
പ്രാദേശികമായ വിഷയങ്ങൾ, മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള അവതരണം, വൈകാരികതീക്ഷ്ണത, ലളിതവും സ്വാഭാവികവുമായ ഭാഷയിലൂടെയുള്ള കാവ്യാത്മകമായ അവതരണം ഇതെല്ലാം മൃദുൽ വി.എമ്മിന്റെ എഴുത്തുരീതിയുടെ സവിശേഷതകളാണ്. 'കുളെ' എന്ന ആദ്യസമാഹാരത്തിലൂടെ പുതിയൊരു സാഹിത്യവ്യവസ്ഥിതിക്ക് തന്നെ അടിത്തറ പണിയുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്.
'കുളെ'എന്ന വാക്കിന് തുളു ഭാഷയിൽ 'പ്രേതം' 'ആത്മാവ്' എന്നൊക്കെയാണ് അർത്ഥം. പ്രേത കല്യാണം എന്ന വിചിത്രമായ ആചാരത്തിന്റെ അവതരണമാണ് 'കുളെ 'എന്ന കഥയിലെ മുഖ്യ ആകർഷണവും. സജീവന്റെ കല്യാണം മുപ്പത്തിയെട്ട് വയസ്സായിട്ടും നടക്കാത്തത് ചേട്ടനായ രാജീവന്റെ പ്രേത കല്യാണം നടക്കാത്തത് കൊണ്ടാണ്. രാജീവന്റെ പ്രേതത്തിന്റെ ശല്യം അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. പതിനാലാം വയസ്സിൽ കപ്പണക്കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ച രാജീവനോട് അമ്മ സത്യഭാമയ്ക്ക് അതിയായ സ്‌നേഹവും വാത്സല്യവും ഉണ്ട്. മാത്രമല്ല തന്റെ മകനോട് അച്ഛനായ രാഘവൻ നായരും അനിയനായ സജീവനും നീതി കാട്ടിയിട്ടില്ലെന്നുള്ള ചിന്ത എപ്പോഴും അവരെ വിഷമിപ്പിക്കുന്നുണ്ട്. പ്രേത കല്യാണത്തിന് രാഘവൻ നായർക്ക് തീരെ താൽപ്പര്യമില്ല .എന്നാൽ സത്യഭാമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ അയാൾ സമ്മതിക്കുന്നത്. നിരവധി ആലോചനകൾ വരുന്നുണ്ടെങ്കിലും ജാതി, ജാതകം ഇതിലെല്ലാം തട്ടി കല്യാണം നീണ്ടുപോകുന്നു. ഒടുവിൽ മറ്റൊരു ജാതിയിൽപ്പെട്ട ബീനയുടെ ആലോചന ഉറപ്പിക്കുന്നു. അതോടെ ഒഴിയാബാധയായി ഇരുട്ടിലും ഇടവഴിയിലുമെല്ലാം തന്നെ ബുദ്ധിമുട്ടിച്ചിരുന്ന ചേട്ടന്റെ ആത്മാവിൽ നിന്ന് തനിക്കും ഒരു മോചനമുണ്ടാകുമെന്നതിൽ സജീവനും അതിയായി ആശ്വസിച്ചു. രാജീവന്റെ ആത്മാവുമായി ബീനയുടെ ആത്മാവിനെ ചേർത്തുവയ്ക്കുന്നത് അതീവ രഹസ്യമായിരിക്കണം എന്ന് രാഘവൻ നായർ നിർബന്ധം പിടിക്കുന്നു. അതിൻ പ്രകാരം സജീവനും അമ്മയും അച്ഛനും കൂടി പെണ്ണിന്റെ വീട്ടിലെത്തുകയും ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. ഇടക്കുഴിയിൽ കരിഞ്ചാമുണ്ഡി തെയ്യം ഉള്ള ദിവസമാണ് ബീനയുടെ അച്ഛൻ മുന്ദൻ വിവാഹത്തിനായി തെരഞ്ഞെടുത്തത്. അതിന് പ്രധാന കാരണം അന്നത്തെ ദിവസം കോളനിയിൽ വയ്യാതെ കിടക്കുന്ന ആൾക്കാരെ വരെ വണ്ടി പിടിച്ച് തെയ്യത്തിന് കൊണ്ടുപോകുന്നതു കൊണ്ട് പ്രേത വിവാഹം രഹസ്യമാക്കാം എന്നതാണ്.
പതിമൂന്നാം വയസ്സിലാണ് ബീന പ്ലാന്റേഷനിലെ പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിയത്. സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ അവൾക്ക് ഒരു വിവാഹാലോചന വന്നിരുന്നു. അത് ഏകദേശം ഉറച്ച മട്ടിലുമായിരുന്നു. പക്ഷേ അപ്പോഴേക്കും ആണ് അവളുടെ ആത്മഹത്യ സംഭവിച്ചത്. തുടർന്ന് പ്രേതകല്യാണത്തിന്റെ ആചാരങ്ങളെക്കുറിച്ച് ദീർഘമായി വിവരിക്കുന്നുണ്ട്. പുല്ലും മണ്ണും കൊണ്ടുള്ള ആൾരൂപത്തിൽ ബീനയുടെ അമ്മയായ സരോജിനി ഭംഗിയായി സാരി ഉടുപ്പിച്ചു. പൊട്ടുതൊട്ട് അമ്പിളിപ്പൂക്കൾ ചൂടിച്ച് കല്യാണപ്പെണ്ണാക്കി മാറ്റിയിരുന്നു. തുടർന്ന് ഈ രണ്ട് കുടുംബങ്ങളിലേയും സാമ്പത്തികമായും ജാതീയമായുമുള്ള വ്യത്യാസങ്ങളും കഥയ്ക്കിടയിലൂടെ അവതരിപ്പിക്കുന്നു. ബീനയുടെ ആത്മാവും ജീവന്റെ ആത്മാവുമായി ചേർത്ത് വെക്കാനായി എല്ലാവരും തെക്കോട്ട് തിരിഞ്ഞ് കണ്ണടച്ചു നിൽക്കണമെന്നും 'അവര് വരുന്ന സമയാണ് അവര് വന്നാ വെളക്ക് കെടും നമ്മളവരെ മനസ്സു കൊണ്ട് ആവാഹിക്കും.' എന്നും മുന്ദൻ പറയുന്നു. എല്ലാവരും കണ്ണടക്കുന്നതിന് മുൻപേ തന്നെ കറണ്ട് പോയി. വിളക്കും കെട്ടു . 'അവര് വന്നു. ' എന്ന് ബീനയുടെ സഹോദരൻ ബിനീഷ് പറഞ്ഞു. കെട്ടുപോയ വിളക്ക് വീണ്ടും കത്തിച്ചു. ആചാരപ്രകാരം ചെറുക്കന്റെ അമ്മയാണ് താലികെട്ടേണ്ടത്. അതിനാൽ സത്യഭാമ താലികെട്ടുന്നു. ബീനയുടെ അമ്മയായ സരോജിനിയും ഒരു മാല രാജീവന്റെ കഴുത്തിൽ ഇട്ടുകൊടുക്കുന്നു. തുടർന്ന് രണ്ടുപേരുടെയും അച്ഛന്മാർ ചേർന്ന് കക്ക മാലകളും തെച്ചിമാലകളും ഇട്ട് അവരെയും കൊണ്ട് ഒരുവട്ടം മണ്ഡപം ചുറ്റുന്നു. പ്രേതസദ്യ കഴിക്കാൻ വിളിക്കുമ്പോൾ രാജീവന്റെ വീട്ടുകാർ താൽപര്യം കാണിക്കുന്നില്ല. എന്നാൽ ചെറുക്കൻ വീട്ടുകാർ കൂടി കഴിക്കാതെ ചടങ്ങ് പൂർണമാവില്ല എന്ന് ബീനയുടെ വീട്ടുകാർ പറയുന്നുണ്ടെങ്കിലും രാഘവൻ നായരും സജീവനും സദ്യ കഴിക്കാൻ കൂട്ടാക്കുന്നില്ല. അതോടെ ബീനയുടെ സഹോദരൻ ബിനീഷും സജീവനും തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. എന്നാൽ ഉടൻതന്നെ സത്യഭാമ ഊണ് കഴിക്കാൻ ആരംഭിക്കുകയും ആ പ്രശ്‌നം വളരെ വേഗം പരിഹരിക്കപ്പെടുകയും ചെയ്യുന്നു .കഥ അവസാനിക്കുമ്പോൾ സത്യഭാമ അമ്പിളി പൂവിന്റെ ഏല് ഒന്ന് എനിക്ക് പൊട്ടിച്ച് തരുമോ എന്ന് ചോദിക്കുന്നു 'അതു കേട്ട് അതുവരെ മണ്ണുടലിൽ പൊതിഞ്ഞ്. ആൾ രൂപത്തിൽ ചുരുങ്ങി ഇരിക്കുകയായിരുന്ന ബീന, പിടഞ്ഞെണീറ്റ് അവരെ സ്‌നേഹത്തോടെ തൊടാനാഞ്ഞു ' എന്നു പറയുന്നിടത്ത് വായനക്കാരന്റെ മനസ്സിൽ വേദനയുടെ അനുരണനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നു. ഇവിടെ ആൾരൂപത്തിലേക്ക് മനുഷ്യസ്വഭാവം ആരോപിക്കുന്നത് കൊണ്ട് പെഴ്‌സോണിഫിക്കേഷൻ എന്ന സങ്കേതത്തിന്റെ ഉപയോഗവും ആന്ത്രോപോമോർഫിസത്തിന്റെ ( മനുഷ്യരല്ലാത്ത ജീവികൾക്കോ വസ്തുക്കൾക്കോ മനുഷ്യ സഹജമായ ഗുണങ്ങൾ വികാരങ്ങൾ എന്നിവ നൽകുന്നത്)പ്രത്യേകതകളും ദൃശ്യമാണ്.
പ്രേത കല്യാണമെന്നത് തെക്കൻ കന്നട, കാസർകോഡ് ഭാഗങ്ങളിൽ കാണുന്ന ഒരാചാരമാണ്. വളരെ ചെറുപ്പത്തിൽ മരിച്ചുപോകുന്ന കുട്ടികളുടെ വിവാഹം നടത്തുന്നതിലൂടെ അവരുടെ ആത്മാക്കൾക്ക് ശാന്തിയും മോക്ഷവും പ്രദാനം ചെയ്യുന്നതിനും ജീവിച്ചിരിക്കുന്നവരെ മറ്റ് ബുദ്ധിമുട്ടുകളിൽ നിന്ന് മോചിപ്പിക്കുന്നതിനും ജീവിച്ചിരിക്കുന്നവർക്ക് സമാധാനം നൽകുന്നതിനും ഈ ആചാരം സഹായിക്കുന്നു. ഇവിടെ കഥയുടെ തുടക്കത്തിൽ രാജീവന്റെ പ്രേതം സജീവനെ നിരന്തരമായി ശല്യം ചെയ്യുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ആർണോൾഡ് വാൻ ജെനപ്പിന്റെ മരണത്തെക്കുറിച്ചുളള ആന്ത്രോപോളജിക്കൽ തിയറിയനുസരിച്ച് ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മരിച്ചു പോകുന്ന ആത്മാക്കൾ ഒരു തരം അനിശ്ചിത അവസ്ഥയിലൂടെ (Liminal stage) യാണ് കടന്നുപോകുന്നത്. പ്രേത കല്യാണത്തിലൂടെ അവരുടെ അലഞ്ഞ് തിരിയുന്ന ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നു.കൾചറൽ തിയറികളിലും ഫോക് ട്രഡിഷനിലും പാരമ്പര്യമായി കൈമാറി വരുന്ന ഇത്തരം ആചാരങ്ങൾക്ക് ഈ കാലഘട്ടത്തിലും വളരെയധികം പ്രാധാന്യം നൽകുന്നു. പോസ്റ്റ് കൊളോണിയൽ തിയറിയനുസരിച്ച് ഇത്തരം ആചാരങ്ങൾ പിന്തുടരുന്നവർ മുഖ്യധാരാ രീതികളിൽ നിന്ന് മാറ്റപ്പെട്ട അരികുവൽക്കരിക്കപ്പെട്ടവരാണ്. (marginalized) ഇവർ വേദകാല ആചാരങ്ങളെ നിഷേധിക്കുകയും വളരെ പ്രാദേശികമായ ആചാരരീതികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുകയാണ് പ്രേതകല്യാണത്തിലൂടെ ചെയ്യുന്നത്. സ്ട്രക്ചറലിസ്റ്റ് തിയറിയനുസരിച്ച് ജീവിതം, മരണം (Life death)എന്നീ ബൈനറികളെ ഈ കഥ നിരാകരിക്കുന്നു. സൈക്കോ അനലിറ്റിക്കൽ തിയറിയനുസരിച്ച് മക്കളുടെ വിവാഹം കഴിയാതെ മരിച്ചുപോയി എന്ന ദുഃഖം (trauma) മാതാപിതാക്കളെ അലട്ടാറുണ്ട്. ഈ പ്രേതകല്യാണത്തിലൂടെ അവർക്ക് മാനസികമായ സ്വാസ്ഥ്യം ലഭിക്കുന്നു. അതിലുമുപരിയായി ഈ വിവാഹം ശാരീരികമായ, ലൈംഗികമായ ആവശ്യത്തിൽ നിന്നുമാറി ആത്മീയമായ ( platonic)തലത്തിലേക്ക് വിവാഹമെന്ന ആചാരത്തെ ഉയർന്നുന്നു.
ജലശയ്യയിൽ കുളിരമ്പിളി
കൃഷ്ണൻകുട്ടി എന്ന കഥാപാത്രം രോഗബാധിതനായി വാട്ടർ ബെഡിലാണ്. ജലശയ്യ എന്നാണ് കഥയിൽ വാട്ടർ ബെഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൃഷ്ണൻ കുട്ടിയുടെ ഭാര്യ കല്യാണി അറുപതാം വയസ്സിൽ മകൾ അമ്പിളിയെ പ്രസവിച്ചപ്പോൾ മരിച്ചു പോയിരുന്നു .'അന്നയാൾക്ക് അൻപത്തിനാല് വയസ്സായിരുന്നു .വർത്തമാനകാലത്തിനും ഭൂതകാലത്തിനുമിടയിലാണ് ഈ കഥ സഞ്ചരിക്കുന്നത്. അമ്പിളി നന്നായി ചിത്രം വരയ്ക്കാറുണ്ട്. ബുദ്ധചിത്രങ്ങൾ വരച്ചാണ് അവൾ ജീവിതവൃത്തി കഴിച്ചിരുന്നത്. ആ ചിത്രങ്ങളെല്ലാം നഗരത്തിൽ കൊണ്ടുപോയി വിൽക്കുന്നത് അയൽ വാസിയായ അയ്യപ്പനാണ്. ഇതിനിടയിൽ ഒരു പ്രതിമ പല പ്രാവശ്യം തകർക്കപ്പെട്ടതിനെക്കുറിച്ച് അമ്പിളിയോട് അയൽവാസിയായ അയ്യപ്പൻ പറയുന്നുണ്ട്. നിരവധി സൂചകങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
അവൾ വീടിന്റെ ചുമരിൻ ചിത്രങ്ങൾ ധാരാളം വരയ്ക്കാറുണ്ട്. ആ ചിത്രങ്ങൾ കൃഷ്ണൻ കുട്ടിയുടെ മങ്ങിപ്പോയ പഴയ കാല ഓർമ്മകളെ പലതിനേയും മടക്കിക്കൊണ്ട് വരുന്നുണ്ട്. കല്യാണിയെക്കുറിച്ചുള്ള ഓർമ്മയിൽ ആദ്യം വരുന്നത് അവൾ അയാളുടെ ചെകിടത്ത് അടിച്ചതാണ്. എന്നാൽ ഒരു പെണ്ണ് തല്ലിയിട്ടും അയാൾക്ക് തിരിച്ച് തല്ലാൻ തോന്നിയില്ല. അവളുടെ മുഖം അയാളിലെ സ്‌നേഹത്തെ ഉണർത്തിയിരുന്നു. വാട്ടർ ബെഡിൽ അയാളെ ചരിച്ച് കിടത്തിയപ്പോൾ ബെസ്സോറുകൾ മണം പരത്തിയിരുന്നു' എന്നാൽ ബെഡ് റോസ് എന്നാണ് കൃഷ്ണൻകുട്ടി അതിനെ വിശേഷിപ്പിക്കുന്നത്. ചിതറി തെറിച്ച ഓർമ്മകളിൽ പിന്നീട് വരുന്നത് അയാൾ ഒരു തെളിഞ്ഞ കുളത്തിനരികിലായി കല്യാണിക്കൊപ്പം കാലും നീട്ടിയിരിക്കുന്നതാണ്. പ്രേമം തോന്നുമ്പോഴൊക്കെ അവൾ നിലാവിലേക്ക് നോക്കി 'അമ്പിളി 'എന്ന് വിളിച്ചു കൊണ്ട് അയാളെ തേവിനനച്ചിരുന്നു.
മൂന്നാം ഭാഗത്തിൽ കൃഷ്ണൻകുട്ടിക്ക് പണ്ട് കാട്ടിൽ നിന്ന് കിട്ടിയ പ്രതിമയിലേക്ക് കഥ പോകുന്നു. അതിന് നല്ല ഓമനത്തമുള്ള മുഖമായിരുന്നു. പാതിയടഞ്ഞ കണ്ണുകളും നേർത്ത ചിരിയും ഉള്ള ഒന്ന്. അയാൾ അത് കല്യാണിക്ക് കൈമാറുകയും അവൾ അതിനെ സ്വന്തം കുഞ്ഞിനെ പോലെ എടുത്തു താലോലിക്കുകയും ചെയ്തിരുന്നു. അതിന്റെ അടർന്ന ചെവി നെഞ്ചിൽ തൊടുമ്പോഴെല്ലാം അവൾക്ക് കുളിരു തോന്നുമായിരുന്നു. അയാൾ അത് ശാസ്താവിന്റെ തലയാണെന്നും അതിനെ വെച്ച് കളിക്കരുതെന്നും പറയാറുണ്ടെങ്കിലും അവളതിനെ താരാട്ട് പാടി ഉറക്കുകയും മറ്റും ചെയ്തിരുന്നു. കല്യാണിയുട കൂട്ടുകാരികളാണ് കുമ്പയും കൊറത്തിയും. അവർ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടവരാണ്. അവർ രണ്ടുപേരും ചേർന്നാണ് കല്ലളൻ എന്ന് ആ പ്രതിമയ്ക്ക് പേരിട്ടത്. ഒരിക്കൽ കുഞ്ഞിനെ കാണാൻ പുതിയില്ലത്തെ വാസുദേവൻ വന്നപ്പോൾ കൃഷ്ണൻകുട്ടി ഇല്ലായിരുന്നു. അയാൾ നേർത്ത ചിരിയോടെ കല്ലളന്റെ നെറ്റിയിൽ തൊടുകയും അവർ എന്തോ ഒരു രഹസ്യം പറയുന്നതുപോലെ പരസ്പരം ചുണ്ടുകൾ അനക്കി സംസാരിക്കുന്നതായും കല്യാണിക്ക് തോന്നിയിരുന്നു.നമ്പൂതിരിയായ ഒരാൾ തന്റെ വീട്ടിൽ കയറിയത് തന്നെ അവർക്ക് അത്ഭുതമായിരുന്നു. ചിരിച്ചുകൊണ്ട് തന്നെയാണ് വാസുദേവൻ ഉച്ചപൂജയ്ക്ക് ഇറങ്ങിയത്. എന്നാൽ അയാൾ പോയ ശേഷം പുരാവസ്തു വകുപ്പുകാർ വരികയും അവർ കല്ലളനെ കൊണ്ടുപോവുകയും ചെയ്തു. കൃഷ്ണൻകുട്ടി വരുന്നതുവരെ കല്യാണി ഭയന്ന് കരഞ്ഞു. കല്ലളൻ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാദിവസവും രാവിലെ കൃഷ്ണൻകുട്ടി കല്യാണിയെ മുനിസിപ്പാലിറ്റി ഓഫീസിൽ ഇരിക്കുന്ന കല്ലളന്റെ തല കാണിച്ചിരുന്നു. അവൾ എന്നും അതിനെ നോക്കി വിഷമത്തോടെ കരഞ്ഞിരുന്നു. പിന്നീട് പല ദിവസങ്ങളിലും കൃഷ്ണൻകുട്ടി ഇല്ലാതെ കല്യാണി ബസ് കയറി മുനിസിപ്പാലിറ്റിയിലെ ഓഫീസിലെത്തി അവനെ കണ്ടു മടങ്ങുമായിരുന്നു. ഒരു ദിവസം കൃഷ്ണൻകുട്ടി വരുമ്പോൾ കല്ലളൻ വീട്ടിൽ ഉണ്ടായിരുന്നു. പോലീസുകാർ വരുമെന്നും അത് ചരിത്രത്തിന്റെ ഭാഗമാണ് എന്നെല്ലാം കൃഷ്ണൻകുട്ടി പറഞ്ഞുവെങ്കിലും അതിനെ തിരിച്ചേൽപ്പിക്കാൻ കല്യാണി സമ്മതിക്കുന്നില്ല. ആ പ്രതിമ താനെടുത്തത് ആരും കണ്ടില്ലെന്നും അതിനെ ആരും കൊണ്ടുപോകാതെ താൻ തന്നെ ഒളിപ്പിച്ചോളാം എന്നും പറയുന്നു.
ഓർമ്മകളും പഴയകാലവും പുതിയ കാലവും തമ്മിലുള്ള ഒരു മിശ്രണം പോലെയാണ് കഥ മുന്നേറുന്നത്. വർത്തമാന കാലത്തിലുള്ള സംഭവങ്ങളോടൊപ്പം കൃഷ്ണൻകുട്ടിയുടെ ഓർമ്മകളിലൂടെ പഴയകാലത്തിലേക്ക് സഞ്ചരിക്കുന്നുണ്ട്. അതേസമയം തന്നെ തിരിച്ചും. വാട്ടർ ബെഡിൽ കിടന്നു കിടന്ന് അയാളുടെ ബെഡ് സോറുകൾ ദുർഗന്ധം വമിപ്പിക്കുന്നുണ്ട്.പലപ്പോഴും പാറ്റകളും ഉറുമ്പുകളും അതിനെ ആക്രമിക്കാറുണ്ട്. ഒരു മനുഷ്യന്റെ ദുരിതമയമായ അവസ്ഥ തുറന്നു കാട്ടുന്നതോടൊപ്പം സമകാലിക രാഷ്ടീയാവസ്ഥയിൽ ചരിത്രത്തെ മാറ്റിയെഴുതുന്നതിന്റെ സൂചനകൾ കൂടി ഈ കഥ നൽകുന്നു. അതോടൊപ്പം തന്നെ ജാതിവ്യവസ്ഥയുടെ വിവേചനങ്ങൾ എത്ര മാത്രം രൂക്ഷമാണ് എന്നതും കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. അമ്പിളി വരയ്ക്കുന്നതെല്ലാം കൃഷ്ണൻ കുട്ടി കാണാറുണ്ടെങ്കിലും അയാളത് ബുദ്ധപ്രതിമയാണെന്നാണ് കരുതിയിരുന്നത്. ഒടുവിലാണ് അത് കല്ലളനാണ് എന്നയാൾക്ക് മനസ്സിലാകുന്നത്. മാത്രമല്ല കല്ലളന്റെ പ്രതിമയെ കല്യാണി എവിടെയാണ് ഒളിപ്പിച്ചതെന്നും അമ്പിളിയുടെ ചിത്രം അയാളെ ഓർമ്മിപ്പിക്കുന്നു. ഫ്‌ളാഷ്ബാക്ക് ടെക്‌നിക് ഉപയോഗിക്കുന്നുണ്ടെങ്കിലും കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ അത് തടസ്സപ്പെടുത്തുന്നില്ല.
പരമ്പരാഗതമായ പുരുഷാധിപത്യരീതികളെയും കീഴ്‌വഴക്കങ്ങളെയും നിഷേധിക്കുന്ന നിരവധി ജീവിതസന്ദർഭങ്ങൾ ഈ കഥയിലുണ്ട്. ഇതിനുദാഹരണമാണ് കല്യാണിയുടേയും കൃഷ്ണൻ കുട്ടിയുടേയും വിവാഹം. കല്യാണി അയാളേക്കാൾ ആറുവയസ്സിന് മുതിർന്നവളാണ്. സാധാരണ സാമ്പ്രദായിക വിവാഹത്തിൽ പുരുഷന് സ്ത്രീയേക്കാൾ പ്രായക്കൂടുതൽ ഉണ്ടായിരിക്കും.അതുമാത്രമല്ല കല്യാണി അയാളുടെ ചെകിടത്തടിയ്ക്കുന്നുണ്ട് എന്നാൽ അയാൾ തിരിച്ചടിയ്ക്കുകയോ മറ്റൊരു തരത്തിലും അവളോട് ക്രൂരമായി പെരുമാറുകയോ ചെയ്യുന്നില്ല. കഥയുടെ ആന്തരികാർത്ഥം സൂക്ഷ്മമായ വായനയിലൂടെ വെളിപ്പെടുത്തുന്ന രീതിയിലാണ് കഥാവതരണം. ഒരു പ്രതിമയുടെ തല നിരവധി പ്രാവശ്യം അടിച്ചു തകർത്തു എന്ന് പറയുന്നുണ്ട്. ചരിത്രത്തെ കീഴ്മേൽ മറിക്കുന്ന വർത്തമാന കാല രാഷ്ട്രീയ സാഹചര്യത്തിൽ ഈ കഥയ്ക്ക് ഏറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. ജന്മിത്തം നിയമപരമായി അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ ജൻമിത്തം അവസാനിപ്പിച്ച പഞ്ചായത്താണ് മടിക്കൈ. മടിക്കൈ സമരത്തിൽ ജൻമത്തത്തിനെതിരേ കാസർകോഡിലെ മടിക്കൈയിൽ നടന്ന സമരത്തിൽ പ്രധാനിയായിരുന്നു കല്ലളൻ വൈദ്യൻ. നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ ഇ.എം.എസിനൊപ്പം മത്സരിച്ച് എം.എൽ.എയായ വ്യക്തിയുമാണ്. എന്നാൽ സമരത്തിൽ പങ്കാളിയായിരുന്നുവെങ്കിലും കല്ലളനെ അറസ്റ്റു ചെയ്തിരുന്നില്ല. അതിന് കാരണം താഴ്ന്ന ജാതിക്കാരനെ തൊട്ടാൽ അശുദ്ധിയുണ്ടാകുമെന്ന വിശ്വാസമാണ്. അയിത്തത്തിന്റെ അനുരണനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നത് പുതിയില്ലത്തെ വാസുദേവന്റെ പ്രവർത്തനങ്ങൾ ബോധ്യമാക്കുന്നുണ്ട്.
ബാഹ്യമായ സംഭവങ്ങൾക്കൊപ്പം ആന്തരികമായ ചിന്തകൾക്കും മാനസികസംഘർഷങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകിയാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്. ജലശയ്യയും കുളിരമ്പിളിയും പ്രതീകാത്മകമാണ്. കഥാപാത്രങ്ങളുടെ ഏകാന്തത, ദുഖം, ശാന്തത, എന്നിവ സൂചിപ്പിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. കൃഷ്ണൻകുട്ടി ജലശയ്യയയിൽ കിടക്കുമ്പോൾ അമ്പിളി എന്ന മകൾ അയാൾക്ക് (കുളിര്)ആശ്വാസം നൽകുന്നുണ്ട്. അതുപോലെ തന്നെ ചന്ദ്രപ്രകാശം ജലത്തിൽ പതിക്കുമ്പോൾ അതിന്റെ പ്രതിഫലനം മനോഹരമാകുന്നു. ജലം മനസ്സിനുള്ളിലുള്ള സംഘർഷങ്ങളെയും വികാരങ്ങളെയും സൂചിപ്പിക്കുമ്പോൾ ചന്ദ്രൻ തണുപ്പും ആശ്വാസവും പ്രതിഫലിപ്പിക്കുന്നു. ജലവും ചന്ദ്രനും മനുഷ്യമനസ്സിലുള്ള പ്രക്ഷുബ്ധവും ശാന്തവുമായ അവസ്ഥകളെ സൂചിപ്പിക്കുന്നു. സാമ്പ്രദായിക ഭാഷയെ, എഴുത്ത് രീതികളെ നിരാകരിക്കരിക്കുന്ന ഈ കഥകൾ ഓരോന്നും അതീവ ഹൃദ്യമാണ്. ആഴത്തിലുള്ള ചിന്തയിലേക്കും വ്യാഖ്യാനത്തിലേക്കും വായനക്കാരനെ നയിക്കാൻ കഴിയുന്ന രീതിയിലാണ് ഈ കഥകളുടെയെല്ലാം അവതരണം. അതുകൊണ്ട് തന്നെയാണ് ഈ കഥകൾ വായനക്കാരന് അനുഭവവേദ്യമാകുന്നതും.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: In-depth analysis of Mridul V.M.'s stories 'Kulai'
Published: 26 Feb 2026, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented