'പ്രേമം' സിനിമയിലെ നിവിൻ പോളിയെ ഓർമ്മയില്ലേ? മൂന്ന് കാലഘട്ടത്തിലെ പ്രണയങ്ങൾ മൂന്നു തരത്തിൽ അതിമനോഹരമായി നിവിൻ അവതരിപ്പിച്ചിട്ടുണ്ട്. 'ബട്ടർഫ്‌ളൈസ് ആർ മെന്റലി മെന്റൽ, സോ ഈസ് ലവ്' എന്ന് പറയുന്ന സിനിമ പ്രണയത്തിന്റെ മൂന്ന് കഥകൾ പറയുന്നുണ്ട്. ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോഴുള്ള പാട്ടിലെ വരി ഇങ്ങനെയാണ്: ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം. ജനറേഷൻ തോറും മാറും പുതുലോകം. എന്നാൽ ജനറേഷൻ മാറി മാറി വന്നിട്ടും നിവിൻ പോളിയും പ്രേമവും ഇന്നും നമ്പർ വണ്ണാണ്.

To advertise here,

ചുരുണ്ട മുടിക്കാരി മേരിയെ പ്രണയിക്കുമ്പോൾ ജോർജ് (നിവിൻ പോളി) പ്ലസ്ടുവിന് പഠിക്കുകയാണ്. അവളെ കാണാൻ പോകുമ്പോൾ ചങ്ങാതി, ജോർജിനോട് പറയുന്നത് 'നീ നീയായിട്ട് പോകരുത്' എന്നാണ്. ഒരു കൊച്ചു പയ്യന്റെ നിഷ്‌കളങ്കതയോടെ തന്റെ മനസ്സിലുള്ളത് തുറന്നുപറയാനാവാതെ പരുങ്ങുന്ന ജോർജ്. ഒടുവിൽ അവൻ മറ്റൊരാളുമായുള്ള മേരിയുടെ പ്രേമത്തിന് സഹായിയായി മാറുകയാണ്. ഈ നിവിനെ കാണുമ്പോൾ പാവം തോന്നും. ക്ലീൻഷേവായ, നിഷ്‌കളങ്കത തുളുമ്പി നിൽക്കുന്ന ജോർജ്. ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്ന ഒരു രംഗമുണ്ടതിൽ. ജോർജ് മേരിക്ക് കത്തെഴുതുകയാണ്, 'നീ അന്ന് പള്ളിയിൽ വരുമ്പോഴിട്ട ചുവപ്പിൽ ഓറഞ്ചുള്ള ചുരിദാർ' എന്നുപറഞ്ഞ് എഴുതാൻ ശ്രമിക്കുമ്പോൾ 'ഞ്ച' എഴുതാൻ കിട്ടുന്നില്ല. ഉടനെ പറയുകയാണ് ഇവൾക്ക് വല്ല നീല ചുരിദാറും ഇട്ടാൽ പോരായിരുന്നോ എന്ന്. 

മേരിക്ക് പുറകേ നടന്ന് പാടുന്ന 'ആലുവാപ്പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത്' എന്ന പാട്ടും അന്ന് ഹിറ്റായിരുന്നു. പിന്നീട് കോളേജിൽ ചേർന്ന ജോർജും കൂട്ടുകാരും മലർ മിസിനെ കണ്ടുമുട്ടുന്നു. ഒരു ടീച്ചറും സ്റ്റുഡന്റും തമ്മിലുള്ള പ്രണയം ഒട്ടും അരോചകമാകാതെ എന്ത് ഭംഗിയായാണ് നിവിൻ അവതരിപ്പിച്ചത്. 'തെളിമാനം മഴവില്ലിൻ നിറമണിയും നേരം എന്ന പാട്ടിൽ മലരേ...' എന്ന് കേൾക്കുമ്പോൾ നിവിനെ ഓർമ വരും. കറുത്ത മുണ്ടും കറുത്ത ഷർട്ടും കട്ടത്താടിയുമുള്ള നിവിൻ. കണ്ടാൽ ആർക്കുമൊന്ന് പ്രേമിക്കാൻ തോന്നും. അന്ന് അതുകണ്ട് ബ്ലാക്കും ബ്ലാക്കുമിട്ട് നടന്നിട്ടുണ്ട് ഞാൻ. സ്‌കൂളിലെയും കോളേജിലെയും ഓണാഘോഷങ്ങൾക്ക് കറുപ്പിടുന്നത് അന്നൊരു ട്രെൻഡായിരുന്നു.

മലരിന് മല്ലിപ്പൂവും വാങ്ങി മഞ്ഞജാക്കറ്റിട്ട് ബൈക്കിൽ വരുന്ന നിവിൻ പോളി, കറുപ്പിലെ കട്ട കലിപ്പ് നോട്ടം. എന്റെ സാറേ ഈ സിനിമ കാണുമ്പോൾ നിവിൻ പോളിയെ അല്ലാതെ മറ്റൊന്നും കാണില്ല. കഥ പുരോഗമിക്കവേ അപകടത്തിൽപ്പെട്ട് മലർ ജോർജിനെ മറന്നുപോകുന്നു. മലരിന്റെ വീട്ടിൽ നിന്ന് ഹൃദയം പൊട്ടുന്ന വേദനയോടെ ഇറങ്ങിപ്പോകുന്ന ജോർജ്. അഴകിൽ തീർത്തൊരു ശിലയഴകേയെന്ന് സായ് പല്ലവിയെ നോക്കിപ്പാടുന്ന നിവിനെ മറക്കുന്നതെങ്ങനെ.

പിന്നീട് ജോർജ് പഠനമെല്ലാം കഴിഞ്ഞ് ഒരു കഫേ നടത്തുകയാണ്. അവിടെ രാത്രിയിൽ റെഡ് വെൽവെറ്റ് കേക്ക് വാങ്ങാൻ വരുന്ന സെലിൻ. പതുക്കെ ജോർജിന് സെലിനെ ഇഷ്ടമാകുന്നു. അപ്പോഴാണറിയുന്നത് സെലിൻ പഴയ മേരിയുടെ സഹോദരിയാണെന്ന്. ഒട്ടൊരു നാണത്തോടെ അവനത് കൂട്ടുകാരോട് പറയുന്നു. തന്റെ പ്രണയം തുറന്നുപറയാൻ ജോർജ് തീരുമാനിക്കുന്നു. 'ഇത്തവണ നീ നീയായിട്ട് പോയാൽ മതിയെന്നായിരുന്നു' പഴയ ചങ്ങാതി പറഞ്ഞത്. കാരണമായി പറയുന്നത്, 'ഇപ്പോൾ നീ അടിപൊളിയാണെന്നാണ്'. എന്തായാലും കഥയുടെ അവസാനം ജോർജ് സെലിനെ വിവാഹം കഴിക്കുന്നു. മലരിനൊപ്പം ബ്ലാക്കിട്ട നിവിനാണെങ്കിൽ സെലിനൊപ്പം വെള്ളയിട്ട നിവിനാണ്. സുന്ദരൻ, സുമുഖൻ.

ലവ് വേണ്ട്ര, സീൻ കോൺഡ്ര എന്നൊക്കെ പാടുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും ലവ് വേണമെന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക്കുണ്ട് ഇതിലെ നിവിന്. ആരോ പറഞ്ഞപോലെ പഴകുംതോറും വീര്യം കൂടുന്ന ഒരു സിനിമയാണ് അൽഫോൺസ് പുത്രന്റ 'പ്രേമം'. ഒരേ നായകൻ മൂന്ന് കാലങ്ങളിൽ വരുന്നുണ്ടെങ്കിലും മലരിനെ പ്രണയിച്ച ജോർജിനെയാണ് എനിക്കേറെയിഷ്ടം. പൗരുഷവും പ്രണയവും പൂത്തുനിൽക്കുന്ന നിവിൻ പോളിയുടെ മുഖത്തിന് അതിൽ എന്തു ചന്തമാണെന്നോ. 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിലെ പാട്ട് ഇങ്ങനെ മാറ്റിപ്പാടാൻ തോന്നും: 'നിവിൻ പോളി സൂപ്പറാണെഡാ... കാണാൻ കൊഞ്ചം ഗ്ലാമറാണെഡാ...'