
'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിൽനിന്ന്
സ്വയം കോമാളിയായി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ശ്രീനിവാസനെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ചില കാമുകവേഷങ്ങളും ഉണ്ട്. എന്നാൽ കാണുമ്പോഴെല്ലാം മനസ്സിൽ കുഞ്ഞുനോവ് വിരിയിക്കുന്ന ശ്രീനിവാസന്റെ ഒറ്റക്കാമുകനേ ഉള്ളൂ. അത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവിലേതാണ്, തട്ടാൻ ഭാസ്‌കരൻ.
താൻ ജീവനെപ്പോലെ കരുതുന്ന സ്നേഹലതയ്ക്ക് (ഉർവ്വശി) പത്ത് പവന്റെ മാല സമ്മാനിച്ച് വഞ്ചിക്കപ്പെട്ട ഭാസ്‌കരൻ. കഥ മുറുകിമുറുകി അങ്ങേറെച്ചെല്ലുമ്പോൾ ഭാസ്‌കരൻ കൊടുത്ത മാല പത്തരമാറ്റ് പൊന്നല്ല, ചെമ്പ് കലർന്നതായിരുന്നു എന്നറിയും. അപ്പോൾ പക്ഷേ, കാണുന്ന പ്രേക്ഷകർക്ക് ഭാസ്‌കരനോട് തരിമ്പും നീരസം തോന്നില്ല. കാരണം അത്രമേൽ നന്മനിറഞ്ഞൊരു കാമുകനായിരുന്നു ഭാസ്‌കരൻ.
പൊന്നിനേക്കാളും തങ്കത്തേക്കാളും വലുതാണ് എനിക്ക് നിന്നോടുള്ള സ്നേഹം എന്നാണ് ഭാസ്‌കരൻ സ്നേഹലതയോട് പറയുന്നത്. അതുകൊണ്ടാണ് അച്ഛനേയും അമ്മയേയും സമ്മതിപ്പിക്കാൻ പത്ത് പവന്റെ ഒരു മാല തനിക്ക് ഇട്ടുതരണമെന്ന് അവൾ പറഞ്ഞപ്പോൾ അയാൾ സമതിച്ചത്. പിന്നീട് താൻ മകൾക്ക് വേണ്ടി പണിയിച്ച മാലയാണെന്ന് പറഞ്ഞ് സ്നേഹലതയുടെ അച്ഛൻ പണിക്കർ (ഇന്നസെന്റ്) ആ മാല എല്ലാവരെയും കാണിക്കുന്നു. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഭാസ്‌കരൻ അന്ന് രാത്രി സ്നേഹലതയുടെ മുറിയിൽ കയറുന്നു. നിന്നെ എനിക്കിപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ, ഞാനത് ചെയ്യില്ല. കാരണം എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമാണ് എന്നാണ് അയാൾ അപ്പോഴും അവളോട് പറയുന്നത്. പിറ്റേന്ന് താൻ വന്ന് വിളിക്കുമെന്നും അപ്പോൾ ഇറങ്ങിവരണമെന്നും പറഞ്ഞ് അയാൾ പോകുന്നു. അവൾ അത് സമ്മതിക്കുന്നു. എന്നാൽ അടുത്തദിവസം നാട്ടുകാരുടെ മുമ്പിൽവച്ച് ഭാസ്‌കരൻ വിളിച്ചിട്ട് സ്നേഹലത ഇറങ്ങിച്ചെന്നില്ലെന്നുമാത്രമല്ല, തനിക്ക് ആരും മാല തന്നിട്ടില്ല എന്നൊരു കള്ളംകൂടി സ്നേഹലത പറയുന്നു. അതോടെ നെഞ്ച് തകർന്ന ഭാസ്‌കരൻ മൂക്കറ്റം കുടിക്കുന്നു.
പിന്നീട് അയാളുടെ നിശബ്ദമായ കാത്തിരിപ്പാപ്പാണ്. ഒടുവിൽ അയാൾ പ്രതീക്ഷിച്ചപോലെ ആ മാല സ്വർണമല്ലെന്ന് സ്നേഹലതയുടെ ഭർത്താവ് (ജയറാം) മനസ്സിലാക്കുന്നു. വലിയ വഴക്കിനും ബഹളത്തിനുമൊടുക്കം എല്ലാവരും സത്യം തിരിച്ചറിയുന്നു. ഭാസ്‌കരനെ പറ്റിച്ച സ്നേഹലതയെ ഭാസ്‌കരൻ പറ്റിച്ചതിൽ തെറ്റില്ലെന്ന് എല്ലാവരും വിധിയെഴുതുന്നു. എല്ലാമറിഞ്ഞിട്ടും, നല്ലവനായ സ്നേഹലതയുടെ ഭർത്താവ് അവളെയും കുഞ്ഞിനെയും കൂട്ടി പോകുന്നു. അവർ തോണിയിൽ ദൂരേക്ക് മറയുന്നത് കരയിൽനിന്ന് ഭാസ്‌കരൻ നോക്കിനിൽക്കുന്നുണ്ട്. കഥയിൽ പിന്നീട് കടന്നുവരുന്ന നല്ലവളായ ഡാൻസ് ടീച്ചറെനോക്കി ഭാസ്‌കരൻ മനസ്സിൽ പറയുന്നു: ഇതാണ് തനിപത്തരമാറ്റ് തങ്കം എന്ന്. അവിടെയാണ് കഥ അവസാനിക്കുന്നത്.
സ്നേഹലതയുടെ പിറന്നാളിന് മറക്കാതെ കമ്മല് പണിഞ്ഞ് കൊണ്ടുക്കൊടുക്കുന്ന, കണ്ണുകളിലും ആംഗ്യങ്ങളിലും അടിമുടി കാമുകനായ ഈ ശ്രീനിവാസനെ കാണാൻ നല്ല രസമാണ്. നമ്മുടെ നാട്ടിൻപുറത്ത് കണ്ടുവരുന്ന സാധാരണക്കാരനായ ഒരു കാമുകൻ.
ഈ സിനിമയിൽ വല്ലാതെ വേദന തോന്നിയ ഒരു രംഗമുണ്ട്: സ്നേഹലതയുടെ കുഞ്ഞിന് കാതുകുത്താനെത്തിയ ഭാസ്‌കരനെ സ്നേഹലതയും വീട്ടുകാരും അതിനനുവദിക്കുന്നില്ല. അതിന് കാരണമായി അവർ പറയുന്നത് ഇയാൾ കാതുകുത്തിയ കുഞ്ഞുങ്ങളുടെയെല്ലാം കാത് പഴുത്തിട്ടുണ്ടെന്നാണ്. അതുകേട്ട് ദു:ഖത്തോടെ ഭാസ്‌കരൻ എഴുന്നേറ്റ് പോകുന്നു. പുറകെ എത്തിയ സ്നേഹലതയുടെ ഭർത്താവിനോട് ഭാസ്‌കരൻ പറയുന്നുണ്ട്: അവർ പറഞ്ഞതെല്ലാം കള്ളമാണ്. സൂചികൊണ്ട് തട്ടാൻ കാതുകുത്തിയിട്ട് കുഞ്ഞ് കരയുമ്പോൾ, വേദനിക്കുന്നത് തട്ടാന്റെ നെഞ്ചാണ്. ചോരപൊടിയുന്നത് അവന്റെ മനസ്സിലാണ്. അത്രയും പറഞ്ഞ് നടന്നുനീങ്ങുന്ന തട്ടാൻ ഭാസ്‌കരൻ എത്ര നിസ്സഹായനാണ്.
തീയിലുരുക്കി, തൃത്തകിടാക്കി അയാൾ തീർത്ത ചേലൊത്ത മാലയും വാങ്ങി, അയാളുടെ ഹൃദയം ചവിട്ടിയരച്ച് സ്നേഹലത വിവാഹിതയായിപ്പോയപ്പോൾ വിങ്ങുന്നത് കണ്ടുനിന്ന പ്രേക്ഷകരുടെകൂടി ഹൃദയമാണ്. എന്തായാലും തട്ടാൻ ഭാസ്‌കരൻ പൊളിയാണ്. ഒരു ഒന്നൊന്നര തനിനാടൻ കാമുകൻ.
തട്ടാൻ ഭാസ്‌കരനെ കാണുമ്പോൾ എന്തോ നൊസ്റ്റാൾജിയ പൂക്കും. ഒരുപാട്ട് അപ്പോൾ മനസ്സിലിരുന്ന് ആരോ പാടും:
കുന്നിമണി ചെപ്പുതുറന്നെണ്ണി നോക്കും നേരം
പിന്നിൽവന്ന് കണ്ണുപൊത്തും തോഴനെങ്ങുപോയി...
Content Highlights: touching story of thattan bhaskaran and snehalatha
Published: 11 Jun 2025, 04:57 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented