മലയാളിയുടെ കപട സദാചാരത്തെ, രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെ സമൂഹം 'നോർമൽ ' എന്ന് മുദ്രകുത്തിയ പാതയിൽ നിന്ന് മാറി നടക്കുന്നവരുടെ കഥയാണ് സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ ' .ജെസിബി പുരസ്ക്കാരത്തിന് അർഹമായ ഈ കൃതി നടപ്പ് രീതികളെ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. സമൂഹം വലിയ പ്രശ്നമായി കാണുന്ന ഭ്രാന്ത്, ലക്ഷ്യബോധമില്ലായ്മ, സമ്പത്തില്ലായ്മ, ദൈവികത ഇവയെയെല്ലാം നിഷേധിച്ചും നിസ്സാരവൽക്കരിച്ചുമുള്ള അവതരണരീതി ഈ പുസ്തകത്തിന് പുതുമ നൽകുന്നു.

ടെന്നസീ വില്യംസിന്റെ മെമ്മറി നാടകങ്ങളുടെ ചില പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഈ നോവൽ "ഈ ലോകവും അവിടുത്തെ രീതികളും മനസ്സിലാകാത്ത ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്. ഒരു സാധാരണ നോവൽ ഘടനയെ, കഥാപാത്ര സൃഷ്ടികളെ, ശൈലിയെ എല്ലാം അപനിർമ്മിച്ചു കൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.

ഭ്രാന്താശുപത്രിയിൽ കിടക്കുന്ന മരിയയുടെ ഭ്രമാത്മക ചിന്തകളോടെയാരംഭിക്കുന്ന നോവൽ അതിന്റെ കാരണങ്ങളിലേക്കും കൊട്ടാരത്തിൽ തറവാടിന്റെ ചരിത്രത്തിലേക്കും, സമകാലിക രാഷ്ട്രീയത്തിലേക്കുമൊക്കെ സഞ്ചരിക്കുന്നു. സാമ്പ്രദായിക നോവലിന്റെ രീതിയിലുള്ള ഒരു നോവലിന്റെ തുടക്കമോ ഒടുക്കമോ ഒന്നുമല്ല ഈ നോവലിനുള്ളത്. കഥാപാത്രങ്ങളിൽ പലരും നിരവധി മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് .എന്നാൽ അതിനെയൊന്നും തന്നെ ഒരു പ്രശ്നമായി എഴുത്തുകാരി അവതരിപ്പിക്കുന്നില്ല.

ശുദ്ധഹാസ്യത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും വികസിക്കുന്ന നോവൽ സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, സ്കൂൾ,മതം ഇതിനെയെല്ലാം പരിഹസിക്കുന്നതോടൊപ്പം ദൈവങ്ങളെയും പുണ്യവാളൻമാരെയുമൊക്കെ സാധാരണക്കാരായി അവതരിപ്പിക്കുന്നു. ആധിപത്യങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണ് ഇതിലെ ഒരു കൂട്ടം മനുഷ്യരുടെ അരാജക ജീവിതം. ഫസ്റ്റ് പേഴ്സൺ നറേറ്റീവിലൂടെ വികസിക്കുന്ന ഈ കഥ അവതരണ രീതിയിലെ പുതുമ കൊണ്ടാണ് പ്രസക്തമാകുന്നത്. ഓരോ അധ്യായത്തിനും സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്നതും ശ്രദ്ധേയമാണ്.

വിജയിച്ചവർ,പരാജിതർ, ഭ്രാന്തൻമാർ,പ്രായോഗികവാദികൾ, ദൈവ വിശ്വാസി അവിശ്വാസി ഇത്തരം ബൈനറികളെയൊക്കെ തകർത്തു കളയുന്നതിലൂടെ ശരിയെന്ന് സമൂഹം ഉറച്ച് വിശ്വസിക്കുന്ന ചില നടപ്പ് രീതികളെ പൊളിച്ചു കളയാനാണ് എഴുത്തുകാരി ശ്രമിക്കുന്നത് കിറുക്കൻമാരുടേയും കിറുക്കത്തികളുടെയും ലോകം.

മരിയയുടെ കുട്ടിക്കാലവും അവരുടെ കുടുംബ പശ്ചാത്തലവും വെളിവാക്കുന്ന നോവൽ പഴയകാലത്തിലേക്ക് സഞ്ചരിക്കുന്നു. അതിൽ നിന്നും അവളുടെ മുത്തച്ഛനായ ഗീവർഗീസ് വ്യത്യസ്തമായ രീതികൾ പിന്തുടരുന്ന ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാം. ഉയർന്ന കുടുംബപശ്ചാത്തലത്തിലുള്ള ആളാണെങ്കിലും അദ്ദേഹം സാധാരണ രീതിയിലുള്ള ഒരു ജീവിതം നയിക്കുന്നതിന് താല്പര്യപ്പെടുന്നില്ല.കള്ള് ഷാപ്പിലും അവിടെയുള്ള സാധാരണക്കാരായ ആൾക്കാരോടൊപ്പവും ആണ് അദ്ദേഹം തന്റെ സമയം ചെലവഴിക്കുന്നത്.

ജീവിതത്തിന്റെ പ്രായോഗികമായ രീതികളെയെല്ലാം വെറുപ്പോടെയാണ് അദ്ദേഹം കാണുന്നത്. അതേ രീതിയിൽ തന്നെ വളർത്തപ്പെട്ട ഒരു കുട്ടിയാണ് മരിയയും. സാധാരണ ഒരു പെൺകുട്ടിക്ക് ലഭിക്കുന്നതിനേക്കാൾ വിചിത്രമായ അനുഭവ തലങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് മരിയ. അതുകൊണ്ട് തന്നെ അവൾ ലോകത്തെ നോക്കിക്കാണുന്ന രീതിയിലും വളരെയധികം വ്യത്യാസമുണ്ട്.

മാത്തിരി വലിയമ്മ,അന്ന കറിയാക്കുട്ടി ഇവരെല്ലാവരും ലോകത്തിന്റെ മുന്നിൽ മണ്ടികളും ചിന്നൻ കയറിയവരും മന്ദത്തികളുമൊക്കെയാണ്. മരിയയുടെ സുഹൃത്തായ വിനയൻ, അരവിന്ദൻ, ഹരി, സരളചേച്ചി ഇവരെല്ലാവരും സമൂഹത്തിന്റെ വിജയ വഴിയിൽ നിന്ന് മാറി നടക്കുന്നവരാണ്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീക്ക് ഭ്രാന്ത് രക്ഷപ്പെടലിനുള്ള ഒരുപാധി കൂടിയാണെന്നും ഈ നോവൽ ഓർമ്മിപ്പിക്കുന്നു.

ആഘോഷത്തിന്റെ പെണ്ണിടങ്ങൾ
ആഘോഷം എന്നത് പലപ്പോഴും പുരുഷ കേന്ദ്രിതമായ ഒരു വാക്കായി നിലനിൽക്കുന്ന ഈ ലോകത്ത് സ്വന്തം ഇഷ്ടങ്ങൾ, കാമനകൾ, ശരീരം ഒക്കെയും ആഘോഷിക്കപ്പെടുന്ന നിരവധി സ്ത്രീകളുടെ ഒരു കൂടിച്ചേരലാണ് ഈ നോവൽ .

സാധാരണ പെണ്ണുങ്ങൾക്ക് നിഷിദ്ധമായിരിക്കുന്ന എല്ലായിടങ്ങളും മരിയക്ക് പരിചിതമാണ് ;കള്ളുഷാപ്പ് മുതൽ ഭ്രാന്താശുപത്രി വരെ. കള്ളുകുടി, സിഗററ്റ് വലി, വിവാഹത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് ഇതിനെയൊന്നും ഒരു പ്രശ്നമായി കാണാത്ത, തന്നെ ബോറടിപ്പിക്കുന്ന എന്തിൽ നിന്നും ഇറങ്ങിപ്പോകാൻ ധൈര്യമുള്ള മറിയ സ്വാതന്ത്ര്യദാഹികളായ സ്ത്രീകളെ കൊതിപ്പിക്കുകയും കുലസ്ത്രീകളുടെ നെറ്റിചുളിപ്പിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിയാണ്.

നക്സലൈറ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഷീനാന്റിയും സ്വതന്ത്രജീവിതം നയിക്കുന്ന നീനാന്റിയും സരള ചേച്ചിയും മദ്യപിക്കുകയും പുകവലിക്കുകയും ഇഷ്ടമുള്ളപ്പോൾ സെക്സിലേർപ്പെടുകയും ചെയ്യുന്ന നിമ്മിയും സ്വന്തം ശരീരത്തിന്റെ സുഖം നുണയുന്ന അന്ന ഉൾപ്പെടെയുള്ള സ്ത്രീകളും പെണ്ണത്തത്തിന്റെ ആഘോഷ ലോകത്തെ വെളിവാക്കുന്നു.

സൂക്ഷ്മനർമ്മം
സൂക്ഷ്മനർമ്മം കഥാപാത്രങ്ങളുടെ സൃഷ്ടിയിലും സംഭാഷണത്തിലും കൃത്യമായ അനുപാതത്തിൽ വിളക്കിച്ചേർക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഫിലോസഫിക്കലായുള്ള ചാണ്ടിപ്പട്ടിയുടെ സംസാരം അതീവരസകരമാണ്. അതുപോലെ തന്നെ ചിറമ്മൽ കത്തനാർ പല്ലിയായി രൂപാന്തരപ്പെട്ടതിന്റെ കഥ പറയുന്നയിടത്തും,

കർത്താവ് മറിയയുമായുള്ള സംഭാഷണത്തിനിടയിൽ കർത്താവിന് പവറൊണ്ടോന്നറിയാനായി മരിയ ഒരു കുപ്പി വെള്ളമെടുത്ത് പുള്ളിക്കാരനു നേരേ നീട്ടിയ സംഭവം വിവരിക്കുമ്പോഴും, ഗീവർഗീസ് പുണ്യാളന് സന്യാസത്തോട് മടുപ്പ് തോന്നി അദ്ദേഹം ആൾക്കാരുടെ സ്വപ്നങ്ങളിൽ പ്രവേശിക്കുകയും അവരെ ശല്യം ചെയ്യുകയും പള്ളിയിൽ നിന്ന് അകറ്റുന്നതുമൊക്കെ അതീവ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സർറിയലിസം മുതൽ ആന്ത്രോപോമോർഫിസം വരെ
കഥയുടെ രസച്ചരട് പൊട്ടാതെ ആദ്യാവസാനം നിലനിർത്താനായി സർറിയലിസം മുതൽ ആന്ത്രോപോമോർഫിസം വരെയുള്ള നിരവധി സങ്കേതങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. മറവിക്കും ഓർമ്മയ്ക്കുമിടയിലൂടെ കടന്നു പോകുന്ന കർത്താവ് കുഞ്ചെറിയാ, മാത്തിരി വല്യമ്മ ഇവരുടെ ഓർമ്മകൾ, ചിന്തകൾ എല്ലാം തന്നെ അവതരിപ്പിക്കുന്നത് മാജിക്കൽ റിയലിസത്തിലൂടെയോ മരിയയുടെ ഇന്നർ ഡയലോഗ്സിലൂടെയോ ചില അവസരങ്ങളിൽ സർറിയലിസത്തിലൂടെ ഒക്കെയാണ്.

ആന്ത്രോപോമോർഫിസം അഥവാ മാനവീകരണം എന്ന ടെക്നിക് ഉപയോഗിച്ച് എഴുത്തുകാരി പറയാനാഗ്രഹിക്കുന്ന പല കാര്യങ്ങളും ചാണ്ടി പട്ടിയുടെ സംസാരത്തിലൂടെ വെളിപ്പെടുത്തുന്നു. സർറിയലിസ്റ്റിക് ടെക്നിക്കുകളുടെ ഉപയോഗത്തിലൂടെ യാഥാർഥ്യവും അയഥാർഥ്യവും തമ്മിലുള്ള വ്യത്യാസം വായനക്കാരന് നിഷേധിക്കപ്പെടുന്നു.

ജയിംസ് ജോയ്സിന്റെ "ദി പോർട്രെയ്റ്റ് ഓഫ് ദ ആർട്ടിസ്റ്റ് ആസ് എ യങ് മാൻ" ലെപ്പോലെ ചിതറിത്തെറിച്ച ഓർമ്മകളും വിഭ്രമാത്മകമായ ചിന്തകളും സ്വപ്നങ്ങളും കാഴ്ചകളുമെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വിവാഹജീവിതത്തിൽ തനിക്ക് ബോറടിച്ചതു കൊണ്ട് ഇറങ്ങിപ്പോയി എന്ന് പറയുന്ന മറിയ മലയാളിയുടെ പൊതുബോധത്തെ തന്നെ ഉടച്ച് വാർക്കാൻ പര്യാപ്തമായ കഥാപാത്രമാണ് .

പുറന്തള്ളപ്പെട്ടവൾ
അച്ഛനമ്മമാരും സഹോദരങ്ങളും ഒത്തുള്ള ബാല്യകാലം നിഷേധിക്കപ്പെട്ട കുട്ടിയാണ് മരിയ അതുകൊണ്ട് തന്നെ സ്വന്തം വീട്ടിൽ അവൾ നിഷ്കാസിതയാണ്. നമ്മുടെ സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, സ്കൂൾ, വിവാഹം, രാഷ്ട്രീയം, ദൈവം എന്നിവയിൽ എല്ലാം പതിയിരിക്കുന്ന ഹിപ്പോക്രസികളെ പരിഹസിക്കാൻ കൃത്യമായി ശ്രമിക്കുന്നുണ്ട്.

സ്വന്തം കുടുംബത്തിൽ പോലും പുറന്തള്ളപ്പെട്ടവളായി പരിഗണിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ മാനസിക വിഹ്വലതകളെ, കുട്ടിക്കാലത്തിൽ കിട്ടാതെ പോകുന്ന സ്നേഹം ഏതെല്ലാം തരത്തിൽ ആ കുട്ടിയെ ബാധിക്കുന്നു എന്നതിനെ എല്ലാം വളരെ കൃത്യമായും സൂക്ഷ്മമായും പരിഹാസരൂപേണയും അവതരിപ്പിക്കുന്നുണ്ട്. ഒരു തരത്തിൽ ഒരു സാധാരണ പെൺകുട്ടിയുടെ അസാധാരണ ജീവിതമാണ് ഈ നോവൽ.

ഓരോ വ്യക്തിയും ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം; ഭയമില്ലാതെ,കെട്ടുപാടുകൾ ഇല്ലാതെ നിയമങ്ങളില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം ഇതിലുണ്ട് .തനിക്ക് ബോറടിച്ചത് കൊണ്ട് വിവാഹബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് മരിയ പറയുന്നത് നാട്ടുകാർ എന്ത് വിചാരിക്കും എന്ന് എല്ലായ്പ്പോഴും കരുതുന്ന മലയാളി സമൂഹത്തിന് ഉൾക്കൊള്ളാൻ ആകാത്ത വിധം ഉയർന്ന ചിന്താഗതിയാണ് ഇതിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും പിന്തുടരുന്നത്.

മരിയ ഒരു നോവൽ എഴുതാൻ തീരുമാനിക്കുന്നതോടെ അവസാനിക്കുന്ന ഈ നോവൽ സാധാരണ നോവലിന്റെ രീതികളിൽ നിന്നും വ്യതിചലിക്കുന്നു. അതോടൊപ്പം തന്നെ പുണ്യവാളന്മാരെയും ദൈവത്തെയും ഒക്കെ രസച്ചരടിൽ കോർത്ത് അവതരിപ്പിക്കുന്നുണ്ട്.

മിനുസമാർന്ന ജീവിത പാതകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും. മലയാളി സമൂഹം എപ്പോഴും ഉപയോഗിക്കുന്ന കംഫർട്ടബിൾ അഡ്ജസ്റ്റ്മെൻറ് എന്നീ പദങ്ങൾക്ക് പുറത്ത് സഞ്ചരിക്കുന്നവരാണ് അവർ. സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി സ്വന്തം പാതയിൽ സ്വതന്ത്രനായി സഞ്ചരിക്കുന്നവരാണ് ഇവർ ഓരോരുത്തരും.

ബഹുസ്വരമായ കഥാപാത്രങ്ങൾ, ശൈലിയിലെ വ്യത്യസ്തത, ഇംഗ്ലീഷും മലയാളവും കലർന്ന ഭാഷാ പ്രയോഗങ്ങൾ ഇത്തരത്തിൽ മുഖ്യധാരാ രീതികളെ നിഷേധിച്ചുകൊണ്ട് എഴുതപ്പെട്ട മരിയ വെറുമൊരു സോഷ്യൽ സറ്റയർ എന്നതിലുപരി വായനക്കാരുടെ ബോധതലത്തെ പുതിയ തലത്തിലേക്ക് വേറിട്ട കാഴ്ചപ്പാടുകളിലൂടെ, അനുഭവങ്ങളിലൂടെ നയിക്കുന്ന ഒരു നോവൽ കൂടിയാണ്. ഭ്രമാത്മക ചിന്തകളിലൂടെയും ഓർമ്മകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ബഹുസ്വരതയുടെ ഒരു ആഘോഷം തന്നെ നമുക്ക് കാണാവുന്നതാണ്.

സ്വതന്ത്രരായി വിഹരിക്കുന്ന നിരവധി ആത്മാക്കൾ ഈ നോവലിൽ ഉണ്ട്. ഇവരെല്ലാം തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരാണ്. സംഘർഷഭരിതമായി കൊണ്ടുപോകേണ്ട ഒന്നല്ല ജീവിതം എന്നും അത് വളരെയധികം ആസ്വദിച്ചു ജീവിക്കേണ്ടതാണ് എന്നും ഓരോ കഥാപാത്രവും വായനക്കാരനെ ഓർമ്മിപ്പിക്കുന്നു.. അതുപോലെതന്നെ നമ്മുടെ മലയാളി സമൂഹത്തിലെ ഇരട്ടത്താപ്പുകളെ, രാഷ്ട്രീയത്തെ, പ്രായോഗിക ചിന്താഗതികളെ ഒക്കെയും അപഹസിക്കുന്നുണ്ട് ഈ നോവൽ.

ഉപാധികളില്ലാത്ത, ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം കഥാപാത്രങ്ങളെ ഈ നോവലിൽ കാണാം. ജയത്തിന്റെ അളവുകോലായി സമൂഹം കൊണ്ടാടുന്ന പല കാര്യങ്ങളെയും വളരെ രസകരമായി വളരെ ലളിതമായി നിരാകരിക്കുന്നു.

ബുദ്ധി പക്വത പൊങ്ങച്ചം എന്നിങ്ങനെ സമൂഹം കൊണ്ടാടുന്നതിനെ, വിജയത്തിന്റെ അളവുകോലായി പ്രതിഷ്ഠിക്കുന്നതിനെ പൂർണമായും നിഷേധിക്കുന്നു. വിഷലിപ്തമായ കുടുംബബന്ധങ്ങളെ വിപ്ലവകരമായി തുറന്ന് കാട്ടുന്ന നോവൽ ഒരു സോഷ്യൽ സറ്റയറിന്റെ ദൗത്യം കൃത്യമായി നിർവഹിച്ചിരിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi