മാലാഖമാരും ജിന്നുകളും കാപ്പിരികളും നിറയുന്ന ചാത്തനാട്ടെ വിസ്മയലോകത്തിലാണ് ഞാന്‍ വളര്‍ന്നത്. എഴുത്തുകാരനെന്ന നിലയില്‍ ആ മണ്ണും മനുഷ്യരും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ ഇതിനോടകം എന്റെ കഥകളിലേക്ക് കയറിവന്നിട്ടുമുണ്ട്. കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയം തൊട്ടപ്പനെയാണ്. 

കോവിഡ് കാലത്തിനുമുന്നേ അദ്ദേഹം മരിച്ചു. ഉള്‍ക്കാട്ടില്‍ പോയി ഒരു കുടിലും കെട്ടി കുറച്ചുനാള്‍ കഴിയണമെന്ന് എപ്പോഴും പറയുമായിരുന്നു. മരണം വാതുക്കല്‍ നില്‍ക്കുന്നത് അറിഞ്ഞിട്ടാണോ എന്നറിയില്ല, അവസാനം കാണുമ്പോള്‍ കാനനയാത്രയെക്കുറിച്ചൊന്നും പറയാതെ എന്റെ കൈവിരലില്‍ പിടിച്ചമര്‍ത്തി കുറച്ചുനേരം നിന്നു. അന്നത്തെ മുഷിഞ്ഞ വേഷം പതിവില്ലാത്തതാണ്. കാറ്റത്ത് ഉലയുന്ന ഒരു കീറ ഉടുപ്പുപോലെ കൊവേന്ത പള്ളിയിലേക്ക് തൊട്ടപ്പന്‍ കയറി. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല.

വീടിനോടുചേര്‍ന്നായിരുന്നു തൊട്ടപ്പന്റെ കൊല്ലപ്പുര. അതില്‍ നിറയെ പണിയായുധങ്ങള്‍. കല്ലും മരവും ഇരുമ്പുംകൊണ്ടുള്ള എല്ലാത്തരം പണികളും ചെയ്തിരുന്നു. ഓരോന്നിനും ആവശ്യമുള്ള ഉപകരണങ്ങള്‍ തൊട്ടപ്പന്‍ തനിച്ചാണ് ഉണ്ടാക്കിയിരുന്നത്.

അക്കാലത്ത് ചാത്തനാട്ടെ പെണ്ണുങ്ങള്‍ പ്ലാസ്റ്റിക് കൊട്ടകള്‍ നെയ്തിരുന്നു. ദേവസിച്ചായന്‍ എന്നുവിളിക്കുന്ന അന്‍പതുവയസ്സുകാരനായ ഒരു ക്രോണിക് ബാച്ചിലറായിരുന്നു നടത്തിപ്പുകാരന്‍. എറണാകുളത്തുപോയി അങ്ങേര് കൊട്ടകള്‍ നെയ്യാനുള്ള പ്ലാസ്റ്റിക് വള്ളികള്‍ വാങ്ങിവരും. പലതരം കൊട്ടകള്‍ അന്നുണ്ടാക്കിയിരുന്നു. മത്തക്കൊട്ട, പൂക്കൊട്ട, സ്‌കൂള്‍കൊട്ട, മുള്ളുകൊട്ട എന്നൊക്കെയായിരുന്നു പേരുകള്‍. മാര്‍ക്കറ്റില്‍നിന്ന് അതെല്ലാം അപ്രത്യക്ഷമായെങ്കിലും എറണാകുളത്ത് വാര്‍ക്കപ്പണിക്ക് വരുന്ന തമിഴ് സ്ത്രീകളുടെ കൈയില്‍ ഞാനത് ഇപ്പോഴും കാണാറുണ്ട്.

മത്തക്കൊട്ടയെന്നുപറയുന്നത് ചുവടുചുരുങ്ങി പള്ള വീര്‍ത്ത് തലഭാഗം വീണ്ടും ചുരുങ്ങി മത്തങ്ങപോലൊരു കൊട്ടയാണ്. പ്ലാസ്റ്റിക് വള്ളികളില്‍ കറുത്ത സ്ട്രോ കോര്‍ത്താണ് അത് നെയ്തിരുന്നത്. സ്ട്രോയുടെ നീളം ശരിയല്ലെങ്കില്‍ കൊട്ടയ്ക്ക് വിചാരിച്ച ആകൃതി കിട്ടില്ല. പെണ്ണുങ്ങളുടെ പ്രയാസം കണ്ട് തൊട്ടപ്പന്‍ കൊല്ലപ്പുരയിലേക്ക് കയറി. ആലയിലെ തീയാട്ടാന്‍ ഞാനും. പിറ്റേന്ന് ഏതളവിലും കൃത്യമായി സ്ട്രോ മുറിക്കാവുന്ന ഒരു കട്ടിങ് യന്ത്രം റെഡി.

ആലയില്‍ പണിയെടുക്കുമ്പോഴെല്ലാം ചെറുപ്പത്തില്‍ ഉണ്ടാക്കിയ ഒരു സരസ്വതീവിഗ്രഹത്തെക്കുറിച്ച് പറയും. തനിയെ വീണ മീട്ടുകയും ചുണ്ട് ചലിപ്പിക്കുകയും ചെയ്യുന്നൊരു അദ്ഭുതരൂപം. പൈസയ്ക്ക് ബുദ്ധിമുട്ട് വന്നപ്പോഴാണ് തൊട്ടപ്പനത് മാര്‍വാടിക്ക് വിറ്റത്.

പൊക്കംകുറഞ്ഞൊരു ആളായിരുന്നു തൊട്ടപ്പന്‍. എവിടെയെങ്കിലും പോകുമ്പോള്‍ വെള്ളേം വെള്ളേം മാത്രമേ ഉടുക്കൂ. ചിറ്റപ്പനെപ്പോലെ കൊമ്പന്‍മീശയില്ല. ക്ലീന്‍ഷേവാണ്. ഭയങ്കര മസില്‍ബോഡി. നല്ലെണ്ണയാണ് തലയിലും ദേഹത്തും പുരട്ടുന്നത്. എത്ര ഉയരമുള്ള സ്ഥലത്തും വലിഞ്ഞുകേറും. പൊക്കമുള്ള ഇടങ്ങളില്‍ കയറാന്‍ പേടിയുള്ള എനിക്ക് തൊട്ടപ്പനൊരു അദ്ഭുതമായിരുന്നു. 

placeholder
മേയ്ദിനത്തില്‍ ആലപ്പുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന സൈക്കിള്‍ റേസില്‍ തൊട്ടപ്പന്‍ പങ്കെടുത്തിരുന്നു. മിക്കപ്പോഴും ഒന്നാംസമ്മാനം കിട്ടും. ഏപ്രില്‍ അവസാനത്തോടെ സൈക്കിളിന്റെ വീലുകള്‍ അഴിച്ച് ബോളും കോണുമൊക്കെ മാറും. തനിച്ചാണ് അതെല്ലാം ചെയ്യുക. പല്ലിമുട്ട വലുപ്പമുള്ള സ്റ്റീലിന്റെ കുഞ്ഞുബോളുകളില്‍ മിച്ചം വരുന്നത് എനിക്ക് കളിക്കാന്‍ തരും. 

ഞങ്ങളുടെ വീടിനടുത്തുള്ള കുളത്തില്‍ നിധിയുണ്ടെന്ന് തൊട്ടപ്പന്‍ എപ്പോഴും പറയും. കാപ്പിരികളാണ് അതിന് കാവല്‍. തനിച്ചത് എടുക്കാന്‍ പറ്റില്ല. ഒരിക്കല്‍ തൊട്ടപ്പനും സഹായിയും കൂടി കായംകുളത്തുനിന്ന് ഒരു മന്ത്രവാദിയെ വരുത്തി. തൊട്ടമ്മയും മക്കളും അറിയരുതെന്ന് ചട്ടം കെട്ടിയിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയതോടെ കാപ്പിരിക്കുള്ള കള്ളും കോഴിയുമായി അവര്‍ കുളക്കടവിലേക്ക് നീങ്ങി. കോഴിയുടെ തല അറുത്ത് പൂജതുടങ്ങി. നിരത്തിവെച്ചിരുന്ന കള്ളിന്റെ കുപ്പികളില്‍ എന്തൊക്കെയോ പടങ്ങള്‍ വരച്ചിരുന്നു. കാപ്പിരി വന്ന് കള്ളെടുത്താല്‍ നിധി കിട്ടുമെന്ന് പൂജ ചെയ്തയാള്‍ പറഞ്ഞു. പൂക്കളും മഞ്ഞളും നേദിച്ചതിനൊപ്പംവെച്ച കുപ്പികളിലായിരുന്നു തൊട്ടപ്പന്റെ നോട്ടം. രാത്രി മരച്ചോട്ടില്‍ ചാരിയിരുന്ന് അവര്‍ ഉറങ്ങിപ്പോയി. നേരം വെളുക്കാറായപ്പോള്‍ കള്ളുകുപ്പികള്‍ കാലി. 

''കാപ്പിരി വന്നിട്ടുണ്ടാവുമല്ലേ തൊട്ടപ്പാ?'' 
തൊട്ടപ്പന് ദേഷ്യമാകും എന്നറിഞ്ഞിട്ടും കഥയുടെ ഇടയ്ക്കുകേറി ഞാന്‍ സംശയം ചോദിച്ചു. 
''ഓ... അതാ പന്ന കുടിച്ചതാ...'' തൊട്ടപ്പന്‍ കൈസഹായിയെ ചീത്ത പറഞ്ഞു.

കാപ്പിരിക്കുളം കാലക്രമേണ നികന്നു. അതിന്റെ മീതേ ഒരു ഇരുനില വീടുയര്‍ന്നു. എന്നാലും സന്ധ്യക്ക് അതുവഴി പോകുമ്പോഴെല്ലാം അനുഭവപ്പെട്ടിരുന്ന കഥയിലെ കാപ്പിരിമുശുക്ക് ഇപ്പോഴും കൂടെയുണ്ട്.
തൊട്ടമ്മ മരിച്ചതോടെ തൊട്ടപ്പന്‍ ഒറ്റപ്പെട്ടു. മക്കള്‍ വിദേശത്തേക്ക് പോയി. മരപ്പലകയും ആസ്ബെസ്റ്റോസ് ഷീറ്റുമൊക്കെ വെച്ച് രണ്ടുസെന്റില്‍ തൊട്ടപ്പന്‍ തനിച്ചൊരു വീട് പണിതു. അകം കാണാന്‍ നല്ല ഭംഗിയായിരുന്നു. തീവണ്ടിപോലെ കിടക്കാന്‍ അപ്പര്‍ബര്‍ത്തും കുളിക്കാന്‍ ജലധാരയുമൊക്കെ ഉണ്ടായിരുന്നു. തനിച്ചുള്ള ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ കൂടി. പലകവീടിന്റെ മുന്നില്‍ തൊട്ടപ്പന്‍ കുത്തിയിരിക്കുന്നതുകാണുമ്പോള്‍ ഹെമിങ്വേയുടെ കഥാപാത്രമായ കടല്‍ത്തീരത്തെ കിഴവന്‍ സാന്തിയാഗോയെ ഞാനോര്‍ക്കും.

ജീവിതം തീരാറായി എന്ന് തോന്നിത്തുടങ്ങിയ  ഇടത്തുനിന്ന് ഒരുദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് വെള്ളേം വെള്ളേം ഉടുത്ത് തൊട്ടപ്പന്‍ എന്നെ കാണാന്‍ വന്നു. കാര്യം കേട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞാനൊന്ന് പരുങ്ങി.

തൊട്ടപ്പനൊരു കല്യാണം കഴിക്കാന്‍ പോകുന്നു. പത്തെഴുപതുവയസ്സായ അപ്പന്‍ വീണ്ടും കെട്ടുന്നതിനോട് മക്കള്‍ക്ക് എതിര്. കൂടെ നില്‍ക്കണമെന്ന് പറഞ്ഞു. എനിക്കന്ന് എറണാകുളത്താണ് ജോലി. മൂത്ത മകനുമായി സംസാരിച്ചിട്ട് ഒരു മറുപടി പറയാമെന്ന് പറഞ്ഞു. പിറ്റേ ആഴ്ച നാട്ടിലെത്തുമ്പോള്‍ തൊട്ടപ്പന്റെ കല്യാണം കഴിഞ്ഞിരുന്നു. ആ സ്ത്രീയേയും കൂട്ടി വീട്ടില്‍ വന്നു. ഞാന്‍ ചായയും പലഹാരവും കൊടുത്തു. രണ്ടാളുടേയും മുഖത്ത് പുതുമോടിയുടെ നാണം.

placeholder
കുറച്ചുകാലമേ അവരുമായി ജീവിച്ചുള്ളൂ. എന്തോ കാരണത്താല്‍ പിരിഞ്ഞു. തൊട്ടപ്പന്‍ വീണ്ടും ഒറ്റപ്പെട്ടു. വലംകൈയുടെ സ്വാധീനം കുറഞ്ഞതോടെ വിദേശത്തായിരുന്ന ഇളയ മകള്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. കുറച്ചുനാളത്തെ ചികിത്സകൊണ്ട് അതില്‍നിന്ന് കരകയറി. ഇതിനിടയില്‍ തൊട്ടപ്പന്റെ വീടും സ്ഥലവും മകള്‍ വിറ്റു. 

വീടുപോയ സങ്കടത്തില്‍ നാടുവിട്ട തൊട്ടപ്പനെക്കുറിച്ച് ഒരറിവുമില്ലായിരുന്നു.  ഒരു മുതലാളിയുടെ വീട്ടിലെ കാര്‍പോര്‍ച്ചിലാണ് തങ്ങുന്നതെന്ന് അറിഞ്ഞ് ഞാനവിടെ ചെന്നു. 'ആരും അന്വേഷിക്കാനില്ലെന്ന് പറഞ്ഞതുകൊണ്ടാണ് എനിക്ക് ഈ ഷെഡ് കിട്ടിയത്, നീയതും തുലയ്ക്കുവോ' എന്ന് എന്നെ വഴക്കുപറഞ്ഞു. 
കുറേക്കാലം തൊട്ടപ്പന്‍ അവിടെ കഴിഞ്ഞു. ഇടയ്ക്ക് വഴിയില്‍വെച്ച് കാണുമ്പോള്‍ ഞാന്‍ ചായ കുടിക്കെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് എന്തെങ്കിലും കൊടുക്കും. ചിലപ്പോള്‍ വാങ്ങും, ചിലപ്പോള്‍ 'നിന്റെ ഒരു ഓശാരവും എനിക്കുവേണ്ടെടാ' എന്നുപറഞ്ഞ് ദേഷ്യപ്പെടും. 

കുട്ടിക്കാലത്ത് ആലയില്‍ ഇരിക്കുമ്പോള്‍ ഞാനൊരു കുരുത്തംകെട്ട ചോദ്യം തൊട്ടപ്പനോട് ചോദിച്ചിരുന്നു:
''ആലയില്‍ എന്തും ഉണ്ടാക്കുമെന്നല്ലേ പറഞ്ഞത്. നമുക്കൊരു തോക്കുണ്ടാക്കിയാലോ?''യുദ്ധത്തിന്റെയും സമാധാനത്തിന്റെയും വഴി തുടങ്ങുന്നത് ഇരുമ്പുപഴുക്കുന്ന ഒരാലയില്‍നിന്നാണെന്ന് ആ മനുഷ്യന്‍ എന്നെ തിരുത്തി.

കാര്‍ഷെഡ്ഡില്‍ താമസം തുടങ്ങി ഒന്നുരണ്ട് മഴക്കാലം അതിജീവിക്കാനേ തൊട്ടപ്പന് കഴിഞ്ഞുള്ളൂ. അദ്ദേഹം മരിച്ച വിവരം മക്കള്‍ എന്നെ അറിയിച്ചില്ല. ഞാന്‍ എത്തുമ്പോഴേക്കും അടക്കം കഴിഞ്ഞിരുന്നു. മക്കള്‍ ഒരു പ്രത്യേക ക്രിസ്ത്യന്‍ വിഭാഗത്തില്‍ ചേര്‍ന്നതിനാല്‍ ഞങ്ങള്‍ പറങ്കികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന രാജകീയ ശവമടക്ക് തൊട്ടപ്പന് നിഷേധിക്കപ്പെട്ടു. കോട്ടും സൂട്ടും ബൂട്ടുമൊക്കെ ധരിച്ച്, അടക്കേണ്ട മൃതദേഹം കോറത്തുണിയില്‍ പൊതിഞ്ഞ് ചുടുകാടിനടുത്തുള്ള കാടുപിടിച്ച സെമിത്തേരിയില്‍ മൂടപ്പെട്ടു.

തൊട്ടപ്പന്‍ എന്ന കഥ എഴുതുമ്പോഴെല്ലാം ഈ മനുഷ്യനായിരുന്നു എന്റെ മനസ്സുനിറയെ. ഒരുപാട് കഴിവുകളുള്ള ഒരു അസാധാരണ ജന്മം. ജീവിതത്തിന്റെ ഒടുക്കംവരെ രതിയും കാമനകളുമായി ജീവിച്ച ഒരാള്‍. കാടിനുള്ളില്‍ കുടിലുംവെച്ച് തൊട്ടപ്പനോടൊപ്പം കുറച്ചുനാള്‍. അതൊരു സ്വപ്‌നമായി എന്നും എന്റെ കൂെയുണ്ടാവും.