'എന്തൊരു മറവിയാണെനിക്ക്! ഇന്നലെ കഴിഞ്ഞ കാര്യം പോലും ഓർമ്മയില്ല' എന്നൊക്കെ ഇടക്കിടെ പറയുന്നവരാണ് നമ്മളിൽ പലരും. ചില കാര്യങ്ങളെപ്പറ്റി വർഷങ്ങളോളം ഓർമ നിലനിൽക്കുമ്പോൾ, ചിലത് ദിവസങ്ങൾക്കുള്ളിൽ തന്നെ മറന്നുപോകും. എന്നാൽ ലോകത്ത് വളരെ അപൂർവമായി ചില വ്യക്തികളുണ്ട്. അവർക്ക് ജീവിതത്തിലെ ഓരോ ദിവസവും നടന്ന സംഭവങ്ങൾ അസാധാരണമായ കൃത്യതയോടെ ഓർത്തെടുക്കാനാവും. ഈ അപൂർവമായ അവസ്ഥയാണ് ഹൈപ്പർതൈമേഷ്യ (Hyperthymesia), അല്ലെങ്കിൽ Highly Superior Autobiographical Memory (HSAM).
സ്വന്തം ജീവിതത്തിൽ നടന്ന സംഭവങ്ങളും അവയുമായി ബന്ധപ്പെട്ട തീയതികളും വികാരങ്ങളും അതിവിശദമായി ഓർത്തെടുക്കാൻ കഴിയുന്ന ഒരു അപൂർവ നാഡീ അവസ്ഥയാണിത്. ഹൈപ്പർതൈമേഷ്യയുള്ള ഒരാളോട് ഒരു പ്രത്യേക തീയതി പറഞ്ഞാൽ, അന്നേദിവസം എന്ത് ചെയ്തുവെന്നും ആരെ കണ്ടുവെന്നും അന്നത്തെ കാലാവസ്ഥ എങ്ങനെയായിരുന്നുവെന്നും വാർത്തകളിൽ എന്താണ് പ്രധാനമായി ഉണ്ടായിരുന്നതെന്നും വരെ പറയാൻ കഴിഞ്ഞേക്കാം.
എന്നാൽ ഇതുകൊണ്ട് അവർക്ക് എല്ലാ കാര്യങ്ങളും പഠിച്ചെടുക്കാനും മനഃപാഠമാക്കാനും കഴിയുമെന്ന് അർഥമില്ല. ഉദാഹരണത്തിന് കണക്കിലെ സമവാക്യങ്ങൾ, പുസ്തകങ്ങളിലെ കാര്യങ്ങൾ, വിദേശഭാഷകൾ തുടങ്ങിയവ മറ്റുള്ളവരേക്കാൾ എളുപ്പത്തിൽ പഠിച്ചെടുക്കാനൊന്നും ഇവർക്കായേക്കില്ല. സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ഓർമകളാണ് ഇവർക്ക് ഏറ്റവുമധികം ഉണ്ടാവുക.
ഹൈപ്പർതൈമേഷ്യയുള്ളവർ ഒന്നും മനഃപാഠമാക്കുന്നതല്ല. പകരം, അവർക്ക് ഓർമ്മകൾ സ്വാഭാവികമായി മനസ്സിലേക്ക് ഒഴുകിയെത്തുകയാണ്. ഒരു തീയതിയോ സംഭവമോ കേൾക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നിരവധി ഓർമ്മകൾ ഒരു സിനിമ പോലെ മനസ്സിൽ തെളിയും. പത്ത് വർഷം മുമ്പ് ഒരു പ്രത്യേക ദിവസം എന്ത് ഭക്ഷണം കഴിച്ചു, ആരോടാണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങൾ അവർ ചിലപ്പോൾ വ്യക്തമായി പറഞ്ഞേക്കും.
ഹൈപ്പർതൈമേഷ്യ വളരെ അപൂർവമാണ്. ലോകത്ത് ഇതുവരെ വളരെ കുറച്ചുപേരിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. ഹൈപ്പർതൈമേഷ്യയെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന വ്യക്തികളിലൊരാളാണ് അമേരിക്കക്കാരിയായ ജിൽ പ്രൈസ് (Jill Price). തന്റെ ജീവിതത്തിലെ ഏതാണ്ട് എല്ലാ ദിവസവും നടന്ന സംഭവങ്ങൾ വിശദമായി ഓർക്കാൻ അവർക്ക് കഴിയുമായിരുന്നു. അവരെ പഠിച്ചതോടെയാണ് ഈ അപൂർവ അവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് കൂടുതൽ വേഗം ലഭിച്ചത്.
പല കാര്യങ്ങളും അതിവിശദമായി ഓർത്തെടുക്കുക നല്ലതാണെങ്കിലും അസാധാരണമായ ഓർമ്മശക്തി എപ്പോഴും ഒരു അനുഗ്രഹമല്ല. വിഷമമുള്ള കാര്യങ്ങൾ, സംഭവങ്ങൾ തുടങ്ങിയവ മറന്ന് മനസ്സിനെ സ്വതന്ത്രമാക്കാൻ ഇക്കൂട്ടർക്ക് പറ്റണമെന്നില്ല. ഓർമകൾ വേട്ടയാടാനും അതുവഴി ഉത്കണ്ഠയും മാനസിക സമ്മർദ്ദവും വർധിക്കാനുമൊക്കെ ഇടയുണ്ട്. ചികിത്സിച്ചു മാറ്റാവുന്ന ഒരവസ്ഥയല്ല ഇത്. എന്നാൽ പഴയ ഓർമ്മകൾ കാരണം മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്ക് മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടേണ്ടി വന്നേക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hyperthymesia, or HSAM, allows individuals to recall personal life events with extraordinary precision., Individuals can link specific dates to weather, news, and personal activities., HSAM is limited to personal autobiographical memory and does not improve general learning or rote memorization of academic subjects., It is a rare neurological condition rather than a learned skill.
Published: 08 Aug 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented