
സ്‌നേഹത്തിന്റെ പ്രപഞ്ചത്തില്‍ നീ എന്ന വാക്ക് പ്രബലമായൊരു സാമ്രാജ്യമാണ്. അരിശത്തിലും ആകുലതയിലും പ്രണയത്തിലും വിരഹത്തിലും അടുപ്പത്തിലും അകല്‍ച്ചയിലും അതാത് വികാരത്തെ അപരനിലേക്ക് പകരാന്‍ അതില്‍പ്പരം കരുത്തുള്ളൊരു ഏകാക്ഷരം ഏതു ഭാഷയിലുണ്ട്.
കെട്ടുവള്ളിയുടെ പൂമരത്തണലില്‍ വെറും നിലത്ത് കാലുകളൂന്നി സ്വാസ്ഥ്യത്തിന്റെ അടയാളം പോലെ നീ. അരുമക്കുഞ്ഞിനെ, അത്രയും പ്രിയപ്പെട്ടാരാളെ, സാക്ഷാല്‍ ദൈവത്തെ... വിളിക്കാന്‍ അടുപ്പത്തിന്റെ നിഘണ്ടുവില്‍ വാക്കുകള്‍ ഏതുണ്ട് വേറെ. ഒരേ സ്വരം പലരാഗങ്ങളില്‍ പലതെന്ന പോലെ നീ ഓരോ വികാരത്തിലും ഓരോ ഈണമാണ്. അരിശം നാഡികളെ വിറങ്ങലിപ്പിക്കുമ്പോള്‍ സ്വരപേടകത്തില്‍ നിന്നത് പോള്ളലേല്‍പ്പിക്കുന്ന വൈദ്യുത കമ്പനമായി പുറത്തേക്കൊഴുകും. പ്രണയത്തിന്റെ പുല്‍മൈതാനങ്ങളില്‍ പുല്‍ക്കൊടിയെപ്പോലും തഴുകിയുറക്കുന്ന ശീതക്കാറ്റാണത്, ശൈശവചാപല്യങ്ങള്‍ക്കുനേരെ അമ്മത്തലോടലായി നീ രൂപം മാറും.
അങ്ങനെ നീയെത്രയെത്ര നീയാകുന്നു. വേലിയേറ്റക്കടല്‍ പോലെ വേലിയിറക്കക്കടല്‍ പോലെ പൗര്‍ണമിച്ചന്ദ്രനെപ്പോലെ അമാവാസിത്തിങ്കളെന്നപോലെ... അങ്ങനെയേതുണ്ട് വേറൊരക്ഷരം...

നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കുതെറ്റിയ
വഴികളെല്ലാം
എന്നെഴുതിയത് ടി.പി. രാജീവനാണ്.
നട്ടപ്പോള്‍
ഈ പനിനീര്‍ക്കൊമ്പില്‍
പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല
നീയാകട്ടെ
നടാതെ തന്നെ പൂത്തുലയുന്നു...
പ്രണയശതകത്തില്‍ അദ്ദേഹം തുടര്‍ന്നെഴുതി. നടാതെ പൂത്തുലയുന്ന നീ.
മഷിയില്‍ പിറക്കുമ്പോഴൊക്കെയും രണ്ടുമലനിരകളും ഒരു പൂമരവും ചേരുന്ന പൂര്‍ണമായൊരു കാഴ്ചയാണ് നീ... വെളുത്തപക്ഷത്തിലെ ചന്ദ്രനെക്കാള്‍ തെളിച്ചമുള്ളൊരു ദൃശ്യം.
കവികളുടെ തൂലികത്തുമ്പിലാണ് നീ വസന്തവാഹിനിയായി പിറന്നതേറെയും. ജീവിതോന്മാദങ്ങള്‍, ആനന്ദവേട്ടകള്‍, വികാരവേഴ്ചകള്‍, സുഖാന്വേഷണങ്ങള്‍... ഒക്കെയും കവികള്‍ ഒളിച്ചു കടത്തി നീയെന്ന ഏകസൂചകത്തിലൂടെ.

പലപല കമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം
ചങ്ങമ്പുഴക്കവിതയില്‍ നീ മനസ്വിനിയാണ്. മനസ്സുണര്‍ത്തിയ കിന്നരകന്യക.
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത്തന്നെ വിളിച്ചാലും
നീയെന്നും നീയാണ്, കോതമ്പു പാടത്ത്
നീര്‍ പെയ്തുപോകും മുകിലാണ്

കോതമ്പു മണികളില്‍ ഒ. എന്‍.വിയ്ക്ക് നീ മുകിലാണ്. ജീവിതത്തിന്റെ തിക്തതാപങ്ങളെ തണുപ്പിക്കുന്ന ഉര്‍വരതയുടെ കരിനീലമേഘം. പേരറിയാത്തൊരു പെണ്‍കിടാവാണാ മുകില്‍.
ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ മണ്‍
കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല
അറിയാതെ പോയി നീ എന്നതിന്റെ വേദന പങ്കുവെച്ചു സുഗത കുമാരി... നീലക്കടമ്പുകളുടെ ഛായയില്‍ തീര്‍ത്തും കാല്പനികമായൊരു നിസംഗത ചുണ്ടില്‍ പേറിയ കൃഷ്ണനാകുന്നു ഇവിടെ നീ.
അറിയുന്നു ഗോപികേ നിന്നെ ഞാന്‍ എന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായി മധുരമായ് അറിയുന്നു നിന്നെ ഞാന്‍...
ഗോപികാ ദണ്ഡകത്തില്‍ അതേ നീ മറുപടി എഴുതുന്നു അയ്യപ്പപ്പണിക്കരിലൂടെ. വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മയായ് നിന്നിലെ നീ രൂപം മാറുന്നു.

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം
സന്ദര്‍ശനത്തില്‍ ചുള്ളിക്കാടിന് നീ ജനനമരണങ്ങളുടെ തിരക്കുത്തിനപ്പുറത്തുന്നിന്നുള്ള കാരുണ്യധാരയാണ്. നിറമിഴിനീരില്‍ മുങ്ങും തുളസിപോല്‍ ശുദ്ധനാക്കുന്ന ആനന്ദധാരകൂടിയാണ്.

നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്റെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും
മിന്നല്‍, ഇടിമുഴക്കങ്ങള്‍, മഴ, വെയില്‍
നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും
സമര്‍പ്പണത്തില്‍ വിജയലക്ഷ്മി നിന്നെ പൊന്മഷിയില്‍ ചാലിച്ചതിങ്ങനെ.

ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാ
നമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവര്‍ഷങ്ങളും
ഒന്നും പറഞ്ഞില്ലിതേവരെ നീ- എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്...
ചന്ദ്രാസ്തമയങ്ങളില്‍ ഉന്മത്തമാകുന്ന നിന്റെ നിതാന്ത മൗനത്തേപ്പറ്റി ഇങ്ങനെ കുറിച്ചത് ചുള്ളിക്കാടാണ്. നിത്യ നിശബ്ദയായ നീയാണ് വരികളില്‍... ചോര ചാറി ചുവപ്പിച്ച പനിനീര്‍ പൂവുകള്‍ ചൂടാതെ, പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍ കാണാതെ പോയ നീ നിറയുന്നു അതേ കവിയുടെ ആനന്ദധാരയില്‍.
നീയെന്‍ പാട്ടിനു കാക്കുന്നൂ
കാണാത്തതില്‍ നോവുന്നൂ
നീയെഴുതാറില്ലീയിടെയെന്നു
വിഷാദം കൊള്ളുന്നു...

സുഗത കുമാരിക്കെന്ന പോലെ ആര്‍ക്കാണ് നീ സമാനമായൊരു ഹൃദയമല്ലാത്തത്. അതുകൊണ്ടല്ലേ പ്രണയത്തിന്റെ മലമുകളിലും കലഹത്തിന്റെ പാതാളഗര്‍ത്തത്തിലും ഒരല്പംപോലും അലോസരപ്പെടുത്താതെ നമുക്കൊരാളെ നീയെന്നു വിളിക്കാനാവുന്നത്. അയ്യപ്പപ്പണിക്കരെ ഒരിക്കല്‍ക്കൂടി പകര്‍ത്താം
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ...
വി. മധുസൂദനന്‍ നായരുടെ വരികളിലൂടെ നീ ഒരു കുഞ്ഞുപൂവിന്റെ, തളിര്‍കാറ്റിന്റെ ഗന്ധമായി. ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയായി... കവി പാടുകയാണ്

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
Content Highlights: malayalam poems depicting love
Published: 28 Sept 2023, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented