മഴയെന്ന വാക്കിന്റെ നനുത്ത നൂലുപിടിച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്കൊന്ന് യാത്ര പോയിനോക്കി. വഴിയുടെ ഏറ്റവുമറ്റത്ത് നിറവില്ലുപോലെ അപ്രതീക്ഷിതമാംവിധം വിടര്‍ന്നുനില്‍ക്കുന്നത് ഒരു കവിതയാണ്. അന്നും ഇന്നും മനസ്സില്‍ മിഴിവോടെ നനഞ്ഞൊട്ടിനില്‍ക്കുന്ന ഒരു കവിത. സച്ചിദാനന്ദന്റെ 'വേനല്‍മഴ'.

To advertise here,

അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഞാനാ കവിത ആദ്യമായി കേള്‍ക്കുന്നത്. കാസര്‍കോടിന്റെ ഒരതിര്‍ത്തിഗ്രാമമായ കാറടുക്കയിലെ ഞങ്ങളുടെ പുല്ലുമേഞ്ഞ കൊച്ചുവീട്ടില്‍വെച്ചായിരുന്നു അത്. കവി സച്ചിദാനന്ദനും അന്തരിച്ച പ്രതിഭ ജോണ്‍ എബ്രഹാമുമൊക്കെ അടങ്ങിയ പപ്പയുടെ ഒരു വലിയ സൗഹൃദക്കൂട്ടം അന്നാ കുഞ്ഞുവീട്ടില്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് ജോണ്‍ ചെയ്യാനിരുന്ന, പിന്നീടൊരിക്കലും നടക്കാതെപോയ, ഒരു സിനിമാചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു അവരവിടെ ഒത്തുകൂടിയത്. രാവോളം നീണ്ട സംഭാഷണങ്ങള്‍ക്കും ആലോചനകള്‍ക്കുമിടയിലുള്ള ഒഴിവുസമയങ്ങളിലെപ്പോഴോ ഒരുദിവസം സച്ചിമാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കായി തന്റെ പുതിയ കവിത വായിച്ചുകേള്‍പ്പിച്ചു. കേള്‍വിക്കാരില്‍ ഞാനുമുണ്ടായിരുന്നു.

പുല്ലുമേഞ്ഞ ഒരു കൂണുപോലെ നിലത്തേക്കമര്‍ന്നിരിക്കുന്ന ആ വീട്. അതിന്റെ വരാന്തയില്‍ കരിയും ചാണകവും മെഴുകി കറുപ്പില്‍ തിളങ്ങുന്ന ഉയര്‍ന്ന തിണ്ണ. അതിനുമുകളിലെ ഇത്തിരി സ്ഥലത്തിട്ട പുല്‍പ്പായയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന സഹൃദയരായ ഒരു സംഘം മനുഷ്യര്‍. അവര്‍ക്ക് നടുവിലിരുന്ന് തണുത്തുപതിഞ്ഞ സ്വരത്തില്‍ 'മഴയുടെ ചില്ലുകുഴലുകളിലൂടെ വന്നിറങ്ങിയ എണ്ണമറ്റ കുഞ്ഞുമാലാഖമാരെ'ക്കുറിച്ച് പാടിയ സൗമ്യനായ ഒരു ചെറിയ മനുഷ്യന്‍. ചുറ്റും അതിന്റെ മാസ്മരികതയില്‍ മന്ത്രമുഗ്ധമായി നില്‍ക്കുന്ന പ്രകൃതി.  

അന്ന് പുറത്ത് മഴപെയ്തിരുന്നോ എന്നെനിക്കോര്‍മ്മയില്ല. പക്ഷേ, എന്റെ ഹൃദയത്തില്‍ തീര്‍ച്ചയായും മഴ പെയ്തു. ഒരുപക്ഷേ, ഞാന്‍ നനഞ്ഞ ആദ്യത്തെ വൈകാരികമഴയായിരുന്നു അത്. തുള്ളികളുടെ ബന്ധനമില്ലാതെ ആര്‍ത്തലച്ച്, വേര്‍പിഴുത്, നമ്മെ ചുഴിയിലേക്കാഴ്ത്തുന്ന കല്പനകളുടെ ഒരദൃശ്യമഴ. കിം ചിഹായ് എന്ന രാഷ്ട്രീയത്തടവുകാരനെക്കുറിച്ച് എഴുതപ്പെട്ട 'വേനല്‍മഴ' എന്ന ആ കവിത പിന്നീട് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുന്‍പത്തെ അഞ്ചുവയസ്സുകാരിക്ക് അതിന്റെ രാഷ്ട്രീയമാനങ്ങളൊന്നും അന്ന് മനസ്സിലായിരുന്നില്ല; തടവിലാക്കപ്പെട്ട ഒരാളെക്കുറിച്ചുള്ളതാണ് ആ കവിത എന്നതൊഴിച്ചാല്‍. എങ്കിലും 'ചിരപരിചിതമായൊരു പുഴ'പോലെ ആ തടവുകാരന്‍ എനിക്കും പരിചിതനായി. അയാളുടെ അപരിചിതമായ കഥകള്‍ എന്റെ മനസ്സില്‍ സ്വന്തമെന്നപോല്‍ നനഞ്ഞു. എന്റെ 'വേനലുകളുടെ വിഭ്രാത്മകമൂര്‍ച്ചകളിലേക്ക്' പറന്നിറങ്ങിയ ആദ്യത്തെ ഉച്ചമഴ. പിന്നീട് ജീവിതത്തില്‍ നിരന്തരമായി ആര്‍ത്തലച്ചുപെയ്ത പരശ്ശതം അദൃശ്യമഴകളുടെ തുടക്കം അക്ഷരങ്ങളില്‍മാത്രമൊതുങ്ങാത്ത അന്നത്തെ വേനല്‍മഴയായിരുന്നു. 

'വേനല്‍മഴ' എന്ന കവിതപ്പെയ്ത്തിനൊപ്പം മനസ്സിലേക്കതിന്റെ തുടര്‍ച്ചകളായി പെയ്തിറങ്ങുന്ന മറ്റ് ചില ഓര്‍മ്മകള്‍കൂടിയുണ്ട്. അതിലേറ്റവും പ്രധാനം പിന്നീട് മറ്റൊരു മഴക്കാലത്തിന് തൊട്ടുമുന്‍പ് നമുക്ക് നഷ്ടപ്പെട്ട ജോണ്‍ എബ്രഹാം എന്ന ജീനിയസുമായി അന്നെനിക്കുണ്ടായിരുന്ന വിചിത്രമായ സൗഹൃദമാണ്. അന്ന് ചൂടുപിടിച്ച സിനിമാചര്‍ച്ചകള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി കുട്ടിയായ ഞാന്‍ വികൃതി കാട്ടിയപ്പോള്‍ ക്ഷിപ്രകോപിയായ ജോണ്‍ ''പൊയ്‌ക്കോണം അവിടുന്ന്... പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താ കാര്യം?'' എന്ന് പകുതി തമാശയില്‍ എന്നെ വിരട്ടിയതും പകച്ചുപോയ എന്നെ പതുക്കെ പിടിച്ച് മടിയിലിരുത്തി ''ഈ പൂച്ചകളുരുകുന്നിടത്ത് എന്റെ പൊന്നിനെന്താ കാര്യം?'' എന്ന് സച്ചിമാമന്‍ സ്‌നേഹാര്‍ദ്രമായി സമാധാനിപ്പിച്ചതുമായ മനോഹരമായ ഒരോര്‍മ്മ എന്റെ അച്ഛന്‍ ഗൃഹാതുരതയോടെ ഇന്നും പങ്കുവയ്ക്കാറുണ്ട്. പൂരക്കളി കാണാനും പഠിക്കാനുമുള്ള ജോണിന്റെ ഗ്രാമയാത്രകള്‍ക്ക് അന്ന് കൂട്ടുപോകുന്നത് ഞാനായിരുന്നു. അഞ്ചുവയസ്സുകാരിസുഹൃത്തിനോട് തന്റെ അസ്തിത്വദുഃഖങ്ങളെക്കുറിച്ച് ജോണിടയ്ക്ക് വാചാലനാകും. അവളുടെ രണ്ടായി മുറുക്കിമെടഞ്ഞ് മടക്കിക്കെട്ടിയ തലമുടിക്കെട്ടില്‍ വാത്സല്യത്തോടെ തടവും. അഞ്ചുവയസ്സുകാരി ഗൗരവത്തോടെ എല്ലാം കേട്ട് തലയാട്ടും. അമ്മയുണ്ടാക്കുന്ന ഒരു കിടിലന്‍ മീന്‍കറിയുടെ ചട്ടിയില്‍ ചോറിട്ടിളക്കി (ഞങ്ങളുടെ ഭാഷയില്‍ 'ചട്ടീല്‍ പെരക്കി') തിന്നാന്‍ ഞങ്ങള്‍ രണ്ടുപേരും മത്സരിക്കുമായിരുന്നു. 'വേനല്‍മഴ' എന്ന ഓര്‍മ്മപോലെത്തന്നെ എന്റെ ഏറ്റവും അതീന്ദ്രിയമായ ആദ്യ ഭക്ഷ്യാനുഭവവും ആ മീന്‍കറിയും ചോറുമായിരുന്നു. മുളകും മഞ്ഞളും ചേര്‍ത്തരച്ച തേങ്ങയുടെ പാലെടുത്ത്, ഇഞ്ചിയും പച്ചമുളകും കുടംപുളിയും ചേര്‍ത്ത് തിളപ്പിച്ച്, മീന്‍ ചേര്‍ത്ത് വറ്റിച്ച്, കറിവേപ്പില വിതറിയെടുക്കുന്ന അമ്മയുടെ മീന്‍കറി വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുന്നവരെയെല്ലാം അടിമകളാക്കിയിരുന്ന ഒന്നാണ് (പിന്നീട്, ആ മീന്‍കറിയുടെ രക്ഷാകര്‍തൃത്വം അച്ഛനേറ്റെടുക്കുകയും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സുഹൃദ്വലയങ്ങളില്‍ അദ്ദേഹത്തിന്റെ മീന്‍കറി പ്രശസ്തമാവുകയുമുണ്ടായി). ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട 'മഴഭക്ഷണം' ചോറും വീട്ടിലുണ്ടാക്കിയ മീന്‍കറിയുമാണ്. മീന്‍കറിച്ചട്ടിയില്‍ ചോറിട്ട് കഴിക്കുമ്പോളൊക്കെ ഞാന്‍ ജോണിനെയോര്‍ക്കും. ഒരു മേയ് മുപ്പത്തൊന്നാംതീയതി മഴക്കാലം വരുംമുന്‍പേത്തന്നെ മഴയിലേക്ക് നൃത്തംചെയ്തിറങ്ങി മാഞ്ഞുപോയ എന്റെ ആദ്യ കളിക്കൂട്ടുകാരനെ...

*********************

 

ജീവിതത്തിന്റെ നല്ലൊരുപങ്കും പ്രവാസിയായിരുന്നു ഞാന്‍. എല്ലാ പ്രവാസികളെയുംപോലെത്തന്നെ സൗദി അറേബ്യയില്‍ എത്തിച്ചേര്‍ന്ന നാളുതൊട്ട് എനിക്കേറ്റവും മിസ്‌ചെയ്തത് മഴതന്നെയാണ്. കൊടുംചൂട്, മുന്‍പ് പരിചയമില്ലാത്ത കൊടുംതണുപ്പ്, വിചിത്രമായ ജീവിതരീതികള്‍, ഒട്ടും ഇഷ്ടപ്പെടാത്ത രുചികള്‍, പരുക്കരായ മനുഷ്യന്‍, അങ്ങനെയങ്ങനെ... ഗള്‍ഫ് ജീവിതം മടുത്ത്, മനസ്സ് ശൂന്യമായ ഒരു സമയത്താണ് സൗദിയിലെ കമ്മീസ് മുഷൈത് എന്ന മലയോരപ്പട്ടണത്തിലേക്ക് ഞങ്ങള്‍ക്ക് സ്ഥലംമാറ്റമാകുന്നത്. ''നാട്ടിലെപ്പോലൊരു സ്ഥലമാണ്. മലമുകളില്‍ മഞ്ഞ് വീഴാറുണ്ട്. ഇടയ്ക്ക് മഴ പെയ്യാറുണ്ട്. നിനക്കിഷ്ടമാവും'' എന്നൊക്കെ എന്റെ പങ്കാളി ഫഹീം പറഞ്ഞു (ഫഹീം ഇന്ന് ജീവിച്ചിരിപ്പില്ല). മഴ എന്ന് കേട്ടതും എന്റെ മനസ്സ് തുടിച്ചു. പ്രതീക്ഷയോടെ ഞാനാ കൊച്ചുപട്ടണത്തില്‍ വന്നിറങ്ങി. പ്രാചീനവും സുന്ദരവുമായ ഭവനങ്ങളും കൊച്ചുകുന്നുകളും മരങ്ങളും നിറഞ്ഞ മനോഹരമായ ഒരിടം. ഞാന്‍ ഫഹീമിനെ നന്ദിയോടെ നോക്കി. അടുത്ത ദിവസങ്ങളിലൊന്നുംതന്നെ മഴ പെയ്തില്ല. ഞാന്‍ കാത്തുകാത്തിരുന്നു. ഇടയ്ക്കിടെ മഴയെവിടെ എന്ന് ചോദിച്ച് പങ്കാളിയെ അലട്ടി. മഴയുണ്ടായില്ല. പക്ഷേ, കാലാവസ്ഥ അതീവസുഖദവും ശീതളവുമായിരുന്നു. അവിടെ അന്ന് ടാക്‌സികാറുകളുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് പബ്ലിക് ബസ്സുകളില്‍ പ്രവേശനമില്ലായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു കാറ് വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയുമില്ല. അവധിദിവസങ്ങളില്‍ കഴിയുന്ന ഇടങ്ങളിലേക്കെല്ലാം ഞങ്ങള്‍ നടന്നുപോയി. കുന്നുകള്‍ കയറിയിറങ്ങി. മഞ്ഞുവീഴ്ച കണ്ടു. അങ്ങനെ ഒരുദിവസം രാത്രി ലക്ഷ്യമില്ലാതെ അലഞ്ഞ് ഞങ്ങളൊരു മലഞ്ചെരിവിലെ പാര്‍ക്കിലെത്തി. അതിന്റെ ഒരുവശത്ത് നിശ്ചലമായ ഒരു തടാകമുണ്ടായിരുന്നു. കരയില്‍ ഇരിക്കാന്‍ പാകത്തിന് വട്ടത്തില്‍ മേല്‍ക്കൂരയൊക്കെയുള്ള കല്ലുബെഞ്ചുകളും. തൊട്ടപ്പുറത്ത് ഒരു കൊച്ചുഭക്ഷണശാല. അവിടെ പാചകം അല്പം വിചിത്രമായ രീതിയിലാണ്. കല്ലുകളടുക്കിവെച്ച് ചൂടാക്കി, ചെറുതും വലുതുമായ മസാല പുരട്ടിയ മീനുകള്‍ ചുട്ടെടുക്കുന്നുണ്ട്. അറ്റത്തെ പരന്ന മറ്റൊരു കല്ലില്‍ വഴുതനയും ഉരുളക്കിഴങ്ങും മൊരിയുന്നു. വറുത്ത സോസേജ് കഷണങ്ങളാക്കി, അതില്‍ ഉള്ളി മൂപ്പിച്ച് കുരുമുളക് തൂകിയത് അടുത്ത കല്ലില്‍. താലത്തില്‍ നിറഞ്ഞുകിടപ്പുണ്ട് സാലഡുകളും ചുട്ട വഴുതനയുടെയും തക്കാളിയുടെയും മിശ്രിതങ്ങളും. എല്ലാറ്റിന്റെയും ആവി നൃത്തംചെയ്തുകൊണ്ട് മേലോട്ടുയരുന്നു, ഒന്നാകുന്നു. ഉള്ളിലെ വിശപ്പ് തീപോലെ ഉണരുമ്പോഴേക്കും തികച്ചും പ്രതീക്ഷിക്കാതെ മഴ പെയ്തുതുടങ്ങി. നൂറ്റാണ്ടുകള്‍ക്കുശേഷം പ്രിയപ്പെട്ട ഒരാളെ കണ്ടാലെന്നതുപോലെ, എന്റെ ഹൃദയം തുടിച്ചുയര്‍ന്നു. സന്തോഷംകൊണ്ട് കണ്ണുപോലും നനഞ്ഞു. നാട്ടിലേതുപോലെ തകര്‍ത്തുപെയ്യുന്ന മഴയൊന്നുമായിരുന്നില്ല അത്. പതിഞ്ഞ താളത്തില്‍, എന്നാല്‍ തീക്ഷ്ണതയോടെ നൃത്തംചെയ്ത് നീങ്ങുന്ന, ഒരൊതുങ്ങിയ മഴ. അപ്പോഴേക്കും ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. വലിയ താലത്തില്‍ മണ്‍പാത്രത്തിനകത്ത് ചുട്ടെടുത്ത റൊട്ടിയും ആവിപറക്കുന്ന സോസേജുകളും വറുത്ത ഉരുളക്കിഴങ്ങുകളും ചുട്ടമുളകും കൊച്ചുകപ്പില്‍ പൊള്ളുന്ന കാവയും നടുക്ക് 'മുതബല്‍' എന്നറിയപ്പെടുന്ന വഴുതനങ്ങാമിശ്രിതവും (വഴുതന അടുപ്പില്‍ ചുട്ട്, അതിന്റെ പള്‍പ്പെടുത്ത് നാരങ്ങാനീരും തഹീനയും വെളുത്തുള്ളിയും തൈരും ചേര്‍ത്ത് ഒലിവോയില്‍ തൂകിയെടുക്കുന്ന മുതബല്‍ ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട അറബിക് വിഭവങ്ങളിലൊന്നാണ്).

അന്നാ കല്ലുബെഞ്ചിലിരുന്ന് രുചിയോടെ കഴിച്ച ഭക്ഷണവും അതിനൊപ്പം നനുത്തൊരു പാട്ടുപോലെ ഒരുമിച്ചൊഴുകിയ മഴയും തണുപ്പും എന്റെ ഓര്‍മ്മകളുടെ നദിയിലെ ഉറച്ച പച്ചത്തുരുത്തുകളായിരുന്നു. ഇരുപത്തഞ്ചുവര്‍ഷത്തിനിപ്പുറം ആ മഴയെ ഇന്നോര്‍ത്തെടുക്കുമ്പോള്‍ ആ ഓര്‍മ്മയില്‍ ഗൃഹാതുരതയ്‌ക്കൊപ്പം മരണത്തിന്റെയും നഷ്ടപ്പെടലിന്റെയും കണ്ണീര്‍നനവുകൂടിയുണ്ട്.

പൊതുവേ മഴകള്‍ വ്യക്തിപരമായി സന്തോഷദായിനികളാണ്. അങ്ങനെയല്ലാതെയുള്ള ഒരു ഇരുണ്ട മഴ അനുഭവിച്ചത് ഒന്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പേ കാന്‍സര്‍ സെന്ററിലെ കീമോവാര്‍ഡില്‍ കിടക്കുമ്പോഴായിരുന്നു. അര്‍ബുദബാധിതയായശേഷം സര്‍ജറി കഴിഞ്ഞ് എനിക്ക് കീമോ തുടങ്ങിയത് ഒരു ഏപ്രിലിലാണ്. മേയ് കഴിഞ്ഞ് ജൂണ്‍ എത്തിയപ്പോഴേക്കും രോഗത്തിന്റെയും വിഷാദത്തിന്റെയും ഉഷ്ണത്തില്‍ ഞാന്‍ ഉണങ്ങിക്കരിഞ്ഞുപോയിരുന്നു. തലമുടി പോയി, ദേഹമാസകലം മുറിവുകളും പഴുപ്പുകളും ആയി, വിശപ്പില്ലാതെ, ഒരുവറ്റുകഴിക്കുമ്പോള്‍പോലും ഛര്‍ദിച്ച്, ക്ഷീണിച്ചവശയായി, ഡിപ്രഷന്റെ പടുകുഴിയിലായ ഒരു സ്ത്രീ. കണ്ണാടി നോക്കാന്‍പോലും ഭയപ്പെട്ട ചില ദിവസങ്ങള്‍. കീമോ മരുന്നുകള്‍ എന്നെ ഭീകരമാംവിധം ബാധിച്ചിരുന്നു. കൈവിരലില്‍ കുത്തിയ സൂചിയിലൂടെ ഇഴഞ്ഞിറങ്ങുന്ന മരുന്നുകളുടെ പൊള്ളല്‍ അറിഞ്ഞുകൊണ്ട്, ദിവസങ്ങളുടെ എണ്ണം നഷ്ടപ്പെട്ട്, ഞാന്‍ കീമോവാര്‍ഡില്‍ കിടന്ന ഒരു സമയം. മരുന്നിന്റെ ആക്രമണത്തില്‍ ശരീരം വിറച്ച് പകുതിമയക്കത്തിലേക്ക് വീണുകൊണ്ടിരിക്കേ, പുറത്ത് പെട്ടെന്ന് പെരുമഴ പെയ്യാന്‍ തുടങ്ങി. മഴ മുഴുവനായി കാണാനാവുന്നുണ്ടായില്ല. കീമോ വാര്‍ഡിന്റെ ചുരുക്കം ചില ചില്ലുജനലുകള്‍ അടച്ചിട്ടിരിക്കുകയാണ്. എങ്കിലും അത്രയും ശക്തമായ മഴയായതിനാലാവണം ശബ്ദം ഉള്ളിലേക്കും കേള്‍ക്കാം. മങ്ങിയ ചില്ലുകളില്‍ പുക മൂടിയതുപോലെ വന്ന് ചിതറിത്തെറിക്കുന്ന മഴ. ഞാന്‍ പകപ്പോടെ ആ തുള്ളികളെ നോക്കി കിടന്നു. മനസ്സ് എന്തിനോ വല്ലാതെ മൂടിക്കെട്ടി. അടുത്ത മഴക്കാലത്ത് ഞാന്‍ ഉണ്ടാകുമോ? എനിക്ക് എന്റെ ഒരുവയസ്സുകാരന്‍ കുഞ്ഞിനെ ഓര്‍മ്മവന്നു. കാന്‍സര്‍ വന്നതിനുശേഷം അവന്‍ എനിക്കൊപ്പമായിരുന്നില്ല. ഓരോ കാണാന്‍വരലുകള്‍ക്കുശേഷവും തിരിച്ചുപോകുമ്പോള്‍ അവന്റെ കണ്ണില്‍ സങ്കടവും അരക്ഷിതത്വവും നിറയും. അവന്‍ ചുണ്ടുപിതുക്കി എന്നെ നോക്കും. എന്റെ നെഞ്ചുപൊട്ടും. മരിച്ചുപോയേക്കുമോ എന്നോര്‍ത്ത് എന്റെ ഉള്ള് മഴയ്‌ക്കൊപ്പം ആര്‍ത്തുകരഞ്ഞു. ശബ്ദമില്ലാത്ത ആ കരച്ചില്‍ പതുക്കെ നിന്നു. മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു. 'ജീവിക്കണം': എന്റെ മനസ്സ് മന്ത്രിച്ചു. ജീവിക്കണം, എന്റെ വിറങ്ങലിച്ച ചുണ്ടുകള്‍ ആവര്‍ത്തിച്ചു. അടുത്ത മഴക്കാലത്തും അതിനപ്പുറത്തെ കുറച്ച് മഴക്കാലങ്ങള്‍കൂടിയും എനിക്ക് ജീവിക്കണം. കുഞ്ഞുങ്ങള്‍ക്കുവേണ്ടി. അതുവരെ രൗദ്രമായി ആര്‍ത്തലച്ച മഴയ്ക്ക് അപ്പോഴൊരു താരാട്ടിന്റെ പതിഞ്ഞ താളം കൈവന്നിരുന്നു. അതില്‍ തലചായ്ച്ച് കീമോമരുന്നുകളുടെ ധാര്‍ഷ്ട്യത്തിനൊപ്പം ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങി. അന്ന് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അനുജത്തി എനിക്കുവേണ്ടി ചുട്ട നേന്ത്രപ്പഴം ഉണ്ടാക്കിവെച്ചിരുന്നു. കീമോസമയത്ത് ഒരു ഭക്ഷണവും കഴിക്കാന്‍ പറ്റാതിരുന്ന എനിക്ക് അല്പമെങ്കിലും വായ്ക്ക് രുചി തോന്നിയിരുന്ന ഒരേയൊരു വിഭവം. ഇന്നും നേന്ത്രപ്പഴം ദോശക്കല്ലില്‍വെച്ച് ചുട്ട് കാരമലൈസ് ചെയ്ത പഞ്ചസാരചേര്‍ത്ത് അല്പം നെയ് തൂകി ചൂടോടെ കോരിത്തിന്നുമ്പോള്‍ ഞാന്‍ എന്റെ കീമോക്കാലം ഓര്‍ക്കും. അന്നത്തെയാ മഴയെയും.

placeholder
വര- അരുണാ നാരായണൻ ആലഞ്ചേരി

ഫഹീമിന്റെ അകാലമരണത്തിനുശേഷം ജീവിതം വിഷാദത്തിന്റെയും ദുര്‍ഘടങ്ങളുടെയും പെരുമഴക്കാലമായി മാറിയിരുന്നു. ആ മഴയില്‍ മുങ്ങി മരിച്ചുപോകുമെന്ന്, മരിച്ചാലോ എന്ന്, നൂറുതവണ കരുതിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, പിടിച്ചുനിന്നു. ബാക്കിയുള്ള മഴക്കാലങ്ങള്‍ കുഞ്ഞുങ്ങള്‍ക്കും പിന്നെ എനിക്കുംവേണ്ടി ജീവിക്കണം. സങ്കടങ്ങള്‍ക്കിടയിലും ചിരിക്കണം. തകര്‍ച്ചകളെ തകര്‍ന്നുകൊണ്ടും നേരിട്ടിട്ടേയുള്ളൂ ഇതുവരെ, അത് തുടരണം. ജീവിതത്തെ ഇനിയും സ്‌നേഹിക്കണം.

കഴിഞ്ഞ മഴക്കാലത്തിന്റെ തുടക്കത്തിലാണ് ഞാന്‍ പുനര്‍വിവാഹിതയായത്. അന്നത്തെ ദിവസം ഞങ്ങളുടെ താലികെട്ട് നടന്ന അമ്പലത്തില്‍ ചില കുഞ്ഞുമഴകള്‍ വന്നുപോയിരുന്നു. മരിച്ചുപോയവരുടെ അനുഗ്രഹങ്ങളാകാം എന്ന് മനസ്സുനിറഞ്ഞു. പിറ്റേന്ന് രാവിലെ ഭര്‍തൃഗൃഹത്തില്‍നിന്ന് തലശ്ശേരിയിലെ വീട്ടിലേക്ക് കാറില്‍ തിരിച്ചുപോരുമ്പോള്‍ പെരുമഴപെയ്യാന്‍ തുടങ്ങി. ചെറിയ മകന്‍ പുറകിലെ സീറ്റില്‍ കിടന്നുറക്കമായിരുന്നു. കാര്‍ സ്റ്റീരിയോയില്‍ ഡിഡിഎല്‍ജെ ഓര്‍മ്മകള്‍ പാടുന്നുണ്ടായിരുന്നു. കൊയിലാണ്ടിക്കും പയ്യോളിക്കും മധ്യേ ഹൈവേയുടെ പണി നടക്കുന്നതിനിടെ ബ്ലോക്കില്‍ കുഞ്ഞുസര്‍വീസ്‌റോഡിലൂടെ മഴയിലും ചെളിയിലും നിരങ്ങിനിരങ്ങിപ്പോകുമ്പോള്‍ ഈ മഴ ഒട്ടും കാല്പനികമല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. എങ്കിലും അത് ഏതോ ഒരു രീതിയില്‍ മനോഹരമായിരുന്നു. പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ മഴ. പക്ഷേ, അതിന്റെ കിലുക്കങ്ങളില്‍ സ്‌നേഹവും പ്രതീക്ഷയും ചിന്നിയിരുന്നു. ഞങ്ങളുടെ പുതിയ യാത്ര എന്നതുപോലെ.

സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് ഞാന്‍ ഭര്‍ത്താവ് ശ്യാമിനോട് പറഞ്ഞു: ''എനിക്ക് മഴ കണ്ടുകൊണ്ട് ചുട്ട ചോളം തിന്നാന്‍ തോന്നുന്നു- നാരങ്ങനീരും ഉപ്പും മുളകുപൊടിയും വിതറിയത്.'' ''അതിനെന്താ തിന്നാലോ,'' ശ്യാം പറഞ്ഞു, ''മഴക്കാലം നീണ്ടുനിവര്‍ന്നിങ്ങനെ കിടക്കുകയല്ലേ...''

ഞാന്‍ ചിരിച്ചു, മഴയും.