
'അഖേദ' പുസ്തകത്തിന്റെ കവര്‍
ബി.സി 360-ല്‍ പ്ലേറ്റോ എഴുതിയ 'സ്റ്റേറ്റ്‌സ്മാന്‍' എന്ന കൃതിയില്‍ ഒരു ഭരണാധികാരിക്ക് വേണ്ട സവിശേഷഗുണങ്ങളായ രാഷ്ട്രീയജ്ഞാനം, വിധി പ്രസ്താവത്തിനുള്ള കഴിവ്, ഭരണപാടവം, ദീര്‍ഘദര്‍ശനം, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചുമുളള അവബോധം, ധൈര്യം, ജാഗ്രത, വിവേകം ഇത്തരം ഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭരണരംഗത്തേക്ക് സ്ത്രീകള്‍ കടന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭരണാധികാരിക്ക് വേണ്ട ഗുണഗണങ്ങള്‍ പ്രമേയമായി വരുന്ന സാഹിത്യകൃതികള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഇത്തരം സവിശേഷഗുണങ്ങള്‍ ചേര്‍ത്തിണക്കി രചിക്കപ്പെട്ട കഥാപാത്രമാണ് ശ്രീ. ഒ.എസ്. പ്രിയദര്‍ശനന്‍ രചിച്ച 'അഖേദ' എന്ന നോവലിലെ ദമയന്തി. 'നളചരിതം ആട്ടക്കഥ'യിലെ ദമയന്തിയില്‍ നളന്റെ നിഴലായി നിലകൊണ്ട കഥാപാത്രമായിരുന്നുവെങ്കില്‍ 'അഖേദ'യിലെത്തുമ്പോള്‍ ദമയന്തി മേല്‍ക്കൈ നേടുന്നു. ദമയന്തി എന്ന പേരിന് കരുത്തയായവള്‍, കീഴടക്കാന്‍ കഴിവുള്ളവള്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ അതീവക്ഷമതയും ബുദ്ധി വൈദഗ്ധ്യവും രാജ്യതന്ത്രജ്ഞതയും ഭരണപാടവവും നോവലിന്റെ ആദ്യവസാനം ദമയന്തി പ്രകടമാക്കുന്നുണ്ട്.
ദമയന്തിയില്‍ ഭരണസാമര്‍ത്ഥ്യം വളര്‍ത്തിയെടുക്കുന്നതില്‍ കുടുംബാന്തരീക്ഷം ശ്രദ്ധേയമായ പങ്ക് വഹിച്ചു. നോവലിന്റെ ആദ്യ ഭാഗത്ത് തന്നെ രാജസഭയിലെ പരാതി പരിഹരിക്കാന്‍ അച്ഛനായ ഭീമരാജാവ് അവള്‍ക്ക് അവസരം നല്‍കുന്നു. അതവളില്‍ അഭിമാനബോധവും ആത്മവിശ്വാസവും വളര്‍ത്തുന്നു. കൂടാതെ ആയോധനകലയിലും പരിശീലനം നല്‍കുന്നു. മാത്രമല്ല തന്റെ സ്വയം വരത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതും നളന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതുമെല്ലാം ദമയന്തിയുടെ കാര്യനിര്‍വഹണ ശേഷിയുടെ ഉത്തമോദാഹരണങ്ങളാണ്. ഒരച്ഛന്‍ മകളുടെ ജീവിതത്തെ, അവളുടെ സ്വഭാവത്തെ കരുത്തോടെ വാര്‍ത്തെടുക്കുന്നതില്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന് ഭീമമഹാരാജാവിന്റെ കഥാപാത്രത്തിലൂടെ വ്യക്തമാക്കുന്നു. വൈകാരിക പക്വതയോടെ കാര്യങ്ങളെ സമീപിക്കാനും നോക്കിക്കാണാനുമുള്ള കഴിവ് ദമയന്തി നേടുന്നത് അവരുടെ കുടുംബസംവിധാനത്തില്‍ നിന്നാണ്. ഭീമരാജാവ് മാത്രമല്ല അമ്മയും സഹോദരന്‍മാരുമെല്ലാം ദമയന്തിയോട് വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. സ്വന്തം കുടുംബത്തില്‍ത്തന്നെ വിലയുള്ളവളാണ് ദമയന്തി.
അശ്വം, അക്ഷം എന്നീ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന നോവലില്‍. അശ്വം എന്ന ആദ്യ ഭാഗത്ത് ദമയന്തിയുടെ ഭരണപാടവം വെളിവാക്കുന്നതിനുള്ള അവസരങ്ങള്‍ കുറവാണെങ്കിലും രണ്ടാം ഭാഗമായ അക്ഷത്തിലേക്കെത്തുമ്പോള്‍ അവളുടെ കഴിവ് പൂര്‍ണ്ണതയില്‍ എത്തുന്നത് കാണാന്‍ കഴിയും. നളന്റെ രാജധാനിയില്‍ എത്തുമ്പോള്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കൃത്യമായ പാടവത്തോടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് അവള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നളന്‍ ബുദ്ധിപരമല്ലാത്ത തീരുമാനങ്ങള്‍ എടുക്കുന്ന സമയങ്ങളിലെല്ലാം അതില്‍ നിന്ന് പിന്‍മാറണമെന്നും അത് നാശത്തിലേക്ക് നയിക്കുമെന്നും മുന്‍കൂട്ടി കാണാനുള്ള വിശേഷ ബുദ്ധി ദമയന്തി പുലര്‍ത്തുന്നു. എന്നാല്‍ നളന്റെ അമിതമായ പുരുഷ ഈഗോ ദമയന്തിയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്ന് നളനെ തടയുന്നതാണ് സകല ദുരിതത്തിനും കാരണമാകുന്നത്. മാത്രമല്ല, നളനാല്‍ ഉപേക്ഷിതയായി അഭയാര്‍ത്ഥിയായി തന്റെ രാജ്യത്ത് തിരിച്ചെത്തുമ്പോഴും 'ജനതയുടെ പുറം പറച്ചിലുകളും അകം പറച്ചിലുകളുo' എന്തായിരിക്കും എന്ന് ചിന്തിക്കാതെ മാതാപിതാക്കളും സഹോദരന്‍മാരും അവളെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. പെണ്‍ ആത്മഹത്യകള്‍ ധാരാളമായി നടക്കുന്ന ഈ കാലഘട്ടത്തില്‍ അച്ഛനമ്മമാര്‍ക്കും സഹോദരന്‍മാര്‍ക്കും തിരിച്ചറിവ് നല്‍കാന്‍ ഈ പുസ്തകം പര്യാപ്തമാണ്.
രാജ്യതന്ത്രജ്ഞയായ ദമയന്തിക്ക് ചക്രവര്‍ത്തിയുടെ ധര്‍മ്മങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടാണ് ഉത്തമനായ ചക്രവര്‍ത്തിയുടെ ലക്ഷണങ്ങള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും പ്രജാക്ഷേമം ഈശ്വരാര്‍ച്ചനയാണ് എന്ന് അവരെ ബോധ്യപ്പെടുത്തുന്നതും. ചൂതില്‍ രാജ്യം നഷ്ടമാകുമെന്നും അതോടെ തന്റെ കുട്ടികളുടെ ജീവന്‍ അപകടത്തിലാകുമെന്നും മുന്‍കൂട്ടി കണ്ടാണ് അവള്‍ കുട്ടികളെ സ്വന്തം രാജ്യമായ വിദര്‍ഭയിലേക്കയക്കുന്നത്. എന്നാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ജനങ്ങള്‍ക്കു വേണ്ടി നളനോടൊപ്പം നിലകൊള്ളുന്നത് ഒരു ഭരണാധികാരിയുടെ മാനസിക ശക്തിയും സ്ഥൈര്യവും വെളിപ്പെടുത്തുന്നു
സൈദ്ധാന്തികമായി ഫെമിനിസത്തിന്റെ നിരവധി പ്രത്യേകതകള്‍ ദമയന്തിയില്‍ കാണാവുന്നതാണ്. പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ തന്നെ രക്ഷിക്കാനായി നായകന്‍ വരുമെന്ന പ്രതീക്ഷയില്‍ അബലയായി ആകാംക്ഷയോടെ നിലകൊള്ളുന്ന പുരാണകഥകളിലെ നായികാ കഥാപാത്രമല്ല ദമയന്തി. വളരെ ശക്തമായി തന്റെ ജീവിത പ്രശ്‌നങ്ങളെ പരിഹരിക്കാനും അതിന് വേണ്ട പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഉള്ള കഴിവ് അവള്‍ക്കുണ്ട്. നോവലിന്റെ അവസാന ഭാഗത്ത് തോഴിയായ കേശിനിയേയും ദൂതനായ സുദേവനേയും വിസ്മയിപ്പിക്കുന്ന രീതിയിലാണ് രണ്ടാം സ്വയംവരത്തിനുള്ള പദ്ധതി ദമയന്തി നടപ്പിലാക്കുന്നത്. തന്ത്രപരമായ ചിന്താഗതിയിലൂടെ തന്റെ ലക്ഷ്യങ്ങള്‍ നേടാനും സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാനും വെല്ലുവിളികളെ മുന്‍കൂട്ടി കാണാനും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന പ്രവര്‍ത്തനക്ഷമമായ തന്ത്രങ്ങള്‍ വികസിപ്പിക്കാനും ദമയന്തി എന്ന കഥാപാത്രത്തിന് കഴിയുന്നു.
കഥാന്ത്യം വായനക്കാരന്റെ നിര്‍വചനത്തിനായി നല്‍കുന്നതിലൂടെ റീഡര്‍ റെസ്‌പോണ്‍സ് തിയറിയുടെ സാധ്യതകള്‍ നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നു കാല്‍പനിക നോവലുകളില്‍ കാണുന്നതുപോലെ നളനും ദമയന്തിയും ( നായകനും നായികയും ) ഒരുമിച്ചുചേര്‍ന്ന് സസുഖം ജീവിക്കുന്നതിന്റെ സൂചനകള്‍ ഒന്നും തന്നെ നോവലില്‍ പരാമര്‍ശിക്കുന്നില്ല. മാത്രമല്ല താന്‍ അഖേദയായിരിക്കുന്നത് (ദുഃഖമില്ലാത്തവള്‍ ) നളനെ കണ്ടെത്തുക എന്ന തന്റെ ലക്ഷ്യം നിര്‍വഹിച്ചത് കൊണ്ടാണ് എന്ന് തോഴിയായ കേശിനിയോട് അവള്‍ പറയുന്നുമുണ്ട്.ഇതില്‍ നിന്നും ആര്‍ജ്ജവമുള്ള, ലക്ഷ്യബോധമുള്ള പുതുകാലത്തിലെ പെണ്ണിനെയാണ് എഴുത്തുകാരന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the empowering character of Damayanthi in O.S. Priyadarshan`s `Akheda`. Discover her political wisdom, courage, and leadership skills, redefining the heroine`s role.
Published: 09 Dec 2025, 11:13 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented