സെൻട്രൽ ലണ്ടനിലെ സിറ്റി ഓഫ് വെസ്റ്റ്മിൻസ്റ്ററിലാണ് ട്രഫാൽഗർ സ്‌ക്വയർ. എല്ലാ വർഷവും ഡിസംബറിൽ ഇവിടെയൊരു കൂറ്റൻ ക്രിസ്മസ് ട്രീ ഉയരും.

To advertise here,

അതിനുപിന്നിലൊരു കഥയുണ്ട്. നോർവെയിൽനിന്നാണ് ഈ ക്രിസ്മസ് ട്രീ ബ്രിട്ടനിലെത്തുന്നത്.

1947 മുതൽ ഓരോ വർഷവും നോർവെ, ലണ്ടനിലെ ജനങ്ങൾക്ക് സമ്മാനിക്കുന്ന ക്രിസ്മസ് മരമാണിത്. ഡിസംബർ മുതൽ ജനുവരി വരെ ഈ മരം ട്രഫാൽഗർ സ്‌ക്വയറിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടൻ നൽകിയ പിന്തുണയോടുള്ള നന്ദിസൂചകമായി നോർവെ ഒരു ക്രിസ്മസ് ട്രീ സമ്മാനിച്ചിരുന്നു. 1947-ലാണത്. അതിന്റെ ഓർമയ്ക്കായാണ് നോർവെയിൽനിന്ന് ഇപ്പോഴും ഒരു ട്രീ ബ്രിട്ടനിലേക്കെത്തുന്നത്. ആ ട്രീ സ്ഥാപിക്കുന്നതോടെ ക്രിസ്മസ് ആഘോഷങ്ങളുടെ മൊത്തം കേന്ദ്രബിന്ദുവായി അവിടം മാറും.

ക്രിസ്മസ് ആഘോഷങ്ങളെല്ലാം അവസാനിച്ചുകഴിഞ്ഞാൽ, ഈ മരം നീക്കും. മരം ചെറിയ കഷ്ണങ്ങളാക്കി മാറ്റുകയും ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

നോർവേയിൽ നിന്നുള്ള ആദ്യത്തെ ട്രഫാൽഗർ ക്രിസ്മസ് ട്രീ 1942-ലാണ് എത്തിയത്. നോർവീജിയൻ കമാൻഡോ ആയ മോൺസ്, ക്രിസ്മസിന് തൊട്ടുമുമ്പ് ലണ്ടനിലെത്തിയത് രണ്ട് സ്പ്രൂസ് മരങ്ങളുമായാണ്. അതിലൊരു മരം ബ്രിട്ടീഷ് നേവൽ ഇന്റലിജൻസിലെ ഉദ്യോഗസ്ഥരും ഏതാനും നോർവീജിയൻ കമാൻഡോകളും ചേർന്ന് ട്രഫാൽഗർ സ്‌ക്വയറിൽ സ്ഥാപിച്ചു. 1947 മുതലാണ് ക്രിസ്മസ് കാലത്ത് മരം സ്ഥിരമായി ബ്രിട്ടനിലെത്താൻ തുടങ്ങിയത്.

ട്രഫാൽഗർ സ്‌ക്വയറിലെ ക്രിസ്മസ് ട്രീ സാധാരണയായി 50 മുതൽ 60 വരെ വർഷം പഴക്കമുള്ള, 20 മീറ്ററിലധികം (66 അടി) ഉയരമുള്ള ഒരു നോർവേ സ്പ്രൂസ് മരമാണ്. നോർവേയിലെ ബ്രിട്ടീഷ് അംബാസഡർ, ഓസ്‌ലോ മേയർ, വെസ്റ്റ്മിൻസ്റ്റർ ലോർഡ് മേയർ എന്നിവർ പങ്കെടുക്കുന്ന ഒരു ചടങ്ങിലൂടെ, നവംബർ മാസത്തിൽ നോർവേയിൽ വെച്ചാണ് ഈ മരം മുറിച്ചെടുക്കുന്നത്. ശേഷം കപ്പലിലാണ് ഈ മരം ബ്രിട്ടനിലേക്ക് എത്തിക്കുന്നത്.

മരത്തിന്റെ ചുവട്ടിലായി ഒരു ഫലകമുണ്ടാവും. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: '1940-45 കാലഘട്ടത്തിൽ ലണ്ടൻ നിവാസികൾ നൽകിയ സഹായത്തിനുള്ള നന്ദിസൂചകമായി, നോർവേയിലെ ഓസ്‌ലോ നഗരം സമ്മാനിച്ച മരമാണിത്. 1947 മുതൽ എല്ലാ വർഷവും ഇത്തരത്തിൽ ഒരു മരം സമ്മാനിച്ചുവരുന്നു'.

ഡിസംബറിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് ഈ ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരം നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi