കാഴ്‌സെറാലിസ് ( carceralis ) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കാഴ്‌സർ (ജയിൽ, തടവറ ) എന്ന പദം രൂപംകൊണ്ടത്. മിഷേൽ ഫൂക്കോയുടെ കാഴ്‌സറൾ സ്റ്റഡീസ് (carceral) ഉപരിപ്ലവമായ ജയിൽ ജീവിതത്തിന്റെ ആഖ്യാനത്തിനുമപ്പുറം തടവ്, ജയിൽ അവിടത്തെ ശിക്ഷാരീതികൾ അത് മനുഷ്യജീവിതത്തെ, സമൂഹത്തെ, അധികാരത്തെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നത് മുഖ്യപ്രമേയമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം വിഷയങ്ങളിലേക്കുള്ള സൂക്ഷ്മമായ ഒരന്വേഷണമാണ് ഷിനിലാലിന്റെ 'ലോക്കപ്പ് 'എന്ന നോവൽ.

മുംബൈയിലെ ദി എംപയർ ബിസനസ് മാളിലെ അമിത് എന്ന ആർബിട്രേറ്ററുടെ ലക്ഷ്വറി ജീവിതം അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന നോവൽ തുടക്കത്തിൽ തന്നെ FC- 5 പൊട്ടറ്റോയും കർഷകരുമായുള്ള പേറ്റന്റ് പ്രശ്‌നത്തെ സംബന്ധിച്ച കേസിനെക്കുറിച്ച് സൂചനകൾ നൽകുന്നു. സുഖലോലുപതയിലും തിരക്കിലും ജീവിക്കുന്ന അമിതിന് ഭാര്യയായ ദയയോടൊപ്പം ചിലവഴിക്കാൻ പോലും സമയമില്ല. തികച്ചും ലാഭേച്ഛയോടു കൂടി മാത്രം ജീവിതത്തെ കാണാൻ ശ്രമിക്കുന്ന അയാളുടെ സമീപനത്തെ തിരുത്താൻ ദയ ശ്രമിക്കുന്നു. ഇന്റർനാഷണൽ 'ജീവിതത്തിനിടയിലാണ് ലോക്കപ്പിൽ കിടക്കണമെന്ന വിചിത്രമായ ആഗ്രഹം അയാളിൽ മുളപൊട്ടുന്നത്. തിരുവനന്തപുരത്ത് ഫോർട്ട് പോലീസ് സ്റ്റേഷനിൽ സി. ഐ ആയ സലിം സെന്റ് തെരേസാസ് കോളേജിലെ അമിതിന്റെ സഹപാഠിയും ഗായകനുമാണ്. അമിതിന്റെ ആഗ്രഹം സാധിക്കാൻ വേണ്ട സഹായങ്ങൾ സലിം നൽകുന്നു. കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന അമിതിനെ കാത്തിരുന്നത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളാണ് എന്നയാൾ അറിയുന്നില്ല. തന്റെ സ്വപ്നസാഫല്യത്തിനായി തിരുവനന്തപുരത്തെത്തുന്ന അമിത് ഹാർലി ഡേവിഡ്‌സൺ എന്ന ലക്ഷ്വറി ബൈക്കിലാണ് നഗരം ചുറ്റിക്കറങ്ങുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് കേരള സന്ദർശനം നടത്തുന്നതിനാൽ ശക്തമായ പോലീസ് പട്രോളിങ്ങിനിടയിൽ നിർത്താതെ വണ്ടിയോടിച്ച് പോയതിന് അമിതിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുന്നു. സമൂഹത്തിന്റെ പല തലങ്ങളിലുള്ള മനുഷ്യരെ അയാളവിടെ കാണുന്നു. സുരാജ് എന്ന ഉന്നതകുലജാതൻ, ഫ്രീക്കൻ, ഇങ്ങനെ പലരും. ഹണി ട്രാപ്പിൽ കുടുങ്ങിയ സുരാജ് ബ്രാഹ്‌മണൻ ആയതുകൊണ്ട് തന്നെ അയാളോടുള്ള പോലീസുകാരുടെ പെരുമാറ്റവും അയാളുടെ തന്ത്രപരമായ രക്ഷപ്പെടലും സമൂഹത്തിലെ ജാതീയമായ അസമത്വങ്ങൾ എത്ര മാത്രം രൂക്ഷമാണെന്ന് വെളിപ്പെടുത്തുന്നു. വള്ളക്കടവിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു എന്ന വാർത്തയനുസരിച്ച് സി.ഐ സലിം അവിടേക്ക് പോകുന്നതിനിടയിൽ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നു. ഒരു യുവതിയുടെ ഇൻഫർമേഷൻ പ്രകാരം മനുഷ്യാവകാശ കമ്മീഷൻ ജയിൽ സന്ദർശിക്കുകയും എൻ.ഡി.പി. എസ് ആക്റ്റ് പ്രകാരം അമിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നു. അമിത് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ പിറ്റേദിവസം രാവിലെ ലുലുമാളിന് സമീപം രണ്ടു സ്ത്രീകൾ കൊലചെയ്യപ്പെട്ടു എന്ന വാർത്ത വരുന്നതോടെ ആ സംഭവത്തിന്റെ അന്വേഷണവും അമിതിലേക്ക് നീങ്ങുകയാണ്. 

അമിതാത്മവിശ്വാസത്തോടെ ജയിലിലെത്തിയ അയാൾ വളരെ പെട്ടെന്ന് തന്നെ വീര്യം നഷ്ടപ്പെട്ട ഒരു യോദ്ധാവായി മാറുന്നു. ബാഹ്യലോകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതും കക്കൂസിനോട് ചേർന്നുള്ള ദുർഗന്ധം നിറഞ്ഞ മുറിയിലെ താമസവും ഇഷ്ടമില്ലാത്ത ഭക്ഷണവും അയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. ആകസ്മിക സംഭവങ്ങൾ മനുഷ്യന്റെ ജീവിതത്തിന്റെ നിസ്സഹായതയും നിസ്സാരതയും അയാളെ ബോധ്യപ്പെടുത്തുന്നു. എന്നാൽ ഇതിനിടയിൽ പുതുതായി സർക്കിൾ ഇൻസ്‌പെക്ടറായി ചാർജെടുത്ത രാജേഷ് ഈ കേസിന്റെ പുനരന്വേഷണത്തിന് ശ്രമിക്കുകയും കോൺസ്റ്റബിൾ സീനയ്ക്ക് അതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് നോവലിന്റെ ഗതി മാറ്റുന്നു. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമിത് വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എത്തുന്നു. അനുനിമിഷം മുറുകുന്ന കുരുക്കുകൾ അമിതിന്റെ വ്യക്തിത്വത്തെ തന്നെ ഉടച്ച് വാർക്കുന്നു. ഇരുപത്തിയേഴാം അധ്യായത്തിൽ പുഴുവിനെ ഒരു കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നു. പുഴു ഒരു വ്യക്തിയിലുള്ള ആഴത്തിലുള്ള മാറ്റത്തിന്റേയും പുതുജീവിതത്തിന്റെയും പ്രതീകമാണ്. ഈ പ്രതീകത്തിലൂടെ ജയിൽ ജീവിതം അതിലുണ്ടാക്കുന്ന സമൂല പരിവർത്തനത്തെ അവതരിപ്പിച്ചിരിക്കുന്നു.

മിഷേൽ ഫൂക്കോയുടെ 'ഹെറ്ററോടോപ്പിയ ' (Heterotopia )എന്ന ആശയം സാധാരണ ലോകത്തിന് പുറത്തുള്ള അതിൽ നിന്നും വ്യത്യസ്തമായ, എന്നാൽ അതിനോട് ബന്ധമുള്ള വിചിത്രമായതും , വൈരുധ്യങ്ങൾ നിറഞ്ഞതും അസ്വസ്ഥമായതുമായ മറ്റൊരു ഇടത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ജയിലുകൾ, വേശ്യാലയങ്ങൾ,തിയേറ്ററുകൾ തുടങ്ങിയ ഇടങ്ങൾ സമൂഹത്തിന് നിയമങ്ങൾക്കപ്പുറം വിഭ്രാന്തിയുടെ രൂപാന്തരവും നൽകുന്നവയാണ്. വലിയ ലോകത്തിനുള്ളിലെ ഈ ചെറുലോകങ്ങൾ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുന്നതിനും വിചിത്രമായ അനുഭവങ്ങൾ നൽകാനും സാമൂഹിക ക്രമത്തെ മറികടക്കാനും സഹായിക്കുന്ന ഇടങ്ങളാണ്. ഒരു വ്യക്തിയുടെ മാറ്റത്തിന് കാരണമാകുന്ന ഇത്തരം ഇടങ്ങൾ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യാവസ്ഥയെക്കുറിച്ചും ശിക്ഷാരീതികൾ മാറ്റേണ്ടതിനെക്കുറിച്ചുമുള്ള കൃത്യമായ അവബോധം സൃഷ്ടിക്കുന്നു. ഈ നോവലിലും 'ഹെറ്ററോടോപ്പിയ' എന്ന ആശയത്തിന്റെ സ്വാധീനം വ്യക്തമാണ്. ജയിലിലെ അദൃശ്യ നിയമങ്ങളും ഒറ്റപ്പെടലും മാനസികയുദ്ധവുമെല്ലാം അമിതിനെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു പുതിയ മനുഷ്യനാക്കി രൂപാന്തരപ്പെടുത്തുന്നു. അതുകൊണ്ടാണ് ജയിൽ മോചിതനായ ശേഷം അയാൾ തന്റെ അസിസ്റ്റന്റായ മീരയോട് കർഷകർക്കെതിരെ കൊടുത്ത കേസ് പിൻവലിക്കാൻ കമ്പനിയോട് ആവശ്യപ്പെടാൻ പറയുന്നത്.

ഉദ്യോഗജനകമായ നിരവധി സംഭവങ്ങളിലൂടെ മുന്നേറുന്ന ഈ നോവൽ ജീവിതത്തിലെ ആകസ്മികതയേയും ക്ഷണികതയേയും അവതരിപ്പിക്കുന്നു. ഐറണി, മാജിക്കൽ റിയലിസം, ഫ്‌ളാഷ്ബാക്ക് മെത്തേഡ് ഇത്തരം സങ്കേതങ്ങളുടെ സൂക്ഷ്മമായ ഉപയോഗം നോവലിന് വ്യത്യസ്തത നൽകിയിരിക്കുന്നു. ആഗോള മുതലാളിത്തം (Global Capitalism)സാധാരണക്കാരുടെ ജീവിതത്തെ എത്ര മാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്നത് തുറന്നു കാട്ടുന്നതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയമായ വേർതിരിവുകളെ, ഇരട്ടത്താപ്പുകളെ, ചൂഷണത്തെ ഒക്കെ ചിത്രീകരിക്കുന്ന 'ലോക്കപ്പി'ൽ ഒരു സോഷ്യൽ നോവലിന്റെ പ്രത്യേകതകളും ദൃശ്യമാണ്. 

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi