
കുട്ടിക്കാലത്തു വെള്ളച്ചോറ് കഴിക്കാന്‍ ഭയങ്കര കൊതിയായിരുന്നു. മുതിര്‍ന്നവര്‍ക്ക് കുത്തരിച്ചോറ് നിര്‍ബന്ധമായിരുന്നത് കൊണ്ട് അത് ആഗ്രഹമായി തന്നെ അവശേഷിച്ചു. ഈ ആഗ്രഹം ഉടലെടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ എന്നെ പഠിപ്പിച്ചത് മാണിമാമയായിരുന്നു, എന്റെ അമ്മയുടെ കല്ലടയിലുള്ള കൂട്ടുകാരി, എന്റെ ആദ്യഗുരു. പക്ഷേ കഴിഞ്ഞ വര്‍ഷം മണിമാമ മരിച്ചുപോയി. എന്നെ അക്ഷരം പഠിപ്പിച്ചതും വായിക്കാന്‍ പഠിപ്പിച്ചതും എല്ലാം മണിമാമയായിരുന്നു. ഒരു വലിയ കുടുംബത്തെ നോക്കേണ്ട ചുമതല മണിമാമയ്ക്കായിരുന്നു. മണിമാമേടെ കൂടെ അവരുടെ രണ്ടു അമ്മൂമ്മമാരും താമസിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ പഠിക്കുവാനായി ചെല്ലുമ്പോള്‍ ഗൗരിഅമ്മൂമ ഊണ് കഴിച്ചുകൊണ്ടിരിക്കുന്നു. നല്ല വെള്ളച്ചോറ്, ചുവന്ന സാമ്പാര്‍, പേരറിയാത്ത മറ്റൊരു കറി, ആ വെളുവെളുത്ത ചോറും അതിന്റെ മീതെ ഒഴിച്ചിരുന്ന ചുകചുകന്ന സാമ്പാറും എന്നെ ഹഠാദാകര്‍ഷിച്ചു.
അന്ന് മുതല്‍ ഞാന്‍ മനസ്സില്‍ ചില പദ്ധതികള്‍ ആലോചിക്കുവാന്‍ തുടങ്ങി. പ്ലാന്‍ എ: പഠിക്കുവാന്‍ ചെല്ലുമ്പോള്‍ യാതൊരു സങ്കോചവും കൂടാതെ അല്‍പ്പം വെള്ളച്ചോറും കറിയും വേണമെന്ന് തുറന്നുപറയുക, പക്ഷേ അതില്‍ അല്‍പ്പം പോലും നാടകീയത ഇല്ല, കഥാതന്തു ഇല്ല, അഭിനയസാധ്യതയുമില്ല. അപ്പൊ പിന്നെ സ്റ്റോറി ബോര്‍ഡ് ഒന്ന് മാറ്റിയെഴുതാം. തിരക്കഥയില്‍ മാറ്റം വേണം, അല്‍പ്പം നാടകീയതയും സംഘട്ടനവും
(മാനസിക) ഒക്കെ വേണം.
അങ്ങനെ ആ ദിവസം സമാഗതമായി. ഒരു ദിവസം പഠിക്കുവാനായി ചെല്ലുമ്പോള്‍ മണിമാമ അവിടെയില്ല. അമ്മൂമ്മമാരില്‍ ഒരാള്‍ കുളിച്ചുകൊണ്ടിരിക്കുന്നു, 'കുഞ്ഞു കയറിയിരിക്കു, മണി ഇപ്പോള്‍ വരും', കുളിമുറിയില്‍ നിന്നും അറിയിപ്പ് വന്നു. ഇത് തന്നെ തക്കം, അടുക്കളയില്‍ പോയി ചോറ് വിളമ്പി കഴിക്കുവാന്‍ പറ്റില്ല, അതിനു പറ്റിയ സിറ്റുവേഷന്‍ ക്രിയേറ്റു ചെയ്യണം.
ഞാന്‍ ചുറ്റും നോക്കി, ചെറിയ വീടാണെങ്കിലും മുറ്റമൊക്കെ നല്ല വൃത്തിയാണ്. ഒരു കരിയില പോലുമില്ല, പെട്ടെന്നൊരു ആശയം മനസ്സിലുദിച്ചു. എന്തെങ്കിലും ജോലി ചെയ്തുകൊടുക്കാം, അപ്പോള്‍ അതില്‍ ഇമ്പ്രെസ്സ്ഡ് ആയി ചോറ് വിളമ്പിത്തന്നാലോ. ഞാന്‍ പുസ്തകമൊക്കെ താഴെവെച്ച് വീടിന്റെ ഒരു വശത്തു ചാരി വെച്ചിരുന്ന ചൂലെടുത്തു മുറ്റവും പറമ്പുമൊക്കെ തൂക്കുവാന്‍ തുടങ്ങി. പക്ഷെ മുറ്റം തൂത്തുതീരുന്നതിനു മുന്‍പ് തന്നെ മണിമാമ വന്നു. ഞാന്‍ വിചാരിച്ചതുപോലൊന്നും നടന്നില്ല, നല്ല വഴക്കും കിട്ടി, 'കൊച്ചിനെ ഇങ്ങോട്ടുവിട്ടത് പഠിക്കാനാണ്. അല്ലാതെ വല്ലവരുടെയും മുറ്റമടിക്കാനല്ല, പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടു പോകാന്‍ നോക്കണം, ഇത് ഗുരുകുലമൊന്നുമല്ല, മുറ്റമടിക്കാനും വെള്ളം കോരാനും.' ശ്ശെ വയറു നിറച്ചുകിട്ടി. എനിക്കാകെ ദേഷ്യവും സങ്കടവും ഒക്കെ വന്നു.
മണിമാമ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, അന്ന് പഠിപ്പിച്ചതൊന്നും ഞാന്‍ കേട്ടില്ല, അവസാനം എനിക്ക് കരച്ചില്‍ വന്നു, ഞാന്‍ കരയാന്‍ തുടങ്ങി, മണിമാമയ്ക്കും സങ്കടമായി, എന്നെ പിടിച്ചടുത്തിരുത്തി, തലയില്‍ തടവി കൊണ്ട് പറഞ്ഞു, 'കുട്ടീ, നന്നായി പഠിച്ചു മിടുക്കിയായി നല്ല ജോലിയൊക്കെ വാങ്ങണം, അല്ലാതെ മറ്റുള്ളവരുടെ വീട്ടിലെ മുറ്റമടിക്കാനല്ല നിന്നെ പഠിപ്പിക്കുന്നത്.' അതു കൂടെ കേട്ടപ്പോള്‍ എനിക്കാകെ സങ്കടമായി, എന്ത് പറയണമെന്നറിയില്ല, എന്നെ വഴക്കുപറയുന്നത് കേട്ടപ്പോള്‍ അമ്മൂമ്മമാര്‍ക്കും സങ്കടമായി, അവര്‍ പറഞ്ഞു, 'കുഞ്ഞു കരയാതിരിക്കു, മുറ്റമാകെ തൂത്തുക്ഷീണിച്ചു പോയല്ലോ, കുറച്ചു അവല്‍ നനച്ചു തരാം.'
എനിക്ക് വീണ്ടും സങ്കടം വന്നു. എനിക്ക് അവലല്ല വേണ്ടത്, വെള്ളച്ചോറും സാമ്പാറും വേണം, എന്തായാലും ഇത്രയും ആയി ഞാന്‍ പെട്ടന്ന് കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു, 'എനിക്ക് അവല്‍ വേണ്ട, ചോറ് മതി.' അതുവരെ ദേഷ്യപ്പെട്ടു സങ്കടത്തിലിരുന്ന മണിമാമയും ഞെട്ടി, 'ങേ ചോറോ, നിനക്ക് വിശക്കുന്നുണ്ടോ, എന്നിട്ടാണോ ഇവിടെ വന്നു മുറ്റം തൂത്തത്, എന്താ പ്രശ്‌നം കുട്ടി, നീ സ്‌കൂളില്‍ നിന്നും വന്നിട്ട് ഭക്ഷണം കഴിക്കാതെയാണോ വന്നത്.' മണിമാമ എന്നെ ഭേദ്യം ചെയ്യാന്‍ തുടങ്ങി, 'അത് മണിമാമേ എനിക്ക് ചോറ് വേണം, വെള്ളച്ചോറ്,' മണിമാമയ്ക്കു കാര്യമൊന്നും മനസ്സിലായില്ല, ആകെ സങ്കടം വരുന്നുണ്ട് എന്നെനിക്കു മനസ്സിലായി, അടുക്കളയില്‍ പോയി ഒരു പാത്രത്തില്‍ വെള്ളച്ചോറ്, വാഴയ്ക്ക തോരന്‍, മീന്‍കറി, സാമ്പാര്‍...ഇത്രയും കറികള്‍ വിളമ്പി എന്റെ അടുത്തുകൊണ്ട് വന്നുവെച്ച്, അതു കഴിക്കുവാന്‍ ആവശ്യപ്പെട്ടു, എനിക്ക് കരച്ചില്‍ വന്നു, പക്ഷെ അത്രയും നേരം അടക്കിവെച്ചിരുന്ന കൊതി മുഴുവന്‍ ഞാന്‍ അവിടെയിരുന്നു തീര്‍ത്തു. അത്ര സ്വാദായിരുന്നു ആ ചോറിനും കറികള്‍ക്കും. മണിമാമ എന്നെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
ചോറുണ്ട് എഴുന്നേറ്റ എനിക്ക് കൈ കഴുകുവാന്‍ വെള്ളം ഒഴിച്ച് തന്നുകൊണ്ട് മണിമാമ ചോദിച്ചു, 'വെള്ളച്ചോറ് കഴിക്കണമെന്നു അത്ര ആശയായിരുന്നോ,' പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ ഞാന്‍ ഒരു നിമിഷം പകച്ചു നോക്കി, പിന്നീട് സമ്മതിച്ചു, ഇന്നും ആ വെള്ളച്ചോറും കറികളും എനിക്ക് കണ്ണുനീരുണര്‍ത്തുന്ന ഒരു മധുരച്ചൂരലിന്റെ ഓര്‍മകളാണ്.
Content Highlights: dr jiji j alex share memories about her teachers
Published: 05 Sept 2023, 11:18 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented