
ട്രൈബൽ ലിറ്ററേച്ചർ ഗോത്ര മനുഷ്യരുടെ ജീവിതം, സംസ്‌കാരം, വിശ്വാസങ്ങൾ, അനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട സാഹിത്യവിഭാഗമാണ്. വായ്മൊഴിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പാട്ടുകൾ, കഥകൾ, പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധം, സാമൂഹിക അനുഭവങ്ങൾ, പീഡനം, വ്യക്തിത്വം,ഭൂമി നഷ്ടപ്പെടൽ, ദാരിദ്ര്യം, കഷ്ടപ്പാട്, തൊഴിൽ, സംസ്‌കാരവും ആചാരവും, അവകാശങ്ങൾക്കായുള്ള പോരാട്ടം, ചൂഷണം ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത നിരവധി പ്രശ്നങ്ങളാണ് മുഖ്യ പ്രമേയമായി ഇത്തരം സാഹിത്യകൃതികൾ ആവിഷ്ക്കരിക്കാറുള്ളത്. ഈ വിഭാഗത്തിൽ വരുന്ന ശ്രീ. മനീഷ് മുഴക്കുന്നിൻ്റെ 'കീളുവാരങ്ങൾ' എന്ന നോവലിൽ വയനാട്ടിലെ ഗോത്രവിഭാഗമായ പണിയരുടെ അടിമത്തം, അവരുടെ കഠിനജീവിതം, അതിജീവന ശ്രമങ്ങൾ ഇതൊക്കെയാണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്.
മുത്തച്‌ഛനായ ചീരാളനോടൊപ്പം വള്ളിയൂരമ്മയുടെ ഉത്സവത്തിന് കരിയാത്തൻ എന്ന കുട്ടി പോകുന്നതാണ് നോവലിൻ്റെ ആരംഭം. അവൻ്റെ ചിന്തകളിലൂടെയാണ് നോവൽ വികസിക്കുന്നത്. കുട്ടിയാണെങ്കിലും അവന് പല സംശയങ്ങളുമുണ്ട്. അമ്പലത്തിൽ പൂജ നടത്തുന്നത് പൂണൂൽ ധാരികളാണ്. മാത്രമല്ല കാവിൻ്റെ ഉള്ളിലേക്ക് പോയി ദേവിയെ വണങ്ങാൻ അവർക്ക് കഴിയുന്നില്ല. താഴ്ന്ന ജാതിയിൽപ്പെട്ടവരാണന്ന ബോധം കുട്ടിക്കാലത്ത് തന്നെ അവനിൽ ഹൃദയവേദന ഉണർത്തുന്നു. ഫ്ലാഷ്ബാക്ക് സീനിലൂടെ വികസിക്കുന്ന കഥ ചീരാളൻ്റെ മകനായ വെള്ളൻ്റെ ജീവിതത്തിലേക്ക് സഞ്ചരിക്കുന്നു. അവന് വിവാഹപ്രായമായപ്പോൾ വള്ളിയൂരമ്മയുടെ കാവിൽ വച്ച് ഉത്സവത്തിന് കണ്ട മാല എന്ന പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുന്നു. വിവാഹാഘോഷങ്ങളിലൂടെ അവരുടെ ആചാരങ്ങളേയും പരമ്പരാഗത രീതികളെയും കുറിച്ചുള്ള സമഗ്രമായ വിവരണം നൽകുന്നതോടൊപ്പം സ്വതന്ത്രമായ ജീവിതം അനാവരണം ചെയ്യുന്നു. കാട്ടു ചോലയും തേനും അരുവികളും നിറഞ്ഞ മനോഹരമായ ഒരു ലോകം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. തുടർന്ന് മാല ഗർഭിണിയാകുന്നു. കരിയാത്തൻ എന്ന കുട്ടി ജനിച്ച ശേഷം ഇവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോവുന്നു.
വള്ളിയൂർക്കാവിലെ ഉത്സവത്തിനാണ് വല്ലിപ്പണിയുടെ കരാർ ഉറപ്പിക്കാറുള്ളത്. ജൻമിയുടെ അവതരണം തന്നെ ഭയമുണർത്തുന്ന രീതിയിലാണ്"കരുത്താർന്ന ശരീരമാണെങ്കിൽ ജൻമി കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. എന്ത് പ്രതിസന്ധി വന്നാലും പണിക്ക് എത്തിക്കോളാം എന്ന വാക്കിലാണ് കരാറ് ഉറപ്പിക്കുക. വാക്ക് തെറ്റിയാൽ ശിക്ഷയുടെ കാഠിന്യം ഭീകരമാവും. യാതനകൾ എത്ര സഹിക്കേണ്ടി വന്നാലും ഉത്സവത്തിന്റെ കൊടി ഉയരുന്നതിനു മുൻപ് ഊരിലുള്ളവർ ഏതെങ്കിലും ജൻമിയുടെ അടിമയാകാൻ തയ്യാറായി നിൽക്കും. ഉത്സവം കഴിഞ്ഞതിന്റെ അടുത്ത നാൾ മുതൽ ജന്മിയുടെ തോട്ടത്തിലെത്തി പണിയിൽ ഏർപ്പെടും. " വെള്ളനെ വല്ലിപ്പണിയിൽ ചേർക്കാതിരിക്കാനായി ചീരാളൻ വളരെയധികം ശ്രമിക്കുന്നു. എന്നാൽ കരിയാത്തത് വന്ന പനി അനിവാര്യമായ ആ വിധിയിലേക്ക് അവനെ എത്തിക്കുന്നു. പെണ്ണവസ്ഥ അതിദുരിതമാണ്. "ഋതുമതിയായാലും മാറിലൂടെ ഒരു തുണി ചുറ്റാൻ കാര്യസ്ഥൻമാർ സമ്മതിക്കില്ല . അവർ നോട്ടം കൊണ്ടും ചെയ്ത്തു കൊണ്ടും ശരീരത്തെ മുറിപ്പെടുത്തും". വെള്ളൻ വല്ലിപ്പണിക്ക് പോകുന്നു .അതിനിടയിൽ മാലയ്ക്ക് അസുഖം മൂർച്ഛിക്കുന്നതിനാൽ അവളെ കാണാനായി വല്ലിപ്പണിക്കിടയിൽ വരുന്നു. എന്നാൽ കാര്യസ്ഥൻ്റെ ആളുകൾ വന്ന് വെള്ളനെ വലിച്ചിഴച്ച് കൊണ്ട് പോവുകയും രോഗിയായ മാലയെ ബലാത്സംഗം ചെയ്തു കൊല്ലുകയും ചെയ്യുന്നു. അതോടൊപ്പം കാര്യസ്ഥൻ കൊല്ലപ്പെടുകയും വെള്ളനെ കാണാതാവുകയും ചെയ്യുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാട്ടുവള്ളികളിൽ തൂങ്ങി ഒരസ്ഥികൂടം കാണുന്നത് വെള്ളൻ്റേതാണെന്ന് സൂചനകളിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ചീരാളൻ്റെ ഓർമ്മകളിലൂടെയാണ് മായിയുടേയും മാണിയുടേയും കഥ അവതരിപ്പിക്കുന്നത്. വള്ളിയൂരമ്മയുടെ ഉത്സവം തുടങ്ങുന്നതിൻ്റെ ഒരാഴ്ച മുന്നേയായിരുന്നു കല്യാണo. ആരെയും കൂസാത്ത പ്രകൃതക്കാരനാണ് മാണി. ഉത്സവം കഴിഞ്ഞ് വല്ലിപ്പണി തുടങ്ങിയതിൻ്റെ പിറ്റേ ദിവസം രാത്രി മാണിയുടെ കുടിയിൽ ജൻമിയുടെ കാര്യസ്ഥനും സഹായികളും എത്തി. ജൻമിയുടെ സമ്മതം വാങ്ങാതെ വിവാഹം കഴിച്ചതിനാൽ മായിയേയും കൂട്ടി ചെല്ലാൻ പറഞ്ഞു. എന്നാൽ തൻ്റെ ഭാര്യയെ കൊണ്ടു വരില്ല എന്നയാൾ കട്ടായം പറഞ്ഞു. പേടിപ്പിക്കാനെത്തിയ ആൾക്കാരെ അയാൾ അരിവാൾ വലിച്ചെടുത്ത് ഭയപ്പെടുത്തി. എന്നാൽ ജോലിക്ക് പോയ മാണി തിരിച്ചു വന്നില്ല. കാട്ടുവള്ളികളിൽ തൂങ്ങി മാണി നിന്നിരുന്നു. അതുകണ്ട മായി കരഞ്ഞില്ല. ഒരു ശിലപോലെ നിന്നു. അവൾ വിജനമായ ഇടങ്ങളിലേക്ക് മാറി. കാടവൾക്ക് അഭയമായി. അധികാരമുള്ള മനുഷ്യർ മറ്റ് മനുഷ്യരെ എത്ര മാത്രം അടിച്ചമർത്തുന്നു എന്ന് ഈ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
മരത്തൻ എന്ന കഥാപാത്രം കാടിനോട് വളരെ സ്നേഹമുള്ളവനാണ്. തേനീച്ചകൾ ശേഖരിച്ച് വയ്ക്കുന്ന തേനെടുക്കുന്നത് പോലും നീതി രഹിതമാണെന്ന് ചിന്തിക്കുന്ന നൻമമനുഷ്യൻ. ചീരാളൻ്റെ അയൽക്കാരനായ ചാമനും വല്ലിപ്പണിയിൽ പെട്ടുപോയതാണ്.ഇതിനിടയിൽ ചാമന് കാൽപ്പാദത്തിന് മുകളിൽ വ്രണം വന്ന് മുഴുവൻ പഴുപ്പാവുന്നു. ചാമൻ്റെ മകൻ രോഗിയായതിനാൽ ആ അവസ്ഥയിലും അയാൾക്ക് ജോലിക്ക് പോകേണ്ടി വരുന്നുണ്ട്. ഇതോടൊപ്പം വള്ളിയൂരമ്മയുടെ ഉൽപ്പത്തിയുടെ കഥയും പറയുന്നുണ്ട്. വയനാടിൻ്റെ ഭൂരിഭാഗം കൃഷിഭൂമിയും കയ്യടക്കി വച്ചരിക്കുന്ന ജൻമിമാർ മൂപ്പൻ്റെ അടുത്ത് വന്ന് കൃഷിപ്പണിക്ക് ആൾക്കാരെ കൊണ്ട് പോകാറുണ്ടായിരുന്നു. തങ്ങളുടേതായ രീതിയിൽ ജീവിക്കാനും കൂട്ടമായി സഞ്ചരിക്കാനും കാടും മേടും കയറിയിറങ്ങാനും ഉത്സവങ്ങൾക്ക് പോകാനുമായിരുന്നു അവർക്കാഗ്രഹം.
വള്ളിയൂരമ്മയുടെ പ്രശസ്തി വർദ്ധിക്കുന്നതോടെ കരാർ ഏൽക്കുന്ന വഴി കിട്ടുന്ന കാഴ്ചവസ്തുക്കളിൽ മേലാളർക്ക് താൽപ്പര്യം വർദ്ധിക്കുന്നു. വള്ളിയൂരമ്മയുടെ ശക്തി അവരെ അസ്വസ്ഥതപ്പെടുത്തുന്നതോടൊപ്പം കാവിൻ്റെ അധികാരം കയ്യാളിയാൽ ഉണ്ടാകുന്ന നേട്ടങ്ങൾ മനസ്സിലാക്കിയ അവർ മൂപ്പനെ വരുതിയിലാക്കി. പണിയർ കർമ്മങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും ബ്രാഹ്മണർ ചെയ്താലേ ശരിയാവുകയുള്ളൂ എന്നും വിശ്വസിപ്പിക്കുകയും അല്ലെങ്കിൽ കുലം മുടിയുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. പ്രശ്നപരിഹാരം എന്ന പേരിൽ വള്ളിയൂരമ്മയ്ക്ക് പുതിയ സ്ഥാനം കണ്ടെത്തണമെന്ന് മേലാളൻമാർ നിശ്ചയിച്ചു. അതോടെ ഇവർക്ക് കാവിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
മൂപ്പൻ്റെ മകളായ രാധയുമായി കരിയാത്തൻ അടുപ്പത്തിലാണ് . തങ്ങളുടെ അവസ്ഥയെക്കുറിച്ചോർത്ത് കരിയാത്തന് കടുത്ത അമർഷവും ദുഃഖവുമുണ്ട്. കാടിൻ്റെ (സഷ്ടാവായ കാട്ടുമുത്തിയുടെ കഥയിൽ വെള്ളത്തിൽ നിന്ന് അനേകം ജീവിവർഗ്ഗങ്ങളെ സൃഷ്ടിച്ചതായും അവ പെറ്റു പെരുകി ഒടുവിൽ അധികാരം കയ്യാളിയവർ ഇരുമ്പിനാൽ കാട്ടുമുത്തിയുടെ നാവുമുറിക്കുകയും ചെയ്യുന്ന കഥ പറയുന്നുണ്ട്. വിദ്യാഭ്യാസം ലഭിച്ചതു കൊണ്ട് തന്നെ കരിയാത്തന് തങ്ങൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ചാമന് ജോലിക്ക് പോകാൻ വയ്യാത്ത അവസ്ഥയായി. ഇതിനിടയിൽ ചന്തൻ്റെ ഭാര്യ കൈമയും കാര്യസ്ഥൻ്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു . കരിയാത്തൻ കാര്യസ്ഥനെ കൊല്ലാനായി കെണിയൊരുക്കുന്നു . എന്നാൽ വേറെയാരോ അയാളെ കൊല്ലുന്നുവെങ്കിലും സംശയത്തിൻ്റെ നിഴൽ പതിക്കുന്നത് കരിയാത്തത് നേർക്കാണ്. കരിയാത്തൻ ജൻമികളുടെ ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആരും അതിന് തയ്യാറാകുന്നില്ല. ഉത്സവത്തിന് കരിയാത്തൻ ജൻമികളുടെ എതിർപ്പുകളെ വകവയ്ക്കാതെ വള്ളിയൂർക്കാവിലമ്മയുടെ അടുത്തെത്തി തൊഴുന്നു. കാര്യസ്ഥൻ അയാളെ പുറത്താക്കണമെന്ന് പറയുന്നെങ്കിലും മൂപ്പൻ തയ്യാറാകുന്നില്ല. ജൻമിമാരുടെ നിർദ്ദേശപ്രകാരം വിഷം കലർത്തിയ ചോറ് കൊടുത്ത് കരിയാത്തനെ കൊന്ന് പ്രതിരോധത്തിൻ്റെ വാതിലുകൾ അടയ്ക്കുന്നു.
'കീളുവാരങ്ങൾ' എന്ന പേര് തന്നെ അപരിഷ്‌കൃതരായി കണക്കാക്കുന്ന ഒരു വിഭാഗം മനുഷ്യർ അനുഭവിക്കുന്ന തിരസ്‌ക്കാരങ്ങളെ സൂചിപ്പിക്കുന്നു. വായനക്കാരനെ ആഴത്തിൽ ചിന്തിപ്പിക്കുന്ന വിധത്തിലാണ് ജീവിതാനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്. സാമൂഹിക വിമർശനം, റിയലിസ്റ്റിക്കായ അവതരണം, പ്രാദേശിക ഭാഷയും സംസ്‌കാരവും ഇതെല്ലാo ഈ നോവലിൻ്റെ പ്രത്യേകതകളാണ്. ആദിവാസി ജീവിതവും അനുഭവങ്ങളും ശക്തമായി പ്രതിഫലിപ്പിക്കുന്നു.ഗോത്ര വ്യാഖ്യാന ശാസ്‌ത്രം(Tribal Hermeneutics) അല്ലെങ്കിൽ ആദിവാസി വ്യാഖ്യാനരീതി ഗോത്ര സമൂഹത്തിൻ്റെ സ്വന്തം കാഴ്ചപ്പാടിൽ നിന്നുള്ള വായനയാണ്. പണിയർ നേരിട്ട അടിമത്തം, ചൂഷണ, സാമൂഹ്യമായ അരികുവൽക്കരണo എന്നിവയെ ഗോത്ര വർഗ്ഗത്തിൻ്റെ വീക്ഷണകോണിൽ നിന്ന് വിശകലനം ചെയ്യുന്ന ഈ നോവൽ പണിയരുടെ ജീവിതം, വിശ്വാസം, ചൂഷണo എന്നിവയെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നു. ഇത്തരം കൃതികളെ ഒരു ഗോത്രവർഗ്ഗ പശ്‌ചാത്തലത്തിൽ നിന്ന് വായിക്കുമ്പോൾ അത് ആ സമുദായത്തിൻ്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള പുതിയ വ്യാഖ്യാനങ്ങൾ നൽകുന്നു. ഗോത്ര വർഗ്ഗക്കാരുടെ ഭാഷ, പാട്ടുകൾ, ആചാരങ്ങൾ എന്നിവ സാഹിത്യത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അവരുടെ സ്വത്വത്തെയും പ്രതിരോധത്തെയും തിരിച്ചറിയാൻ സഹായിക്കുന്നു. ഇവ വെറും കഥകളായല്ല അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള വ്യാഖ്യാന ഉപാധിയായി കണക്കാക്കുന്നു. ഗോത്രവർഗ സമുദായത്തിലെ അംഗങ്ങൾക്കിടയിലുള്ള ശക്തമായ ഐക്യബോധത്തെയും സ്വത്വബോധത്തെയുമാണ് ഗോത്രബോധം (Tribal consciousness) എന്നു വിളിക്കുന്നത്. തങ്ങളുടെ തനതായ ഭാഷ, ആചാരങ്ങൾ, നാടോടിക്കഥകൾ എന്നിവയോടുള്ള ആഭിമുഖ്യം അന്യരുടെ ചൂഷണത്തിൽ നിന്നും കടന്നു കയറ്റങ്ങളിൽ നിന്നും തങ്ങളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഇതിൽ വരുന്നു. ട്രൈബൽ കോൺഷ്യസ്നെസ് ഉള്ള വ്യക്തിയാണ് കരിയാത്തൻ. സ്വന്തം ഭൂമിയിൽ നിന്നും കാവിൽ നിന്നും കുടുംബത്തിൽ നിന്നുപോലും വേർപെടുത്തി നിർത്തുന്ന സവർണ വിഭാഗത്തിൻ്റെ ക്രൂരതകൾക്കിടയിൽ " വേരില്ലാത്ത മരങ്ങളെപ്പോലെ" ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരാണ് നോവലിലുള്ളത്.
'Can the Subaltern Speak', ശരൺകുമാർ ലിംബാലെയുടെ 'അക്കർമാശി', ഫ്രാൻസ് ഫാനണിൻ്റെ 'Wretched of the Earth ' ഈ കൃതികളെല്ലാം പാർശ്വവത് കൃതരുടെ പ്രതിസന്ധികൾ അവതരിപ്പിക്കുന്നു. ഈ കൃതികളിൽ വരച്ച് കാട്ടപ്പെടുന്ന മനുഷ്യ ദുരിതങ്ങൾ
'കീളുവാരങ്ങൾ' എന്ന കൃതിയിലും ദൃശ്യമാണ്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് നിയമം തന്നെയാണ് എല്ലാക്കാലത്തും മനുഷ്യകുലങ്ങളെ അടക്കി നിർത്താനായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാകും. "വിളയിച്ച നെല്ലിൻ്റെ രുചിയറിയാതെ ,കണ്ടെടുക്കുന്ന കാട്ടുതേനിൻ്റെ ഗുണമറിയാതെ" ജീവിച്ചു മരിക്കുന്ന മനുഷ്യർ വായനക്കാരൻ്റെ മനസ്സിൽ വേദനയുണർത്തും. Edward Said ൻ്റെ 'Orientalism' ൽ പ്രതിപാദിക്കുന്ന സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിക്കപ്പെടുന്നവൻ്റെ ദുഃഖമാണ് (0thering ,മാറ്റി നിർത്തൽ) ആർദ്രമായി അഭിസംബോധന ചെയ്യുന്നത്.
അടിസ്ഥാന ആവശ്യങ്ങൾ പോലും കണക്കിലെടുക്കാതെ കൊന്ന് തള്ളുന്ന അധികാരി വർഗ്ഗത്തിലൂടെയും പ്രതികരിക്കാനാകാതെ വികാരങ്ങളെല്ലാം ഉള്ളിലമർത്തി നിൽക്കേണ്ടി വരുന്ന ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തിലൂടെയും വള്ളിയൂർക്കാവിൽ നിലനിന്നിരുന്ന വല്ലിപ്പണിയുടെയും ,അടിമക്കച്ചവടത്തിൻ്റെയും അതിഭീകരത തുറന്നു കാട്ടുന്നു. . പ്രകൃതിയും മനുഷ്യനുമായി ഒന്നാകുന്ന നിരവധി സന്ദർഭങ്ങൾ ഈ നോവലിലുള്ളത് കൊണ്ട് തന്നെ ഹരിത വായന ( Ecocritical Reading) ക്കുള്ള ധാരാളം സാധ്യതകളും ഈ പുസ്തകം നൽകുന്നു . ബി.ആർ അംബേദ്ക്കറുടെ 'Annihilation of Caste ' എന്ന ലേഖനം രചിക്കപ്പെട്ടിട്ട് ഏകദേശം നൂറോളം വർഷമായിട്ടും ജാതി ഉൻമൂലനം സാധ്യമായിട്ടില്ലായെന്നും പുതുരൂപങ്ങളിൽ അത് നിലവിൽ ഉണ്ടെന്നും പല സമകാലിക സംഭവങ്ങളും ജാതി അധിക്ഷേപങ്ങളും ഓർമ്മിപ്പിക്കുന്നു. അൻ്റോണിയോ ഗ്രാംഷിയുടെ 'സബാൾട്ടേൺ 'എന്ന പദം സമൂഹത്തിലെ മുഖ്യധാരയിൽ നിന്ന് വംശത്താലോ ജാതിയാലോ മതത്താലോ ഒക്കെ മാറ്റിനിർത്തപ്പെട്ട ഒരു വ്യക്തിയേയോ ഗ്രൂപ്പിനേയോ സൂചിപ്പിക്കുന്നു. സ്വയം കരുത്തറിയാതെ ജീവിച്ച് മരിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ ജാതി ഉൻമൂലനം പൂർണ്ണമായും സാധ്യമാകാത്ത സമകാലിക ലോകത്ത് ഏറെ ചിന്തകൾക്ക് വഴിമരുന്നിടുന്നു.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explores the systemic slavery and exploitation of the Paniya tribe in Wayanad., Analyzes the intersection of tribal identity, land rights, and cultural displacement., Utilizes Tribal Hermeneutics to critique social hierarchies and caste-based oppression., Highlights the concept of 'Tribal Consciousness' through the protagonist Kariyathan., Connects historical tribal struggles with contemporary social realities of 2026.
Published: 23 Apr 2026, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented