
'അനുഭവങ്ങളേ നന്ദി' റിലീസ്ചെയ്ത ദിവസം എന്റെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്ക് സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഒത്തിരി ഫോണ്‍വിളികളാണ് വന്നുകൊണ്ടിരുന്നത്. എല്ലാം 'അനുഭവങ്ങളേ നന്ദി'യ്ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ളവയായിരുന്നു. ഒരാളുപോലും കഥയെക്കുറിച്ചോ കലാമൂല്യത്തെക്കുറിച്ചോ കച്ചവടസാധ്യതയെക്കുറിച്ചോ ഒറ്റവരിപോലും ഉരിയാടിയിരുന്നില്ല. പണ്ടുകാലംമുതലേ എല്ലാവരും എടുത്തുപയോഗിച്ചതുകൊണ്ടാവണം വിജയാശംസകള്‍ എന്ന ക്ലീഷേയുടെ തനിയാവര്‍ത്തനംതന്നെയായിരുന്നു. എന്റെ ആദ്യത്തെ സിനിമയ്ക്ക് ലഭിക്കുന്ന അനുമോദനം കേട്ടപ്പോള്‍, എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെത്തന്നെ ഒരാത്മസുഖം എനിക്കും ഉണ്ടായിയെന്നുള്ളത് സത്യമാണ്. ആ സമയത്താണ് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കോള്‍ വന്നത്. പ്രശസ്ത സംവിധായകനായ പി.ജി. വിശ്വംഭരന്റെ ശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.
''എടാ ഡെന്നീസേ, നിന്റെ 'അനുഭവങ്ങളേ നന്ദി'ക്ക് അഭിനന്ദനങ്ങള്‍. പടം നന്നായിട്ടുപോകുന്നതില്‍ സന്തോഷം. നിന്റെ ആദ്യകഥതന്നെ ഹിറ്റടിച്ചതില്‍ എറണാകുളം സെന്റ്ഫ്രാന്‍സിസ് ചര്‍ച്ചില്‍പോയി ഏഴുദിവസം മാതാവിന്റെ നൊവേനകൂടി നന്നായിട്ട് ഒന്ന് പ്രാര്‍ഥിക്കെടാ.'' എന്നുപറഞ്ഞ് പി.ജി. ഉച്ചത്തില്‍ ചിരിച്ചു, കൂടെ ഞാനും. വിശ്വംഭരന്‍ വീണ്ടും തുടര്‍ന്നു: ''സോമനും ജയനും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍പറ്റിയ നല്ല കഥ വല്ലതും നിന്റെ കയ്യിലുണ്ടോ?''
സോമനും ജയനും എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മയില്‍ ഓടിയെത്തിയത് ചിത്രകൗമുദി വാരികയില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്ന 'യമുനേ നീ ഒഴുകൂ'എന്ന നീണ്ടകഥയാണ്. അതിലെ തുല്യ പ്രാധാന്യമുള്ള നായക കഥാപാത്രങ്ങള്‍ സോമന്റെയും ജയന്റെയും ഇമേജിന് പറ്റിയതാണ്. ഞാന്‍ അപ്പോള്‍ത്തന്നെ കഥയുടെ രൂപരേഖ പറയാന്‍ തുടങ്ങിയപ്പോള്‍ വിശ്വംഭരന്‍ പറഞ്ഞു: ''കഥ ഫോണിലൂടെ പറയാന്‍ നില്‍ക്കണ്ട, വൈകീട്ട് നിന്റെ ഓഫീസിന്റെ അടുത്തുള്ള ശീമാട്ടിയില്‍ ഞാന്‍ വരുന്നുണ്ട്. പര്‍ച്ചേസ് കഴിഞ്ഞ് നിന്റെ ചിത്രപൗര്‍ണമി ഓഫീസിലേക്ക് വരാം.''
വിശ്വംഭരന്‍ ഫോണ്‍വെച്ചു കഴിഞ്ഞപ്പോള്‍ 'അനുഭവങ്ങളേ നന്ദി'യുടെ വിജയം കണ്ടിട്ടായിരിക്കും പുതിയ കഥാകാരനെത്തേടിയുള്ള ഈ വിളിവന്നതെന്ന് എനിക്ക് തോന്നി. എന്നാല്‍ മറ്റുള്ളവര്‍ കരുതുന്നതുപോലെ അത്ര വലിയൊരു വിജയചിത്രമായി എന്റെ ആദ്യചിത്രത്തെ അംഗീകരിക്കാന്‍ എനിക്കാവില്ല. 'അനുഭവങ്ങളേ നന്ദി'യുടെ റിലീസിന് ഏകദേശം ഒന്നരമാസം മുന്‍പായിരുന്നു. ശശിയുടെതന്നെ കാടിന്റെ കഥപറയുന്ന 'ഈറ്റ' റിലീസായത്. മധു, കമല്‍ഹാസന്‍, ഷീല, സീമ തുടങ്ങിയ വന്‍താരനിരയുള്ള ചിത്രമാണ് 'ഈറ്റ.' കമല്‍ഹാസനും ഷീലയും സീമയും തമ്മിലുള്ള സെക്സിന്റെ മേമ്പൊടിയുള്ള ഹൃദ്യമായ രംഗങ്ങള്‍കൊണ്ട് സമ്പന്നമായ 'ഈറ്റ' കാണാന്‍ ജനം ഇരച്ചുകയറി. പടം വന്‍ ഹിറ്റായി മാറിയതുകൊണ്ടാവണം 'അനുഭവങ്ങളേ നന്ദി'ക്ക് ഞാന്‍ വിചാരിച്ചതുപോലെയുള്ള വിജയമുണ്ടാകാതെ പോയതെന്നാണ് എന്റെ നിഗമനം.
പറഞ്ഞതുപോലെത്തന്നെ വൈകീട്ട് ഏഴുമണിയോടെ കക്ഷി ഞങ്ങളുടെ ചിത്രപൗര്‍ണമി ഓഫീസില്‍ വന്നു. അപ്പോള്‍ അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വന്നപാടെയുള്ള കുശലങ്ങള്‍ക്കുശേഷം വിശ്വംഭരന്‍ ചില നുറുങ്ങുജോക്കുകള്‍ തട്ടിവിട്ടുകൊണ്ട് കഥകേള്‍ക്കാനിരുന്നു. ഞാന്‍ വളരെ വിശദമായിട്ടുതന്നെ കഥ പറഞ്ഞുകേള്‍പ്പിച്ചു. വിശ്വംഭരന് കഥ ഇഷ്ടപ്പെട്ടു. ഒരു നിമിഷം ഒന്ന് ആലോചിച്ചശേഷം വിശ്വംഭരന്‍ പറഞ്ഞു: ''തിരക്കഥയും സംഭാഷണവും നമുക്ക് ആലപ്പി ഷെരീഫിനെക്കൊണ്ട് എഴുതിക്കാം. ഷെരീഫ് മൂന്നാലുദിവസം കഴിഞ്ഞ് എറണാകുളത്തുവരുന്നുണ്ട്. നമ്മള്‍ക്ക് രണ്ടാള്‍ക്കുംകൂടി പോയി അയാളോട് കഥപറയാം.''
'അവളുടെ രാവുകളു'ടെ തിരക്കഥാകാരനെന്ന നിലയില്‍ ഷെരീഫ് വളരെ തിളങ്ങിനില്‍ക്കുന്ന സമയമാണ്. കൈനിറയെ പടങ്ങളുണ്ട്. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനുമുള്ള നല്ലൊരു അവസരം വന്നുചേര്‍ന്നിരിക്കുകയാണ്. വിശ്വംഭരന്‍ അല്പസമയം കൂടിയിരുന്ന് മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയാണ് വേണ്ടതെന്ന് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോള്‍ സാന്ദര്‍ഭികമായി തന്റെ ആദ്യചിത്രമായ 'ഒഴുക്കിനെതിരെ' ഉണ്ടാവാന്‍ കാരണക്കാരനായ നിത്യഹരിതനായകന്‍ പ്രേംനസീറിലേക്ക് വന്നു.
''എടാ നിനക്കറിയ്വോ, നസീര്‍ സാറിന്റെ സന്മനസ്സുകൊണ്ടാണ് ഞാനിന്നൊരു സംവിധായകനായി നിന്റെ മുന്‍പില്‍ നില്‍ക്കുന്നത്. അന്നത്തെ ഏറ്റവുംതിരക്കുള്ള നായകനായ, ഒരുദിവസംപോലും ഒഴിവില്ലാതെ ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരുന്ന അദ്ദേഹം എന്നെ സഹായിക്കാന്‍വേണ്ടിമാത്രം 25ദിവസം തുടര്‍ച്ചയായി എന്നും രാവിലെയും ഏഴുമുതല്‍ ഒന്‍പതുമണിവരെ സമയംതന്നാണ് 'ഒഴുക്കിനെതിരെ' പൂര്‍ത്തിയാക്കിയത്. ലോകത്ത് ഒരു നായകനും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഞാന്‍ എന്നും പൂജിക്കുന്ന ദൈവങ്ങളുടെ കൂട്ടത്തില്‍ മനുഷ്യദൈവമായി ആരാധിക്കുന്നത് നസീര്‍ സാറിനെയാണ്.''
വിശ്വംഭരന്‍ വല്ലാതെ സെന്റിയായി. അദ്ദേഹം യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ തെല്ലുനേരം നസീര്‍സാറിന്റെ മഹത്ത്വത്തെക്കുറിച്ചോര്‍ത്തിരുന്നു. ഇപ്പോള്‍ ഞാന്‍ പി.ജി. വിശ്വംഭരനെക്കുറിച്ചുള്ള ഈ കുറിപ്പെഴുതാനിരുന്നപ്പോള്‍ പണ്ട് നസീര്‍ സാറിനെക്കുറിച്ച് പി.ജി. പറഞ്ഞ വാചകത്തിന്റെ അനുബന്ധമായി എന്റെ മനസ്സില്‍വന്ന ഒരു വാചകമുണ്ട്. നമ്മുടെ യുവനടന്മാര്‍ എന്നും രാവിലെ ഷൂട്ടിങ്ങിനു വേണ്ടി വീട്ടില്‍നിന്നിറങ്ങുമ്പോള്‍ സിനിമയിലെ മാതൃകാബിംബമായിരുന്ന നസീര്‍ സാറിനെ ഒരു നിമിഷം ഓര്‍ക്കുന്നത് നന്നായിരിക്കും.
പി.ജി. പറഞ്ഞതുപോലെ മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഷെരീഫ് എറണാകുളത്ത് വന്നു. ഒരുദിവസത്തെ ചര്‍ച്ചയ്ക്കുവേണ്ടിയാണ് വന്നത്. മദ്രാസില്‍ മുരളി മൂവീസ് രാമചന്ദ്രന്റെ സിനിമയുടെ തിരക്കഥാചര്‍ച്ച നടക്കുന്നതിനിടയിലാണ് അദ്ദേഹം വന്നിരിക്കുന്നത്. ഞാന്‍ ഷെരീഫിനെ ആദ്യമായാണ് കാണുന്നത്. വളരെ ശാന്തനായ, സാധാരണ മനുഷ്യന്‍. ശാന്തമായ സംസാരം. വിശ്വംഭരനാണെങ്കില്‍ ഷെരീഫിന്റെ നേരേ ഓപ്പോസിറ്റാണ്. പ്രത്യക്ഷത്തില്‍ ഒരു ഗൗരവക്കാരനായിട്ട് തോന്നുമെങ്കിലും കറക്ട് സമയത്ത് പി.ജി. പുറത്തേക്കുവിടുന്ന ചില നമ്പരുകള്‍ കേട്ടാല്‍, ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുമോ എന്ന് നമുക്ക് തോന്നിപ്പോകും.
'എന്റെ യമുനേ നീ ഒഴുകൂ' എന്ന നോവലിന്റെ പേര് സിനിമയ്ക്കുവേണ്ടി 'ഇവിടെ കാറ്റിനു സുഗന്ധം' എന്നാക്കിയത് വിശ്വംഭരനാണ്. അക്കാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനമാണ് 'ഇവിടെ കാറ്റിനു സുഗന്ധം' എന്ന പാട്ട്.
''ഇവിടെ കാറ്റിനു സുഗന്ധം
ഇതിലേ പോയതു വസന്തം...''
എല്ലാവരുടെയും ചുണ്ടില്‍ തത്തിക്കളിക്കുന്ന ആ പാട്ട് സിനിമയുടെ പേരാക്കിയാല്‍ ജനങ്ങളുടെ മനസ്സില്‍ മായാതെനില്‍ക്കുമെന്ന് വിശ്വംഭരന്‍ വിശ്വസിച്ചു. ഈ ചിത്രത്തില്‍ ജയഭാരതിയായിരുന്നു നായിക. വിശ്വംഭരന്റെ ആദ്യത്തെ രണ്ടുചിത്രങ്ങളിലും ജയഭാരതിയായിരുന്നു നായിക. അധികം വൈകാതെ എല്ലാവരുടെയും കോള്‍ഷീറ്റ് കിട്ടിയതുകൊണ്ട് ഷൂട്ടിങ്ങും റിലീസുമെല്ലാം രണ്ടുമാസത്തിനുള്ളില്‍ത്തന്നെ നടന്നു.
പടം തിരുവനന്തപുരം അജന്ത തിയേറ്ററില്‍ 25-ാം ദിവസം ആഘോഷിച്ചപ്പോള്‍ കഥാകാരനായ എന്നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. ആദ്യത്തെ ചിത്രമായ 'അനുഭവങ്ങളേ നന്ദി'യുടെ ആഘോഷദിവസം കിട്ടിയ ഷീല്‍ഡിലാണ് തുടക്കം. അമ്പതും നൂറും നൂറ്റമ്പതും ദിവസങ്ങളിലേക്ക് ആഘോഷം വളര്‍ന്നപ്പോള്‍ ഷീല്‍ഡുകളാല്‍ എന്റെ സ്വീകരണമുറി നിറയാന്‍ തുടങ്ങി.
ജോഷി ചെയ്ത 'രക്തം' എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തോടെ ഞാന്‍ എണ്‍പതുകളിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകാരനായിമാറിയ അവസരത്തിലും വിശ്വംഭരനുവേണ്ടി ചിത്രം ചെയ്യാന്‍ മറന്നില്ല. ആ സമയത്താണ് സെഞ്ച്വറി ഫിലിംസിനുവേണ്ടി ഒരു ബിഗ്ബജറ്റ് ചിത്രത്തിന് തിരക്കഥയെഴുതാന്‍ എന്റെ ആത്മമിത്രമായ ജോണ്‍പോളിന് അവസരം വന്നുചേരുന്നത്. അതിന്റെ സംവിധായകന്‍ പി.ജി. വിശ്വംഭരനായിരുന്നു. ജോണിന്റെ കൈയിലാണെങ്കില്‍ അതിനുപറ്റിയ കഥയൊന്നുമില്ലായിരുന്നു. അപ്പോള്‍ ജോണിന്റെ മനസ്സില്‍ പെട്ടെന്ന് ഓടിക്കയറിയത്, വളരെനാളുകള്‍ക്കുമുന്‍പ് ഞാന്‍ ജോണിനോടു പറഞ്ഞ കഥയാണ്. ഉടനെ ജോണ്‍ എന്നെ വിളിച്ചു: ''എടാ ഡെന്നീ, നീ അന്ന് പറഞ്ഞ കഥ എനിക്ക് തരാമോ? സെഞ്ച്വറി ഫിലിംസ് വഴി ഒരു പടം ചെയ്യാനുള്ള ഓഫര്‍ എനിക്ക് വന്നിട്ടുണ്ട്.''

അതുകേട്ടപ്പോള്‍ 'അനുഭവങ്ങളേ നന്ദി'ക്ക് തിരക്കഥയെഴുതാനുള്ള അവസരം ജോണിന് നഷ്ടപ്പെട്ടതിന്റെ ഒരു കടംവീട്ടലായിട്ട് ഞാന്‍ പറഞ്ഞു: ''നീയെടുത്തോടാ ജോണേ.'' അങ്ങനെയാണ് സെഞ്ച്വറി ഫിലിംസിന്റെ 'ഒന്നാണ് നമ്മള്‍'എന്ന ചിത്രം ഉണ്ടാവുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം, സീമ, ബേബി ശാലിനി തുടങ്ങിയ വന്‍താരനിരയുള്ള ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന് അതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആ ചിത്രം വന്‍വിജയമാവുകയും ചെയ്തു.
ഈ സിനിമയ്ക്കുശേഷം, മമ്മൂട്ടി നായകനായ 'പ്രത്യേകം ശ്രദ്ധിക്കുക,' മുകേഷും തമിഴ് നടി രാധയും താരജോഡികളായ 'ഇന്നത്തെ പ്രോഗ്രാം,' തിലകനും അശോകനും പ്രധാന വേഷങ്ങളിലെത്തിയ 'പൊന്ന്,' സുരേഷ്ഗോപിയും ശോഭനയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ച 'ഒരു വിവാദവിഷയം' തുടങ്ങിയ ചിത്രങ്ങളാണ് '80 കാലഘട്ടത്തില്‍ ഞാന്‍ വിശ്വംഭരനുവേണ്ടി ചെയ്തത്. 'പൊന്നി'ല്‍ തിലകന് ശക്തമായ വേഷമായിരുന്നു, വലിയ തട്ടാന്‍. നാടകത്തില്‍ കത്തിനിന്നിരുന്ന തിലകന്‍ സിനിമയില്‍ വന്ന് ഷൈന്‍ചെയ്തുതുടങ്ങിയ കാലം.
'പൊന്നി' ന്റെ തിരക്കഥാകാരനായതുകൊണ്ട് പി.ജി. ഇടയ്ക്കിടയ്ക്ക് എന്നെ ലൊക്കേഷനില്‍ വിളിച്ചുവരുത്തും. ഞാനുംകൂടി ചെന്നാല്‍ പിന്നെ ഞങ്ങള്‍ രണ്ടാളുംകൂടി തിലകനെ പതുക്കെ വാരും. നാടകവും സിനിമയും രണ്ടും രണ്ടാണെന്നും നാടകത്തിലേതുപോലെ സംഭാഷണമൊന്നും സിനിമയില്‍ പറയാന്‍ പാടില്ലെന്നും വിശ്വംഭരന്‍ തിലകനോട് തര്‍ക്കിക്കാറുണ്ട്. ഞാനപ്പോള്‍ വിശ്വംഭരന്റെ ഭാഗം ചേര്‍ന്നാണ് നില്‍ക്കുക. വിശ്വംഭരന്‍ പറയുന്നതാണല്ലോ ശരി. അവസാനം വിശ്വംഭരന്‍ ഇങ്ങനെ പറഞ്ഞ് നിര്‍ത്തും: ''തിലകന്‍ചേട്ടന്‍ ഞാന്‍ പറയുന്നതുപോലെ, നന്നായിട്ടങ്ങ് അഭിനയിച്ചുതന്നാല്‍മതി.''
ശോഭന, ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 18-ലൂടെ വന്ന് പ്രശസ്തയായി, ഓടിനടന്നഭിനയിക്കുന്ന സമയം. വിശ്വംഭരന് ശോഭനയെവെച്ച് സിനിമചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ എഴുതിയ 'ക്ഷമിച്ചു എന്നൊരു വാക്ക്,' 'തമ്മില്‍ തമ്മില്‍,' 'ഉപഹാരം,' 'ഈ കൈകളില്‍,' 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്നീ മമ്മൂട്ടിച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതുകൊണ്ട് ഞാനും ശോഭനയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് പി.ജി.ക്കറിയാം. എന്നോട് സ്‌നേഹം കൂടുമ്പോള്‍ വിശ്വംഭരന്‍ എന്നെ 'അളിയാ' എന്ന് വിളിക്കും. ''എടാ അളിയാ, നമ്മുടെ അടുത്ത പടത്തില്‍ ശോഭനയെ നായികയാക്കണം. നീ ഇപ്പോഴേ ആ കുട്ടിയോടു സംസാരിച്ച് ഡേറ്റ് വാങ്ങിവയ്ക്ക്. പി.ജി. വിശ്വംഭരന്റെ പടമാണെന്ന് പറഞ്ഞാല്‍മതി.'' അന്ന് ശോഭന പി.ജി. വിശ്വംഭരനെ അറിഞ്ഞുവരുന്നതേയുള്ളൂ.
ആദ്യകാലത്ത് സുരേഷ് ഗോപിക്കും ഇങ്ങനെ ഒരാഗ്രഹമുണ്ടായിട്ടുണ്ട്. സുരേഷ് 'ഇരുപതാം നൂറ്റാണ്ട്,' ഞാനെഴുതിയ 'ജനുവരി ഒരു ഓര്‍മ്മ' എന്നീ ചിത്രങ്ങളിലൂടെ കയറിവരുന്ന സമയമാണ്. അപ്പോള്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം എന്നോടുപറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് 'ഒരു വിവാദവിഷയ'ത്തില്‍ സുരേഷിന്റെ നായികയായി ശോഭനയെ അഭിനയിപ്പിക്കുന്നത്. ഇപ്പോള്‍ സുരേഷ് ഇതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ ആവോ...
ജോഷി കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ളത് പി.ജി. വിശ്വംഭരനാണ്. ഇവിടെ കാറ്റിനുസുഗന്ധം, ഒന്നാണ് നമ്മള്‍, പൊന്ന്, പ്രത്യേകം ശ്രദ്ധിക്കുക, ഒരു വിവാദവിഷയം, ഗജകേസരിയോഗം, ഇരിക്കൂ എം.ഡി അകത്തുണ്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെല്‍, ആഗ്നേയം, സുവര്‍ണ സിംഹാസനം, ഗ്ലോറിയ ഫര്‍ണാണ്ടസ് ഫ്രം യു.എസ്.എ, എഴുപുന്ന തരകന്‍...തുടങ്ങിയ പതിമൂന്ന് ചിത്രങ്ങള്‍.
Content Highlights: kaloor dennis talking about his favorite directors
Published: 01 Mar 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented