
എഐ നിർമിതചിത്രം
സാഹിത്യ നൊബേല്‍ ജേതാവുകൂടിയായ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ഹോസേ സരമാഗോ എഴുതിയ നോവലാണ് ‘ഡെത്ത് അറ്റ് ഇന്റര്‍വെല്‍സ്’. 2005-ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകം 2008-ലാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. മാര്‍ഗരറ്റ് ജൂള്‍ കോസ്റ്റ വിവര്‍ത്തനത്തിന് ഇംഗ്ലീഷില്‍ നല്‍കിയ പേര് ‘ഡെത്ത് വിത്ത് ഇന്ററപ്ഷന്‍സ്’ എന്നായിരുന്നു. പക്ഷേ, ‘ഡെത്ത് അറ്റ് ഇന്റര്‍വെല്‍സ്’ എന്ന പേരിലാണ് പുസ്തകം ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
പേര് സൂചിപ്പിക്കുംപോലെതന്നെ നോവലിലെ പ്രധാന കഥാപാത്രം മരണമാണ്. നോവലിന്റെ ഒരു ഘട്ടം വരെ മരണം അരൂപിയായൊരു ശക്തിയാണെങ്കില്‍ പിന്നീടതിന് രൂപം കൈവരുന്നു. നോവലില്‍ മരണം ഒരു സ്ത്രീയാണ്. ചിട്ടയോടെ മരണം നടപ്പാക്കുന്ന സ്ത്രീ.
പേരില്ലാത്തൊരു നഗരത്തിലാണ് കഥ നടക്കുന്നത്. വര്‍ഷം ഏതെന്ന് പ്രതിപാദിക്കാത്തൊരു പുതുവര്‍ഷ രാത്രിയില്‍ ആ നഗരത്തില്‍ നിന്ന് മരണം അപ്രത്യക്ഷമാവുകയാണ്. നഗരപരിധിയില്‍ അന്നുമുതല്‍ ആരും മരിക്കാതെയാവുന്നു. മരണം അസംഭവ്യമായൊരു യാഥാര്‍ഥ്യമാകുന്നു. സന്തോഷത്തോടെയാണ് ആളുകള്‍ മരണത്തിന്റെ ഈ അകന്നുപോക്കിനെ സ്വീകരിക്കുന്നത്. ഇനിയാര്‍ക്കും മരിക്കേണ്ടതില്ലെന്നും നശ്വരമെന്ന് ശപിക്കപ്പെട്ട മനുഷ്യജീവിതത്തെ ഇതാ അനശ്വരത വന്നു സ്പര്‍ശിച്ചിരിക്കുന്നുവെന്നും അവര്‍ ഘോഷിക്കുന്നു.
മതമേധാവികളും തത്വചിന്തകരും ശാസ്ത്രജ്ഞരും അധികാരവര്‍ഗവും മരണത്തിന്റെ ഈ അപ്രതീക്ഷിത പിന്‍വാങ്ങലിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയാണ്. പക്ഷേ, ഉത്തരം മരണം പോലെതന്നെ അവ്യക്തം. മരണം ഇല്ലാതാകുന്നതോടെ മതം, ദൈവം എന്നീ സമസ്യകളുടെ അര്‍ഥം നഷ്ടമാവുകയാണെന്നുവരുന്നതോടെ മരണമില്ലായ്മയില്‍ സമൂഹത്തില്‍ വന്നുചേര്‍ന്ന ആശ്വാസം പതിയെ മങ്ങിത്തുടങ്ങുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ അനശ്വരതയെ ആഘോഷമാക്കുകയാണ്. പക്ഷേ, സന്തോഷങ്ങളും ആഘോഷവും ഹ്രസ്വമായിരുന്നു.
മരണാസന്നരുടെ കിടപ്പറയാവുകയാണ് നഗരഭൂമി. വെറും ശ്വാസം മാത്രമായി അനന്തമായി മരണത്തെ കാത്തുകിടക്കുന്നവരെക്കൊണ്ട് ആശുപത്രികള്‍ നിറയുന്നു. ഒരപകടവും ഒരു മാരക രോഗവും മരണത്തിന് കാരണമാകുന്നില്ല. പക്ഷേ, ഹൃദയമിടിപ്പും ശ്വാസവും നിലയ്ക്കാതെ മരണാസന്നര്‍ ജീവിതം തുടരുന്നു. ശവമടക്ക് തൊഴിലാക്കിയവര്‍ക്ക് ജോലിയില്ലാതാകുന്നു.
നഗരപരിധിയിലേക്ക് മരണം മടങ്ങിവരുന്നില്ല. ശ്വസിക്കുന്നൊരു ചര്‍മപാളിയായി മാത്രം കട്ടിലിൽ ഒതുങ്ങിക്കൂടിയ മൃതപ്രായര്‍ ഇനിയെത്രകാലം തങ്ങള്‍ക്ക് ബാധ്യതയായി തുടരുമെന്നും അവരുടെ കെട്ട ഗന്ധവും വിസര്‍ജ്യങ്ങളും ഇനിയെത്രകാലം ചുമക്കേണ്ടി വരുമെന്നും ഓര്‍ത്താകുലരാവുകയാണ് ഉറ്റവര്‍. ഇന്നോ നാളെയോ എന്നുകരുതിവെക്കപ്പെട്ട മരണം അകന്നകന്ന് മടങ്ങിവരാത്ത അകലത്തിലേക്ക് എത്തിക്കഴിഞ്ഞു.
മൃതപ്രായരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉറ്റവരുടെ ഭാരം ഒഴിവാക്കാനായി മാഫിയ രൂപംകൊള്ളുന്നത് ഈ ഘട്ടത്തിലാണ്. അതീവരഹസ്യമായി മരണാസന്നരെ നഗരത്തിന്റെ അതിര്‍ത്തിക്കപ്പുറം എത്തിക്കുകയാണ് അവരുടെ പദ്ധതി. അതിര്‍ത്തിക്കപ്പുറം മരണം അതിന്റെ പണി തുടരുന്നുണ്ട്. അവിടെ ജനനമരണങ്ങളുടെ താളത്തിന് കേട് സംഭവിച്ചിട്ടില്ല. അങ്ങനെ മാഫിയാസംഘം കാര്യങ്ങള്‍ ഏറ്റെടുക്കുന്നു. കിടപ്പുമുറികളില്‍ നിന്ന് മൃതപ്രായര്‍ ഉറ്റവരുടെ അനുമതിയോടെ നഗരാതിര്‍ത്തി കടത്തപ്പെടുന്നു. മരണമില്ലാത്ത നഗരത്തിലെ ശവങ്ങളെ തങ്ങളുടെ മണ്ണിന് ഏറ്റെടുക്കാനാവില്ലെന്ന് അതിര്‍ത്തിക്കപ്പുറമുള്ള നഗരങ്ങള്‍ തീരുമാനിക്കുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു. മാഫിയ അവരുടെ മരണക്കടത്ത് തുടരുന്നു. അതിര്‍ത്തികള്‍ ശവങ്ങളാല്‍ യുദ്ധസമാനമാകുന്നു.
ഈ സങ്കീര്‍ണാവസ്ഥയിലാണ് നഗരത്തിലേക്ക് മരണം മടങ്ങിവരുന്നത്. മരണം വീണ്ടും സാധ്യമാകുന്നു. മനുഷ്യര്‍ നശ്വരതയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇത്തവണ മരണത്തിന്റെ രീതികള്‍ വിഭിന്നമാണ്. മനുഷ്യരോടുള്ള അവളുടെ സമീപനം പക്വമാണ്. മരണം കൂടുതല്‍ ദയാവായ്‌പോടെയാണ് അപ്പോള്‍ മുതല്‍ മനുഷ്യരിലേക്ക് എത്തുന്നത്. ഇതാ നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പിന് മനുഷ്യര്‍ അര്‍ഹരാകുന്നു. വയലറ്റ് നിറമുള്ള ഒരു കത്തായി മരണ വാറന്റ് മനുഷ്യരിലേക്ക് എത്തുകയാണ്. കത്ത് ലഭിക്കുന്നയാളിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മരണം എത്തുമെന്നര്‍ഥം. സ്വന്തം മരണത്തിന് തയ്യാറെടുക്കാന്‍ ഒരാഴ്ച ലഭിക്കുകയെന്നത് വെറും മനുഷ്യരെ സംബന്ധിച്ച് വലിയൊരു ആനുകൂല്യംതന്നെയാണന്നൊണ് മരണാധിപതിയുടെ പക്ഷം.
പക്ഷേ, മരണത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. തികച്ചും അപ്രതീക്ഷിതമായി, തീര്‍ത്തും അവിചാരിതമായി. മരണം സാധാരണക്കാരനായൊരു വയലിനിസ്റ്റിന് വയലറ്റ് നിറമുള്ള മരണക്കത്ത് അയക്കുന്നു. പക്ഷേ, ആ കത്ത് അയാളിലേക്ക് എത്തുന്നില്ല. മടങ്ങിവരുന്ന കത്തിലൂടെ അയാളുടെ മരണവും മാറ്റിവെക്കപ്പെടുകയാണ്, അനിശ്ചിതമായി. അതോടെ മരണത്തിന് സ്വസ്ഥത നഷ്ടമാകുന്നു.
മനുഷ്യരെ നശ്വരരാക്കുക എന്ന ചുമതലയില്‍ തന്റെ കൂട്ടാളിയായ അരിവാളിനെ താത്കാലികമായി ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ച് മരണം വയലിനിസ്റ്റിനെ തേടിയിറങ്ങുകയാണ്, പലവട്ടം മടങ്ങിയെത്തിയ ആ വയലറ്റ് കത്തുമായി. നേരിട്ടുള്ള കൂട്ടിമുട്ടലിനായി മരണം പെണ്‍രൂപം സ്വീകരിക്കുന്നു. മരണത്തില്‍ നിന്ന് അജ്ഞാതമായ കാരണങ്ങളാല്‍ അകന്നുപോകുന്ന വയലിന്‍ വാദകനിലേക്ക് അവള്‍ എത്തിച്ചേരുന്നു.
മരണത്തെപ്പോലും മാനുഷികമാക്കുന്ന സ്‌നേഹമെന്ന മായാജാലത്തിലേക്ക് സരമാഗോ, വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ‘No one died next day’ എന്ന വാചകത്തോടെ നോവല്‍ അവസാനിക്കുന്നു. മരണം അവസാനിക്കുന്നതിന് സ്‌നേഹമെന്ന ഒറ്റക്കാരണം മാത്രമേയുള്ളൂ എന്ന ഓര്‍മപ്പെടുത്തലോടെ കഥ തീരുന്നു. മരണം അതിന്റെ ജീവിതം തുടങ്ങുന്നു…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Saramango`s Death at Intervals where death takes a holiday & a city grapples with immortality. A poignant tale of life, death, and love.
Published: 02 Aug 2025, 03:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented