
ഇത് ഹാശാ ആഴ്ച. ലോകം മുഴുവൻ ക്രൈസ്തവർ സഹനത്തോടും, പ്രാർത്ഥനയോടും, ത്യാഗത്തോടും നോമ്പിന്റെ അകമ്പടിയോടും കൊണ്ടാടുന്ന ആഴ്ച. ഓശാനയിൽ തുടങ്ങി, ഉയിർപ്പിൽ അവസാനിക്കുന്ന ദേവാലയദിനങ്ങൾ.
ഒരിക്കൽ തങ്ങളുടെ പ്രിയപ്പെട്ട, ദാവീദിൻ സുതനെ കഴുതപ്പുറത്തേറ്റി, ആർപ്പുവിളികളോടെ ഒലിവീന്തൽ ചില്ലകളാൽ ഓശാന പാടിയ ആഴ്ച. എളിമയുടെ നിറകുടമായ അവൻ തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയ ആഴ്ച്ച. അവർ ദൈവപുത്രനോട് കൂടി പെസഹാ അപ്പം പങ്കിട്ട ആഴ്ച. മൂന്നാം തവണ കോഴി കൂകുമ്പോഴേക്കും നീയെന്നെ തള്ളിപ്പറയുമെന്ന പ്രവചനം നിവർത്തിയായ ആഴ്ച്ച. ഒരു ചുംബനത്താൽ അവനെ ഒറ്റിക്കൊടുത്ത ആഴ്ച. ലോകത്തിന്റെ പാപം മുഴുവൻ സ്വന്തം തോളിൽ താങ്ങി ദൈവ പുത്രൻ, കൂരിശുമരണം വരിച്ച ആഴ്ച. എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ആഴ്ച. സന്തോഷത്തിൽ തുടങ്ങി സങ്കടത്തിന്റെ പെരുമഴ പെയ്യിച്ചു, ഉയിർപ്പോടെ, വീണ്ടും ആഹ്ലാദത്തിൽ, ആഘോഷങ്ങളിൽ അവസാനിക്കുന്ന ഈസ്റ്റർ ആഴ്ച.
ചെറുപ്പകാലത്ത്, ഓശാന ഞായറാഴ്ച, അത്യുത്സാഹത്തോടെയാണ് പള്ളിയിൽ പോവുക. ഇളം കുരുത്തോലകൾ ആട്ടി, പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം. ഇടയ്ക്കിടയ്ക്ക് പൂക്കളുടെ പെരുമഴ. നിർത്തി നിർത്തിയുള്ള ചൊല്ലുകൾ, വായനകൾ, കയ്യിൽ വന്നു വീഴുന്ന പല ജാതി പൂക്കളിൽ, മഞ്ഞക്കൊളാമ്പിയും, ബോഗൈൻവില്ലയും, ചെമ്പകവും, വാകയും. കഴുതപ്പുറത്ത് കയറി വരുന്ന ശാന്തനായ യേശുവിന്റെ രൂപം മനസിൽ... അന്ന് വരെ വായിച്ച കഥകളിലെല്ലാം കഴുത ഒരു തിരുമണ്ടൻ മൃഗമാണ്. എന്നാലും യേശുവിനു ഈ പാവം കഴുതയെ മാത്രമേ കിട്ടിയുള്ളോ എന്നൊക്കെ മനസ് ചോദിക്കും.
`'ഓശാനാ.. ഓശാനാ.. ദാവിതാത്മജനോശാനാ
സയിത്തിൻ കൊമ്പുകളേന്തിയിതാ പിഞ്ചു കിടാങ്ങൾ പാടുന്നു...ഭൂസ്വർഗങ്ങളിൽ ഓശാന '
അതിമനോഹരമായ ഓശാന ഗാനങ്ങൾ പാടി പ്രദക്ഷിണം അവസാനിച്ചു പള്ളിയിലേക്ക് കയറുമ്പോൾ ഉള്ളിലൊരു സങ്കടമാണ്.
വീണ്ടും നാല് ദിവസം കഴിഞ്ഞു പെസാഹപ്പെരുന്നാൾ... ഇവിടെ അമേരിക്കയിലും മലയാളിപ്പള്ളികൾ ഇതെല്ലാം നാട്ടിലെ പോലെ തന്നെ ആചരിച്ചു പോരുന്നുണ്ട്. ഇവിടെ ഇത്തവണത്തെ പെസഹാപ്പെരുന്നാളിന് പള്ളി കഴിഞ്ഞിറങ്ങുമ്പോൾ അപ്പനും അമ്മയും പള്ളത്ത് പള്ളിയും ആയിരുന്നു എന്റെ മനസ്സിൽ...
അന്നൊക്കെ വിശേഷ ദിവസങ്ങളിൽ പള്ളത്ത് പള്ളിയിൽ പതിവില്ലാത്ത ആൾക്കൂട്ടമാണ്. ദൂരദേശത്ത് താമസിക്കുന്ന പലരും ഹാശാ ആഴ്ചകളിൽ തങ്ങളുടെ ഇടവകപ്പള്ളിയിലേക്ക് തിരികെ വരും. എന്റെ അപ്പന്റെ പെങ്ങളും, അതുപോലെ, മറ്റിടവകകളിൽ കെട്ടിച്ചു വിട്ട കുടുംബത്തിലെ പല സ്ത്രീകളും, ഹാശാ ആഴ്ചകളിൽ താന്താങ്ങളുടെ ഇടവകകളിലേക്ക് മടങ്ങി വരുന്നതു അന്ന് പതിവാണ്.
മെലിഞ്ഞു വള്ളിപ്പയറ് പോലെയിരിക്കുന്ന ഞങ്ങൾ കുട്ടികൾക്ക് ദുഃഖവെള്ളിയാഴ്ച പള്ളിയിലെ പ്രാർത്ഥനകൾക്കിടയിലെ കുമ്പിടീൽ ഒരു ആവേശമായിരുന്നു. ഒരു കുമ്പു പോലും മുടക്കാതെ, മടുക്കാതെ, ചെയ്യും. ശരീരഭാരത്താൽ, കുമ്പിടാതെ, നിൽക്കുന്നവരേക്കുറിച്ചു മനസ്സിൽ പലതും ചിന്തിക്കും. `ഇവർക്കൊക്കെ, ഞങ്ങളെ പോലയങ്ങു കുമ്പിട്ടുകൂടെ.. വെറുതെ വന്നു നിൽക്കുവാ..' എന്നൊക്കെ കുന്നായ്മ ചിന്തിക്കും. ഇന്നല്ലെ മനസിലാവുന്നത്, അന്നത്തെ അമ്മച്ചിമ്മാർ എന്ത് കഷ്ടപ്പെട്ടാണ് മണിക്കൂറുകളോളം പള്ളിയിൽ നിൽപ്പ് പോലും നിന്നിരുന്നത് എന്ന്. പിന്നെയാണ് കുമ്പിടീൽ.
പെസാഹയുടെ പാട്ടുകൾ നിർത്താതെ തുടരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. യേശു തന്റെ ശിഷ്യന്മാരോരുമിച്ചു പെസഹാപ്പെരുന്നാൾ അനുസ്മരിച്ചതിന്റെ ഓർമ്മ. എളിമയോടെ ശിഷ്യന്മാരുടെ കാൽ കഴുകൽ ശുശ്രൂഷ ചെയ്തതിന്റെ വായനകൾ. ഇതെല്ലാം അനുസ്മരിപ്പിക്കുന്ന അർത്ഥവത്തായ, ഭക്തി നിർഭരമായ ശീലുകൾ.
'നിൻ വിധി ചെയ്തോർ വിധിയേൽക്കുംപോൽ,
വിധി ചെയ്യരുതേ... ഞങ്ങളെയീശാ.' എല്ലാ വരികളും ഓരോ തേങ്ങലുകളാണ്. പേടി നിറഞ്ഞ അപേകഷകളാണ്, യാചനകളാണ്. കരുണയ്ക്കുവേണ്ടിയുള്ള മുറവിളികളാണ്.
തലേ ദിവസം കുമ്പസാരിച്ചിട്ടുള്ള മുതിർന്നവരും, അച്ചനെക്കൊണ്ട് തലയിൽ തൊട്ട് പ്രാർത്ഥിച്ചിട്ടുള്ള കൊച്ചുകുട്ടികളും കുർബാന സ്വീകരിക്കാനായി വരിവരിയായി വരുമ്പോൾ ആണ്..
'രഹസ്യം രഹസ്യം ഉടയോനരുളി-
രഹസ്യം എനിക്കും എൻവീട്ടുകാർക്കും’
എന്ന പാട്ടു തുടങ്ങുന്നത്.
ഈ രഹസ്യപ്പാട്ടും പാടി കുർബാനയും അനുഭവിച്ചു വീട്ടിലേക്കൊരു മടക്കയാത്ര. പിറ്റേദിവസം ദുഃഖവെളളിയാഴ്ച. അതിരാവിലെ തന്നെ, പള്ളിയിൽ വരേണ്ടതാണ്. ഒരു ദിവസം മുഴുവൻ കുമ്പിടാനും ഒറ്റ നിൽപ്പ് നിൽക്കാനുമുള്ളതാണ്. ഹാശാ ആഴ്ചകളിൽ കഴിവതും മൗനം പാലിക്കണമെന്നും, ഭക്തിയോടെ അന്യോന്യം വർത്തിക്കണമെന്നുമെല്ലാമാണ് പള്ളിലച്ചൻ പറഞ്ഞു വിട്ടിരിക്കുന്നത്. കളിചിരികളോ കുശലപ്രശ്നങ്ങളോ ഒന്നുമില്ലാതെയാണ് കുട്ടികൾ പോലും പെസഹാ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുക..
ദുഃഖവെള്ളികളിൽ ഒന്നും കഴിക്കാതെ വേണം പള്ളിയിൽ പോകുവാൻ. കട്ടൻ കാപ്പി കുടിക്കാം. പിന്നെ നാല് മണിക്കേ വല്ലതും കഴിക്കാൻ കിട്ടു. കുഞ്ഞു മനസുകളിൽ ഇടതടവുല്ലാത്ത കുമ്പിടിലിന്റെയും, നീണ്ട പ്രാർത്ഥനയുടെയും വേദവായനകളുടെയും, നിർത്തില്ലാത്ത പാട്ടുകളുടെയും കണ്ണ് നീറ്റിപുകക്കുന്ന കുന്തിരിക്കത്തിന്റെയും, കയ്പു നീരിനു കുടിക്കുന്ന ചൊറുക്കാ വെള്ളത്തിന്റെയും ദിവസമാണ് ദുഃഖവെള്ളി. കുരിശു കുമ്പിടീൽ കഴിഞ്ഞു കിട്ടുന്ന കഞ്ഞിയും പയറും കാടുമാങ്ങയും കൂടെ അവല് വിളയിച്ചതും രുചിയോടെ എല്ലാവരും കഴിക്കും. പള്ളത്ത് പള്ളിയിൽ മാത്രമാണ് കഞ്ഞി നേർച്ചയുടെ കൂടെ അവല് വിളയിച്ചത് കിട്ടുക.
അതൊക്കെ ഒരു കാലം.
ഇനി ദുഃഖ ശനി. എല്ലാ മരിച്ചു പോയവർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ദിവസം.
അത് കഴിഞ്ഞു ഈസ്റ്റർ! അൻപത് നോയമ്പ് വീടുന്ന ദിവസം.
സകല പക്ഷി മൃഗാദികളും ക്രിസ്നിത്യാനിയുടെ അടുപ്പിൽ കയറുന്ന ദിവസം.
പാവം, അപ്പന് നാട്ടിൽ വെച്ച് ഈസ്റ്റർ വരെ പിടിച്ചു നിക്കാൻ പാടായിരുന്നു.... ദുഃഖ ശനിയാഴ്ച തന്നെ അപ്പന്റെ നോമ്പ് വീടും. കുപ്പി പൊട്ടിക്കുമ്പോൾ പറയാൻ ഒരു ന്യായവും കാണും.
`എടി, കർത്താവ് ശനിയാഴ്ചയേ പാതാളത്തിൽ ഉയിർത്തില്ലേ പിന്നെ നമ്മളെന്നാത്തിനാ ഞായറാഴ്ച വരെ കാക്കുന്നത്? മരിച്ചു പോയ കാർന്നോമ്മാര് പോലും കുഴിയിൽ നിന്നെഴുന്നേറ്റു വന്നു രണ്ടെണ്ണം വീശും. അപ്പോഴാ.’ അപ്പൻ ന്യായങ്ങൾ പറയും! അമ്മ നിർത്തിയൊന്നു മൂളും !
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 05 Apr 2026, 02:33 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented