അച്ഛന്റെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്കും എത്തുമോ? തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയിയോട് ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ റിലീസിനൊരുങ്ങുന്ന ജേസൺ, അഭിനയസാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഒക്ടോബർ 2-ന് റിലീസിനൊരുങ്ങുന്ന 'സിഗ്മ'യാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
SS Music-ന് നൽകിയ അഭിമുഖത്തിലാണ് ജേസൺ തന്റെ അഭിനയപദ്ധതികളെക്കുറിച്ച് സംസാരിച്ചത്. “സിഗ്മ റിലീസ് ചെയ്യുന്നതുവരെ എന്റെ മുഴുവൻ ശ്രദ്ധയും അതിലായിരിക്കും. ഇതൊരു വലിയ അവസരമാണ്. അതിൽനിന്നും ശ്രദ്ധ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 'സിഗ്മ' റിലീസായ ശേഷം രസകരമായ എന്തെങ്കിലും അവസരം വന്നാൽ തീർച്ചയായും അഭിനയിക്കും,” ജേസൺ പറഞ്ഞു.
Also Read
അഭിനയരംഗത്തേക്ക് എത്തിയാൽ തുടക്കത്തിൽ റൊമാന്റിക് കോമഡി ചിത്രങ്ങളായിരിക്കും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. “അങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ എനിക്ക് ഞാൻ തന്നെയാകാൻ കഴിയും. സയൻസ് ഫിക്ഷൻ സിനിമകളും എനിക്ക് ഇഷ്ടമാണ്. പിന്നീട് ആ ജോണറും പരീക്ഷിക്കാൻ ആഗ്രഹമുണ്ട്,” ജേസൺ കൂട്ടിച്ചേർത്തു.
പ്രണയബന്ധത്തെക്കുറിച്ചും ജേസൺ തുറന്നുപറഞ്ഞു. ഭക്ഷണം ഇഷ്ടപ്പെടുന്ന, യാത്ര ചെയ്യാനും പുതിയ ഇടങ്ങൾ കണ്ടെത്താനും താൽപര്യമുള്ള, സാമ്പത്തികമായി സ്വതന്ത്രയായ ഒരാളെയാണ് തന്റെ പങ്കാളിയായി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചില കാര്യങ്ങളെ അദ്ദേഹം 'റെഡ് ഫ്‌ളാഗ്' എന്നും വിശേഷിപ്പിച്ചു. അത്യാഡംബരസ്വഭാവമുള്ള ഒരാളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകുമെന്നാണ് ജേസന്റെ അഭിപ്രായം. തമിഴ് സിനിമകളെയും സംഗീതത്തെയും ഇഷ്ടപ്പെടുന്നതും തനിക്ക് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“എന്റെ സംഭാഷണങ്ങളിൽ എപ്പോഴും സിനിമാ റഫറൻസുകൾ വരും. തമിഴ് സിനിമകളോ പാട്ടുകളോ കാണാത്ത ഒരാളാണെങ്കിൽ അത് റെഡ് ഫ്‌ളാഗാണ്. ഞാൻ പറയുന്ന റഫറൻസുകൾ അവർക്ക് മനസ്സിലാകുന്നില്ലെങ്കിൽ ആ വൈബ് ഉണ്ടാകില്ല,” ജേസൺ പറഞ്ഞു.
സിനിമയോടുള്ള തന്റെ പ്രണയത്തിന് പിന്നിലെ രസകരമായൊരു കഥയും ജേസൺ പങ്കുവെച്ചു. “പരസ്യ ഏജൻസികൾക്കായി ഫ്രീലാൻസ് ജോലി ചെയ്തുകൊണ്ടായിരുന്നു ആദ്യമായി പണം സമ്പാദിച്ചത്. അവസരങ്ങൾ കണ്ടെത്തിയത് ലിങ്ക്ഡ്ഇൻ വഴിയായിരുന്നു. എന്നാൽ ആദ്യത്തെ സ്ഥിരം ജോലി വിദേശത്തുള്ള ഒരു ചെറിയ തിയറ്ററിലായിരുന്നു. അവിടെ കാഷ്യറായി ജോലി ചെയ്യാനുള്ള കാരണം സിംപിളാണ്, സൗജന്യമായി സിനിമ കാണണം. ചിലപ്പോൾ തിയറ്ററിൽ ആരുമുണ്ടാകില്ല. അപ്പോൾ 'Closed' ബോർഡ് വച്ച് ഞാൻ ഒറ്റയ്ക്ക് സിനിമ കാണുമായിരുന്നു,” ജേസൺ ചിരിച്ചുകൊണ്ട് ഓർത്തെടുത്തു. സിനിമയ്ക്കു മുന്നിലും പിന്നിലും തന്റെതായ ഒരിടം കണ്ടെത്താനുള്ള യാത്രയിലാണ് ജേസൺ സഞ്ജയ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: jason-sanjay-sigma-movie-acting-debut-interview
Published: 23 Aug 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented