പുതുകാലത്തിന്റെ മാറിയ രീതികളെക്കുറിച്ച്, പുരുഷാധിപത്യ പ്രവണതകള്‍ പെണ്‍ ജീവിതത്തെയും കുടുംബസംവിധാനത്തെയും എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു, അത് കുട്ടികളുടെ ജീവിതത്തെ എത്രമാത്രം തകര്‍ത്ത് കളയുന്നു എന്നെല്ലാം കൃത്യമായ അവബോധം പുണ്യ സി.ആര്‍ എന്ന എഴുത്തുകാരിക്കുണ്ട്. ഊരും പേരുമില്ലാത്ത, ജീവിതത്തില്‍ പലയിടങ്ങളില്‍ മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെട്ട് അവഹേളനവും പീഡകളും ഏറ്റുവാങ്ങിയ കഥാപാത്രങ്ങളാണ് 'കൊളം കര കൊളം' എന്ന കഥാസമാഹാരത്തിലുള്ളത്.

To advertise here,

പെണ്‍ രീതികളില്‍ വന്ന കാലത്തിന്റെ മാറ്റം കൃത്യമായി ഈ കഥകള്‍ അടയാളപ്പെടുത്തുന്നു. കാലികപ്രസക്തമായ വിഷയങ്ങളിലൂടെ നമ്മുടെ വിചാരധാരകളെ, ഇതുവരെ കല്പിച്ചു വച്ചിരുന്ന രീതികളെ, സങ്കല്പങ്ങളെ ഒക്കെയും തകര്‍ത്തു കൊണ്ട് പുതിയ രീതികള്‍ ആവിഷ്‌ക്കരിക്കാനും കഥയെഴുത്തില്‍ പുതിയ ആകാശം സൃഷ്ടിക്കാനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. കഥകളുടെ പേരുകള്‍ തന്നെ വൈവിധ്യമാര്‍ന്നമാണ്. ഈ കാലഘട്ടത്തിലെ കൗമാരത്തിന്റെ ചിന്തകള്‍, പ്രതിരോധരീതികള്‍ അവയെല്ലാം വായനക്കാരന് നവ്യമായ ഒരനുഭവതലം പ്രദാനം ചെയ്യുന്നു. പഴഞ്ചന്‍ രീതികളെ കടപുഴക്കിക്കൊണ്ടാണ് ഇതിലെ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികരിക്കുന്നത്.

ആശ എന്ന പെണ്‍കുട്ടിയുടെ ബ്രേക്കപ്പ് പാര്‍ട്ടിയോട് കൂടി ആരംഭിക്കുന്ന 'ബ്രേക്കപ്പ് പാര്‍ട്ടി' എന്ന കഥ അവളുടെ ജീവിതത്തിലേക്കും മുന്‍ ബ്രേക്കപ്പുകളിലേക്കും അതിന്റെ കാരണങ്ങളിലേക്കും സഞ്ചരിക്കുന്നു. എട്ട് ബ്രേക്കപ്പുകള്‍ കഴിഞ്ഞ് ഒമ്പതാമത്തെ ബ്രേക്കപ്പിന്റെ ആഘോഷമാണ് നടന്നത്. മുന്‍ ബ്രേക്കപ്പുകളിലെ കാമുകന്‍മാരെയെല്ലാം തള്ളിക്കളയുന്ന സുഹൃത്തുക്കള്‍ ഈ ബ്രേക്കപ്പിന് അവളുടെ കാമുകനെ ന്യായീകരിക്കുന്നു. മാത്രമല്ല അവന്റെ പല ഗുണഗണങ്ങള്‍ വിവരിച്ച് ഇനിയും ഒരുമിച്ചുപോകാന്‍ അവളെ പ്രേരിപ്പിക്കുന്നുമുണ്ട്. അവളുടെ ചിന്തകളിലൂടെയും ഓര്‍മ്മകളിലൂടെയും വികസിക്കുന്ന കഥ ബ്രേക്കപ്പ് ആകാനുള്ള കാരണം വിവരിക്കുന്നു.

ഫ്‌ളാഷ്ബാക്ക് ടെക്‌നിക്കിലൂടെ ഇടയ്ക്കിടയ്ക്ക് പെണ്‍കുട്ടി തന്റെ പഴയ കാല ഓര്‍മ്മകള്‍ നിവര്‍ത്തുന്നു. ഇതോടൊപ്പം തന്നെ മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും, മെന്‍സസിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും സ്ത്രീകള്‍ ആര്‍ത്തവ സമയത്തനുഭവിക്കുന്ന വിഷമതകളെക്കുറിച്ചുമെല്ലാം വിവരിക്കുന്നുണ്ട്. കുളിക്കുന്നതിനിടയില്‍ ബ്രേക്കപ്പാകാനുളള സാഹചര്യത്തെക്കുറിച്ചവള്‍ ചിന്തിക്കുന്നു. അവളും കാമുകനും സ്‌നേഹത്തോടെ കാന്റീനിലിരുപുറമിരുന്ന് സംസാരിക്കുന്നതിനിടയിലാണ് കാമുകന്‍ 'അറ്റ്‌ലീസ്റ്റ് ഒരു മീങ്കറിയെങ്കിലും വയ്ക്കാനറിയുമോ നിനക്ക്?' എന്ന ചോദ്യമുന ശൂലം കണക്കെ ചോദിക്കുന്നത്. ആ ചോദ്യരീതി പെണ്‍കുട്ടിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല 'ഇടക്കാലത്തെങ്ങോ ഉണങ്ങാന്‍ തുനിഞ്ഞ അവളുടെ ഉള്‍മുറിവില്‍ നിന്ന് വെളുത്ത ദ്രാവകം ഹൃദയത്തിലേക്ക് പടര്‍ന്നു' എന്നാണ് എഴുതുന്നത്. 'നീ മീങ്കറി വയ്ക്കാന്‍ പഠിക്കണം' എന്ന അവന്റെ ആജ്ഞാരൂപത്തിലുള്ള നിര്‍ബന്ധിക്കലിന് മുന്നില്‍ ചില്ലു ഗ്ലാസ്സ് തട്ടിത്തെറിപ്പിച്ച് കാമുകന്റെ കരണം പൊകച്ച് അവള്‍ പുറത്തേക്ക് നടന്നു.

പിന്നീട് അവള്‍ സുഹൃത്തായ സ്റ്റെല്ലയോട് അതിന്റെ കാരണം വെളിപ്പെടുത്തുന്നു. അവന്റെ മുഖമപ്പോള്‍ അവളുടെ അച്ഛന്റേതു പോലെയിരുന്നു. തുടര്‍ന്നവള്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അച്ഛനില്‍ നിന്നും അമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അമ്മയുടെ മരണം അവളില്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചുമെല്ലാം വേദനയോടെ പറയുന്നു. കൈകള്‍ കഴുകി വാഷ്‌ബേസിനിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇറുകിപ്പുണരാനുള്ള ആവേശത്തോടെ അമ്മ കൈകള്‍ തന്റെ നേര്‍ക്ക് നീട്ടുന്നതായി ആശയ്ക്ക് തോന്നുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

മാറിയ കാലത്തിലെ പെണ്ണിനെ അടയാളപ്പെടുത്തുന്ന ഈ കഥയിലെ ആശ 'മദര്‍വൂണ്ട്' ( മാതൃ മുറിവ്) ന്റെ ഇരയാണ്. ബെഥനി വെബ്സ്റ്റര്‍ ഉപയോഗിച്ച 'മദര്‍ വൂണ്ട് ' എന്ന പ്രശ്‌നത്തിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടിയാണവള്‍. ഇത് അമ്മമാരില്‍ നിന്ന് കുട്ടികളിലേക്ക് പ്രധാനമായും പെണ്‍കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഉണങ്ങാത്ത വൈകാരിക ആഘാതമാണ്. അമ്മയില്‍ നിന്ന് ലഭിക്കാതെ പോകുന്ന സ്‌നേഹം, വാത്സല്യം, ഊഷ്മളത കുട്ടിയുടെ പില്‍ക്കാല ജീവിതത്തെ സാരമായി ബാധിക്കുന്നു.

ആശയുടെ കുട്ടിക്കാലത്ത് അച്ഛന്‍ അമ്മയോട് കാണിച്ചിട്ടുള്ള നിന്ദ്യമായ രീതികള്‍ അവളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സുഹൃത്തില്‍ ആ രീതിയിലുള്ള ആധിപത്യ രീതി കാണുമ്പോള്‍ അവള്‍ ശക്തമായി പ്രതികരിക്കുന്നത്. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന വൈകാരിക വേദന, ആഴത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അതിനെല്ലാം പ്രധാന കാരണം ആവശ്യത്തിന് സ്‌നേഹം, പിന്തുണ ഇതെല്ലാം അമ്മയില്‍ നിന്ന് കിട്ടാതിരിക്കുന്നതാണ്. പലപ്പോഴും അമ്മയുടെ അവഗണനയില്‍ നിന്നോ അവളാഗ്രഹിച്ച സമയത്ത് അമ്മയില്‍ നിന്നും സ്‌നേഹം ലഭിക്കാതെ വന്നപ്പോഴോ ഉണ്ടായ മാനസിക വിഷമതകളില്‍ നിന്നും രൂപം കൊണ്ടതാണത്. ഇത് തലമുറകളിലേക്ക് കൈമാറാറുണ്ട്. അത് കുട്ടിയുടെ ആത്മാഭിമാനത്തേയും മറ്റു വ്യക്തികളുമായുളള ബന്ധത്തേയും സാരമായി ബാധിക്കാറുമുണ്ട്. മദര്‍ വൂണ്ടിനെ സൂക്ഷ്മമായി ആശ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ എഴുത്തുകാരി വിജയിച്ചിരിക്കുന്നു.

'ലാലി 'എന്ന കഥ ലാലി എന്ന സ്ത്രീ പൂര്‍വ്വകാമുകന്റെ വീട്ടിലേയ്ക്ക് വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. തന്റെ മുഖം പോലും കാമുകന്‍ മറന്നുതുടങ്ങിയ സമയത്താണ് ലാലി നരേന്ദ്രനെന്ന പൂര്‍വ്വകാമുകനെ കാണുന്നത്. അന്നയാള്‍ ഒരു ഔപചാരികതയ്ക്കായി ' വീട്ടിലേക്ക് വരൂ 'എന്ന് പറഞ്ഞ വാക്കില്‍ പിടിച്ചാണ് നരേന്ദ്രനെ ഞെട്ടിക്കാനായി ലാലി അയാളുടെ വീട്ടിലേക്ക് വരുന്നത്. ബസിറങ്ങി ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടയില്‍ ലാലിയുടെ ഓര്‍മ്മകളിലൂടെയാണ് ഇവരുടെ പൂര്‍വ്വകാലം അനാവരണം ചെയ്യപ്പെടുന്നത്.

വെളുത്തു മെലിഞ്ഞ് തല നിറയെ മുടിയും കൈത്തണ്ട നിറയെ രോമവും നീണ്ട വിരലുകളുമുള്ള സുന്ദരനായ കാമുകനായിരുന്നു നരേന്ദ്രന്‍. ഇരുണ്ട് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകളുള്ള സുന്ദരിയായ കാമുകിയായിരുന്നു ലാലി. മുള്‍വേലിക്കപ്പുറത്തും ഇപ്പുറത്തുമായി താമസിച്ചിരുന്ന ഇവരുടെ പ്രണയം പൂത്തുലഞ്ഞ സമയത്ത് നരേന്ദ്രന്‍ ഉപരിപഠനത്തിനായി നഗരത്തിലേക്ക് പോവുകയും ദാരിദ്ര്യം കാരണം ലാലിയുടെ പഠനം നിലയ്ക്കുകയും ചെയ്തു. എന്നിരുന്നാലും എല്ലാ മാസവും അയാള്‍ ലാലിയെ കാണാനെത്തിയിരുന്നു. നരേന്ദ്രന് പട്ടണത്തില്‍ ജോലി കിട്ടി വീടും സ്ഥലവും വിറ്റ് പട്ടണത്തിലേക്ക് ചേക്കേറിയപ്പോള്‍ തിരികെ വന്ന് ലാലിയെ കൊണ്ടു പോവുമെന്ന് വാക്ക് കൊടുത്തിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. അവളുടെ അച്ഛനും മണ്ണടിഞ്ഞപ്പോള്‍ അവള്‍ ഒറ്റപ്പെട്ടു.

വീടിന് തൊട്ടടുത്ത പള്ളിക്കൂടത്തില്‍ ഉച്ച ഭക്ഷണമുണ്ടാക്കാന്‍ പോയും കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടും കുപ്പായങ്ങളില്‍ ചിത്രങ്ങള്‍ തുന്നിയും അവള്‍ ഭംഗിയായി ജീവിച്ചു. ഒരിക്കല്‍ ആ സ്‌കൂളിലേക്ക് ഡി.ഇ.ഒ ആയി നരേന്ദ്രന്‍ വന്നപ്പോള്‍ തന്റെ പഴയ കാമുകനെ കണ്ട സന്തോഷത്തില്‍ ലാലി ഓടിച്ചെന്നു. മടിച്ചുമടിച്ച് പരിചയം കാണിച്ച നരേന്ദ്രന്‍ അന്ന് ആള്‍ക്കാരുടെ മുന്നില്‍ തടി തപ്പാന്‍ വേണ്ടി ലാലിയെ ഒരു ദിവസം വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചു. അങ്ങനെയാണ് ലാലി യാത്ര പുറപ്പെടുന്നത്. ഞായറാഴ്ച പത്തു മണിയായപ്പോള്‍ അവര്‍ നരേന്ദ്രന്റെ വീട്ടിലെത്തി. എന്നാല്‍ ലാലിയെ കണ്ട നരേന്ദ്രന്‍ അസ്വസ്ഥനാകുന്നു . അയാളുടെ പകപ്പും ആന്തലുമൊക്കെ എഴുത്തുകാരി രസകരമായി വര്‍ണ്ണിക്കുന്നു. ലാലിയമ്മയെ കണ്ട അയാള്‍ അസ്വസ്ഥനാകുന്നുവെങ്കിലും ഭാര്യ സീമ സന്തോഷത്തോടെ അവരെ സ്വാഗതം ചെയ്യുന്നു.

ലാലിയമ്മയും സീമയും വളരെ പെട്ടെന്ന് കൂട്ടുകാരാവുകയും ലാലി തന്റെ സ്വതന്ത്രമായ ജീവിതത്തെക്കുറിച്ചും ഇഷ്ടങ്ങള്‍ക്കൊത്ത് സഞ്ചരിക്കാന്‍ കഴിയുന്നതിനെക്കുറിച്ചും വാചാലയായപ്പോള്‍ തന്റെ നിറമില്ലാത്ത ജീവിതത്തെക്കുറിച്ച് സീമ നിസ്സഹായതയോടെ ഓര്‍ക്കുന്നു. അവര്‍ രണ്ടു പേരും ഒരുമിച്ച് പാട്ടുപാടുകയും ഭക്ഷണമുണ്ടാക്കുകയും ഒരുമിച്ച് ഉറങ്ങുകയുമൊക്കെ ചെയ്യുന്നു. ഇതെല്ലാം കണ്ട് നരേന്ദ്രന്‍ ഒരു പാവയെപ്പോലായി. നരേന്ദ്രന്റെ വീട്ടില്‍ നിന്ന്‌പോകാന്‍ നേരത്ത് അയാളുടെ മകളോട് 'നന്നായി പഠിച്ചേക്കണം കേട്ടോ, കല്യാണമൊന്നും കഴിച്ചേക്കല്ല. കൊറേ ഊര് ചുറ്റണം 'എന്ന് ലാലി പറയുന്നു. എന്നിട്ട് തന്നെ യാത്രയാക്കാന്‍ ചെന്ന നരേന്ദ്രനെ നോക്കി 'അന്ന് നീയെന്നെയിട്ടേച്ചും പോയത് നന്നായി നരേന്ദ്രാ. നിനക്കേ പെണ്ണുങ്ങളെപ്പറ്റി ഒന്നുമറിയത്തില്ല. പ്രേമത്തെപ്പറ്റിയും. അയാളില്‍ ചുഴിയിലകപ്പെട്ട പോലെ ഒരു ഞരക്കമുണ്ടായി' എന്ന് പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്.

ലാലി എന്ന കഥാപാത്രം അതിസാധാരണമായ ഒരു കുടുംബത്തില്‍ നിന്ന് വന്നിട്ടുപോലും പുരുഷാധിപത്യത്തെ അതിശക്തമായി നിഷേധിക്കുകയും സ്വന്തം ജീവിതം സ്വയം തെരഞ്ഞെടുക്കുകയും ചെയ്യുന്നവളാണ്. സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന ഈ കഥ ജനാധിപത്യമര്യാദയില്ലാത്ത കുടുംബബന്ധങ്ങളെ ശക്തമായി തുറന്നുകാട്ടുകയും നിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം പരസ്പരം ബഹുമാനിക്കുന്നതില്‍ ഊന്നിയുള്ള ഒരു ചിന്താഗതിയിലേക്ക് വളരാന്‍ പുരുഷന് ഈ കാലഘട്ടത്തിലും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുന്നു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലെ ദുര്യോഗങ്ങള്‍, ഭയം, അസഹനീയമായ വേദനകള്‍, നഷ്ടങ്ങള്‍ ഇതെല്ലാം ഈ കഥകള്‍ വെളിപ്പെടുത്തുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഈ പുസ്തകം അവതരണ രീതിയില്‍, വിഷയ സ്വീകരണത്തില്‍, അനുപമമായ എഴുത്തു ശൈലിയില്‍ എല്ലാം നവീനത നിലനിര്‍ത്തുന്നു. ഇതിലെ സ്ത്രീകളും പെണ്‍കുട്ടികളും പുരുഷാധിപത്യത്തെ നിഷേധിക്കുന്നവരും പെണ്ണിന് സന്തോഷത്തോടെ ജീവിക്കാന്‍ പുരുഷന്‍ ഒരു അവിഭാജ്യഘടകമല്ലെന്ന കൃത്യമായ ബോധ്യം പുലര്‍ത്തുന്നവരുമാണ്. പെണ്‍മനസ്സിലെ പ്രഹേളികകള്‍ മനസ്സിലാക്കാന്‍ കെല്‍പ്പില്ലാതെ പോകുന്ന പുരുഷനെ കൃത്യമായി കലര്‍പ്പില്ലാതെ അടയാളപ്പെടുത്താന്‍ പുണ്യക്ക് കഴിയുന്നു എന്നുള്ളതു കൊണ്ടാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi