‍ മുഴുവന്‍ ത്യജിക്കുകയാണ്.
കിട്ടാത്ത വരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്ക് പുറത്തുനിന്നുകൊണ്ട് അസംതൃപ്തമനസ്സുമായി നീങ്ങുന്ന കുറേപേരെ നാം കണ്ടു. പ്രിയപ്പെട്ടതെന്തെല്ലാമോ നഷ്ടപ്പെട്ടവര്‍, ആഗ്രഹിച്ചതൊന്നും നേടാന്‍ കഴിയാതെ പോയവര്‍, ദൈന്യം നിറഞ്ഞവര്‍, ലോകത്തിലേക്ക് ഇത്തിരി തന്റേടവുമായി വന്നവര്‍... എന്നാല്‍ ഈ സ്ത്രീകഥാപാത്രങ്ങളിലെല്ലാം ഒരു സമാനതയുണ്ട്. കരിമ്പാറക്കെട്ടിലെ ഉറവുപോലെ സ്‌നേഹവും നന്മയും. അതു കണ്ടറിഞ്ഞ എഴുത്തുകാരനാണ് എം.ടി.
Content Highlights: mt vasudevan nair's women characters
Published: 26 Dec 2024, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented