ഉടലിൻ്റേയും ഉയിരിൻ്റേയും ഭാഷ ഉപയോഗിക്കുവാനുള്ള മികവാണ് കാവ്യ അയ്യപ്പൻ എന്ന എഴുത്തുകാരിയുടെ സവിശേഷത. 'ഒറവകുത്തി' എന്ന ആദ്യ കഥാ സമാഹാരത്തിലൂടെ വൈവിധ്യമാർന്ന അനുഭവങ്ങളുടെ ഒരു സഞ്ചയം തന്നെ വായനക്കാരന് മുന്നിൽ കാവ്യ തുറന്നു വയ്ക്കുന്നു. സമൂഹത്തിൽ രൂഢമൂലമായി നില നിൽക്കുന്ന ചില വിശ്വാസങ്ങളെ, ചിന്താരീതിയെ, കപടതകളെ വെളിപ്പെടുത്താൻ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി ഈ കഥകൾ ശ്രമിക്കുന്നുണ്ട്. ഓരോ കഥയ്ക്കും നൽകിയിരിക്കുന്ന പേര് തന്നെ ഏറെ അർത്ഥവ്യാപ്തിയുള്ളതാണ്.

' പാതിരാതല്ല് ' എന്ന കഥ പരമ്പരാഗതമായ അച്ചിൽ വാർത്തെടുക്കപ്പെട്ട ഒരു കഥയല്ല. ചിലപ്പതികാരത്തിലെ കണ്ണകിയെ അനുസ്മരിപ്പിക്കുന്ന വിധം അതിശക്തമായ ഒരു കഥാപാത്രമാണ് കണ്ണമ്മ. 'കണ്ണമ്മ 'എന്ന കഥാപാത്രത്തിൻ്റെ അവതരണത്തിൽ തന്നെ പുതുമയുണ്ട്. "വെട്ടുകത്തി വീശി കൈത്തണ്ടയിൽ കയർ കോർത്തിട്ട് അരയിൽ ഒരു കച്ച കെട്ടി നടക്കാറുള്ള കണ്ണമ്മയെ എല്ലാവർക്കും ഭയമാണ്. " ഉപജീവനത്തിനായി തെങ്ങുകയറ്റം തൊഴിലാക്കിയ കണ്ണമ്മയെ അയൽക്കാരനായ കുഞ്ഞച്ചൻ്റെ സ്വാധീനവും കുശാഗ്രബുദ്ധിയും സത്യാനന്തരകാലത്ത് അപമാനിതയാക്കുന്നു. കണ്ണമ്മയുടെ ചിന്തയിലൂടെ ബോഡിഷെയ്മിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് സൂചന നൽകുന്നു. പോലീസ് സ്റ്റേഷൻ്റെ വരാന്തയിൽ കഴുത്തിൽ ബെൽറ്റിട്ട് വട്ടാണെന്ന് എഴുതിയുണ്ടാക്കിച്ച കള്ള സർട്ടിഫിക്കറ്റുമായി നിൽക്കുന്ന കുഞ്ഞച്ചനെ വിവരിച്ചു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. കർക്കിടകവാവ് ദിവസം കണ്ണമ്മ തുണി കഴുകുന്നതിനിടയിൽ കുഞ്ഞപ്പൻ കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം കൊടുക്കുന്നതിനിടയിൽ 'നിക്കറിനിടയിലുള്ള സംഗതി' പുറത്തു കാണിക്കുകയും ഒച്ചയുണ്ടാക്കിയപ്പോൾ കണ്ണമ്മയുടെ അനിയൻ കുഞ്ഞച്ചൻ്റെ നടുവത്ത് തൊഴിക്കുകയും ചെയ്യുന്നു. കുഞ്ഞച്ചൻ കാണിച്ചത് ആരും കണ്ടില്ലെങ്കിലും അനിയൻ തൊഴിച്ചത് നാട്ടുകാർ അറിയുകയും വാദി പ്രതിയാകുമെന്ന അവസ്ഥ വരുകയും ചെയ്തപ്പോഴാണ് കേസില്ലാ എന്നു പറഞ്ഞ് അവൾക്ക് ഒത്തുതീർപ്പിന് തയ്യാറാകേണ്ടി വരുന്നത്. പോലീസ് സ്റ്റേഷനിൽ പീഡിതയാക്കപ്പെടുന്ന സ്ത്രീ കടന്നുപോകേണ്ടി വരുന്ന വൃത്തികെട്ട ചോദ്യശരങ്ങളുടെ ഒരു നേർക്കാഴ്ച കഥാകാരി അവതരിപ്പിക്കുന്നുണ്ട്.

തെങ്ങിൽ നിന്ന് വീണ് അപ്പൻ നടുവൊടിഞ്ഞ് കിടപ്പിലായപ്പോൾ പതിനാറാം വയസ്സിലാണ് കണ്ണമ്മ തെങ്ങു കയറിയത്. കണ്ണമ്മയുടെ അടുത്ത സുഹൃത്താണ് ലീല. ലീലയാണ് മരംകയറുന്ന പെണ്ണിനെക്കുറിച്ച് ആൾക്കാർ പറയുന്ന അപവാദങ്ങൾ എന്തൊക്കെയാണെന്ന് അവളോട് പറയുന്നത്. ഒരാശ്വാസത്തിനായി വൈകുന്നേരങ്ങളിൽ തോട്ടിൻ കരയിൽ പോയിരിക്കുന്നതിനിടയിലാണ് കുറേനാൾ ഭ്രാന്താശുപത്രിയിൽ കിടന്നിരുന്ന കുഞ്ഞാലിയെ അവൾ പരിചയപ്പെടുന്നത്. അച്ഛനമ്മമാർ ആത്മഹത്യ ചെയ്യുകയും സ്വന്തക്കാരും കൂട്ടുകാരും കൈയൊഴിയുകയും ചെയ്തപ്പോൾ കുഞ്ഞാലി ഒറ്റപ്പെട്ടു. അടുത്ത വീട്ടിലെ മക്കളില്ലാത്ത അച്ഛനമ്മമാർ അവന് തണലായി. തോട്ടിൻ കരയിൽ കുഞ്ഞാലിയും കണ്ണമ്മയും വെള്ളം ചിതറിച്ചു കളിക്കുന്നതിനിടയിലണ് കുഞ്ഞപ്പൻ ഒരു സംഘം ആളുകളുമായി വന്ന് അപവാദം പറയുകയും കുഞ്ഞാലിയെ പൊതിരെ തല്ലുകയും കണ്ണമ്മയെ അടിക്കുകയുമൊക്കെ ചെയ്യുന്നത്.

ഇതിന് ശേഷം നാണക്കേടും വേദനയും കാരണം കുഞ്ഞാലിയും കണ്ണമ്മയും കുറച്ചു ദിവസം പുറത്തിറങ്ങുന്നില്ല. കുഞ്ഞച്ചന് ഇരുട്ടടി കിട്ടിയെന്ന വാർത്ത ലീല പറഞ്ഞാണ് അവൾ അറിയുന്നത്. എന്നാൽ പിന്നിടാണ് കണ്ണമ്മയാണ് അതു ചെയ്തതെന്ന് മനസ്സിലാക്കുന്നത്. മൂന്നു ദിവസം കാത്തിരുന്നാണ് അയാളെയവൾ ചവിട്ടിയരച്ചത്. ഇനിയൊരിക്കലും തൻ്റെ ജീവിതത്തിലേക്ക് കടന്നുകയറാൻ ധൈര്യപ്പെടാത്ത വിധം അവൾ കുഞ്ഞച്ചനെ തകർത്തിരുന്നു. ഈ സംഭവത്തിന് ശേഷം അവൾക്ക് കുഞ്ഞാലിയോട് സ്നേഹം തോന്നുന്നു. കണ്ണമ്മയും കുഞ്ഞാലിയും ഒരുമിച്ച് ധൈര്യത്തോടെ നീന്തുന്നിടത്താണ് കഥ അവസാനിക്കുന്നത്. നിയമത്തിൻ്റെ വഴിയിൽ തനിക്ക് നേടാൻ കഴിയാത്തത് തൻ്റേടവും ആത്മധൈര്യവും കൊണ്ട് നേടിയെടുക്കുന്ന കണ്ണമ്മ എന്ന കഥാപാത്രത്തിന് നീതി നിഷേധിക്കപ്പെടുന്ന വർത്തമാനകാലത്തിൽ ഏറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ട്.

ഒരു പൊളിറ്റിക്കൽ സറ്റയറിൻ്റേതായ എല്ലാ പ്രത്യേകതകളുമുള്ള കഥയാണ് 'ഭാരതി ക്ലബ് എഴുപത്തിയഞ്ചാം വാർഷികം ' . ആൽത്തറവളവിലെ ഭാരതി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ഗംഭീരമാക്കി നടത്തണമെന്നും അതിനായി സെലിബ്രിറ്റികളെ ക്ഷണിക്കണമെന്നുമുളള തീരുമാനത്തോടെയാരംഭിക്കുന്ന കഥ എഴുപത്തിയഞ്ചു വർഷം മുമ്പുള്ള ക്ലബ്ബിൻ്റെ ചരിത്രത്തിലേക്ക് സഞ്ചരിക്കുന്നു. കവലയിൽ കടല കൊറിച്ചും കളം വരച്ചുമൊക്കെയിരുന്ന കണ്ണപ്പൻ ചെട്ടിയാരും കല്ലാട്ട് ചാത്തുകുട്ടിയും പാറയിൽ നീലകണ്ഠനുമൊക്കെത്തോന്നിയ ഒരു ചിന്തയുടെ പുറത്താണ് ഈ ക്ലബ് വന്നത്. നാടകവും സിനിമയുമൊക്കെ അരങ്ങുവാണ് തുടങ്ങിയ സമയത്ത് ചെറുപ്പക്കാർ ചേർന്ന് ഓലപ്പുരയ്ക്ക് ചാർത്തിക്കൊടുത്ത പേരാണ് 'ജയഭാരതി ക്ലബ്ബ് ' .ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി വ്യത്യസ്തമായ ഒരു മത്സരം, 75 കസേര വട്ടത്തിലിട്ട് ഒരു കസേരകളി നടത്താനായി തീരുമാനിക്കുന്നു. ഇതോടെ മൂന്നു വർഷമായി പ്രസിഡൻ്റായിരുന്ന പ്രകാശ് കുമാറിന് തൻ്റെ കസേര നഷ്ടപ്പെടുമോ എന്ന ഭീതി പിടിപെടുന്നു. ക്ലബ്ബിൻ്റെ മുഖഛായ മാറ്റിയത് പ്രകാശ് പ്രസിഡൻ്റായതോടെയാണ്. മത്സരിക്കാൻ യോഗ്യതയും താൽപ്പര്യമുള്ളവരുടെ ലിസ്റ്റിൽ മുൻ പ്രസിഡൻ്റായിരുന്ന ഗോവിന്ദൻ്റെ മകൻ അമലിൻ്റെ പേര് വരുമ്പോൾ അയാൾ അസ്വസ്ഥനാകുകയും അവൻ്റെ പേര് നീക്കം ചെയ്യാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എല്ലായ്‍പ്പോഴും പ്രകാശ് തന്നെ എതിർക്കുന്നതിൻ്റെ കാരണം അമലിന് മനസ്സിലാകുന്നില്ല. ചിന്തകൾ അമലിനെ അവൻ്റെ അച്ഛൻ്റെ മരണ ദിവസത്തിലേക്ക് എത്തിക്കുന്നു പാതിരാത്രിയായിട്ടും അച്ഛൻ എത്താത്തത് അന്വേഷിച്ച് ചെന്ന അമൽ കാണുന്നത് മരിച്ചു കിടക്കുന്ന അച്ഛനെയാണ്.

കബ്ബിൽ സൂക്ഷിച്ച പണം മോഷ്ടിക്കാൻ വന്ന കള്ളൻ, ക്ലബ്ബിൽ തനിച്ചായിരുന്ന സെക്രട്ടറി ഗോവിന്ദനെ തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തി രക്ഷപ്പെട്ടു എന്ന കഥയാണ് നാട്ടിൽ പ്രചരിച്ചത്. എന്നാൽ അച്ഛൻ്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച ചരടുപൊട്ടിയ കൃഷ്ണൻ്റെ പടമുള്ള ലോക്കറ്റ് അച്ഛൻ്റെ മരണത്തെ കുറിച്ചും പ്രകാശിന് തന്നോടുള്ള ഇഷ്ടക്കേടിൻ്റെ കാരണങ്ങളെക്കുറിച്ചുമുള്ള അവൻ്റെ സംശയങ്ങൾക്ക് വ്യക്തത നൽകുന്നു. അവൻ്റെ അച്ഛൻ അവസാനമായി എഴുതിയ നാടകത്തിലും കളിസ്ഥലത്തിന് വേണ്ടി രണ്ട് കുട്ടികൾ മത്സരിക്കുന്നതും അത് ഗുരുതരമായ വിഷയമായി പരിണമിക്കുന്നതുമാണ് പ്രമേയം. കസേരകളി മത്സരം അവസാനത്തോടടുക്കുന്ന ഒരു റൗണ്ടിൽ പ്രകാശും അമലും ഉണ്ടായിരുന്നു. പുറത്തായ ഒരു മത്സരാർത്ഥിയുടെ കസേര മാറിയിടുന്നതിനിടയിൽ ചെരുപ്പിൻ്റെ പൂട്ട് കെട്ടാൻ കുനിഞ്ഞിരുന്ന പ്രകാശ് ഒരു പേനാകത്തിയെടുത്ത് അമലിൻ്റെ കാല്പാദത്തിൽ വരഞ്ഞ് മുറിവേൽപ്പിക്കുന്നു. എന്നാൽ അമൽ മുറിവിനെ വകവയ്ക്കാതെ ഓടുന്നു. ആൾക്കാരുടെ ആക്രോശം തൻ്റെ നേരേയാണെന്ന് മനസ്സിലാകുമ്പോൾ പതറിപ്പോകുന്ന പ്രകാശിൻ്റെ മുണ്ടിൽ പിന്നാലെ വന്നവർ ചവിട്ടി അഴിഞ്ഞ് പോകുന്നു . അമൽ കസേര പിടിച്ചെടുക്കുന്നു.

രാജ്യം നഷ്ടപ്പെട്ട രാജാവിൻ്റെ നിസ്സഹായതയോടെ അയാൾ വെറി പിടിച്ച് നിൽക്കുന്നു. ഫ്രെയിം നരേറ്റീവിലൂടെ വികസിക്കുന്ന ഈ കഥ വിജയ് ടെൻഡുൽക്കറുടെ 'സൈലൻസ് ദ് കോർട്ട് ഈസ് ഇൻ സെഷൻ 'എന്ന നാടകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അപ്രതീക്ഷിതമായ വിധത്തിലാണ് അവസാനിക്കുന്നത്. ഇതിലെ കസേരകളി ഒരു പ്രതീകമാണ്. പ്രശസ്തിയോടും അധികാരത്തോടുമുള്ള അമിതാസക്തിയെ തമാശയുടെയും അതിശയോക്തിയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിക്കുന്നുണ്ട്. കഥാഘടനയിൽ നടത്തുന്ന പരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ഓരോ ഉപശീർഷകങ്ങളും 'ആ 'എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകളിലായി വിന്യസിച്ചിരിക്കുന്നു. ആരംഭം, ആശങ്ക, ആനന്ദം എന്നിങ്ങനെ. ദാർശനികപരമായി അധികാരത്തോടുള്ള അമിതമായ ആസക്തി വെളിപ്പെടുത്തുന്ന ഈ കഥ അധികാരത്തർക്കങ്ങളിലൂടെ വലതിലേക്കും ഇടതിലേക്കും മാറി ഏതു വിധേനയും അധികാരം കൈക്കലാക്കാൻ ശ്രമിക്കുന്ന വർത്തമാനകാല രാഷ്ട്രീയ ചിത്രങ്ങളുടെ ഒരു പുനരവതരണം തന്നെയാണ്.

സ്വത്വബോധവും പ്രതിഷേധവും ഈ പുസ്തകത്തിലെ കഥകളിൽ ഉടനീളം കാണാവുന്നതാണ്. ആത്മരോഷത്തിൻ്റേതായ ഭാഷ, യാഥാസ്ഥിതിക രീതികളുടെ നിരാസം, തീക്ഷ്ണമായ അനുഭവങ്ങൾ, വിവേചനം, ചൂഷണം, സ്റ്റീരിയോ ടൈപ്പ് രീതികളോടുള്ള എതിർപ്പ് ജീവിതത്തിലെ വേദനകൾ, ഭയാനകമായ അവസ്ഥ, ഇതെല്ലാം ഈ കഥകളുടെ പ്രത്യേകതകളാണ്. സാധാരണ മനുഷ്യൻ്റെ പച്ചയായ ജീവിതം കലർപ്പില്ലാതെ തനതായ ശൈലിയിൽ വരച്ചു കാട്ടുകയാണ് കഥാകാരി ചെയ്യുന്നത്. ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും അതിന് വിധേയരാകാതെ പൊരുതി മുന്നേറാൻ ശ്രമിക്കുന്നവരാണ് ഇതിലെ സ്ത്രീകൾ. ആടയാഭരണങ്ങൾ അണിയിക്കാത്ത ജീവിതവും ഭാഷയുമാണ് കഥാകാരി ഉപയോഗിക്കുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ, നിസ്സഹായതയെ, ദൗർബല്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയും ഒരു സാമൂഹ്യജീവി എന്ന നിലയിൽ സ്വയം വിമർശനത്തിന് വായനക്കാരനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാമൂഹിക വിലക്കുകൾക്ക് വലിയ പ്രാധാന്യം നൽകുന്നവരല്ല കാവ്യയുടെ സ്ത്രീകൾ. കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം തങ്ങളുടെ അവസ്ഥയിൽ നിന്ന് ബഹുദൂരം മുന്നേറാൻ ശ്രമിക്കുന്നവരാണ് . അതുകൊണ്ട് തന്നെയാണ് ഈ പുസ്തകം കാലിക പ്രസക്തമാകുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi