ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തുറ്റ കപ്പിത്താനായിരുന്നു വി.പി.സത്യൻ. പക്ഷേ ജീവിതത്തിൽ കരുത്തുചോർന്നുപോയൊരു കുട്ടിയായിരുന്നു അദ്ദേഹം. സത്യന്റെ ആ ജീവിതത്തെക്കുറിച്ച് ഭാര്യ അനിത ഒരിക്കൽ സംസാരിച്ചു. സത്യൻ മരിച്ച് 20 വർഷങ്ങൾ തികയുമ്പോൾ, അനിതയുടെ ഓർമകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നു

ഇത്തവണ ലോകകപ്പ് വന്നപ്പോൾ എല്ലാ കളിയും ഞാൻ കുത്തിയിരുന്ന് കണ്ടു. സങ്കടങ്ങളും വിഷാദവും മാത്രമായിരുന്നു ആ നേരത്ത് കൂട്ട്. പാതിരാനേരത്ത് തീരാത്ത കളിക്കമ്പവുമായി എനിക്ക് കൂട്ടിരിക്കുന്ന ആൾ, ഒരു പന്തിന്റെ പിന്നാലെ ജീവിച്ച എന്റെ സത്യേട്ടൻ. അദ്ദേഹമില്ലാത്ത രണ്ടാമത്തെ ലോകകപ്പാണിത്. ഇതുപോലൊരു കളിക്കാലത്തു തന്നെയാണ് എന്നെ ഒറ്റയ്ക്കാക്കി സത്യേട്ടൻ പോയിക്കളഞ്ഞത്.
എന്നും ഒരു കുട്ടിയായിരുന്നു സത്യേട്ടൻ. പന്തിന്റെ പിന്നാലെ ഓടി മറ്റെല്ലാം മറന്നുപോയ ആൾ. വിവാഹം കഴിഞ്ഞ് കുറച്ചുനാളു കഴിഞ്ഞപ്പോ തന്നെ പുള്ളി പൊലീസ് ടീമിൽ നിന്നും ലീവെടുത്ത് കൽക്കത്തയ്ക്ക് പോയി. ഞാൻ എം.ടെക് ചെയ്യാൻ കോയമ്പത്തൂർക്കും. കൽക്കത്തയിലെ ജീവിതം വല്ലാത്ത ഒറ്റപ്പെടലായിരുന്നത്രെ. എല്ലാ ദിവസവും എനിക്ക് കത്തെഴുതും. 'നീയില്ലാതെ എനിക്കിവിടെ പറ്റുന്നില്ല. ഒപ്പം ഉണ്ടെങ്കിൽ സന്തോഷമായേനെ' എന്നൊക്കെ. അങ്ങനെ പഠിത്തം നിർത്തി ഞാനും കൽക്കത്തയ്ക്ക് പോയി. കുടുംബജീവിതത്തിനു വേണ്ടീട്ടാണ് ഞാൻ അങ്ങനെയൊക്കെ ചെയ്തത്. പക്ഷേ, ആ തീരുമാനവും തെറ്റിപ്പോയി.
പ്രാക്ടീസും കോച്ചിങ്ങുമൊക്കെയായി തിരക്കിലായിരുന്നു പുള്ളി. പ്രാക്ടീസ് കൂടുന്നതിനനുസരിച്ച് ദേഹം ക്ഷീണിച്ചു. ഇതിനിടെ തൈറോയ്ഡിന്റെ അസുഖം വന്നു. നടുവേദനയും. മുമ്പ് കാലൊടിഞ്ഞപ്പോൾ ഒരു സ്റ്റീൽ റോഡ് ഇട്ടിരുന്നു. അതിന്റെ വേദനയും. കളിക്കളത്തിൽ ഭയങ്കര കരുത്തൊക്കെ കാണിക്കുന്നയാളാ. എന്നാൽ, ജീവിതത്തിൽ ആ കരുത്ത് ഓരോ നിമിഷവും ചോർന്നുപോവുന്നത് ഞാൻ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ.
വേദനകൾ ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ, കൽക്കത്തയിൽ ഡോക്ടറെ കാണിച്ചു. ഇനിയൊരിക്കലും കളിക്കാൻ ആവില്ലെന്ന് ഡോക്ടർ പറഞ്ഞു. സത്യേട്ടൻ ശരിക്കും തകർന്നു. മദ്രാസിലേക്ക് തിരിച്ചുവന്നു. ഡിപ്രഷന്റെ തുടക്കമായിരുന്നു അത്. 'വടക്കുംനാഥനി'ലെ മോഹൻലാലിന്റെ കഥാപാത്രം പോലെയായിരുന്നു. ചിലപ്പോൾ നല്ല മൂഡിലാവും. ചിലപ്പോൾ ആകെ തകർന്നപോലെ. മനസ്സ് കൈവിട്ടുപോയി. ചില സമയത്ത് അമ്പലങ്ങളിലൊക്കെ പോയിരിക്കും. ആന്ധ്രയിലെ കാളഹസ്തി ക്ഷേത്രത്തിൽ എത്രയോ തവണ പോയി. അവിടുന്ന് എന്നെ വിളിക്കും, രണ്ട് ദിവസം കഴിഞ്ഞിട്ടേ വരൂ എന്ന് പറയും. ഇടയ്ക്ക് കുതിരപ്പന്തയമെന്ന് പറഞ്ഞ് പോവും. ചിലപ്പോ നാട്ടിൽ പോയിട്ട് വരാമെന്ന് പറഞ്ഞൊരു പോക്കാണ്. എനിക്ക് വല്ലാത്ത ദേഷ്യം തോന്നും. നമ്മൾ ജീവിതത്തിൽ ഇത്രയൊക്കെ ചെയ്തിട്ടും, പഠിപ്പ് പോലും മുടക്കിയിട്ടും എന്താ ഇങ്ങനെയൊക്കെ എന്ന്. പിന്നെയാണ് ഇതൊരു അസുഖമാണെന്ന് മനസ്സിലായത്. ഡിപ്രഷൻ കൂടുമ്പോൾ, ആത്മഹത്യാക്കുറിപ്പുകൾ എഴുതി വെക്കും. അത് വായിച്ചിട്ട് മോളൊക്കെ കളിയാക്കും. അപ്പോൾ സത്യേട്ടൻ പറയും, ഞാനെങ്ങാനും മരിച്ചുപോയാൽ നിങ്ങളെയാരും വെറുതെ വിടില്ല. അതുകൊണ്ടാ ഇതെഴുതുന്നതെന്ന്.
എത്ര അസുഖമാണെങ്കിലും പ്രാക്ടീസ് മുടക്കുന്ന പ്രശ്‌നമില്ല. ബോഡി എപ്പഴും ഫിറ്റ് ആക്കിവെക്കണമെന്ന് പറയും. ശരിയായ ട്രാക്കിലൂടെ ജീവിതം പോയ്‌ക്കൊണ്ടിരിക്കയായിരുന്നു. അസുഖം വന്നപ്പോ എല്ലാം തകിടം മറിഞ്ഞു. ജോലിക്ക് പോവാതായി. ഇതിനിടയ്ക്ക് സാമ്പത്തികപ്രയാസങ്ങളും വന്നു. അവസാനം ഒരു സ്‌കൂളിൽ ജോലി സംഘടിപ്പിച്ചു ഞാൻ.
ഇതിനിടെ സത്യേട്ടന് നടുവേദന കൂടി. നിൽക്കാൻപോലും പറ്റാത്ത വേദന. അതിൽനിന്നും രക്ഷപ്പെടാൻ പെയിൻ കില്ലർ കഴിക്കും. മദ്യപാനവും കൂടി. അസുഖങ്ങളും മാനസിക അസ്വസ്ഥതകളും വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരുന്നു. വീണ്ടും ആസ്പത്രിയിലെത്തി. അവിടുന്ന് തിരിച്ചുവന്നശേഷം പറഞ്ഞു, 'ഇപ്പോ നല്ല സുഖം തോന്നുന്നുണ്ട്' എന്ന്. എന്നാലും വീട്ടിലിരുത്തിപ്പോവാൻ എനിക്ക് പേടി. ഞാൻ ലീവെടുക്കാമെന്ന് പറഞ്ഞപ്പോൾ, 'വേണ്ട നീ പൊയ്‌ക്കോ' എന്ന് പറഞ്ഞു. പിന്നെ കുറച്ചുനാൾ ശാന്തമായിരുന്നു. പഴയ സത്യേട്ടനെ തിരിച്ചുകിട്ടുന്നു എന്ന തോന്നൽ. മരുന്നും ഉറക്കവും മുടക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. അതിനിടയ്ക്കാണ് ലോകകപ്പ് വരുന്നത്. അതോടെ എല്ലാം തലതിരിഞ്ഞു. ഉറക്കമൊഴിഞ്ഞപ്പോൾ പഴയ പ്രശ്‌നങ്ങളൊക്കെ തലപൊക്കി. എല്ലാം എന്റെ കൈയിൽ നിന്നും വഴുതിപ്പോയി. മോളും ഞാനും മാറിമാറി ലീവെടുത്ത് കൂട്ടിരുന്നു. അന്നാണ് ഒരു രാത്രി നാട്ടിൽപ്പോവട്ടേന്ന് ചോദിക്കുന്നത്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. 'ഒരിക്കലും സമ്മതം ചോദിക്കാറില്ല, ഒരു കാര്യത്തിലും. ഇന്നെന്താ പുതുമ.' 'അവിടെച്ചെന്നാൽ എല്ലാം ഓകെ ആവു'മെന്നൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.
പോവാൻ പൈസയൊന്നുമില്ലായിരുന്നു, കൈയിൽ. ഞാൻ വിവാഹമോതിരം ഊരിക്കൊടുത്തു. ഇപ്പോൾ തോന്നുന്നു ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമായിരുന്നു അതെന്ന്. മോതിരം ഊരിക്കൊടുത്തശേഷം പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല.
ഒരു വിളിക്കായി ഞാൻ കാത്തിരുന്നു. നാട്ടിൽ അമ്മയെ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് പറഞ്ഞു. പിറ്റേന്ന് പകലും കടന്നുപോയി. ഞാൻ സത്യേട്ടനെയും തേടിയിറങ്ങി. അന്ന് മുഴുവൻ റെയിൽവെ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു. ഉറക്കമില്ലാത്ത രാത്രികൾ. പിറ്റേന്ന് ഞാൻ ആരെയൊക്കെയോ വിളിച്ചു. ഓരോരുത്തരും കൈമലർത്തുകയാണ്. ഏതുനിമിഷവും എന്റെ പേരും വിളിച്ചുകൊണ്ട് സത്യേട്ടൻ കയറിവരുമെന്ന്പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ ഒറ്റവാർത്തയിൽ എന്റെ ജീവിതംതന്നെ തകർന്നുപോയി. ഒരു തീവണ്ടിക്ക് മുന്നിൽ...അദ്ദേഹം ജീവനൊടുക്കിയെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അതെനിക്ക് ഉറപ്പാണ്. അങ്ങനെ ചെയ്യാനാണെങ്കിൽ മുമ്പേ ആവാമായിരുന്നു. എനിക്കും മോൾക്കും എന്തെങ്കിലും ഒരു ചെറിയ അസുഖം വന്നാൽ, എവിടെയാണെങ്കിലും പറന്നെത്തുന്ന ആളാണ്. അങ്ങനൊരാൾ ഒരിക്കലും അത് ചെയ്യില്ല. അദ്ദേഹം പോയതോടെ എനിക്ക് ജീവിക്കണമെന്നേ ഉണ്ടായിരുന്നില്ല. കാരണം, അത്രയും യുദ്ധം ചെയ്തതാ, സത്യേട്ടനെ തിരിച്ചുകിട്ടാൻ. എന്നിട്ടും ഞാൻ തോറ്റുപോയി.
സത്യേട്ടൻ പോയതോടെ ആകെ തകർന്നുപോയി. സാമ്പത്തികമായി എല്ലാം നഷ്ടമായ സമയം. ഓർത്തപ്പോൾ വട്ടുപിടിക്കുന്ന പോലെയായി. കാരണം, പൈസ ഉണ്ടാക്കിയാൽ മാത്രം പോരല്ലോ, ഒരച്ഛന്റെ സ്‌നേഹം കൂടിയല്ലേ മോൾക്ക് നഷ്ടപ്പെട്ടത്. ആ മോൾക്ക് ഇനി അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ. ആ ടെൻഷൻ ഭീകരമായിരുന്നു. പിന്നെ, സർക്കാർ ജോലി തന്നു. കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ. ആദ്യമൊക്കെ ജോലിക്ക് പോവാൻ ബുദ്ധിമുട്ടായിരുന്നു. ജോലി ചെയ്യാൻ പറ്റില്ലെന്നൊരു തോന്നൽ. ആ അഞ്ചാറു മാസം വല്ലാത്ത അവസ്ഥയിലായി. സത്യേട്ടനെ അറിയുന്ന ഒരുപാടാളുകൾ എന്റെ കൂടെ നിന്നു. സത്യേട്ടന്റെ അമ്മയൊക്കെ വളരെ സപ്പോർട്ടീവ് ആയിരുന്നു. മരണം നടന്നശേഷം ഒരുപാട് പേര് നമ്മളെക്കുറിച്ച് ആവശ്യമില്ലാത്ത പല കഥകളും പറഞ്ഞു. ഇതെല്ലാം തരണം ചെയ്യാനുള്ള ശക്തി അമ്മയാണ് തന്നത്.
അച്ഛൻ പോയതോടെ മോൾ വളരെയധികം വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, കുട്ടി എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു. സത്യേട്ടൻ മുമ്പെഴുതുന്ന കത്തുകളിൽ എപ്പോഴും പറയും, 'മോളെ സത്യേട്ടനെപ്പോലെ ഭീരുവാക്കി വളർത്തരുതെന്ന്'. അതൊക്കെ ഞാൻ അവളോട് പറയും. പതുക്കെപ്പതുക്കെ അവൾ നോർമലായി.
(പുന:പ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reflections on V.P. Sathyan's life 20 years after his passing. Anita Sathyan shares intimate details about his battle with depression
Published: 18 Jul 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented