കല്ലടഅമ്മച്ചിയുടെ പലഹാരമായിരുന്നു ഒറോട്ടി. അമ്മച്ചി ആണ് ആദ്യമായി അതുണ്ടാക്കി തന്നതും, കഴിപ്പിച്ചതും. അമ്മച്ചിക്ക് അതിത്ര വിശേഷപ്പെട്ട പലഹാരമായി തീരാന്‍ ഒരുപാടു കാരണങ്ങളുണ്ട്. അമ്മച്ചിയുടെ ചെറുപ്പകാലത്തു നാത്തൂന്മാര്‍, അതായതു അപ്പച്ചന്റെ സഹോദരിമാര്‍ വിരുന്നു വരുമ്പോള്‍ അമ്മച്ചി സന്തോഷത്തോടെ ഒറോട്ടിയുണ്ടാക്കി നാത്തൂന്മാരെ പരിപോഷിപ്പിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അന്നൊക്കെ സഹോദരങ്ങളും, അവര്‍ കല്യാണം കഴിച്ചു കൊണ്ട് വരുന്ന ആളുകളും ഒക്കെ നല്ല സ്‌നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ഒരു കാലമായിരുന്നു, അത് മാത്രമല്ല അമ്മച്ചി 

പൊതുവെ ജനസമ്മതയായ ഒരു സ്ത്രീ ആയിരുന്നു. വീട്ടില്‍ വരുന്ന ആരെയും വെറും കയ്യോടെ മടക്കിവിട്ടിരുന്നില്ല. അപ്പോള്‍ പിന്നെ ബന്ധുക്കള്‍ വന്നാലുള്ള കാര്യം പറയേണ്ടല്ലോ.

ഒറോട്ടി മാത്രമല്ല , അതിനു വളരെ വിപുലമായ ഒരു സൈഡ് ഡിഷും അമ്മച്ചി ഉണ്ടാക്കുമായിരുന്നു. വീട്ടിലൊരു കോഴിക്കൂടും അതില്‍ നിറയെ പൂവനും പിടയും ഉണ്ടായിരുന്നു, അന്നൊന്നും കോഴിമുട്ട പുറത്തു നിന്ന് വാങ്ങിയിരുന്നില്ല, അത് പോലെ ബ്രോയ്‌ലര്‍ ചിക്കന്‍ ഇന്നത്തെയത്ര പ്രചുരപ്രചാരമല്ലായിരുന്നു. അപ്പോള്‍ കോഴിയിറച്ചി ഒരു വിശേഷാല്‍ പരിപാടിയായിരുന്നു. നാത്തൂന്മാര്‍ വന്നാലുടനെ അമ്മച്ചി പറമ്പിലേക്ക് ഒരോട്ടം വച്ച് കൊടുക്കും, ഏറ്റവും മുഴുത്ത ഒരു കോഴിയെ, മരണം വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഒരു

നാടന്‍ പൂവനെ പിടിക്കും, പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ നടക്കും, അതിനെ കൊന്ന് അതിന്റെ പപ്പും പൂടേം കളഞ്ഞ്, വൃത്തിയാക്കിയെടുത്ത്  കഷ്ണങ്ങളാക്കി കൊച്ചുള്ളിയും തേങ്ങാക്കൊത്തും ഒക്കെ ചേര്‍ത്ത് അമ്മച്ചി നല്ല സൊയമ്പന്‍ കോഴിക്കറി വയ്ക്കും. ചൂട് ഒറോട്ടിയും കോഴിക്കറിയും സൂപ്പര്‍ കോംബോ ആണെന്ന് പറഞ്ഞു തന്നത് അമ്മച്ചിയാണ്. അമ്മച്ചി ഉണ്ടാക്കുന്ന പോലത്തെ ഒറോട്ടി എന്റെ  അമ്മയും ഉണ്ടാക്കും.

അമ്മച്ചിയെ വല്ലാതെ മിസ് ചെയ്യുന്നു എന്നൊക്കെ വെറുതെ അമ്മയോട് ഒന്ന് തട്ടി വിട്ടാല്‍ മതി നല്ല വറുത്ത നൈസ് അരിപൊടിയും, കൊച്ചുള്ളി കുനുകുനെ അരിഞ്ഞതും തേങ്ങാപ്പീരയും, ഇമ്മിണി പഞ്ചസാരയും, ഒരു നുള്ള് ഉപ്പും , ഒരു മുട്ടയും ചേര്‍ത്ത് നന്നായി കുഴച്ചു, 

ദോശശക്കല്ലു ചൂടാക്കി, ഇത്തിരി വെളിച്ചെണ്ണ തൂത്ത്  അതിലേക്കു ഒരുരുള എടുത്തു പരത്തിയതിട്ട്, അരികുകളില്‍ കുറേശ്ശെ നെയ്യ് ഇറ്റിച്ചു കൊടുത്ത്, തിരിച്ചും മറിച്ചും ഇട്ട് ഒറോട്ടി അങ്ങനെ മൂപ്പിച്ചു മൊരിപ്പിച്ച് എടുക്കും, എന്തൊരു മണമാണ്, ഒറോട്ടി ദോശക്കല്ലില്‍ കിടന്നങ്ങു പരുവപ്പെടും, കിഷ്‌കിശ്ന്നു ദോശക്കല്ലിനോട് കുറെയേറെ രഹസ്യങ്ങള്‍ പറയും, ഒറോട്ടിയുടെ അരികത്തു നെയ്യിറ്റിക്കുമ്പോള്‍ അതും രഹസ്യം കേള്‍ക്കാന്‍ പോകും. അങ്ങനെ ചുറ്റുമൊരു മണമൊക്കെ പരത്തി ഒറോട്ടി അങ്ങ് വിരാജിക്കും.ആ  മണമടിക്കുമ്പോള്‍  അമ്മച്ചി ഇങ്ങനെ അടുത്ത് വന്നു നിന്ന് കഴിക്കു മക്കളെ എന്ന് പറഞ്ഞ് നമ്മളെ കഴിപ്പിക്കുന്നത്  പോലെ തോന്നും.