നാലാം ക്‌ളാസില്‍ പഠിക്കുന്ന കാലത്ത്  എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു, സന്ധ്യ. കക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയില്ല. വേനലവധി കഴിഞ്ഞു വരുന്ന സമയത്ത്  സന്ധ്യ ടൂര്‍ പോയ സ്ഥലത്തെ പറ്റിയുള്ള വിശേഷങ്ങളും കഴിച്ച ആഹാരസാധനങ്ങളുടെ വൈവിധ്യവുമൊക്കെ വളരെ വിശാലമായി വിവരിച്ചു തരുമായിരുന്നു. ഈ വിവരങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കും എന്തെങ്കിലുമൊക്കെ പൊങ്ങച്ചം വിളമ്പാന്‍ വല്ലാതെ കൊതി തോന്നും,. അന്നൊക്കെ വേനലവധി ചെലവിടുന്നത് അപ്പന്റെ നാടായ കടമ്പനാടാണ്. അനിതരസാധാരണമായ യാതോന്നും സംഭവിക്കാത്ത സാധാരണമായ ഒരു നാട്. പിന്നീട് കുറച്ചു കാലം കൂടി കഴിഞ്ഞാണ് കടമ്പനാടിന്റെ മഹത്വം മനസ്സിലായത്.

To advertise here,

അന്നൊക്കെ ഞാന്‍ ചെയ്തു കൊണ്ടിരുന്ന ഒരു വലിയ വ്യായാമം സന്ധ്യ പറയുന്നതിനെയെല്ലാം വെല്ലാനായി യാതൊരു മടിയുമില്ലാതെ സ്വയം പടച്ചുവിട്ട കുറച്ചു നുണകള്‍ തട്ടി വിടുക എന്നതായിരുന്നു. കടമ്പനാട്ടെ വീട്ടുമുറ്റത്തു നിറയെ നാനാജാതി ഫലവൃക്ഷങ്ങളാണെന്നും അത് കൂടാതെ ആപ്പിള്‍, ഓറഞ്ച്, സബര്‍ജലി, ചിക്കു, പേരയ്ക്ക, അനാര്‍... എന്നുവേണ്ട പേരറിയാവുന്ന എല്ലാ ഫലവൃക്ഷങ്ങളും  അവിടെ ഉണ്ടെന്നും ഞാന്‍ സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ പറയുമായിരുന്നു.

പക്ഷെ വാസ്തവം അതൊന്നുമല്ലായിരുന്നു; കുറെ തെങ്ങ്, കുറച്ചു മാവ്, പറങ്കിമാവ്, പ്ലാവ് പിന്നെ ഒരു അമ്പഴങ്ങ മരം. ഇതൊക്കെയായിരുന്നു അവിടെയുണ്ടായിരുന്ന നാനാജാതി വൃക്ഷലതാദികള്‍. പക്ഷെ ഇതില്‍ ഒന്നും ഉള്‍പ്പെടാത്ത ഒരു മരം അവിടെ ഉണ്ടായിരുന്നു. ഒരു കുളമാവ്; ഈ മരം കയ്യാലപ്പുറത്തെ തേങ്ങാ കണക്കെ  അപ്പച്ചന്റെയും മറ്റൊരാളിന്റെയും വസ്തുവിന്റെ അതിരില്‍ നില്‍ക്കുന്ന മരമായതിനാലും, പറമ്പിന്റെ തെക്കേ അറ്റത്തു നില്‍ക്കുന്ന മരമായതിനാലും (വീട്ടുകാരുടെ ശ്രദ്ധ അങ്ങോട്ടേയ്‌ക്കെത്തില്ല) ആ ഭാഗത്തേക്ക് പോകരുത് എന്ന് നിഷിതമായി വിലക്കിയിരുന്നു. വിലക്കുന്നത് മാത്രം ചെയ്യുന്ന ശീലമുണ്ടായിരുന്നത് കൊണ്ട്; രാവിലെ എഴുന്നേറ്റാലുടന്‍ പറമ്പിന്റെ തെക്കേ അറ്റത്തേക്ക് ഓടും. കുളമാവിന്റെ ചുവട്ടില്‍ നെല്ലിക്ക വലിപ്പത്തിലുള്ള കുളമാങ്ങകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ് അങ്ങോട്ടേക്കോടുന്നത്.

നല്ല പഴുത്ത കുളമാങ്ങ ആണെങ്കില്‍ അതിന്റെ പുറത്തെ തൊലി കഴിക്കുവാന്‍ നല്ല സ്വാദാണ്. ഒരു മധുരവും പുളിയും ചേര്‍ന്ന സ്വാദ്. നല്ല കട്ടിയുള്ള കുരുവാണ് ഉള്ളില്‍. പല്ലു കൊണ്ട് അത് കടിച്ചു പൊട്ടിക്കുവാന്‍ സാധിക്കില്ല. ചെറിയ പാറക്കല്ല് കൊണ്ട് മാത്രമേ അത് ഇടിച്ചു പൊട്ടിക്കുവാന്‍ സാധിക്കുകയുള്ളു. വളരെ ക്ഷമയോട് കൂടി വേണം അത് ചെയ്യുവാന്‍. ആകെ ഒരു നെല്ലിക്ക വലിപ്പമുള്ള ഈ കുരു പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ ഒരു പരിപ്പ് കിട്ടും. അതിനാണ് അപാര രുചി. രാവിലെ ഇത് കഴിക്കുവാന്‍ ഒരു രസവുമുണ്ടാകാറില്ല, രാവിലെ നമ്മള്‍ പറമ്പിലും, പറങ്കിമാവിന്റെ മുകളിലും, അമ്പഴങ്ങ ചോട്ടിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടു, ഉച്ചക്ക് ചോറുണ്ടതിനു ശേഷം കുളമാവിന്റെ ചോട്ടില്‍ എരിപൊരി വെയിലത്തിരുന്നു പഴുത്ത കുളമാങ്ങാത്തൊലി കഴിച്ചതിനു ശേഷം അതിന്റെ കുരു പൊട്ടിച്ചു ഉള്ളിലെ പരിപ്പ് കഴിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതിയാണ് യഥാര്‍ത്ഥ ബാല്യത്തിന്റെ രുചി. കടമ്പനാട്ടെ അപ്പച്ചന്റെ വീട് ഇപ്പോഴുമുണ്ട്, പക്ഷെ അപ്പച്ചനില്ല, അമ്മച്ചിയുമില്ല, കുളമാവുണ്ടോ എന്നുമറിയില്ല. അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത വീട്ടില്‍ കുളമാവുണ്ടോ എന്ന് തിരക്കുവാനും തോന്നുന്നില്ല.

കുട്ടികാലത്ത് എന്റെ കൂട്ടുകാരോട് കടമ്പനാട്ടെ അതിവിശിഷ്ട്മായ പഴവര്‍ഗ്ഗങ്ങളുടെ കള്ളക്കഥകള്‍ പറയുമ്പോള്‍ കുളമാങ്ങയും അമ്പഴങ്ങയും ഞാന്‍ ഉള്‍പെടുത്തിയിരുന്നില്ല.അമ്പഴങ്ങയുടെ മറ്റൊരു വെറൈറ്റി ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാണാം. അത് ഒരു ചെടി പോലെ വളര്‍ന്നു കുലകുലകളായി നില്‍ക്കുന്നത് കാണാം. അത് വെച്ച് അച്ചാര്‍ ഇടും. പക്ഷേ അപ്പച്ചന്റെ വീട്ടിലെ അമ്പഴങ്ങ ഒരു മുത്തശ്ശിമരമായിരുന്നു, രണ്ടു പേര്‍ കൈകോര്‍ത്ത് അതിനെ ചുറ്റിപ്പിടിച്ചാലും എത്തില്ലായിരുന്നു, അത്രയ്ക്ക് വലുത്, അതില്‍ നിന്നും അമ്പഴങ്ങ പഴങ്ങള്‍ പറിച്ചെടുക്കുന്നതിനേക്കാളും താഴെ വീഴുന്നത് പെറുക്കിയെടുക്കുവാനാനയിരുന്നു ഞങ്ങള്‍ക്കു ഇഷ്ടം. മധുരവും പുളിയും നിറഞ്ഞ ആ പഴങ്ങള്‍ പെറുക്കിയെടുത്തു എരിപൊരി വെയിലത്തിരുന്നു കഴിക്കുമ്പോഴുള്ള സുഖം. അതായിരുന്നു പരമമായ ആനന്ദം.