
പോസ്റ്റ് കോളോണിയൽ സാഹിത്യത്തിൻ്റെ വരവോടെ വംശീയചരിത്രം, (ethnography) കീഴാള പഠനങ്ങൾ (Subaltern Studies), ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് ഇവയെല്ലാം സാഹിത്യ സൃഷ്ടികളിൽ കൂടുതൽ സമഗ്രമായി ആവിഷ്ക്കരിക്കാൻ തുടങ്ങി. വംശീയ ചരിത്രം കലാരൂപങ്ങളെക്കുറിച്ചും അവയുടെ ഉത്ഭവം, ചരിത്രപരമായ പ്രാധാന്യം, നാടൻ കലാരൂപങ്ങളിലെ അപഭ്രംശം എന്നിവയെക്കുറിച്ചും സൂചനകൾ നൽകിയപ്പോൾ കീഴാളൻ്റെ അന്ത:സംഘർഷങ്ങളും വരേണ്യ വർഗ്ഗത്തിൻ്റെ അവരോടുള്ള സമീപനവുമാണ് കീഴാള ചരിത്രത്തിൽ മുഖ്യവിഷയമായത്.
ഇത്തരം വിഷയങ്ങൾ മുഖ്യ പ്രമേയമായി വരുന്നവയാണ് ജിൻഷാ ഗംഗയുടെ 'ഒട 'എന്ന കഥാസമാഹാരത്തിലെ ഭൂരിഭാഗം കഥകളും. നിഷ്ക്കാസിതരുടെ നൊമ്പരങ്ങൾ ലളിതമായ ഭാഷയിലൂടെ സത്യസന്ധമായി കോറിയിടുമ്പോൾ ആ വേദനകളും സങ്കടങ്ങളും വായനക്കാരൻ്റേത് കൂടിയാകുന്നു. അവരുടെ ദുരവസ്ഥയും പിന്നോക്കാവസ്ഥയും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമങ്ങളും എത്ര ശക്തമാണ് എന്ന് ഓരോ കഥയും വായനക്കാരനോട് സംവദിക്കുന്നു.
ഒട
രാമൻ പണിക്കർ എന്ന തെയ്യം കലാകാരൻ്റെ ജീവിതം ആവിഷ്ക്കരിക്കുന്ന ' ഒട 'എന്ന കഥ അദ്ദേഹത്തിൻ്റെ ഓർമകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. രാമൻ പണിക്കരുടെ അച്ഛനും അപ്പാപ്പനുമെല്ലാം തെയ്യം കലാകാരൻമാരായിരുന്നു. അച്ഛന് കരളിന് ദീനം വന്നതോടെയാണ് നരസിംഹമൂർത്തീ തെയ്യത്തിൻ്റെ ഒരു രൂപമായ തീ ചാമുണ്ഡി തെയ്യം കെട്ടിയാടാനുള്ള യോഗം രാമൻപണിക്കർക്ക് കൈവന്നത്.
നാല്പത്തിയൊന്ന് ദിവസത്തെ വ്രതത്തിന് ശേഷം ഏറെ ശ്രദ്ധയോടെ കെട്ടിയാടുന്ന തീചാമുണ്ഡി തെയ്യത്തിൻ്റെ സങ്കീർണ്ണമായ നിരവധി ചടങ്ങുകളെക്കുറിച്ച് , അനുഷ്ഠാനങ്ങളെക്കുറിച്ച് എല്ലാം സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് ഇതിൽ. ഹിരണ്യകശിപുവിനെ വധിക്കുന്ന നരസിംഹമൂർത്തിയുടെ ശക്തി അവതരിപ്പിക്കാനായി തെയ്യം കെട്ടിയാടുന്നവർ കത്തുന്ന തീയിലേക്ക് ഇറങ്ങുകയും അഗ്നിയെ കീഴടക്കി പുറത്തു വരുകയും ചെയ്യുന്നു. ഈ സഹനത്തോടെയാണ് രാമനെ നാടുവാഴി അരിയെറിഞ്ഞ് പണിക്കരായി ആചാരപ്പെടുത്തിയത്.
കുട്ടിക്കാലത്തേ അമ്മ നഷ്ടപ്പെട്ട രാമൻ പണിക്കർക്ക് അച്ഛനും നഷ്ടപ്പെട്ടപ്പോൾ തീർത്തും ഒറ്റപ്പെട്ടു. തീചാമുണ്ഡി തെയ്യത്തോടെ സമൂഹത്തിൽ രാമൻ പണിക്കരുടെ പ്രാമുഖ്യം വർധിച്ചു. പലതരം വ്യാധികൾ മാറാൻ കഴിവുണ്ടെന്ന് വിശ്വസിച്ച് പലനാടുകളിൽ നിന്ന് ആളുകൾ പണിക്കരെ അന്വേഷിച്ച് വന്നു തുടങ്ങി.
പണിക്കരുടെ കൂട്ടുകാരിയായിരുന്ന ലീല "നാട്ടിലെ നമ്പൂതിരിമാരേം നായൻമാരേം തൃപ്തിപ്പെടുത്താൻ എന്തിനാ ഇങ്ങനെ തീയില് വീഴുന്നേ? " എന്നു ചോദിക്കുന്നിടത്തും "ഭൂമി ഉള്ളിടത്തോളം കാലം അയിത്തം ഉണ്ടാവും " എന്നു പറയുന്നിടത്തുമെല്ലാം ജാതിവ്യവസ്ഥ സമൂഹത്തിൽ എത്ര മാത്രം ആഴത്തിൽ വേരോടിയിരിക്കുന്നു എന്ന സത്യം തുറന്നു കാണിക്കുന്നു. ലീല എന്ന കഥാപാത്രം പലപ്പോഴും ജാതി വ്യവസ്ഥക്കെതിരേ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. പത്തൊൻപതാം വയസ്സിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപസ്മാരമിളകി ലീലയും പോയതോടെ അയാൾ തെയ്യങ്ങൾക്കും മലയ സമുദായത്തിനും വേണ്ടി ജീവിക്കാൻ തീരുമാനിക്കുന്നു.
പണ്ട് മലയരയൻമാർക്ക് ക്ഷേത്രത്തിൽ കയറാൻ പാടില്ലാതിരുന്ന കാലത്ത് ഒരു കുട്ടി അമ്പലത്തിൽ കയറി. അവൻ അമ്പലത്തെ നോക്കി നിൽക്കുന്നത് കണ്ട നായര് നാടുവാഴിയെ അറിയിച്ചു. നാടുവാഴി ആ കുട്ടിയെ തല്ലിച്ചതച്ചു. എന്നിട്ടും ചാവാത്തതു കൊണ്ട് കളപ്പുരയിലടച്ചിട്ട് കളപ്പുരയ്ക്ക് തീയിട്ടു. എന്നാൽ അതിനെയെല്ലാം ഭേദിച്ച് അവൻ പുറത്തു വന്നു "മനുഷ്യക്കുട്ടി ദൈവമായപ്പോൾ നമ്പൂതിരീം, നായരും, തീയനും , പുലയനുമൊക്കെ തൊഴുതു". തെയ്യത്തിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഈ ഐതിഹ്യം രാമൻ പണിക്കരുടെ പഴയ കാല ഓർമ്മകളിലൂടെയാണ് കഥാകാരി അവതരിപ്പിക്കുന്നത്.
കാലം മാറിയപ്പോൾ കച്ചവടവത്ക്കരണങ്ങൾക്കൊപ്പം തെയ്യവും വില്പനച്ചരക്കായി മാറി. എന്നാൽ അതിനൊപ്പം നടക്കാൻ രാമൻ പണിക്കർക്കായില്ല. കൊല്ലങ്ങൾക്ക് ശേഷം മറ്റൊരാൾ തീച്ചാമുണ്ഡി കെട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പണിക്കർ അത് ചെയ്യാമെന്ന് പറഞ്ഞിട്ടും കമ്മിറ്റിക്കാർ അനുവദിക്കുന്നില്ല. തീ ചാമുണ്ഡി തെയ്യം കെട്ടുന്ന സഞ്ജു രാമൻപണിക്കരെ വണങ്ങി മറ്റു ചടങ്ങുകളിലേക്ക് പ്രവേശിച്ചു. എന്നാൽ സഞ്ജുവിൻ്റെ തീചാമുണ്ഡിയെ കാണാൻ നാട്ടുകാർ കാത്തിരുന്നപ്പോൾ തോടിനക്കരെ ആകാശത്തോളം ഉയരുന്ന തീയിൽ രാമൻ പണിക്കർ സ്വയം കത്തിയമർന്നു.
പെൺമാല
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന, കാട്ടിലെ ആദിവാസി വിഭാഗങ്ങളോട് വരേണ്യ വിഭാഗം പുലർത്തുന്ന അവഗണന, അവഹേളനം ഇവയെല്ലാം കൃത്യമായി വരച്ചു കാട്ടുന്ന കഥയാണ് പെൺമാല. 'ട്രിപ്പിൾ ഒപ്രഷൻ 'എന്ന് ക്ലോഡിയാ ജോൺസ് വിശേഷിപ്പിച്ച വർണ്ണ-വർഗ്ഗ-ലിംഗ അസമത്വം എത്ര മാത്രം രൂക്ഷമായി പൊതു സമൂഹത്തിൽ നിലനിൽക്കുന്നു, അത് പെണ്ണവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാം ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം.
കരിമ്പൻ എന്ന ആദിവാസി യുവാവ് ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനു ശേഷം ആശുപത്രിയിൽ നിന്ന് മൂത്തമകളുമായി മലമുടിയിൽ വരുന്നു. ഉത്സവദിനത്തിൽ ആൾക്കാർ നേർച്ചയായി കെട്ടുന്ന നാരങ്ങാമാല കുറുമാരിയമ്മയ്ക്ക് ചാർത്തേണ്ടത് അയാളാണ്. അത് മുടങ്ങിയാൽ ദേവീ കോപം കിട്ടുമെന്നാണ് വിശ്വാസം. കാടിനുള്ളിൽ വലിയൊരു ഒറ്റപ്പാറ മറിഞ്ഞുണ്ടായ ഗുഹയ്ക്കകത്താണ് അയാൾ താമസിക്കുന്നത്. മൃഗങ്ങളുടെ അലറലും ഇരുട്ടും എല്ലാം ചേർത്ത് വന്യമായ കാടിൻ്റെ ഭയപ്പെടുത്തുന്ന ഒരു ചിത്രം എഴുത്തുകാരി വരച്ചിടുന്നു.
അയാളുടെ ജീവിത പരിസരം ഈ നവോത്ഥാന കാലത്തും ഒരു ശിലായുഗ മനുഷ്യനെ അനുസ്മരിപ്പിക്കുന്നുണ്ട്. കരിമ്പൻ്റെ അച്ഛൻ നാട്ടിൽ കൂലിപ്പണിക്ക് പോയപ്പോൾ നാട്ടുവാസിയായ അമ്മയെ സ്നേഹിച്ച് കാട് കയറ്റിയതാണ്. ആദ്യമൊക്കെ അവർ സന്തോഷത്തോടെ ജീവിച്ചിരുന്നുവെങ്കിലും ഒരു കുഞ്ഞുണ്ടായിട്ടും പെറ്റമ്മ പോലും തിരിഞ്ഞ് നോക്കാതെയായപ്പോൾ അവർക്ക് ഭ്രാന്ത് പിടിച്ചു. കരിമ്പന് നാലുവയസ്സുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തു. അവനെ സ്കൂളിൽ ചേർക്കാനായി അച്ഛൻ കൊണ്ടുപോകുന്നുണ്ടെങ്കിലും "ആദിവാസി ചെക്കനൊക്കെ സ്കൂളിൽ പഠിച്ചിട്ട് എന്തു കിട്ടാനാണ്" എന്ന അധ്യാപകൻ്റെ ചോദ്യം അവൻ്റെ പഠിപ്പവസാനിപ്പിച്ചു.
കുറച്ചു കാലത്തിന് ശേഷം അച്ഛനും മരിച്ചപ്പോൾ അവൻ തീർത്തും ഒറ്റപ്പെട്ടു. പിന്നീട് മൂപ്പനായിരുന്നു അവനാശ്രയം. മൂപ്പൻ കറുമ്പനെ ആചാരപ്പെടുത്തി കോവിലിൽ മാല ചാർത്താനുള്ള അവകാശം കൊടുത്തു. മാത്രമല്ല ഒറ്റപ്പെട്ടു പോയ കരിമ്പനെ മൂപ്പൻ്റെ തന്നെ ബന്ധുവായ രാജിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. "കാട്ടിലെ പണ്ടം മുഴോനും കൊണ്ടു പോന്നോരാ നാട്ടില്. അവരിക്ക് കാട്ടുജാതിക്കാര പണ്ടം കൊണ്ടോവാനും മടി കാണൂല " എന്ന മൂപ്പൻ്റെ പ്രസ്താവന ആദിവാസികളുടെ അജ്ഞത മുതലെടുത്ത് പരിഷ്‌കൃത മനുഷ്യർ അവരെ വ്യാപകമായി കൊള്ളയടിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ്.
കുറുമാരിയമ്മയ്ക്ക് വിളക്കുവയ്ക്കാനുള്ള സ്ഥാനം കഷ്ടപ്പാടുകൾക്കിടയിലും അയാൾക്ക് ആശ്വാസത്തിനുളള വക നൽകിയിരുന്നു. ഭാര്യയുടെ ആദ്യ പ്രസവത്തിൽ പെൺകുട്ടിയായിരുന്നു. രണ്ടാമത്തേതും പെൺകുട്ടിയാവുകയും കറുമ്പൻ്റെ ഭാര്യ പ്രസവം നിർത്തുകയും ചെയ്തതിനാൽ ആൺകുട്ടി ഉണ്ടാകാൻ സാധ്യതയില്ലാതാവുന്നു.
"ആചാരക്കാരന് ആൺകുട്ടി പിറന്നാല് മാത്രമേ ദേവിക്ക് മാലചാർത്താനുള്ള അവകാശം നിലനിർത്താൻ പറ്റുള്ളൂ. ആൺകുട്ടികള് പിറന്നില്ലെങ്കില് അത് ദേവീടെ എന്തേലും കോപം തട്ടിയതു കൊണ്ടാകും അങ്ങനെ കോപം തട്ടിയ നീ മാല ചാർത്തിയാല് ദേവിക്ക് തൃപ്തി വരൂലാ" എന്ന് പറഞ്ഞ് അടിയന്തരക്കാരൻ മാല ചാർത്താൻ അനുവദിക്കാതെയിരിക്കുമ്പോൾ അയാൾ തകർന്നു പോകുന്നു. "അപ്പൻ്റെ മണമുള്ള വള കൈമാറേണ്ടി വരുമോ? തൻ്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയതായിരുന്നു ആ വള ". ആ വള കൈമാറേണ്ടി വരുമ്പോൾ അയാൾ അനുഭവിക്കേണ്ടി വരുന്ന ഹൃദയവേദന അതിരൂക്ഷമാണ്.
കരിമ്പനെന്ന ആദിവാസി ഒരു പ്രതീകമാണ് . ആ പ്രതീകത്തിലൂടെ പരിഷ്കൃതമനുഷ്യർ വന വിഭവങ്ങൾ കൊള്ളയടിക്കുന്നതിനെക്കുറിച്ച്, അവരെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്നതിനെക്കുറിച്ച്, അവർക്കിടയിൽ തന്നെ നിലനിൽക്കുന്ന ആചാരങ്ങൾ പെണ്ണവസ്ഥയെ എങ്ങനെ കൂടുതൽ പരിതാപകരമാക്കുന്നു എന്നെല്ലാമുള്ള സാമൂഹ്യ വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് എഴുത്തുകാരി ചെയ്യുന്നത്.
രാമചന്ദ്രഗുഹയുടെ 'ജനാധിപത്യവാദികളും വിമതരും ' എന്ന പുസ്തകത്തിൽ ആദിവാസികളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച്, സാമൂഹികവും സാംസ്കാരികവുമായ അടിച്ചമർത്തലുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അത്തരം വിഷയങ്ങൾ വ്യത്യസ്തമായ ആഖ്യാന രീതിയിൽ ആവിഷ്കൃതമാവുകയാണ് ഈ കഥയിലും.
തെയ് വാഴ്ക
അടുക്കളയെന്ന നരകത്തിൽപ്പെട്ടു പോയ ഗ്ലാഡിസിൻ്റെ ദുരിതജീവിതം അടയാളപ്പെടുത്തുന്ന 'തെയ്തെയ് വാഴ്ക 'എന്ന കഥ അതിസങ്കീർണ്ണമായ പെണ്ണവസ്ഥയുടെ തുറന്നു കാട്ടലാണ്. അക്രമാസക്തമായ ആധിപത്യം പുലർത്തുന്ന വ്യക്തിയാണ് ഗ്ലാഡിസിൻ്റെ ഭർത്താവ് ബേബിച്ചൻ. ഒരു വീട്ടു ജോലിക്കാരി എന്നതിനപ്പുറം അയാൾ അവൾക്ക് യാതൊരു പ്രാധാന്യവും കല്പിക്കുന്നില്ല. വീണ് കാല് പൊട്ടിയിട്ടും പൂരപ്പാട്ടോടെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. മകൾ സാന്ദ്ര വീട്ടിൽ വന്ന് നില്ക്കുമ്പോഴും അവൾ ആഹാരം ഉണ്ടാക്കിക്കൊടുക്കണമെന്നും സ്വന്തം കാര്യങ്ങൾ കൃത്യതയോടെ നടക്കണം എന്നതിൽ കവിഞ്ഞ് യാതൊരു സ്നേഹമോ അലിവോ അയാൾക്ക് ഭാര്യയോടോ മകളോടോ ഇല്ല.
സാന്ദ്രയ്ക്ക് കുട്ടികളില്ലാത്തത് കാരണം ഭർത്തൃവീട്ടിൽ അവളുടെ ജീവിതവും ദുരിതത്തിലാണ്. ബേബിച്ചൻ്റെ തനിപ്പകർപ്പാണ് മരുമകനും അതുകൊണ്ട് തന്നെ പി ജി കഴിഞ്ഞിട്ടും അവളെ ജോലിക്ക് വിടാൻ ഭർത്താവ് റെജി അനുവദിക്കുന്നില്ല. ഭർത്തൃവീട്ടിലെ ബുദ്ധിമുട്ടിൽ വിഷമിച്ച് പെൺമക്കൾ വീട്ടിലേക്ക് തിരികെ വരുമ്പോൾ, " തുപ്പിയതിനും തുമ്മിയതിനുമൊക്കെ കെട്ടിയോൻ്റെ വീട്ടീന്ന് പെണങ്ങി വരുന്നത് കുടുംബത്തില് പെറന്ന പെണ്ണിന് ചേരുന്നതല്ല. പെങ്കൊച്ചുങ്ങള് എല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കണം." എന്ന സ്ഥിരം വാചകം ബേബിച്ചൻ പറയുന്നുണ്ട്. ഇതിന് സമാനമായ അർഥമുള്ള വാചകങ്ങൾ ഗ്ലാഡിസിൻ്റെ വല്യമ്മച്ചി മുതൽ ആ കുടുംബത്തിലെ എല്ലാ സ്ത്രീകളോടും അവരുടെ അപ്പൻമാർ പറഞ്ഞത് എഴുത്തുകാരി സൂചിപ്പിക്കുന്നുണ്ട്.
ഗ്ലാഡിസ് തൻ്റെ പഴയ കാലത്തെക്കുറിച്ചും ധീരയായ വല്യമ്മച്ചി ദീനാമ്മയെക്കുറിച്ചും ഓർക്കുന്നു. വല്യമ്മച്ചി ഒറ്റയ്ക്ക് കരുത്തോടെ ജീവിച്ച സ്ത്രീയാണ്. ആൺ പെൺ തുല്യതയെക്കുറിച്ച് അവർ ഗ്ലാഡിസിന് പറഞ്ഞു കൊടുക്കുന്നുണ്ട്. മാത്രമല്ല തന്നെ ശല്യം ചെയ്യാൻ വരുന്ന പുരുഷൻമാരെ ശക്തമായ ഭാഷയിൽ അവർ നേരിടുന്നുമുണ്ട്. ഒരു റാഡിക്കൽ ഫെമിനിസ്റ്റിൻ്റേതായ സ്വഭാവ സവിശേഷതകൾ ഉള്ള കഥാപാത്രമാണ് ദീനാമ്മ.
എല്ലാ മാസവും അവർ ചുറ്റുമുള്ള സ്ത്രീകളെയൊക്കെ വിളിച്ചു കൂട്ടി മാർഗ്ഗം കളി കളിച്ചിരുന്നു. മാർഗ്ഗംകളിയെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ അത് ആദ്യം കളിച്ചിരുന്നത് പുരുഷൻമാരായിരുന്നുവെന്നും "ശ്രമിച്ചാല് ആണുങ്ങള് ചെയ്യുന്നതൊക്കെ പെണ്ണുങ്ങൾക്ക് ചെയ്യാം. അങ്ങനെ അങ്ങനെ ആണും പെണ്ണും തമ്മില് വ്യത്യാസം ഒന്നൂലാണ് പെണ്ണുങ്ങക്കു തന്നെ തെളിയിക്കാമ്പറ്റണം" എന്നും അവർ പറയുന്നുണ്ട്. വല്യമ്മച്ചിക്ക് ഗ്ലാഡിസിനെ നേഴ്സ് ആക്കണമെന്നായിരുന്നു ആഗ്രഹം.
ഗ്ലാഡിസിൻ്റെ അപ്പച്ചനോട് "പെമ്പിള്ളേര് പഠിക്കട്ടെ തൊമ്മിച്ചാ ..... അവറ്റകൾക്കും കൂടിയൊള്ളതല്ലിയോ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ. അവറ്റോൾക്ക് പൂതി തീരണവരെ അവറ്റോള് ഒറ്റയ്ക്ക് ജീവിക്കട്ടെ.... " എന്ന് വല്യമ്മച്ചി പറയുമായിരുന്നു. എന്നാൽ ഗ്ലാഡിസ് പത്താം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ തന്നെ അവർ മരിച്ചു പോകുന്നു. അതോടെ കുറച്ച് കാലത്തിന് ശേഷം കുടുംബത്തിലെ പതിവു രീതിയിൽ ഗ്ലാഡിസിൻ്റെയും കല്യാണം നടത്തുന്നു.
ഓർമ്മകളിൽ നിന്നുണർന്ന ഗ്ലാഡിസ് "തെയ്തെയ് വാഴ്ക " എന്ന മാർഗ്ഗംകളിപ്പാട്ട് ഉറക്കെ പാടുന്നു. അസഹനീയതയോടെ ഗ്ലാസിസിൻ്റെ പാട്ടു കേട്ട ബേബിച്ചൻ അവളെ ചീത്ത പറയുന്നുണ്ടെങ്കിലും മാനസികവിഭ്രാന്തിയിലകപ്പെട്ടു പോയ അവൾ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവൾ ഉറക്കെ ഉറക്കെ പാട്ടുപാടിക്കൊണ്ടേയിരിക്കുന്നു. പിന്നീടയാൾ അവളെ തടയുന്നില്ല. അയാളുടെ സ്വഭാവത്തിലെ പരിവർത്തനത്തിൻ്റെ സാധ്യത പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് കഥയവസാനിക്കുന്നത്.
ഓർമ്മയിൽ നീറ്റൽ അവശേഷിപ്പിക്കുന്ന നിരവധി കഥകൾ ഈ പുസ്തകത്തിലുണ്ട്. ഓരോ കഥയ്ക്കും അനുഗുണമായ കഥാപരിസരം 'സൃഷ്ടിക്കുന്നതിലും, പ്രാദേശിക ഭാഷാഭേദങ്ങൾ തൻമയത്ത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും എഴുത്തുകാരിയുടെ മിടുക്ക് ശ്രദ്ധേയമാണ് '
എഡ്വേഡ് സെയ്ദിൻ്റെ ഓറിയൻ്റലിസത്തിൽ അവതരിപ്പിച്ച othering ( വേർതിരിവ്) എന്ന പ്രക്രിയ ഈ കഥകളിലെല്ലാം ഒരു മുഖ്യ വിഷയമായി വരുന്നു. 'ഒട'യിൽ മാറ്റി നിർത്തലിന് വിധേയരാകുന്നത് മലയരയൻമാരാണെങ്കിൽ 'പെൺമാല 'യിൽ ആദിവാസികളും, 'തെയ് തെയ് വാഴ്ക 'യിൽ സ്ത്രീ സമൂഹവുമാണ്. കച്ചവടവത്ക്കരിക്കപ്പെട്ട ഒരു ലോകത്ത് ജീവിക്കേണ്ടി വരുന്നതിൻ്റെ ഭീതി, ആകുലതകൾ എല്ലാം തന്നെ അനുഭവവേദ്യമാക്കുന്ന വിധത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് ജിൻഷയുടെ എഴുത്തിന് മികവ് പകരുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന കൊള്ളരുതായ്മകളെ, ഇരട്ടത്താപ്പുകളെ ,ശക്തമായ ഭാഷയിൽ തുറന്നു കാണിക്കാനും അവതരിപ്പിക്കാനും കഴിയുന്നു എന്നതുകൊണ്ടാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത് .
(വണ്ടൂർ, ഗവ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും എഴുത്തുകാരിയും പുസ്തക നിരൂപകയുമാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Published: 28 Oct 2025, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented